ADVERTISEMENT

നല്ല ശീലവും ചിലപ്പോൾ ദുശ്ശീലമായി മാറാം എന്നാണ് ശ്രീദേവി ഉണ്ണിയുടെ പക്ഷം. അനുകമ്പ ഒരു ദുശ്ശീലമാണെന്ന് ആരെങ്കിലും പറയുമോ... പക്ഷേ, തന്റെ കാര്യത്തിൽ അതൊരു ദുശ്ശീലം തന്നെയെന്ന് അനുഭവം തെളിയിച്ചുവെന്ന് ശ്രീദേവി ഉണ്ണി.

‘‘പെൺകുട്ടികളോടും പാവപ്പെട്ടവരോടും കാട്ടുന്ന മോശം പ്രവൃത്തികൾ എന്നെ വല്ലാതെ വിഷമിപ്പിക്കുമായിരുന്നു. മറ്റുള്ളവരുടെ പ്രശ്നവുമായി പെട്ടെന്ന് ഇഴുകിച്ചേരുന്നതു കൊണ്ടാകണം സ്ത്രീകൾ എന്നോടു മനസ്സു തുറക്കുമായിരുന്നു. ഇതു കേൾക്കേണ്ട താമസം അവരെ സഹായിക്കാനും അവരുടെ എതിരാളികളെ മര്യാദ പഠിപ്പിക്കാനും ഞാൻ ഇറങ്ങിത്തിരിക്കും. പക്ഷേ, അതിലെ കുഴപ്പം എന്തെന്നാൽ കഥ പറയുന്നവരുടെ സത്യം ഞാൻ അന്വേഷിക്കില്ല. ഓരോരോ കദനകഥ കേൾക്കുമ്പോഴേ ഞാൻ അവർ എന്റെ മകളായിരുന്നെങ്കിൽ, അനുജത്തി ആയിരുന്നെങ്കിൽ ഞാൻ തന്നെ ആയിരുന്നെങ്കിൽ എന്നൊക്കെ ആലോചിച്ച് തുടങ്ങും. അവരുടെ ശത്രുക്കളൊക്കെ അപ്പോൾ എന്റെയും ശത്രുക്കളാകും. അവരോട് പ്രതികരിക്കും. ഒരു കാര്യമില്ലെങ്കിലും ഉപദേശിക്കും, ചോദ്യം ചെയ്യും. ഇതൊന്നും പറ്റിയില്ലെങ്കിൽ ഇതിനെക്കുറിച്ച് ആലോചിച്ച് വിഷമിച്ച് എന്റെ കുറേ നല്ല ദിവസങ്ങൾ വെറുതെ കളയും. 

ADVERTISEMENT

ഈ സ്വഭാവം കണ്ടു വേണ്ടപ്പെട്ടവർ എന്നെ ഉപദേശിച്ചു. ‘സഹതപിക്കാം. പക്ഷേ, ഇതിനൊക്കെ പ്രതികരിക്കുന്നതു നല്ലതിനല്ലാട്ടോ.’ എന്നാൽ അതൊന്നും എന്റെ ചെവിയിൽ കയറിയില്ല. ആ സമയത്താണ് ഒരു കുട്ടി അവളുടെ ജീവിതകഥ പറഞ്ഞത്. അവളുടെ പ്രസവം കഴിഞ്ഞ് നാൽപതു ദിവസം  തികയുന്നതിന് മുൻപേ ഭർത്താവ് പിണങ്ങി വീട്ടിൽ കയറാതെ നടക്കുകയാണ്. കുഞ്ഞിനെ കാണാൻ കൂടി കൂട്ടാക്കുന്നില്ല.

