ADVERTISEMENT

‘‘ബാലരമ വായിച്ചു തുടങ്ങിയ കാലം മുതൽ എനിക്കിഷ്ടം ലുട്ടാപ്പിയെയായിരുന്നു. ആദ്യമൊക്കെ എല്ലാ വിക്രിയകൾക്കുമൊടുവിൽ പണി മേടിക്കുന്ന ലുട്ടുവിനോടു സഹതാപമായിരുന്നു. മുതിർന്നപ്പോൾ മനസ്സിലായി, മായാവിയോളം നന്മയുള്ളൊരാളാകാൻ ആർക്കും പറ്റില്ല. ലുട്ടാപ്പിയെപ്പോലെ കുറച്ചു മണ്ടത്തരങ്ങളും അബദ്ധങ്ങളും കള്ളത്തരവുമൊക്കെയുള്ളവരാകും നമ്മളെല്ലാം’’. – ‘ധീരന്‍’ സിനിമയിലെ സുരമ്യയായെത്തി പ്രേക്ഷകരുടെ മനസ്സിലിടം നേടിയ നടി അശ്വതി മനോഹരൻ പറയുന്നു.

‘‘എനിക്ക് അത്യാവശ്യം പക്വതയുണ്ടെങ്കിലും ഉള്ളിലെ കുട്ടിയെ നഷ്ടപ്പെടുത്താൻ വയ്യ. ഇൻസ്റ്റഗ്രാമിലെ പേരു ലുട്ടാപ്പി യോഗി എന്നാക്കിയത് ഈ ചിന്തയിൽ നിന്നാണ്. ചെറുപ്പം മുതൽ യോഗ അഭ്യസിക്കുന്നുണ്ട്. തോൽവിയിലും വിജയത്തിലും സ്വയം മറക്കരുത് എന്നു പഠിപ്പിച്ചതു യോഗയാണ്. സാധാരണ യോഗയോട് എല്ലാവർക്കുമുള്ളത് സീരിയസ് സമീപനമാണ്. അതൊന്നു മാറ്റിപ്പിടിക്കാനാണു യോഗ സ്റ്റുഡിയോയ്ക്ക് ലുട്ടാപ്പി യോഗ എന്നു പേരിട്ടത്. എന്തായാലും എന്റെ വൈബിന് ചേരുന്ന, പല പ്രായത്തിലുള്ള ലുട്ടാപ്പികളെ എനിക്കിപ്പോൾ കൂട്ടായി കിട്ടിയിട്ടുണ്ട്.

ADVERTISEMENT

കുട്ടി ഗ്രേസ് അല്ലേ?

ധീരൻ ഇറങ്ങിയതോടെ ഒരുപാടുപേർക്ക് ഞാനിപ്പോൾ സുരമ്യയാണ്. ‘ലൗലി’യിലെ ചില രംഗങ്ങൾ വൈറലായതോടെ ഗ്രേസ് അല്ലേ എന്നു ചോദിക്കുന്നവരുമുണ്ട്. ഓഡിഷനിലൂടെയാണ് ധീരനിൽ എത്തുന്നത്. നാട്ടിൻപുറത്തു ജീവിക്കുന്ന, പുരോഗമനചിന്താഗതിയുള്ള പെൺകുട്ടിയാണു സുരമ്യ. സുരമ്യയോടു പെട്ടെന്നു തന്നെ ഒരിഷ്ടം തോന്നി. രാജേഷ് മാധവന്റെ അഭിനയം എനിക്കിഷ്ടമാണ്. ധീരനിൽ വളരെ റിയലിസ്റ്റിക് മീറ്ററിലാണ് അദ്ദേഹം അഭിനയിച്ചിരിക്കുന്നത്.

ADVERTISEMENT

അശോകൻ ചേട്ടൻ, ജഗദീഷേട്ടൻ, മനോജേട്ടൻ, വിനീതേട്ടൻ തുടങ്ങിയ സീനിയേഴ്സിനൊപ്പം അഭിനയിക്കാൻ‌ സാധിച്ചതും ഒരനുഭവമാണല്ലോ. ഇപ്പോഴും എന്തൊരു ഫ്രഷ്നസ് ആണെന്നോ. അവർ സ്വയം അപ്ഡേറ്റ് ചെയ്യുന്നു എന്നതിന്റെ തെളിവാണു നമുക്ക് അനുഭവപ്പെടുന്ന ഈ പുതുമ.

