Saturday 06 November 2021 12:12 PM IST

‘എന്റെ പരാതിയിലല്ല അയാൾ പുറത്തായത്, തർക്കുത്തരമാണ് കാരണം...’: ‘പതിനെട്ടു വയതിനിലെ’ ചൈതന്യ: വൈറൽ താരം പറയുന്നു

V.G. Nakul

Sub- Editor

chaithanya-prakash-2

ചൈതന്യ പ്രാകാശ് മലയാളികൾക്ക് അയലത്തെ കുട്ടിയാണ്. ടിക് ടോക്കിലൂടെയും ഇൻസ്റ്റഗ്രാം റീൽസിലൂടെയും ലക്ഷക്കണക്കിന് കാഴ്ചക്കാരെ സ്വന്തമാക്കിയ ചൈതന്യ ടെലിവിഷൻ പ്രോഗ്രാമിലൂടെ കുടുംബ പ്രേക്ഷകരുടെയും പ്രിയങ്കരിയായി. ഇപ്പോൾ ‘മനസ്സിൽ‌ ഞാന‌ാണോ’ എന്ന സൂപ്പർഹിറ്റ് മ്യൂസിക്കൽ വിഡിയോയിലെ നായികയായും ചൈതന്യ കയ്യടി നേടുന്നു.

‘‘കുട്ടിക്കാലം മുതൽ ശാസ്ത്രീയമായി നൃത്തം പഠിക്കുന്നുണ്ട്. കലോത്സവ വേദികളിലൂടെയാണ് കലാരംഗത്ത് സജീവമായത്. പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് ടിക്ക് ടോക്കിൽ എത്തി. ചെറിയ ചെറിയ വിഡിയോകളിലൂടെയായിരുന്നു തുടക്കം. അതിനൊക്കെ ലഭിച്ച പ്രതികരണങ്ങളാണ് ഊർജമായത്. പിന്നീട് ഇൻസ്റ്റഗ്രാം റീൽസിലേക്ക് മാറി. കുറച്ച് കൂടി പ്രൊഫഷനലായ കണ്ടന്റുകൾ ചെയ്യാൻ തുടങ്ങി. ക്യാരക്ടർ റീൽസിന് പ്രാധാന്യം കൊടുത്തു. അതോടെ വ്യൂസ് കൂടി. സ്വയം ഇംപ്രൂവ് ചെയ്യാനുള്ള അവസരങ്ങളും കിട്ടി. അങ്ങനെയാണ് അഭിനയത്തോട് അഭിനിവേശം കൂടിയത്’’. – ചൈതന്യ ‘വനിത ഓൺലൈനോട്’ പറയുന്നു.

ഇപ്പോൾ തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിൽ കമ്യൂണിക്കേറ്റ് ഇംഗ്ലീഷ് ഒന്നാം വർഷ ബിരുദ വിദ്യാർഥിനിയാണ് ചൈതന്യ. സ്വന്തം നാട് പത്തനംതിട്ടയിലെ കലഞ്ഞൂരാണ്. ഏഴാം ക്ലാസ് മുതൽ തിരുവനന്തപുരത്താണ് പഠനം. അച്ഛൻ കെ.വി പ്രകാശ് സ്വകാര്യ ധനകാര്യ സ്ഥാപനം നടത്തുന്നു. അമ്മ ബിന്ദു വീട്ടമ്മ. അച്ഛനമ്മമാരുടെ ഒറ്റമകളാണ് പതിനെട്ടുകാരിയായ ചെതന്യ.

‘‘സിനിമയിലും ഒരു നല്ല എൻട്രി പ്രതീക്ഷിക്കുന്നു. എടുത്തു പറയത്തക്ക വേഷങ്ങളൊന്നും സീരിയലിലും കിട്ടിയിട്ടില്ല. ‘വാനമ്പാടി’യിൽ ഒരു കുഞ്ഞ് റോൾ ചെയ്തു. ‘സ്റ്റാര്‍‌ മാജിക്കി’ലൂടെയാണ് കൂടുതൽ റീച്ച് കിട്ടിയത്. ഇൻസ്റ്റഗ്രാമിൽ ഒതുങ്ങി നിന്ന എന്നെ ആ വലിയ പ്ലാറ്റ് ഫോമിലെത്തിച്ചത് സംവിധായകൻ അനൂപേട്ടനാണ്. അതു വരെ ടീനേജിന് മാത്രം അറിയാമായിരുന്ന ഞാൻ കുടുംബ പ്രേക്ഷകരിലേക്ക് എത്തിയത് സ്റ്റാർ മാജിക്കിലൂടെയാണ്’’. – ചൈതന്യ പറയുന്നു.

chaithanya-prakash-4

പെട്ടെന്നു വൈറലാകാത്ത ആൾ

ടിക് ടോക്കിൽ പെട്ടെന്ന് വൈറലായ ഒരു വിഡിയോ എന്ന അനുഭവം എനിക്കില്ല. പതിയെപ്പതിയെ പ്രേക്ഷകർ എന്നെ ശ്രദ്ധിച്ചു തുടങ്ങിയതാണ്. തുടക്കത്തിൽ ഫോളോവേഴ്സ് തീരെ കുറവായിരുന്നു. ഒരു തുണിക്കടയിലെ തിരക്കിനിടയിൽ നിന്നിറങ്ങി വന്ന് ഡാൻസ് ചെയ്യുന്ന വിഡിയോയാണ് ആദ്യം നോട്ട് ചെയ്യപ്പെട്ടത്. ആ സമയത്ത് അത് പുതുമയായിരുന്നു. പിന്നീട് പലരും തിരിച്ചറിയാൻ തുടങ്ങി.