ഈ പ്രശ്നം ഞാനേറ്റെടുത്തു. അയാളെ കാണാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവിൽ മൂന്നാല് ദിവസം കഴിഞ്ഞ് അയാളുടെ നമ്പർ കിട്ടി. അയാളെ എന്റെ വീട്ടിലേക്ക് വിളിച്ചു വരുത്തി വഴക്കു പറഞ്ഞു, ഉപദേശിച്ചു. ഒരമ്മയുടെ സ്ഥാനത്തു നിന്നാണ് ഞാനതു ചെയ്തത്. അയാൾ എതിർത്തുമില്ല. ഒരു വർഷം കഴിഞ്ഞപ്പോൾ ആ പെൺകുട്ടിയെ കാണാൻ ഇടയായി. അന്ന് അവൾ എന്നോട് പറഞ്ഞു. ‘മാഡം എന്തിനാണ് എന്റെ ഭർത്താവിനോടു വഴക്കിട്ടത്. അങ്ങേര് അത്തരക്കാരനൊന്നുമല്ല.’ നീയല്ലേ എന്നോട് സങ്കടം പറഞ്ഞതെന്നു ഞാൻ ചോദിച്ചു. ‘അപ്പോഴത്തെ വിഷമത്തിനു ഞാൻ എന്തെങ്കിലും പറഞ്ഞൂന്ന് വച്ച് മാഡത്തിനോടാരാ പറഞ്ഞേ ഫീസില്ലാത്ത വക്കീലിന്റെ പണിക്ക് പോകാൻ’ എന്നായി അവൾ.

ADVERTISEMENT

ഉണ്ണിയേട്ടനുമായി വിവാഹം കഴിഞ്ഞയിടയ്ക്കാണു മറ്റൊരു സംഭവം. അന്ന് എന്റെ ഇത്തരം സാമൂഹിക പ്രവർത്തനത്തെക്കുറിച്ചൊന്നും ഉണ്ണിയേട്ടന് അറിയില്ല. ആ കാലത്ത് അച്ഛനില്ലാത്ത ഒരു പെൺകുട്ടി പറഞ്ഞു, അകന്ന ബന്ധുക്കളുടെ ഭരണം കൊണ്ട് അവൾക്ക് ഒരു സ്വാതന്ത്ര്യവും ഇല്ലായെന്ന്. ഒരിക്കൽ അവളുടെ കൂടെ കണ്ട ഒരു ബന്ധുവിനോട് ഞാൻ നീതിന്യായം സംസാരിക്കാൻ ചെന്നപ്പോൾ അവൾ പറഞ്ഞു ‘മാഡം ഇതെന്ത് പണിയാണ്... അതെന്റെ അമ്മാവനാണ് എന്ന്...’

ഈ സംഭവം ആരോ ഉണ്ണിയേട്ടനോടു പറഞ്ഞു കൊടുത്തു. അദ്ദേഹം ചോദിച്ചപ്പൊ, ഓരോ ഒഴിവു കഴിവു പറഞ്ഞ് ഞാൻ രക്ഷപ്പെടാൻ നോക്കി. പക്ഷേ, ഉണ്ണിയേട്ടൻ വിട്ടില്ല. ‘ആരു പറഞ്ഞു ഇതൊക്കെ ചെയ്യാൻ. വല്യ ഝാൻസി റാണിയാണെന്നാണോ വിചാരം’ എന്നൊക്കെ ചോദിച്ച് വഴക്കു പറഞ്ഞു. എനിക്കു വല്ലാതെ സങ്കടം വന്നു. പിന്നെ ഉണ്ണിയേട്ടൻ തന്നെ എന്നെ സമാധാനിപ്പിച്ചു. ഇനി മാളോരുടെ അമ്മായിയാകാൻ പോകാതിരുന്നാൽ മതി എന്നു പറഞ്ഞു. അതോടെ എന്റെ ആവശ്യമില്ലാത്ത അനുകമ്പ ശീലം ഞാൻ നിർത്തി. പിന്നീടു ചിന്തിച്ചപ്പോൾ എനിക്ക് തോന്നി അവരെക്കാൾ ഒരുപടി മേലെയാണ് എന്റെ ചിന്തയും വ്യക്തിത്വവും  എന്ന തോന്നലല്ലേ എടുത്തു ചാടിയുള്ള ഈ പ്രതികരണത്തിന് കാരണമെന്ന്. അപ്പോൾ അനുകമ്പയെക്കാൾ അതായിരുന്നില്ലേ എന്റെ ദുശ്ശീലം. അതിന്റെ ഫലമായിരുന്നു ആ അനുകമ്പയും.’’

ADVERTISEMENT
ADVERTISEMENT