റിജക്‌ഷനായിരുന്നു ലക്ഷ്യം, പക്ഷേ...

ADVERTISEMENT

റിജക്‌ഷനുകൾ എങ്ങനെ തരണം ചെയ്യാം എന്നു പഠിക്കുന്നതിനുവേണ്ടി മാത്രം ഞാൻ നാടകത്തിന്റെ ഓഡിഷനു പോയി. പക്ഷേ, എനിക്കതില്‍ സിലക്‌ഷൻ കിട്ടി. എന്താല്ലേ? ആ നാടകം ചെയ്യാൻ സാധിച്ചില്ലാട്ടോ.

അതിനുശേഷമാണ് പൂമരത്തിൽ ചെറിയ വേഷം ചെയ്യാൻ അവസരം ലഭിക്കുന്നത്. നർത്തകിയുടെ റോള്‍ ആയിരുന്നതുകൊണ്ടുതന്നെ കുറച്ചുകൂടി എളുപ്പമായിരുന്നു. നൃത്തവും അഭിനയവും പരസ്പരം ചേർന്നു നിൽക്കുന്നുവെന്ന് അന്നു തിരിച്ചറിഞ്ഞു. അഭിനയത്തോടുള്ള ഇഷ്ടം തിരിച്ചറിഞ്ഞതോടെ നാടകക്കളരികളിലും വർക്‌ഷോപ്പുകളിലും പങ്കെടുത്തു തുടങ്ങി. ഓഡിഷനുകൾക്കു പോകാനും മടിയുള്ള കൂട്ടത്തിലല്ല.

സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്ന സിനിമയിൽ നായികയായിട്ടാണ് ഔദ്യോഗിക അഭിനയജീവിതത്തിന്റെ തുടക്കം. പിന്നാലെ കക്ഷി അമ്മിണിപ്പിള്ള, കേരള ക്രൈം ഫയൽസ് 1, ഗു, അന്വേഷിപ്പിൻ കണ്ടെത്തും എന്നീ സിനിമകളുടെ ഭാഗമായി.

നിവിൻ പോളി കേന്ദ്ര കഥാപാത്രമാകുന്ന ഫാർമ എന്ന വെബ് സീരീസാണ് അടുത്ത റിലീസ്. പിന്നെ, റോഷൻ മാത്യുവിന്റെ ബൈ ബൈ ബൈപാസ് എന്ന നാടകവുമുണ്ട്.

ഒരു ചെറിയ ട്രാൻസ്ഫർമേഷൻ

കുട്ടിക്കാലത്ത് ആത്മവിശ്വാസമൊക്കെ അൽപം കുറവായിരുന്നു. പോരാത്തതിന് ഒരു നാണക്കാരിയും. വീട്ടിൽ ഇളയ കുട്ടിയാണു ഞാൻ. മുന്നോട്ടു വരാൻ എന്നെ സഹായിച്ചത് കലയാണ്.

രണ്ടാം ക്ലാസ് മുതൽ നൃത്തം പഠിക്കുന്നു. ആദ്യമൊക്കെ സ്‌റ്റേജ് പേടിയായിരുന്നു. സത്യത്തിൽ മത്സരങ്ങളും വേദികളുമാണ് ഒരുപരിധിവരെ എന്നെ ബോൾഡ് ആക്കിയത്. കോട്ടയം തിരുനക്കരയാണ് സ്വദേശം. അവിടം വിട്ട് എംഎഫ്എ ഭരതനാട്യം ചെയ്യുന്നതിനു വേണ്ടി ബെംഗളൂരുവിലേക്കുള്ള മാറ്റവും വലിയ വഴിത്തിരിവായി. ഭാഷ പോലുമറിയാത്ത നാട്ടിൽ പിടിച്ചു നിന്നപ്പോൾ മനസ്സിലായി ‘ഇനിയെല്ലാം സെറ്റ് ആകും’.

കന്റെംപ്രറി ഡാൻസിൽ ഡിപ്ലോമ ചെയ്യുന്നതിനായി ആട്ടക്കളരിയിൽ ചേർ‍ന്നതും എന്നെ ഒരുപാടു മാറ്റിയെടുത്തു.

ADVERTISEMENT