എല്ലാ കുൽസിത ശ്രമങ്ങളും പരാജയപ്പെടുത്തിക്കൊണ്ട് തന്റെ പുതിയ ചിത്രം ‘വഴക്ക്’ ഐ.എഫ്.എഫ്.കെയിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തുകയാണെന്നും മുൻവിധികളില്ലാതെ സിനിമ കാണാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നുവെന്നും സംവിധായകൻ സനൽകുമാർ ശശിധരൻ.
സംവിധായകൻ സനൽകുമാർ ശശിധരൻ ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പ് –
‘വഴക്ക്’ മറ്റന്നാൾ (11/12/2022) iffkയിൽ പ്രദർശിപ്പിക്കും. എന്റെ മാനസികാരോഗ്യം നശിച്ചു, മയക്കുമരുന്നിനടിമയാണ്, സ്ത്രീപീഡകനാണ് തുടങ്ങി എനിക്കെതിരെ അപകീർത്തി പ്രചരണം ശക്തമായി ആരംഭിച്ച സമയത്തായിരുന്നു ഈ സിനിമ ഞാൻ ഷൂട്ട് ചെയ്തത്. കാഴ്ച-നിവ് ഓഫീസ് കെട്ടിടത്തിൽ നടന്നതായി എനിക്ക് വ്യക്തമായ സംശയമുള്ള ക്രിമിനൽ പ്രവർത്തികളെ കുറിച്ച് പരാതി നൽകിയത് മുതലാണ് അത്രയും കാലം എന്റെ ഒപ്പം ഉണ്ടായിരുന്നവർ തന്നെ എനിക്കെതിരെ കുപ്രചരണങ്ങൾ ആരംഭിച്ചത്. കാഴ്ച-നിവ് കെട്ടിടത്തിൽ രാത്രി സമയങ്ങളിൽ അപരിചിതർ വന്നുപോകുന്നതും അവിടെയുണ്ടായിരുന്ന സ്ത്രീകൾ മനോവിഭ്രാന്തി പ്രകടിപ്പിക്കുന്നതും ശ്രദ്ധയിൽ പെട്ടത് മുതലാണ് ഞാൻ എന്റേതായ അന്വേഷണം നടത്തുന്നത്. ഓഫീസ് കെട്ടിടത്തിൽ ഉണ്ടായിരുന്ന ഒരു ബെഡ്ഷീറ്റ് കോഴിക്കോട് കാണപ്പെട്ട ഷാലു എന്ന ട്രാൻസ്ജൻഡറിന്റെ മൃതദേഹത്തിൽ കണ്ടത് എന്റെ സംശയം വർദ്ധിപ്പിച്ചു. ബെഡ് ഷീറ്റ് അത് തന്നെയാണോ എന്നന്വേഷിച്ചപ്പോൾ അങ്ങനെ ഒരു ബെഡ്ഷീറ്റ് ഇല്ല എന്ന് പോലീസ് പറഞ്ഞത് കൂടുതൽ ദുരൂഹത ഉണ്ടാക്കി. ഞാൻ പരാതി കൊടുക്കാൻ തുനിഞ്ഞപ്പോൾ എന്റെ സിനിമകളുടെ നിർമാതാവായിരുന്ന ഷാജി മാത്യു നിരുത്സാഹപ്പെടുത്തുകയും ചർച്ചക്ക് ക്ഷണിക്കുകയും ചെയ്തു. ഞാൻ ഉന്നയിച്ച പരാതികൾ അന്വേഷിക്കപ്പെട്ടില്ല. കൂടുതൽ അപകടം മണത്തതോടെ ഞാൻ അവിടെ നിന്നിറങ്ങി എന്റെ സിനിമാ പ്രവർത്തനങ്ങൾ വീട്ടിൽ തന്നെയാക്കി. സോഷ്യൽ മീഡിയയിൽ നിന്നും ഫിലിം സോസൈറ്റി പ്രവർത്തനങ്ങളിൽ നിന്നും ഞാൻ പൊടുന്നനെ മാറി നിന്നത് എനിക്കെതിരെ അപകീർത്തി പ്രചരണം നടത്താൻ അവിടെയുണ്ടായിരുന്നവർക്ക് സഹായമായി. എന്നാൽ ആ സമയത്തൊക്കെ ഞാൻ എന്റെ സിനിമാ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുകയായിരുന്നു. കയറ്റം സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികളും വഴക്ക് സിനിമയുടെ മുഴുവൻ ജോലികളും ഞാൻ വീട്ടിലിരുന്നു പൂർത്തിയാക്കി. എന്റെ സിനിമകൾ പുറത്തുവന്നാൽ എനിക്കെതിരെ പ്രചരിപ്പിക്കപ്പെട്ട കള്ളങ്ങൾ പൊളിഞ്ഞുപോകും എന്നതുകൊണ്ട് കയറ്റവും വഴക്കും പുറത്തിറങ്ങില്ല എന്നുറപ്പിക്കാൻ വളരെ വലിയ ചരടുവലികൾ നടന്നു. എന്റെ ഇമെയിൽ ഹാക്ക് ചെയ്ത് എവിടെയൊക്കെ ഞാൻ സിനിമ സബ്‌മിറ്റ് ചെയ്യുന്നു എന്ന് മനസിലാക്കി അവിടെയൊക്കെ എന്നെക്കുറിച്ചു കെട്ടിച്ചമച്ച അപവാദങ്ങൾ എത്തിച്ചു. ഊഹിക്കാവുന്നതിനും അപ്പുറത്തായിരുന്നു അതൊക്കെ. മഞ്ജുവാര്യരുടെ പേരിൽ നൽകിയ കള്ള പരാതി ഉപയോഗിച്ച് എന്നെ അറസ്റ്റ് ചെയ്തതും എന്റെ ഫോണുകൾ പിടിച്ചെടുത്തതും ഒക്കെ അതിന്റെ തുടർച്ചയായിരുന്നു. എന്തായാലും എല്ലാ കുൽസിത ശ്രമങ്ങളും പരാജയപ്പെടുത്തിക്കൊണ്ട് വഴക്ക് iffk യിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തുകയാണ്. മുൻവിധികളില്ലാതെ സിനിമ കാണാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു.