നടൻ ബാലയ്ക്കും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി താരത്തിന്റെ മുൻഭാര്യ ഡോ.എലിസബത്ത് ഉദയൻ രംഗത്തെത്തിയത് കഴിഞ്ഞ ദിവസം വലിയ വാർത്തയായിരുന്നു. മൂക്കിൽ ട്യൂബു ഘടിപ്പിച്ച് ആശുപത്രിക്കിടക്കയിൽ കിടന്നു ചിത്രീകരിച്ച തന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചാണ് എലിസബത്ത് ആരോപണങ്ങളുമായി രംഗത്തെത്തിയത്. ആത്മഹത്യാശ്രമത്തെ തുടർന്നാണ് എലിസബത്ത് ആശുപത്രിയിലായത്.
ഇപ്പോഴിതാ, ആത്മഹത്യയ്ക്കു ശ്രമിച്ചതിന്റെ കാരണം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് എലിസബത്ത്. ഒരു ഘട്ടത്തിൽ വിഷമം താങ്ങാൻ പറ്റിയില്ലെന്നും അതുകൊണ്ട് ചെയ്തുപോയതാണെന്നും എലിസബത്ത് പറയുന്നു. താൻ മൂലം വിഷമിച്ച എല്ലാവരോടും ക്ഷമ ചോദിക്കുന്നുവെന്നും ജീവിതത്തിൽ പുതിയ തീരുമാനങ്ങൾ എടുത്തെന്നും എലിസബത്ത് വ്യക്തമാക്കി.
‘ആശുപത്രിവിട്ടു, കുറച്ചു ദിവസത്തിനുള്ളില്‍ നാട്ടിൽ വരും. ഇനിയും ചിരിച്ച മുഖത്തോടെ വിഡിയോ ചെയ്യണമെന്നാണ് ആഗ്രഹം, ചിലപ്പോൾ വിഡിയോ ഇനി ചെയ്യില്ലായിരിക്കും. എല്ലാവരോടും ക്ഷമ ചോദിക്കുന്നു. വിളിച്ചും മെസേജ് അയച്ചും അന്വേഷിച്ച എല്ലാവരോടും ക്ഷമ ചോദിക്കുന്നു.
ഒരു ഘട്ടത്തിൽ വിഷമം താങ്ങാൻ പറ്റിയില്ല, അതൊന്നും ഇതിനൊരു വിശദീകരണമല്ലെന്ന് അറിയാം. ഒരു സോറി കൊണ്ടൊന്നും പകരമാകില്ലെന്ന് അറിയാം. എന്തൊക്കെ വിഷമങ്ങൾ വന്നാലും നേരിടണം. ചെറിയ ചെറിയ സന്തോഷങ്ങൾ ആഘോഷിക്കണം. ഇതിനൊക്കെ ശ്രമിക്കുന്നുണ്ട്. ഇപ്പോൾ കുറച്ച് വിഷമഘട്ടത്തിലാണ്. എന്നെ ഓർത്ത് വിഷമിച്ച എല്ലാവരോടും ക്ഷമ ചോദിക്കുന്നു.’’–എലിസബത്ത് പറയുന്നു.
താൻ മരിച്ചാൽ പൂർണ ഉത്തരവാദി ബാലയും കുടുംബവുമാണെന്നാണ് എലിസബത്ത് നേരത്തെ പറഞ്ഞത്. തന്നെ ശാരീരികമായി ഉപദ്രവിച്ചുവെന്നും മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്നും എലിസബത്ത് ആരോപിച്ചു. എന്നെ വിവാഹം കഴിച്ചിട്ടില്ലെന്നാണു പറയുന്നത്. ആളുകളുടെ മുന്നിൽ വച്ചു ഭാര്യയാണ് എന്നു പറഞ്ഞതും റിസപ്ഷനും അഭിമുഖങ്ങളും നടത്തിയതും എന്തിനാണെന്ന് അറിയില്ല. മുഖ്യമന്ത്രിക്കു പരാതി നൽകിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്നും എലിസബത്ത് ആരോപിച്ചിരുന്നു.