‘ആന്റണി’ എന്ന സിനിമയില്‍ കിക്ക് ബോക്സിങ് താരമായാണ് കല്യാണി പ്രിയദർശൻ അഭിനയിക്കുന്നത്. സിനിമയിലെ ഷൂട്ടിങ്ങിനിടെ കിട്ടിയ അടിയും ചതവും യാഥാർഥമായിരുന്നുവെന്ന് പറയുകയാണ് കല്യാണി. പരിശീലനത്തിനിടെ ലഭിച്ച അടിയുടെയും ചതവിന്റെയും ചിത്രങ്ങൾ കല്യാണി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചു. പിന്തുണച്ച് കയ്യടിച്ച എല്ലാവർക്കും നന്ദിയുണ്ടെന്നും എല്ലാവരും തിയറ്ററിൽ പോയി ‘ആന്റണി’ കാണണമെന്നും കല്യാണി കുറിച്ചു.
‘‘നിങ്ങളുടെ കംഫർട്ട് സോണിൽ തന്നെ നിന്നാൽ നിങ്ങൾക്ക് വളരാൻ കഴിയില്ല. അതുപോലെ വളരാൻ ആഗ്രഹിച്ചു കഴിഞ്ഞാൽ അവിടെ നിങ്ങൾക്ക് ഒരു കംഫർട്ടും ഉണ്ടാകില്ല. ഇത് ഞാൻ വൈകി മനസ്സിലാക്കിയ ഒരു കാര്യമാണ്. സിനിമയിൽ കണ്ട പഞ്ചുകൾ യഥാർഥമായിരുന്നു. കിക്കുകൾ യഥാർഥമായിരുന്നു. മുറിവുകൾ യഥാർഥമായിരുന്നു. കണ്ണുനീർ യഥാർഥമായിരുന്നു. പുഞ്ചിരികൾ യഥാർഥമായിരുന്നു. എന്നാൽ രക്തം മാത്രം യഥാർഥമായിരുന്നില്ല. കയ്യടിച്ചതിനും അലറിവിളിച്ചതിനും സുഹൃത്തുക്കളേ നന്ദി. എല്ലാറ്റിനുമുപരിയായി ആനിനോട് ദയയും സ്നേഹവും കാണിച്ചതിനും നന്ദി. ആന്റണി ഇപ്പോൾ തിയറ്ററുകളിൽ ഉണ്ട്, എല്ലാവരും പോയി കാണുക.’’- കല്യാണി കുറിച്ചു.
ജോജു ജോർജ്, ചെമ്പൻ വിനോദ് ജോസ്, വിജയരാഘവൻ, നൈല ഉഷ, ആശാ ശരത് എന്നിവരാണ് ആന്റണിയിൽ അഭിനയിച്ച മറ്റു പ്രധാന താരങ്ങൾ.