ADVERTISEMENT

1986 ഒക്ടോബർ 20. അന്നു ചെന്നൈ നഗരത്തിന്റെ പകലിനെ ഞെട്ടലിലേക്കും ഭീതിയിലേക്കും തള്ളിയിട്ടു ഒരു വാർത്ത തീ പോലെ പടർന്നു:

വെസ്റ്റ് അണ്ണാനഗറിലെ പതിനെട്ടാം നമ്പർ അവന്യൂവിലെ ബംഗ്ലാവിൽ, നടി റാണി പത്മിനിയുടെയും അമ്മ ഇന്ദിര കുമാരിയുടെയും അഴുകി ജീർണിച്ച മൃതശരീരങ്ങള്‍ കണ്ടെത്തി! ക്രൂരമായ കൊല, ബലാത്സംഗം!

ADVERTISEMENT

വൈകാതെ കേരളത്തിലുൾപ്പടെ വാർത്ത പരന്നു. അതിസുന്ദരിയായ ഒരു പെൺകുട്ടിയെ കാത്തിരുന്ന ദാരുണമായ അന്ത്യം നടുക്കുന്നത്ര ക്രൂരതകൾ നിറഞ്ഞതാണെന്ന റിപ്പോർട്ടുകളും പിന്നാലെയെത്തി...

ആരായിരുന്നു റാണി പത്മിനി ?

ADVERTISEMENT

1962 ൽ മദ്രാസിലാണു റാണി പത്മിനിയുടെ ജനനം. 1981 ൽ പി.ജി വിശ്വംഭരന്റെ ‘സംഘർഷ’ത്തിലൂടെ സിനിമയിലെത്തിയ റാണി 5 വർ‌ഷത്തെ കരിയറിനുള്ളിൽ, മലയാളത്തിലും തമിഴിലും കന്നഡയിലും ഹിന്ദിയിലുമായി 50 ൽ കൂടുതൽ ചിത്രങ്ങളിൽ അഭിനയിച്ചു.

rani-padmini-1

മലയാളത്തിൽ, തേനും വയമ്പും, താറാവ്, തുഷാരം, പറങ്കിമല, കഥയറിയാതെ, ആശ, അനുരാഗക്കോടതി, ഭീമൻ, കുയിലിനെത്തേടി, അതിരാത്രം, കിളികൊഞ്ചൽ തുടങ്ങി ശ്രദ്ധേയ ചിത്രങ്ങളിലുൾപ്പടെ, നായിക – സഹനായിക വേഷങ്ങളില്‍ അവര്‍ തിളങ്ങി.

ADVERTISEMENT

എന്നാൽ റാണിയെ തേടിയെത്തിയ കഥാപാത്രങ്ങളിൽ കൂടുതലും ഒരു ‘മാദകസുന്ദരി’ എന്ന തരത്തിൽ അവരെ അവതരിപ്പിക്കുന്നവയായിരുന്നു. യൗവനത്തിന്റെ സിരകളിൽ അവരുടെ സൗന്ദര്യം ഒരു ലഹരി പോലെ പടർന്ന കാലം. ബാല്യം മായാത്ത മുഖവും ചിരിയുടെ തിളക്കവും കണ്ണുകളിലെ പ്രണയഭാവവും അവരെ ആരാധകരുടെ പ്രിയങ്കരിയാക്കിയെങ്കിലും പലപ്പോഴും ഒരേ തരം കഥാപാത്രങ്ങളിൽ കുടുങ്ങിക്കിടക്കാനായിരുന്നു റാണിയുടെ വിധി. അഭിനയത്തേക്കാൾ ശരീരപ്രദർശനം ആവശ്യപ്പെടുന്നവയായിരുന്നു അവയിൽ പലതും. അതിനു മടിയില്ലാത്തതിനാൽ, 1981 മുതല്‍ 1986 ൽ, 24വയസ്സിൽ മരിക്കും വരെയുള്ള അഞ്ചു വർഷത്തെ കരിയറിൽ അവർക്കു ധാരാളം അവസരങ്ങള്‍ ലഭിച്ചു...പണവും ജനപ്രീതിയും നിർലോഭം തേടിയെത്തി...

