നടന്‍ ജി. കൃഷ്ണകുമാറിന്റെ മകളും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണയ്ക്കും ഭർത്താവ് അശ്വിനും ആദ്യത്തെ കൺമണിയായി ആൺ കുട്ടി ജനിച്ചത് കഴിഞ്ഞ ദിവസമാണ്.
ലേബർ റൂമിൽ നിന്നുള്ള വിഡിയോ ദിയകൃഷ്ണ തന്റെ യൂ ട്യൂബ് ചാനലില്‍ പങ്കുവച്ചത് വൈറലായിരുന്നു. കുഞ്ഞിന് ജന്മം നല്‍കുന്നതിന്റെ ഓരോ ഘട്ടങ്ങളും ഉള്‍പ്പെടുത്തിയുള്ള വ്ലോഗാണിത്. നിരവധി ആളുകളാണ് വിഡിയോയ്ക്ക് താഴെ സ്നേഹം അറിയിച്ച് എത്തിയതെങ്കിലും വിമർശനവുമായും ഒരു വിഭാഗം രംഗത്തു വന്നു.
ഇപ്പോഴിതാ, ഈ പ്രസവ വിഡിയോയ്ക്ക് എതിരെ ഉയരുന്ന വിമർശനങ്ങൾക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് നടി സ്നേഹ ശ്രീകുമാർ. വർഷങ്ങൾക്കു ശേഷം ആ കുടുംബത്തിലേക്ക് ഒരു ആൺകുട്ടി വന്നതിന്റെ സന്തോഷം അവർ ആഘോഷിക്കുന്നതിൽ എന്ത് തെറ്റാണുള്ളത് എന്ന് സ്നേഹ ശ്രീകുമാർ ചോദിച്ചു.
‘വളരെ സന്തോഷം തോന്നിയ ഫോട്ടോ. തന്റെ വേദനയിൽ കൂട്ടായി ഒരു കുടുംബം മുഴുവൻ കൂടെ നിൽക്കുന്നു, അത് നൽകുന്ന മാനസിക പിന്തുണ വലുതാണ്. ദിയ ശരിക്കും ഭാഗ്യവതി ആണ്, ഒപ്പം അടുത്തുനിന്നു മാറാതെ നിൽക്കുന്ന അശ്വിനും. വർഷങ്ങൾക്കു ശേഷം ആ കുടുംബത്തിലേക്ക് ഒരു ആൺകുട്ടി വന്നത് അവരുടെ സന്തോഷം അവരുടെ സോഷ്യൽ മീഡിയയിലൂടെ അറിയിക്കുന്നതിൽ എന്ത് തെറ്റാണു ഉള്ളത്. നെഗറ്റീവ് കമന്‍റ് ഇടുന്നവരോട് എത്രപേരുടെ വീടുകളിൽ സ്ത്രീകൾക്ക് വേണ്ട സമയത്തു മാനസിക പിന്തുണ കൊടുക്കാൻ സാധിക്കാറുണ്ട്?. സ്ത്രീയാകുമ്പോൾ അങ്ങിനെയൊക്കെയാ, പണ്ട് ഇങ്ങനെ ഒന്നുമില്ലല്ലോ എന്ന് പറയുന്നവരോട് നിങ്ങൾ കുറച്ചു മാറ്റി ചിന്തിച്ചാൽ കുറച്ചു കൂടി സന്തോഷമുള്ളതാകും ജീവിതം.
ഗർഭിണിയാകുമ്പോൾ മുതൽ പ്രസവസമയത്തും അതിനുശേഷവും മാനസികവും ശാരീരികവുമായി 100% നോർമൽ അവസ്ഥയിലാകും വരെ സ്ത്രീക്ക് വേണ്ട പരിഗണനയും ശ്രദ്ധയും കൊടുക്കാൻ വീട്ടിലുള്ളവർ ശ്രദ്ധിക്കണം, അതല്ലെങ്കിൽ അവരുടെ മനസിന്റെ താളം തെറ്റും. 60% എങ്കിലും അങ്ങിനെ മാനസികമായി പല വെല്ലുവിളികളും നേരിട്ട ആളാണ് ഞാൻ. ടോക്സിക് ആയ ഒരാൾ മതി ഈ സമയത്തു നമ്മുടെ താളം തെറ്റിക്കാൻ. അത്തരം ആളുകളെ ഇനി ജീവിതത്തിൽ അടുപ്പിക്കില്ല എന്ന ഉറച്ച തീരുമാനം എടുത്തു കഴിഞ്ഞാണ് സത്യത്തിൽ കുറച്ചെങ്കിലും ഞാൻ ഓകെ ആയത്’.– സ്നേഹ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.