പ്രിയപ്പെട്ടവർക്കോ പ്രേക്ഷകർക്കോ ഇപ്പോഴും വിശ്വസിക്കുവാനായിട്ടില്ല, ശബരീനാഥിന്റെ മരണം. അപ്രതീക്ഷിതമായിരുന്നു ആ പോക്ക്... മലയാളം മിനിസ്ക്രീൻ രംഗത്തെ സജീവസാന്നിധ്യമായിരുന്ന നടൻ ശബരീനാഥിന്റെ വിയോഗത്തിന് അഞ്ച് വർഷം തികയുമ്പോൾ സീരിയൽ ലോകവും ആരാധകരും ആ ഞെട്ടലിൽ നിന്നു പൂർണമായി പുറത്തു കടന്നിട്ടുമില്ല.
മരിക്കുമ്പോൾ 45 വയസ്സായിരുന്നു ശബരിക്ക്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ഷട്ടില്‍ ബാഡ്മിന്റന്‍ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ ശബരിയെ സുഹൃത്തുക്കള്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കളിക്കുന്നതിനിടെ ക്ഷീണം തോന്നിയതിനെ തുടര്‍ന്ന് മാറിയിരുന്നു. വീണ്ടും കളിക്കാനായി എഴുന്നേറ്റപ്പോള്‍ കുഴഞ്ഞു വീഴുകയായിരുന്നു
സ്വാമി അയ്യപ്പൻ, സ്ത്രീപഥം എന്നീ സീരിയലുകളിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതനായ നടനാണ് തിരുവനന്തപുരം അരുവിക്കര സ്വദേശിയായ ശബരീനാഥ്. പാടാത്ത പൈങ്കിളി എന്ന സീരിയലില്‍ അഭിനയിച്ചു വന്നിരുന്ന ശബരി സാഗരം സാക്ഷി എന്ന സീരിയലിന്റെ സഹനിർമാതാവ് ആയിരുന്നു. ഭാര്യയും രണ്ട് പെൺമക്കളുമാണ് അദ്ദേഹത്തിന്.
സാധാരണയായി നടൻമാർ അകാലത്തിൽ മരണപ്പെടുമ്പോൾ അവരുടെ ജീവിത ശൈലി ചോദ്യം ചെയ്യപ്പെടും. പ്രത്യേകിച്ച് അമിതമായ മദ്യപാനവും മറ്റും. പക്ഷേ ശബരി അങ്ങനെയൊന്നുമായിരുന്നില്ല. ആരോഗ്യത്തിൽ വളരെ ശ്രദ്ധയായിരുന്നു. മറ്റുള്ളവരോട് ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധിക്കണം എന്നു പറയുമായിരുന്ന ആളാണ്. അത്രയും കരുതലോടെ ജീവിച്ച ആൾ. എന്നാൽ വിധി ശബരിക്കെതിരായിരുന്നു.
ഇപ്പോഴും ശബരി എങ്ങും പോയിട്ടില്ലെന്നു വിശ്വസിക്കുന്ന ഒരാളുണ്ട് – സാജൻ സൂര്യ. ശബരിയും സാജനും ഒരു മനസ്സും ഇരു ശരീരവുമായിരുന്നു. അത്ര ആഴമുള്ള സൗഹൃദം. കുടുംബങ്ങള്‍ തമ്മിലും ആ അടുപ്പം സൂക്ഷിച്ചിരുന്നു.
ശബരിയുടെ ഒന്നാം ഓർമദിനത്തിൽ (2021 സെപ്റ്റംബർ 17) തന്റെ പ്രിയസുഹൃത്തിനെക്കുറിച്ച് ‘വനിത ഓൺലൈനോട്’ സംസാരിക്കവേ സാജൻ പറഞ്ഞതിങ്ങനെ –
‘‘എനിക്കിപ്പോഴും അവൻ പോയെന്ന് ഉറപ്പായിട്ടില്ല. മിക്കവാറും എല്ലാ ദിവസവും ഞാൻ അവനെ കാണാറുണ്ട്. സംസാരിക്കാറുണ്ട്. അവൻ പോയി എന്നൊരു തോന്നൽ ഇതു വരെ ഇല്ല’’. – സാജന്റെ ശബ്ദത്തിൽ വേദന കുരുങ്ങി.