എന്നാൽ പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കേ, 1986 ഒക്ടോബർ 15 നു അവർ കൊല്ലപ്പെട്ടു! ആ അന്ത്യം ഒരു സിനിമാ കഥ പോലെയായിരുന്നു.

rani-padmini-3

ഹിന്ദിയില്‍ അഭിനയിക്കാൻ ബോംബൈയില്‍ എത്തിയെങ്കിലും അവിടെ അവസരങ്ങൾ കിട്ടാതെ തിരികെ മദ്രാസിലെത്തിയ റാണി, വെസ്റ്റ് അണ്ണാനഗറിലെ പതിനെട്ടാം നമ്പർ അവന്യുവിലെ ഒരു ബംഗ്ലാവ് വാടകയ്‌ക്കെടുത്തതോടെയാണ് സംഭവങ്ങളുടെ തുടക്കം. അമ്മയോടൊപ്പം അവിടെ താമസം തുടങ്ങിയ താരം പുതിയ വാച്ചർ, കുക്ക്, ഡ്രൈവർ എന്നിവരെ നിയമിക്കാൻ തീരുമാനിച്ചു. പത്രത്തില്‍ പരസ്യം കണ്ടു ആദ്യം ജോലി തേടി എത്തിയതു ഡ്രൈവറായ ജെബരാജ്. ജെബരാജ് ജോലിയിൽ പ്രവേശിച്ചു കൃത്യം ഒരു മാസം കഴിഞ്ഞപ്പോൾ വാച്ചറായി ലക്ഷ്മി നരസിംഹൻ എന്നയാളും വന്നു. എന്നാൽ, മോഷണക്കേസിലുൾപ്പടെ ശിക്ഷ അനുഭവിച്ചയാളാണ് ജെബരാജെന്നും ജെബരാജും നരസിംഹനും സുഹൃത്തുക്കളാണെന്നും റാണിയും അമ്മയും അറിഞ്ഞിരുന്നില്ല. പിന്നാലെ ഗണേശൻ എന്ന കുക്കും റാണിയുടെ ബംഗ്ലാവിൽ ജോലിക്കെത്തി. വൈകാതെ ഗണേശനും മറ്റു രണ്ടാളുകളുമായി അടുത്തു.

ഒരു ദിവസം തന്നെ കയറിപ്പിടിച്ച ജെബരാജിനെ റാണി ബംഗ്ലാവിൽ നിന്നു പുറത്താക്കി. ഇതു ജെബരാജിൽ പകയുണ്ടാക്കി. അയാൾ റാണിയെ കൊല്ലാനും സ്വർണവും പണവും കവരാനും തീരുമാനിച്ചു. ഒരു നല്ല അവസരത്തിനായി കാത്തിരുന്നു.

അതിനിടെ പതിനെട്ടാം നമ്പർ അവന്യൂവിലെ ബംഗ്ലാവ് വാങ്ങാന്‍ റാണി ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. അതിനായി പ്രസാദ് എന്ന ഏജന്റുമായി അവർ ചർച്ചകൾ തുടങ്ങി. മൊത്തം വിലയും പണമായി നൽകാമെന്നായിരുന്നു റാണിയുടെ ഓഫർ. ഈ വിവരം ജെബരാജ് അറിഞ്ഞു. അതോടെ റാണിയുടെ വീട്ടിൽ കുറെയേറെ പണവും സ്വർണവും ഉണ്ടായിരിക്കുമെന്നും അയാൾ ഊഹിച്ചു. അങ്ങനെ കുക്കിനെയും വാച്ചറെയും ഒപ്പം ചേർത്തു അയാൾ ഒരു പ്ലാൻ തയാറാക്കി. അതനുസരിച്ചു 1986 ഒക്ടോബർ 15നു രാത്രി ജെബരാജ് റാണിയുടെ ബംഗ്ലാവിനുള്ളിൽ കയറി. രാത്രിയിൽ റാണിയും അമ്മയും മദ്യപിക്കുന്നതു പതിവാണെന്നറിയാമായിരുന്ന സംഘം, നന്നായി മദ്യപിച്ച റാണി അടുക്കളയിലേക്കു പോയതും അമ്മ ഇന്ദിരയെ തുരുതുരെ കുത്തി. അമ്മയുടെ നിലവിളി കേട്ടു ഓടിയെത്തിയ റാണി കഴുത്തിലും വയറിലും കുത്തേറ്റു ചോരയിൽ കുളിച്ചു കിടക്കുന്ന അമ്മയെ കണ്ടു പതറി.

