മലയാളത്തിന്റെ സ്വന്തം ലാലേട്ടന് ഇന്ന് പിറന്നാള്‍ മധുരം. അഭ്രപാളിയിലെ അതിശയ താരത്തിന് സിനിമലോകം ആശംസകൾ നേരുമ്പോൾ മോഹൻലാലുമായുള്ള ഹൃദ്യമായ നിമിഷങ്ങൾ പങ്കുവയ്ക്കുകയാണ് വനിത. ഫെബ്രുവരി 2024ൽ വനിത പങ്കുവച്ച അഭിമുഖത്തിൽ നിന്നുള്ള പ്രസക്ത ഭാഗം ചുവടെ...
––––––
മക്കൾക്ക് സര്‍വസ്വാതന്ത്ര്യം കൊടുക്കുന്ന പേരന്റിങ് ആണ് ലാലേട്ടനും ചേച്ചിയും െകാ ടുക്കുന്നത്. അവരുെട ജീവിതവും യാത്രകളും മോഹിപ്പിക്കാറില്ലേ?
ഒരു കാലത്തു ഞാനും ഇതു പോലെ യാത്ര ചെയ്തിട്ടുണ്ട്. എവിെട പോയാലും അപ്പുവുമായും മായയുമായും എപ്പോഴും കോൺടാക്ട് ഉണ്ട്. കുട്ടികൾ സുചിയെ എപ്പോഴും വിളിച്ച് എല്ലാ കാര്യങ്ങളും പറയും. ജീവിതത്തിൽ സന്തോഷങ്ങൾ കണ്ടെത്താൻ രണ്ടുപേർക്കും അറിയാം. അതല്ലേ വേണ്ടത്. അപ്പു ഇടയ്ക്കിടെ ഹംപിയിൽ പോകും. അവിെട കാഴ്ചകള്‍ കണ്ട്, റോക്ക് ക്ലൈംബിങും ഒക്കെ നടത്തി കുറേ ദിവസം കൂടും. ഒരിക്കൽ ഞാനവിടെ ഷൂട്ടിനെത്തിയപ്പോൾ അപ്പു അവിടെയുണ്ട്. ‘അച്ഛാ രാവിലെ വന്നു കാണാം’ എന്നവന് പറഞ്ഞതു കേട്ടു കുറെ കാത്തിരുന്നു. മടങ്ങാന്‍ ഒരുങ്ങുമ്പോൾ നനഞ്ഞു കുതിർന്നു കയറി വരുന്നു. തുംഗഭദ്ര നദിക്ക് അക്കരെയായിരുന്നു അവന്റെ ക്യാംപ്. രാവിലെ ഇക്കരയ്ക്കു കടത്തു കിട്ടിയില്ല അതാ ലേറ്റ് ആയതെന്നു പറഞ്ഞു. ‘പിന്നെ എങ്ങനെയാ നീ വന്നത്.?’ ഞാന്‍ ചോദിച്ചു. കൂളായിട്ടായിരുന്നു അവന്റെ മറുപടി, ‘ഞാന്‍ നീന്തിയിങ്ങു പോന്നു...’
മകൾ വിസ്മയ എഴുതിയ ‘നക്ഷത്ര ധൂളികൾ’ വായിച്ചപ്പോൾ എന്താണു തോന്നിയത്?
പണ്ടും അവള് കഥകളൊക്കെ എഴുതുമായിരുന്നു. ഇതുപോലെ കവിതകൾ എഴുതും എന്നറിയില്ലായിരുന്നു. നന്നായിട്ടു ചിത്രം വരയ്ക്കും. യുകെയില്‍ പോയി കുറെ നാൾ ചിത്രംവര പഠിച്ചതാണ്. പ്രാഗിലും പഠിച്ചിട്ടുണ്ട്. പിന്നെ, കുറെനാൾ ഇന്തൊനീഷ്യയിൽ കുട്ടികളെ പഠിപ്പിച്ചു. ഇപ്പോൾ തായ്ലൻഡിൽ ‘മോയ് തായ്’ എന്ന ആയോധനകല പഠിക്കുകയാണ്. അപ്പുവും എഴുതും. കവിതയല്ല, നോവല്‍. ഒരെണ്ണം എഴുതി പൂര്‍ത്തിയാകാറായി. സുചിയും ചിത്രങ്ങൾ വരയ്ക്കാറുണ്ട്. രസമുള്ള കാർഡുകൾ ഉണ്ടാക്കും. ചെന്നൈയിലെ വീട്ടിൽ സുചിക്ക് ഒരു ആർട് വർക്ക്ഷോപ്പുമുണ്ട്.
