ഗർഭകാലവും മാതൃത്വവും ജീവിതത്തിൽ നൽകിയ മാറ്റങ്ങളെക്കുറിച്ച് വികാരനിർഭരയായി സംസാരിച്ച് നടി അമല പോൾ. ജീവിതത്തിലെ ഇഷ്ടങ്ങളും ശ്രദ്ധയുമെല്ലാം തന്റെ ഉള്ളിൽ മിടിച്ച കുഞ്ഞുജീവനിലേക്ക് കേന്ദ്രീകരിച്ചതിനെ കുറിച്ചായിരുന്നു അമല തുറന്നു പറച്ചിൽ. മാതൃത്വം തന്നെ കൂടുതൽ മെച്ചപ്പെട്ട വ്യക്തിയാക്കിയെന്നും ഒരുപാട് മാറ്റങ്ങൾ ഉണ്ടായെന്നും അമല പറഞ്ഞു. ജെഎഫ്‌ഡബ്ല്യു ബിംഗിനു നൽകിയ അഭിമുഖത്തിലായിരുന്നു അമലയുടെ വാക്കുകൾ.
ജീവിതത്തിൽ എന്തു ചെയ്യണമെന്ന് അറിയാത്ത സമയത്താണ് കുഞ്ഞ് ജീവൻ വരവറിയിക്കുന്നത്. കുഞ്ഞ് തന്നെ കൂടുതൽ മെച്ചപ്പെട്ട വ്യക്തിയാക്കി മാറ്റിയെന്നും അച്ഛന്റെ അകാല വേർപാടും കോവിഡും തന്നെ കടുത്ത മാനസിക സംഘർഷത്തിലാക്കിയിരുന്നുവെന്നും ഒറ്റയ്ക്കുള്ള യാത്രകളാണ് സ്വയം കണ്ടെത്താൻ സഹായിച്ചതെന്നും അമല പോൾ പറഞ്ഞു. കടന്നു പോയ മനോഹരമായ ഗർഭകാലത്തെക്കുറിച്ച് ഒരു പുസ്തകം തന്നെ എഴുതേണ്ടി വരുമെന്നും അമല പോൾ പറയുന്നു.
അമല പോളിന്റെ വാക്കുകൾ: ഞാൻ എന്ന മുൻഗണനകളെ തിരുത്തിയെഴുതിയ കാലമായിരുന്നു ഗർഭകാലം. ആ 'ഞാൻ' എവിടെ എന്ന് പോലും അറിയാൻ കഴിയാതെയായി. എന്റെ ശ്രദ്ധ മുഴുവൻ എന്റെ ഉള്ളിലുള്ള ആ കുഞ്ഞു ജീവനിലേക്കായി ചുരുങ്ങി. മറ്റൊരു ചിന്തകളും മനസിലേക്ക് വന്നതേയില്ല. . പത്തും പന്ത്രണ്ടും മണിക്കൂറും ഉറങ്ങിയിട്ടും മതിയാവാതിരുന്ന എനിക്ക് നാലോ അഞ്ചോ മണിക്കൂർ മാത്രമേ ഉറങ്ങാൻ കഴിഞ്ഞിരുന്നുള്ളൂ. എങ്കിലും അതൊക്കെയും ആസ്വദിക്കാനായി. എല്ലാം ആ കുഞ്ഞു ജീവന് വേണ്ടി എന്ന നിലയിലായി കാര്യങ്ങൾ.