chaithanya-prakash-1

‘മനസ്സിൽ ഞാനാണോ’ എന്റെ മൂന്നാമത്തെ ആൽബമാണ്. ആദ്യത്തെ രണ്ടും വളരെ പണ്ടാണ്. പിന്നീട് നല്ല പ്രൊജക്ടുകൾക്കൊപ്പം നിൽക്കാമെന്നു തീരുമാനിക്കുകയായിരുന്നു. ‘മനസ്സിൽ ഞാനാണോ’യുടെ കഥ കേട്ടപ്പോൾ‌ ഇഷ്ടമായി. അങ്ങനെയാണ് അതിന്റെ ഭാഗമായത്. വിഡിയോ ശ്രദ്ധിക്കപ്പെട്ടതിൽ‌ ഒത്തിരി സന്തോഷം. ഇപ്പോൾ 2 മില്യണിലധികം വ്യൂസ് കിട്ടി.

എനിക്കു സിനിമ ഭയങ്കര ഇഷ്ടമാണ്. ഒരു സിനിമയായാലും നല്ല റോൾ ചെയ്യണം എന്നാണ് ആഗ്രഹം. അഭിനയവും പഠനവും ഒന്നിച്ച് മുന്നോട്ടു കൊണ്ടു പോകാനുമാകണം. പരമാവധി പഠനത്തിൽ ശ്രദ്ധ കൊടുക്കാറുണ്ട്. പഠനവും വേണം പാഷനും വേണം. അതാണ് എന്റെ പോളിസി. ചില അവസരങ്ങളൊക്കെ വരുന്നുണ്ട്. തിടുക്കം വേണ്ട എന്നാണ് തീരുമാനം. സമയമുണ്ടല്ലോ. വരട്ടെ....

നെഗറ്റീവ് പറയുന്നവരെ ശ്രദ്ധിക്കാറില്ല

ഞാൻ‌ 4 വർഷമായി സോഷ്യൽ മീഡിയയിൽ സജീവമാണ്. തുടക്കകാലത്തൊക്കെ ആരെങ്കിലും എന്തെങ്കിലുമൊക്കെ നെഗറ്റീവ് പറയുമ്പോൾ വിഷമം വന്നിരുന്നു. ഇപ്പോൾ നല്ലതാണെങ്കിൽ മറുപടി കൊടുക്കും. മോശം കമന്റാണെങ്കില്‍ ശ്രദ്ധിക്കില്ല. കുറേപ്പേർ നമ്മളെ ഭയങ്കരമായി വിഷമിപ്പിക്കും. അതൊക്കെ മനസ്സില്‍ വച്ചോണ്ടിരുന്നാൽ നമ്മൾ ഉദ്ദേശിക്കുന്ന സ്ഥലത്തൊന്നും എത്തില്ല. ലക്ഷ്യം നേടാനും സാധിക്കില്ല. കുടുംബമാണ് എന്റെ ശക്തി. അതിനാൽ ഈ നെഗറ്റീവുകളൊന്നും എന്നെ ബാധിക്കില്ല.

chaithanya-praksh-3

അങ്ങനെയൊരു സംഭവം

ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ ക്ലാസിലെ ഒരു കുട്ടിക്ക് എന്നെ ഇഷ്ടമായിരുന്നു. എന്നോടയാൾ ഇക്കാര്യം നേരിട്ടു പറഞ്ഞില്ലെങ്കിലും ക്ലാസിലെ മറ്റുള്ളവര്‍ ഈ കുട്ടിയുടെ പേര് വിളിച്ച് കളിയാക്കാൻ തുടങ്ങി.

സ്‌കൂളില്‍ എനിക്ക് ഇഷ്ടമുള്ള ഒരു ടീച്ചര്‍ ഉണ്ടായിരുന്നു. എന്റെ വളർത്തമ്മ എന്നാണ് ടീച്ചർ അറിയപ്പെട്ടിരുന്നത്. ഞാന്‍ ആ സംഭവം ടീച്ചറിനോട് പറഞ്ഞു. ടീച്ചര്‍ അമ്മയെ അറിയിച്ചു. പിന്നീട് പ്രിന്‍സിപ്പലും അറിഞ്ഞു. പ്രിൻസിപ്പൽ ആ കുട്ടിയെ വിളിപ്പിച്ച് ചോദിച്ചപ്പോൾ അയാൾ തർക്കുത്തരമാണ് പറഞ്ഞത്. ‘നീ പെണ്‍കുട്ടികളുടെ ഇടയില്‍ തന്നെയാണല്ലോടാ’ എന്നു ചോദിച്ചപ്പോള്‍, ‘ഞാന്‍ കൃഷ്ണനാണ്. എനിക്ക് ചുറ്റും രാധമാർ വേണം’ എന്നായിരുന്നു മറുപടി. അതോടെ അയാള്‍‌ സ്‌കൂളില്‍ നിന്നു പുറത്തായി.