ADVERTISEMENT
മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഏറ്റവും പുതിയ തമിഴ് ചിത്രമാണ് റാം സംവിധാനം ചെയ്യുന്ന പേരൻപ്. അച്ഛനും മകളും തമ്മിലുള്ള സ്നേഹ ബന്ധത്തിന്റെ കഥ പറയുന്ന ഈ ചിത്രത്തിൽ തന്നോടൊപ്പം ട്രാൻസ്ജെൻഡർ നായികയും ഉണ്ടെന്ന് മമ്മൂട്ടി അറിയിച്ചു. അഞ്ജലി അമീർ എന്ന ട്രാൻസ്ജെൻഡർ പെൺകുട്ടിക്കൊപ്പം നിൽക്കുന്ന ചിത്രം തന്റെ ഫെയ്സ് ബുക്കിലും ട്വിറ്റർ പേജിലുമിട്ടാണ് മമ്മൂട്ടി ഈ വിവരം പങ്കിട്ടിരിക്കുന്നത്. ഭിന്നലിംഗ വിഭാഗത്തിൽ നിന്ന് മുഖ്യധാര സിനിമയിൽ നായികയാകുന്ന ആദ്യ വ്യക്തിയാണ് അഞ്ജലി.

ട്രാൻസ്ജെൻഡർ നായികയ്ക്കൊപ്പം നിൽക്കുന്ന മമ്മൂട്ടിയുടെ പോസ്റ്റ് വൈറലായിരിക്കുകയാണ്. തന്റെയൊപ്പം അഭിനയിക്കുന്ന സഹതാരങ്ങളിൽ ഒരാൾ ഭിന്നലിംഗ വിഭാഗത്തിൽ പെട്ടതാണെന്ന് അഭിമാനത്തോടെ അറിയിക്കുന്ന നടന് ആരാധകർക്കിടയിൽ നിന്ന് അഭിനന്ദന പ്രവാഹമാണ്.

പേരൻപ് തമിഴിന് പുറമെ മലയാളത്തിലും റിലീസ് ചെയ്യാനാണ് പദ്ധതിയിടുന്നത്. ഫാമിലി എന്റർടെയ്നറാകും ചിത്രമെന്നാണ് സൂചന. യുവൻ ശങ്കർ രാജയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. ചിത്രത്തിൽ വളരെ പ്രധാനപ്പെട്ട കഥാപാത്രത്തെയാണ് അഞ്ജലി അവതരിപ്പിക്കുന്നത്. 21 വയസ്സുകാരിയായ അഞ്ജലി അറിയപ്പെടുന്ന മോഡലുമാണ്. 20-ാമത്തെ വയസ്സിലാണ് അഞ്ജലി സർജറിയിലൂടെ പുർണ്ണമായും സ്ത്രീയായി മാറിയത്. സാമൂഹ്യപ്രവർത്തനങ്ങളിലും സജീവമായ അഞ്ജലിയെ തേടി തമിഴ്, മലയാളം സിനിമ മേഖലയിൽ നിന്ന് നിരവധി അവസരങ്ങളെത്തുന്നുണ്ട്.
ADVERTISEMENT
ADVERTISEMENT
ADVERTISEMENT