പെരുവല്ലൂർ ഉണ്ണി മേനോൻ എന്ന പേര് പരിചയമില്ലാത്തവരുണ്ടാകാം. പക്ഷേ, മണ്ണാറത്തൊടി ജയകൃഷ്ണനെ അറിയാത്ത മോഹൻലാൽ ആരാധകര്‍ ചുരുക്കമാകും. മഹാനടന്റെ സിനിമ ജീവിതത്തിലെ അനശ്വര കഥാപാത്രങ്ങളിലൊന്നായ ‘തൂവാനത്തുമ്പികളി’ലെ ജയകൃഷ്ണനെ എഴുതിത്തയാറാക്കാൻ തിരക്കഥാകൃത്തും സംവിധായകനുമായ പി. പത്മരാജൻ മാതൃകയാക്കിയത് പെരുവല്ലൂർ ഉണ്ണി മേനോൻ എന്ന സുഹൃത്തിനെയാണ്
മലയാള സിനിമയിലെ പ്രണയകാവ്യങ്ങളിലൊന്നാണ് ‘തൂവാനത്തുമ്പികൾ’. ജയകൃഷ്ണനും ക്ലാരയും രാധയും അവരുടെ പ്രണയത്തിന്റെ സങ്കീർണതകളും മഴയുടെ മനോഹാരിതയുമൊക്കെ ഒരു മാലയിലെ മുത്തുകൾ പോലെ കോർക്കപ്പെട്ട, നോവും നൊമ്പരവും പടർത്തുന്ന, ദൃശ്യപ്പെരുമ.
ജയകൃഷ്ണൻ ഒരു സങ്കൽപ്പമല്ല, രാധയും. തന്റെ വിഖ്യാതമായ ഈ കഥാപാത്രങ്ങളെ സൃഷ്ടിക്കാൻ പത്മരാജനു പ്രേരണയായത് തൃശൂരിലെ അഡ്വ. ഉണ്ണിമേനോന്‍ എന്ന പെരുവല്ലൂർ ഉണ്ണി മേനോന്റെയും ഭാര്യ ഉഷയുടെയും ജീവിതമാണ്. എഴുത്തുകാരനും, സഹൃദയനും, മുൻ ആകാശവാണി ജീവനക്കാരനുമൊക്കെയായ ഉണ്ണി മേനോൻ ആകാശവാണിയില്‍ പത്മരാജന്റെ സഹപ്രവർത്തകനായിരുന്നു. അക്കാലത്താണ് ഉണ്ണി മേനോന്റെ ജീവിതത്തിൽ നിന്നൊരു സ്പാർക്ക് പത്മരാജന്റെ മനസ്സിൽ തട്ടിയത്. ആ സ്പാർക്ക് ആദ്യം ‘ഉദകപ്പോള’ എന്ന നോവലായി: പിന്നീട്, ‘തൂവാനത്തുമ്പികൾ’ എന്ന സിനിമയും.
മണ്ണാറത്തൊടി ജയകൃഷ്ണൻ ഉണ്ണിമേനോനാണെന്ന കഥ ഇതിനോടകം പല തവണ മലയാളി വായിച്ചു, കേട്ടു. അപ്പോഴും പലരും സംശയത്തിൽ മുക്കിയ ചോദ്യങ്ങൾ നീട്ടി, ‘ഏയ് അതൊന്നുമാകില്ല, യഥാർത്ഥ ജീവിതത്തിൽ ഒരാൾക്കിങ്ങനെയൊക്കെ ആകാനൊക്കുമോ...?’
ആ ചോദ്യത്തിന്റെ മറുപടിയെന്നോണം, പ്രായാധിക്യത്തിന്റെ തളർച്ചകളെ വകഞ്ഞു മാറ്റി, ഓർമ്മകളിലേക്കുള്ള വാതിലുകൾ ഉണ്ണിയേട്ടൻ ഓരോന്നായി തുറന്നിട്ടു, ഒരിക്കൽ കൂടി, ‘വനിത’ യിൽ...
‘‘തൂവാനത്തുമ്പികൾ പത്മരാജന്റെ കലാപരമായ സൃഷ്ടിയാണ്. യാഥാർത്ഥ്യവും സങ്കൽപ്പവും ചേർന്നതാണല്ലോ കല. വെറും വാസ്തവം മാത്രം പറഞ്ഞാൽ ആർക്കും രസിക്കില്ല. അതിൽ കലയില്ല. അതിനാൽ കുറച്ച് ഭാവനയും കൂടി ചേർത്താണ് പത്മരാജൻ തൂവാനത്തുമ്പികൾ എഴുതിയത്’’.
സാഹിത്യം ചേർത്ത ബന്ധം
പത്മരാജൻ തൃശൂരുള്ളപ്പോഴാണ് ഞങ്ങൾ അടുക്കുന്നത്. അതിനു കാരണം സാഹിത്യമാണ്. ഞാൻ സജീവമായി കഥകളെഴുതിയിരുന്ന കാലമാണ്. പത്മരാജനും എഴുതിത്തുടങ്ങിയിരുന്നു. അപ്പോഴേക്കും ഞങ്ങൾ രണ്ടാളും, പിന്നീട് ഞങ്ങളുടെ ഭാര്യമാരായി മാറിയ പെൺകുട്ടികളുമായി പ്രണയത്തിലായിരുന്നു. അതും ഞങ്ങളുടെ ബന്ധം കൂടുതൽ ഉറപ്പിച്ചു. അതുകൊണ്ടു തന്നെ, എന്റെ ജീവിതവും അതിലെ സംഭവങ്ങളുമൊക്കെ പത്മരാജനും പത്മരാജന്റെ കാര്യങ്ങൾ എനിക്കും നന്നായി അറിയാം.


