സുരേഷ് ഗോപി നായകനാകുന്ന ‘ജാനകി വേഴ്സ്സ് സ്റ്റേറ്റ് ഓഫ് കേരള’ സിനിമയിൽ നായികയുടെ പേര് ജാനകി എന്നായതിൽ വിവാദം പുകയവേ, നടനും തിരക്കഥാകൃത്തുമായ മുരളി ഗോപിയുടെ സോഷ്യൽ മീഡിയ പോസ്റ്റ് ചർച്ചയാകുന്നു. ‘കലയെ സെൻസർ ചെയ്യുന്നത് നീതിയെ ആൾക്കൂട്ട വിചാരണ ചെയ്യുന്നതിന് തുല്യമാണ്’ എന്നാണ് മുരളി ഗോപി കുറിച്ചത്. ‘ജാനകി വേഴ്സ്സ് സ്റ്റേറ്റ് ഓഫ് കേരള’ സിനിമയെക്കുറിച്ച് നേരിട്ട് പരാമർശിക്കാതെയാണ് മുരളി ഗോപിയുടെ പ്രതികരണം.
ജാനകി എന്ന പേര് ഹിന്ദു ദൈവമായ സീതയുടെ പേരാണെന്നും ലൈംഗികാതിക്രമം നേരിട്ട പെൺകുട്ടിക്ക് ജാനകി എന്ന പേരിടാൻ പാടില്ല എന്നുമായിരുന്നു സെൻസർ ബോർഡിന്റെ സത്യവാങ്ങ്മൂലം. മാത്രമല്ല ജാനകി എന്ന കഥാപാത്രത്തെ വിചാരണ ചെയ്യുന്നത് അന്യമതത്തിൽപ്പെട്ട അഭിഭാഷകനാണെന്നും സെൻസർ ബോർഡ് ആരോപിച്ചു. മനപ്പൂർവ്വം വർഗീയ വിദ്വേഷം ജനിപ്പിക്കാനാണ് ജാനകി എന്ന് പേരിട്ടത് എന്നായിരുന്നു സെൻസർ ബോർഡിന്റെ വ്യാഖ്യാനം. സെൻസർ ബോർഡിന്റെ കടുംപിടിത്തത്തെ തുടർന്ന് ജാനകി എന്ന പേര് മാറ്റി വി ജാനകി എന്നാക്കാൻ തയാറാണെന്നും ചിത്രത്തിൽ ജാനകി എന്ന് പറയുന്നിടത്ത് മ്യൂട്ട് ചെയ്യാമെന്നും നിർമ്മാതാക്കൾ കോടതിയെ അറിയിച്ചിട്ടുണ്ട്.