‘‘കോളജിൽ പഠിക്കുന്ന കാലം മുതൽ ഞങ്ങൾക്ക് പരസ്പരം അറിയാം. ഒരു ബസിലായിരുന്നു യാത്ര. സൗഹൃദത്തിലേക്കെത്തിയത് പിന്നീടാണ്. പതിനെട്ട് വർഷത്തോളമായി എന്റെ ഏറ്റവും പ്രിയപ്പെട്ട ചങ്ങാതിയായി അവനുണ്ടായിരുന്നു. ഇപ്പോഴും എനിക്കൊപ്പം അവനുണ്ട്. ആ ശബ്ദം എന്റെ കാതുകളിലുണ്ട്’’. – സാജൻ പറയുന്നു.

എന്റെ പ്രിയപ്പെട്ടവൻ
ഞങ്ങൾ ‘നിർമാല്യം’ എന്ന സീരിയലിലാണ് ആദ്യം ഒന്നിച്ച് അഭിനയിച്ചത്. പിന്നീട് ‘ഇന്നലെ’. അത്രയൊക്കെയേയുള്ളൂ. ഒന്നിച്ച് അഭിനയിച്ചതൊക്കെ വളരെ കുറവാണ്. കുടുംബങ്ങൾ തമ്മിലുള്ള അടുപ്പമാണ് ഞങ്ങളെ കൂടുതൽ ചേർത്തു നിർത്തിയത്. അവന്റെ വീടിന്റെ പാലുകാച്ചലിന് ഞങ്ങൾ കുടുംബസമേതം പോയി. അങ്ങനെയാണ് ആ സൗഹൃദത്തിന്റെ ആരംഭം. അതിനു ശേഷം കുടുംബങ്ങൾ ഒന്നിച്ച് കുറേയധികം യാത്രകൾ പോയി. അതോടെ കൂടുതൽ കൂടുതൽ അടുത്തു. ഏറ്റവുമൊടുവിൽ ഞാനും അവനും കൂടി പോയത് റഷ്യയിലാണ്. ഇനി അങ്ങനെയൊന്നില്ലെന്ന് ഓർക്കുമ്പോൾ ചങ്ക് റീറും.
അച്ഛനെ തിരക്കുമ്പോൾ...
അവന്റെ കുടുംബം സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരികയാണ് ഇപ്പോൾ. മൂത്ത മോൾക്ക് കാര്യങ്ങൾ മനസ്സിലാകുന്ന പ്രായമായതിനാൽ അവൾ അച്ഛന്റെ വിയോഗത്തെ ഉൾക്കൊള്ളുന്നുണ്ട്. ഇളയമോള്‍ ഇപ്പോഴും ഇടയ്ക്കിടെ അച്ഛനെ തിരക്കും. കുഞ്ഞല്ലേ, അവൾക്കറിയില്ലല്ലോ....
ആ നിമിഷം
ശബരിയുടെ ചേച്ചിയുടെ മോനാണ് എന്നെ വിളിച്ച് വിവരം പറഞ്ഞത്. ‘‘സാജൻ ചേട്ടാ ശബരിച്ചേട്ടൻ കുഴഞ്ഞു വീണു... പോയി...’’ എന്നു പറഞ്ഞു. ആ ‘പോയി’ എന്നത് ഞാൻ ശ്രദ്ധിച്ചില്ല. ഏത് ആശുപത്രിയിലാണെന്ന് ചോദിച്ച്, ഉടൻ എത്താം എന്നു പറഞ്ഞ് കോൾ കട്ട് ചെയ്തപ്പോഴാണ് ഞാൻ ആലോചിച്ചത്, ‘പോയി’ എന്ന് അവൻ പറഞ്ഞത്...ഞാൻ വൈഫിനോട് പറഞ്ഞപ്പോൾ അവളാണ് ഒന്നൂടെ വിളിച്ചു ചോദിക്കാൻ പറഞ്ഞത്. ഞാൻ അങ്ങോട്ട് വിളിച്ച്, എന്താ പറഞ്ഞതെന്ന് വീണ്ടും ചോദിച്ചു. അപ്പാഴാണ് അവൻ കരഞ്ഞു കൊണ്ട് പറഞ്ഞത്...‘‘പോയി ചേട്ടാ...ശബരിച്ചേട്ടൻ മരിച്ചു...’’ എന്ന്.
ആ നിമിഷം വീണ്ടും ഓർമയിലേക്ക് ഇരച്ചു കയറി വന്നതിന്റെ പിടച്ചിലിൽ കൂടുതൽ സംസാരിക്കാനാതാതെ സാജന്റെ വാക്കുകൾ മുറിഞ്ഞു.
ശാന്തിയാണ് ശബരിയുടെ ഭാര്യ. മൂത്ത മകൾ ഭാഗ്യ, ഇളയയാൾ ഭൂമിക.