ഉദകപ്പോളയും തൂവാനത്തുമ്പിയും
പിന്നീട് കുറച്ചുകാലം ഞാൻ ദുബായിലായിരുന്നു. അക്കാലത്ത് പത്മരാജൻ എനിക്കൊരു കത്തെഴുതി. ‘ഞാൻ ഉദകപ്പോള എന്നൊരു നോവലെഴുതി. മലയാള നാടിൽ പ്രസിദ്ധീകരിച്ചു വരുന്നുണ്ട്. വായിക്കണം. അതിൽ നമ്മളൊക്കെയുണ്ട്’ എന്നായിരുന്നു ഉള്ളടക്കം. പക്ഷേ, വായിക്കാൻ പറ്റിയില്ല. പിന്നീട് ആ നോവൽ ‘തൂവാനത്തുമ്പികൾ’ എന്ന സിനിമയായി വരുന്നു എന്നറിഞ്ഞു. ആ സമയത്ത് ഉണ്ണി മേനോനാണ് ജയകൃഷ്ണൻ എന്ന കഥാപാത്രമെന്ന തരത്തിൽ ചില വാർത്തകളൊക്കെ വന്നു. അതോടെ പലരും സത്യമാണോ എന്നൊക്കെ തിരക്കിത്തുടങ്ങി. സിനിമ വന്നപ്പോൾ ഞാൻ കണ്ടു. എന്റെ പല സ്വഭാവ സവിശേഷതകളും അതിൽ വളരെ വ്യക്തമായി ചിത്രീകരിച്ചിട്ടുണ്ട്. 90 ശതമാനം ആ കഥാപാത്രത്തിന്റെ പ്രകൃതം എന്റെതാണ്. പടം കണ്ട് കോരിത്തരിച്ചു എന്നതാണ് സത്യം. സിനിമയിലെ പല കാര്യങ്ങളും എന്റെ വീട്ടിൽ നടന്നതും കൂട്ടുകാർക്കിടയിൽ സംഭവിച്ചതുമൊക്കെ പൊടിപ്പും തൊങ്ങലും വച്ച് അതിമനോഹരമായി സൃഷ്ടിച്ചതാണ്. പത്മരാജനിൽ നിന്ന് കഥാപാത്രത്തെക്കുറിച്ച് കൃത്യമായി മനസ്സിലാക്കി മോഹൻലാൽ അതിമനോഹരമായി അവതരിപ്പിച്ചിട്ടുണ്ട്. അതേ പോലെ, ബാബു നമ്പൂതിരി അവതരിപ്പിച്ച തങ്ങൾ എന്ന കഥാപാത്രത്തെ ഇവിടെ ലോഡ്ജുകളിലൊക്കെ സാധാരണ കാണാറുണ്ട്.
ക്ലാര മാത്രം സങ്കൽപ്പം
അതിലെ പാർവതി അവതരിപ്പിച്ച രാധ എന്ന കഥാപാത്രം എന്റെ ഭാര്യ തന്നെയാണ്. പക്ഷേ, സുമലതയുടെ ക്ലാര ഒരു സങ്കൽപ്പമാണ്. എന്റെ ജീവിതത്തിൽ അങ്ങനെ ഒരാളില്ല.
പക്ഷേ, ഉണ്ണിയേട്ടന്റെ ജീവിതത്തിൽ വിധി കാത്തുവച്ച ദുരന്തങ്ങൾ നിസ്സാരമല്ല. ജീവിതത്തിന്റെ നിറഭേദങ്ങളിലേക്കു കടക്കവേ, ഉണ്ണിയേട്ടന്റെ രണ്ടാൺമക്കളും മരണത്തെ പുണർന്നു. മൂത്തയാൾ സാഹിത്യത്തിലും രണ്ടാമൻ രസതന്ത്രത്തിലും ബിരുദാനന്തര ബിരുദക്കാരായിരുന്നു. പക്ഷേ, ഒരു മാസത്തിന്റെ ഇടവേളയിൽ, ഒരു പനിക്കത്തലിന്റെ തിളപ്പിനൊടുവിൽ അവർ മരണത്തിലേക്കിറങ്ങിപ്പോയി... ഉണ്ണിയേട്ടൻ തളർന്നു, ഒറ്റയായി... അക്കഥ പറയവേ, ആ വൃദ്ധസ്വരം വിറച്ചു. കുറച്ചു നേരത്തെ മൗനം.
യൗവനത്തിന്റെ കടൽയാത്രയിൽ സമ്പാദ്യവും ജീവിതവും ആഘോഷിച്ചു തീർത്ത പെരുവല്ലൂർ ഉണ്ണി മേനോൻ, ഒടുങ്ങാത്ത പുത്രദുഖത്തിന്റെ നൊമ്പരവും പേറി, ഭാര്യയോടൊപ്പം ഇപ്പോഴും തൃശൂരിൽ ജീവിക്കുന്നു, ഒരു കൊച്ചുവീട്ടിൽ. ആളും ആരവവും ആർഭാടവും ഇല്ലാതെ, ഒരു വാർധക്യം...