അപകടം മനസ്സിലാക്കി മുകളിലെ നിലയിലേക്കു ഓടി രക്ഷപ്പെടാൻ ശ്രമിച്ച റാണിയെയും അക്രമികൾ പിടികൂടി. അമ്മയുടെ മുമ്പിലിട്ടു ക്രൂരമായ ബലാൽസംഗത്തിനു ഇരയാക്കി. ശേഷം റാണിയെയും കുത്തിക്കൊലപ്പെടുത്തി. തുടർന്നു, 15 ലക്ഷത്തോളം വില മതിക്കുന്ന ആഭരണങ്ങളും, 10000 രൂപയും കവർന്നു, ഭാഗം വച്ചു രക്ഷപ്പെട്ടു. ആ രാത്രി പോയി. പുതിയ പകൽ വന്നു. ആരും ഒന്നും അറിഞ്ഞില്ല... ഒടുവിൽ ആ ദിവസം എത്തി.

1986 ഒക്ടോബർ 20.

ബ്ലംഗ്ലാവ് വാങ്ങുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് റാണിയെ കാണാനാണ് ബ്രോക്കർ പ്രസാദ് അന്നു ബംഗ്ലാവിൽ എത്തിയത്. തുടർച്ചയായി കോളിങ് ബെൽ അമർത്തിയിട്ടും ആരും വാതിൽ തുറന്നില്ല. അപ്പോഴാണ് വീടിനുള്ളിൽ നിന്നു ഒരു കടുത്ത ദുർഗന്ധം പുറത്തേക്കു വമിക്കുന്നതായി പ്രസാദിനു തോന്നിയത്. ശ്രദ്ധിച്ചപ്പോൾ, തോന്നലല്ല! അയാൾ വീടിനു ചുറ്റും നടന്നു നോക്കി. പിൻ വശത്തെ വാതിലിന്റെ കതകു ചാരിയിട്ടേ ഉണ്ടായിരുന്നുള്ളു. പ്രസാദ് ആ വാതിൽ കടന്നു അകത്തു കയറി. അതോടെ ദുർഗന്ധം രൂക്ഷമായി. അകത്തേക്കു കയറുന്തോറും ഈച്ചകളുടെ ഇരമ്പൽ കടുത്തു. ഒടുവിൽ പ്രസാദ് എത്തിയത് ഒരു കുളിമുറിയുടെ മുന്നിലായിരുന്നു. ഒന്നേ നോക്കിയുള്ളു, അയാളുടെ ചങ്കിലേക്കു ഭീതി പാഞ്ഞു കയറി. ഒരു നിലവിളി പുറത്തു ചാടി. അവിടെ, കുളിമുറിയുടെ തറയിൽ രണ്ടു ശവശരീരങ്ങൾ... ചീഞ്ഞളിഞ്ഞവ!