ഞാനും ജഗത്തും കണ്ടുമുട്ടി ഒന്നോ രണ്ടോ മാസത്തിന് ശേഷമാണ് ഞാൻ ഗർഭിണിയാകുന്നത്. പിന്നീടാണ് വിവാഹം നടക്കുന്നത്. ജീവിതത്തിൽ മുന്നോട്ട് ഇനി എന്ത് എന്ന കൺഫ്യൂഷൻ നിലനിൽക്കുമ്പോഴാണ് ഗർഭധാരണം സംഭവിക്കുന്നത്. എന്നാൽ ഗർഭകാലവും അമ്മയാകാൻ ഒരുങ്ങിയ സമയങ്ങളും എന്നെ കൃത്യമായി മുന്നോട്ടു നയിച്ചു. ജീവിതത്തില്‍ പുതിയ ദിശാബോധം തന്നു. അടുത്തത് എന്ത് എന്നതിനെക്കുറിച്ചുള്ള ഐഡിയ തന്നു. ഇലായ് (കുഞ്ഞ്) വന്നതിന് ശേഷമാണ് ഞാൻ ക്ഷമ എന്താണെന്ന് പഠിച്ചത്. ചുരുക്കത്തിൽ കുഞ്ഞ് ഞങ്ങളുടെ സ്നേഹത്തെ പൂർണതയിലേക്ക് എത്തിച്ചു.
‘‘ഞങ്ങളുടെ കഥ സിനിമയാക്കുമെങ്കിൽ അതിന് പേരിടുക ‘എന്റെ മറുപിള്ളയെ നീ അടക്കം ചെയ്യുമോ’ എന്നായിരിക്കും,’’ എന്ന് ഹൃദ്യമായി അമല പറയുന്നു. അതിനുള്ള കാരണം അമല വിവരിക്കുന്നതിങ്ങനെ:
‘‘കുഞ്ഞ് പിറന്നതിന് ശേഷം മറുപിള്ളയെ (പ്ലാസന്റ) പൂജകളോടെ സംസ്കരിക്കുന്നത് പണ്ടു കാലത്തെ ഒരു ചടങ്ങാണ്. വളരെ ആഘോഷപൂർവമായാണ് ഇത് നടത്തുന്നത്. കുഞ്ഞിനോടൊപ്പമാണ് പ്ലാസന്റയും വളരുന്നത്. അതുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത്. അമ്മയായ സ്ത്രീയുടെ അതുവരെയുള്ള മുഴുവൻ ട്രോമകളും നെഗറ്റിവിറ്റിയും അതോടെ അടക്കം ചെയ്യപ്പെട്ടു എന്നാണ് സങ്കൽപം. അമ്മയ്ക്കും കുഞ്ഞിനും പുതുജന്മം എന്ന അർഥത്തിലാണ് ഈ ചടങ്ങ് ചെയ്യുന്നത്. എന്റെ പ്ലാസന്റ അടക്കം ചെയ്തത് ജഗത് ആണ്. എന്നെ അറിയിച്ചിരുന്നില്ല. ചടങ്ങ് കഴിഞ്ഞു വന്ന് എന്നോട് ജഗത് പറഞ്ഞത്, ഇത് നേരത്തെ അറിഞ്ഞിരുന്നെങ്കിൽ നിന്നെ ആദ്യം കണ്ടപ്പോള്‍ പിക്കപ് ലൈൻ പോലെ ‘ക്യാൻ ഐ ബറി യുവർ പ്ലാസന്റ’ എന്നു ചോദിക്കുമായിരുന്നു എന്നാണ്.’’– പങ്കാളി ജഗതിനെ കുറിച്ച് അമലയുടെ വാക്കുകൾ.
യാത്രകൾ മാനസിക പിരിമുറുക്കം മറികടക്കാൻ സഹായിച്ചതിനെ കുറിച്ചും അമല വാചാലയായി. ആഗ്രഹിച്ച ഇടങ്ങളിലേക്കെല്ലാം ഒറ്റയ്ക്ക് യാത്രപോയി. നമുക്ക് നമ്മളോട് തന്നെ ഒരു കണക്‌ഷൻ വേണം. മറ്റുള്ളവരുടെ നല്ല വാക്കുകൾക്കു വേണ്ടിയല്ല ജീവിക്കേണ്ടതെന്ന തിരിച്ചറിവ് ഈ ഘട്ടത്തിലുണ്ടായെന്നും അമല പോൾ പറഞ്ഞു.