പൊതുസ്ഥലങ്ങളിലും ചടങ്ങുകളിലും സിനിമാതാരങ്ങളെ പിന്തുടർന്ന്, സ്വകാര്യത പോലും മാനിക്കാതെ മൊബൈൽ ഫോണിൽ വിഡിയോ പകർത്തി ദ്വയാർത്ഥ കുറിപ്പുകളോടെ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നവർക്കെതിരെ കടുത്ത വിമർശനം ഉയരാറുണ്ട്.
ഇപ്പോഴിതാ, അത്തരക്കാർക്കെതിരെ അപ്രതീക്ഷിത നീക്കം നടത്തി കയ്യടി വാങ്ങുകയാണ് നടൻ സാബുമോൻ അബ്‌ദുസമദ്. തന്റെ വിഡിയോ പകർത്താനെത്തിയ ആളുകളുടെ ദൃശ്യങ്ങൾ സ്വന്തം മൊബൈലിൽ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പങ്കു വച്ചിരിക്കുകയാണ് സാബുമോൻ.
‘കൈയ്യിലുള ഫോണുമായി എവിടെയും കേറും എന്തും ചോദിക്കും പറഞ്ഞതും പറയാത്തതും എല്ലാം ചേർത്ത് കൊടുക്കും.. മനുഷ്യരുടെ ഓരോ ചലനങ്ങളും അവയവങ്ങളും ക്യാമറയിൽ പകർത്തി കഴുകന്മാർക്ക് ഇട്ട് കൊടുക്കും, അത് ഞങ്ങളുടെ സ്വാതന്ത്യം ആണെന്ന് പറയുന്ന പാരലൽ വേൾഡിലെ മാധ്യമ സിങ്കങ്ങൾ, ഫോൺ ഒരെണ്ണം അവരുടെ നേർക്ക് തിരിഞ്ഞപ്പോൾ മുഖം പൊത്തിയും മറച്ചും മുഖം മൂടിയണിഞ്ഞും ഇരുട്ട് വാക്കിലേക്ക് ഓടി തള്ളുന്നു . (ഇത് കാരണം എനിക്ക് വരാൻ പോകുന്ന ആക്രമണങ്ങൾക്ക് പുല്ല് വില കൊടുത്ത് ഞാൻ പോസ്റ്റ് ചെയ്യുക ആണ്) copyleft material, Anyone can use’.– വിഡിയോയ്ക്കൊപ്പം സാബുമോൻ കുറിച്ചു.
മാസ്ക് ധരിച്ചും മുഖം മറച്ചും ചിലർ സാബുമോന്റെ ക്യാമറയിൽ നിന്ന് ഓടിമറഞ്ഞു. സാബുവിന്റെ ക്യാമറ ഒഴിവാക്കി നടന്നു പോയ ഒരാളെ പിന്തുടർന്ന് ചില ചോദ്യങ്ങളും സാബുമോൻ ഉന്നയിക്കുന്നുണ്ടായിരുന്നു. ‘ഞങ്ങൾ സെലിബ്രിറ്റികൾ അല്ലല്ലോ, പിന്നെ എന്തിനാണ് ഞങ്ങളുടെ വിഡിയോ എടുക്കുന്നത്’ എന്നായിരുന്നു മൊബൈൽ ക്യാമറ സംഘത്തിലെ ഒരു സ്ത്രീ വിഡിയോയ്ക്ക് മുഖം കൊടുക്കാതെ ചോദിച്ചത്. ‘നിങ്ങൾ പാപ്പരാസികൾ അല്ലേ...അപ്പോൾ നിങ്ങളുടെയും ദൃശ്യങ്ങൾ പകർത്താം’ എന്നായിരുന്നു സാബുവിന്റെ മറുപടി.
സാബുമോൻ പങ്കുവച്ച വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്.