പ്രിയമകളുടെ പിറന്നാള്‍ സുദിനത്തിൽ ഹൃദയം നിറയ്ക്കും ആശംസയുമായി സംവിധായകൻ ബേസിൽ ജോസഫും ഭാര്യ എലിസബത്തും. രണ്ടു വർഷം മുൻപ് ജീവിതത്തിന്റെ പ്രതീക്ഷയായെത്തിയ പൊന്നോമനയുടെ പിറന്നാൾ വിശേഷം ഹൃദ്യമായ ചിത്രങ്ങൾക്കൊപ്പമാണ് ബേസിൽ പങ്കുവച്ചത്. . "ഹോപ്പിന് രണ്ടു വയസ് തികയുന്നു' എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ ബേസിൽ പങ്കുവെച്ചത്. ഞായറാഴ്ചയായിരുന്നു ഹോപ്പിന്റെ പിറന്നാൾ.
പിറന്നാൾ ആഘോഷത്തിന്റെ നാലു ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ താരം പങ്കുവെച്ചത്. ആദ്യ ചിത്രത്തിൽ ഹോപ്പിനൊപ്പം ബേസിലും എലിസബത്തും നിൽക്കുന്ന ചിത്രമാണ്. രണ്ടാമത്തെ ചിത്രത്തിൽ അമ്മയും കുഞ്ഞും ആണെങ്കിൽ മൂന്നാമത്തെ ചിത്രത്തിൽ ചിരിച്ചു കൊണ്ടു നിൽക്കുന്ന ഹോപ്പിനെയാണ് നമുക്ക് കാണാൻ കഴിയുക. നാലാമത്തെ ചിത്രം ഹോപ് എന്ന് എഴുതിയ പിറന്നാൾ കേക്ക് ആണ്. ദമ്പതികൾക്ക് ഒരു മകളാണുള്ളത്. രണ്ടു വർഷം മുമ്പ് ആയിരുന്നു മകൾ ഹോപ് പിറന്നത്.
2017ൽ ആയിരുന്നു ബേസിൽ ജോസഫും എലിസബത്തും വിവാഹിതരാകുന്നത്. എഞ്ചിനിയറിംഗ് കോളജിലെപ്രണയ കാലത്തിനൊടുവിലാണ് ഇരുവരും ജീവിതത്തിൽ ഒരുമിച്ചത്. 2023ൽ ആയിരുന്നു ഇരുവർക്കും മകൾ ഹോപ് പിറന്നത്.
സംവിധായകനായും നടനായും മലയാളികളുടെ പ്രിയങ്കരനായി മാറിയ താരമാണ് ബേസിൽ ജോസഫ്. മിന്നൽ മുരളി എന്ന ഒറ്റ ചിത്രത്തിലൂടെ പാൻ ഇന്ത്യൻ ലെവലിൽ ബേസിൽ ശ്രദ്ധിക്കപ്പെട്ടു. കുഞ്ഞിരാമായണം എന്ന ചിത്രത്തിലൂടെ സംവിധായകനായി എത്തിയ ബേസിൽ ഇപ്പോൾ നിരവധി ചിത്രങ്ങളിൽ നടനായി, ജനപ്രിയ നായകനായി മാറിയിരിക്കുകയാണ്. ബേസിൽ നായകനായി എത്തിയ ചിത്രം പൊൻമാൻ ഇപ്പോൾ തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്.