ADVERTISEMENT

മലയാളസിനിമയിലെ ഇതിഹാസം പ്രേം നസീറിനെക്കുറിച്ച് നടൻ ടിനി ടോം പറഞ്ഞത് വലിയ വിവാദമായിരുന്നു. പ്രേംനസീർ അവസാനകാലത്ത് അവസരം കുറഞ്ഞതില്‍ വിഷമിച്ച് കരഞ്ഞു കരഞ്ഞാണ് മരിച്ചത് എന്നായിരുന്നു ടിനിയുടെ പ്രസ്താവന. പിന്നീട് ഇതിൽ ടിനി പരസ്യമായി മാപ്പ് പറഞ്ഞ് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ, പ്രേംനസീറിനെക്കുറിച്ചുള്ള കഥകൾ താൻ പറഞ്ഞു തന്നതാണെന്ന ടിനി ടോമിന്റെ വാദം തള്ളി നടൻ മണിയൻപിള്ള രാജു രംഗത്തെത്തിയിരിക്കുന്നു.

‘ടിനിയൊന്നും നസീര്‍ സാറിനെ കണ്ടിട്ട് പോലുമില്ല. ഞാന്‍ അദേഹത്തിന്റെ കൂടെ പത്തു പതിനഞ്ച് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഞാന്‍ എന്റെ ഇന്റര്‍വ്യൂകളിലും പ്രസംഗത്തിലുമൊക്കെ പറയാറുണ്ട്, ഇത്രയും ദൈവതുല്യനായ ഒരാളെ ജീവിതത്തിൽ കണ്ടിട്ടില്ല എന്ന്. വര്‍ഷാവര്‍ഷം നടക്കുന്ന നസീര്‍ സാറിന്റെ പരിപാടികളില്‍ ഞാന്‍ പോയി സംസാരിക്കാറുണ്ട്. ഈ ടിനി ടോം മുമ്പും മണ്ടത്തരങ്ങള്‍ പറഞ്ഞ് വിവാദങ്ങളില്‍ ചെന്ന് പെട്ടിട്ടുണ്ട്. എന്തിനാണ് ഇത്ര മഹാനായ ഒരാളെപ്പറ്റി മോശമായി സംസാരിക്കുന്നത്? ഇവന് ഭ്രാന്താണെന്ന് തോന്നുന്നു. മരിച്ചു പോയ ഒരാളാണ്. ദൈവതുല്യനായ മനുഷ്യനാണ്. ഏറ്റവും കൂടുതല്‍ നായകനായതിന്റെ റെക്കോര്‍ഡുള്ള മനുഷ്യനാണ് നസീർ സാർ. ഞാൻ ഒരിക്കലും അദ്ദേഹത്തെപ്പറ്റി അങ്ങനെയൊരു കാര്യം പറയില്ല. നസീർ സാറിനെ ഇഷ്ടപ്പെടുന്നവർ ടിനിയെ കല്ലെറിയും. അദ്ദേഹത്തെ അത്രയും ആരാധിക്കുന്നവരുണ്ട്. ടിനി പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണം. ടിനിയുടെ പ്രസ്താവനയിൽ ആരൊക്കെയോ കേസ് കൊടുത്തിട്ടുണ്ട്. ഞാന്‍ അങ്ങനെ പറയില്ലെന്ന് എല്ലാവര്‍ക്കും അറിയാം. അദ്ദേഹത്തെക്കുറിച്ച് ഞാന്‍ എത്രയോ തവണ എഴുതിയിട്ടുണ്ട്. രണ്ട് പടം വന്നാല്‍ പണ്ട് നടന്ന വഴിയൊക്കെ മറക്കും ഇവരെല്ലാം. അങ്ങനെയൊന്നും ചെയ്യാൻ പാടില്ല’ .– സംവിധായകൻ ആലപ്പി അഷ്റഫിനോട് നടത്തിയ ഫോൺ സംഭാഷണത്തിലാണ് മണിയൻപിള്ള രാജു ഇക്കാര്യം വ്യക്തമാക്കിയത്. തന്റെ യുട്യൂബ് ചാനലിലൂടെ മണിയൻപിള്ള രാജുവിന്റെ ഫോൺ സംഭാഷണം ആലപ്പി അഷ്റഫ് പങ്കുവച്ചിട്ടുണ്ട്.

ADVERTISEMENT
ADVERTISEMENT