ആരെങ്കിലും നിർബന്ധിച്ചാൽ ഞാനും വരയ്ക്കും. അടുത്തിടെ എന്റെയൊരു സുഹൃത്തു വീടു വച്ചു. ലാലേട്ടൻ എ നിക്കൊരു ചിത്രം വരച്ചു തരണം എന്നു പറഞ്ഞു നിര്‍ബന്ധിച്ചപ്പോള്‍ ഞാനൊരു െപയിന്റിങ് ചെയ്തു. മൂന്നു ദിവസം കൊണ്ടാണു പൂർത്തിയാക്കിയത്.
‘എനിക്ക് എന്റെ പിള്ളേരുണ്ട്’ എന്നു പറഞ്ഞല്ലോ. അവർ തരുന്ന ധൈര്യത്തെക്കുറിച്ച് ?
മോഹന്‍ലാൽ ഫാൻസ് അസോസിയേഷൻ കാൽനൂറ്റാണ്ടു പൂർത്തിയാക്കിയ ആഘോഷവേദിയിലാണു ഞാനങ്ങനെ പറഞ്ഞത്. ആദ്യകാലത്തു പ്രവർത്തിച്ചവർ വരെ ആ ചടങ്ങിനു വന്നിരുന്നു. വർഷം കഴിയും തോറും പുതിയ പ്രവർത്തകർ വരുന്നു. ഒരുപാടു കാര്യങ്ങൾ ചെയ്യുന്നു. അതൊരു ധൈര്യം തന്നെയല്ലേ?
ചികിത്സാ സഹായങ്ങൾ മുതൽ കുട്ടികളുടെ വിദ്യാഭ്യാസ സഹായങ്ങൾ വരെ ഒട്ടേറെ കാര്യങ്ങള്‍ അവര്‍ ചെയ്യുന്നുണ്ട്. ഏറ്റവും കൂടുതൽ വസ്ത്രങ്ങൾ ശേഖരിച്ച് ആഫ്രിക്കൻ രാജ്യങ്ങളിൽ വിതരണം ചെയ്തതിനു ലാൽ കെയറിന് ഗിന്നസ് വേൾഡ് റെക്കോർഡുണ്ട്
ഒരു നടന്റെ സിനിമ വരുമ്പോഴുള്ള പ്രവർത്തനങ്ങൾക്കപ്പുറം ഒരു കൂട്ടം പേർ ഇതൊക്കെ ചെയ്യുന്നു എന്നു കേൾക്കുന്നതു വലിയ സന്തോഷമാണ്. ഇതൊക്കെ ചെയ്യാൻ ചുറ്റും കുറെ ആളുകൾ ഉണ്ടെന്നു പറയുന്നത് എനിക്കും സന്തോഷം. ആ സന്തോഷമാണ് അവരെ അറിയിച്ചത്.
അഭിനയം, സംവിധാനം, എഴുത്ത്, ചിത്രം വര... ആരാണ് നിജമായ മോഹൻലാൽ?
ഞാൻ ആരാണ് എന്നു ചോദിച്ചാൽ ഒരുപാട് ഉ ത്തരങ്ങൾ ഉണ്ട്. ആരൊക്കെയോ എഴുതിവച്ച കാര്യങ്ങൾ നമ്മുടെ തലയിലുണ്ട്. അതൊക്കെ വച്ചേ ഉത്തരം പറയാൻ പറ്റൂ. കിട്ടുന്ന സമയത്ത് ഇതൊക്കെ ആലോചിച്ച് ഇരുന്നാൽ കുഴഞ്ഞു പോവില്ലേ.
ഒരുപാടു ഭാഗ്യങ്ങൾ വന്നു ചേർന്നിട്ടുണ്ട്. തിരനോട്ടം മുതലുള്ള സിനിമകള്‍, കർണഭാരം, കഥയാട്ടം, ഛായാമുഖി, ഇനി ബറോസ്.... ഭാഗ്യം എന്ന വാക്കു കൃത്യമാണോ എന്നു പോലും അറിയില്ല. എല്ലാം വന്നുചേരുകയാണ്. ഞാനതിനൊപ്പം യാത്ര ചെയ്യുകയാണ്...