rani-padmini-2

പിന്നീടെല്ലാം വേഗത്തിലായിരുന്നു. പൊലീസ് എത്തി. എന്നാൽ മൃതദേഹങ്ങൾ അവിടെ നിന്നു എടുത്തു മാറ്റാനാകാത്തത്ര ജീർണിച്ചിരുന്നു. ഒന്നനക്കിയാൽ പോലും അടർന്നു പോയേക്കാവുന്നത്ര ജീർണം. അതുകൊണ്ടു പോസ്റ്റുമാർട്ടം ആ കുളിമുറിയുടെ തറയിലായിരുന്നു. അതിനു ശേഷം കവറിനുള്ളിലാക്കിയ രണ്ടു ശരീരങ്ങളും ഒരു കാറിന്റെ ഡിക്കിയിൽ വച്ചാണത്രേ മോർച്ചറിയിലേക്കു മാറ്റിയത്. ഏറ്റുവാങ്ങാൻ ബന്ധുക്കൾ ആരും എത്താത്തതിനാൽ, മോർച്ചറിയിൽ നിന്നു ചലച്ചിത്ര പരിഷത്താണു മൃതദേഹങ്ങൾ ഏറ്റുവാങ്ങി സംസ്‌കരിച്ചത്. അങ്ങനെ ദുരന്തപര്യവസായിയായ ഒരു സിനിമ പോലെയായി റാണി പത്മിനിയുടെ ജീവിതം...

സംഭവത്തിനു ശേഷം അധികം വൈകാതെ ജെബരാജും സംഘവും അറസ്റ്റിലായി. പ്രതികൾ കുറ്റം സമ്മതിച്ചു. എന്നാൽ സിനിമയിലെ ചിലരാണു ഈ കൊലപാതകത്തിനു പിന്നിലെന്നും ഇവർക്കായി ൈബരാജ് കുറ്റം ഏൽക്കുകയായിരുന്നുവെന്നും കഥ പരന്നു. എന്നാൽ അതിനൊന്നും തെളിവുകളുടെ ബലമില്ലായിരുന്നു. അഭ്യൂഹമായി തുടങ്ങി അഭ്യൂഹമായി ഒടുങ്ങിയ കുറേയധികം അപസർപ്പക കഥകൾ...

റാണിയുടെ കരിയർ ഒരു ‘സെക്സി ഗേൾ’ ഇമേജില്‍ കുടുങ്ങിപ്പോയതിൽ അമ്മ ഇന്ദിരയെ കുറ്റം പറയുന്നവരുണ്ടായിരുന്നു. സിനിമാനടിയാകണം എന്നതായിരുന്നത്രേ ഇന്ദിരയുടെ വലിയ മോഹം. എന്നാൽ അതു സാധ്യമായില്ല. അതോടെയാണ് മകൾ റാണിയിലൂടെ അതു സാധിക്കണമെന്നു അവർ തീരുമാനിച്ചത്. 1981ല്‍ ‘സംഘര്‍ഷം’ എന്ന ചിത്രത്തില്‍ തുടങ്ങി, നല്ല നല്ല വേഷങ്ങളിലൊക്കെ അഭിനയിച്ചെങ്കിലും ഒരു ഘട്ടം മുതൽ അവരെ തേടിയെത്തിയതെല്ലാം ഗ്ലാമർ റോളുകളായിരുന്നു. നഗ്നത പ്രദർശനം പലപ്പോഴും റാണിയെ വിമർശനങ്ങൾക്കിരയാക്കി. എന്നാൽ പണത്തിനും പ്രസിദ്ധിക്കുമായി ഇന്ദിര മകളെ അത്തരം വേഷങ്ങളില്‍ അഭിനയിക്കാന്‍ നിരന്തരം പ്രേരിപ്പിച്ചുവത്രേ. അതിനു റാണിയും വഴങ്ങി. മറിച്ചായിരുന്നുവെങ്കിൽ....മരണം ഈ ദുരന്തമായി തേടിയെത്തിയിരുന്നില്ലായിരുന്നുവെങ്കിൽ....ചിലപ്പോഴൊക്കെ അങ്ങനെയാണല്ലോ....റാണി പത്മിനിയുടെ ജീവിതം പോലെ...

ADVERTISEMENT