‘പ്രിൻസ് ആൻഡ് ഫാമിലി’ സിനിമയുടെ വിജയാഘോഷ വേളയിൽ ദിലീപിനൊപ്പം സജീവസാന്നിധ്യമായി മകൾ മീനാക്ഷിയും. വിജയാഘോഷ വേദിയിൽ വൈകാരികമായാണ് ദിലീപ് സംസാരിച്ചത്.
ലിസ്റ്റിൻ സ്റ്റീഫൻ റിസ്ക് എടുത്താണ് തന്നെ നായകനാക്കി പ്രിൻസ് ആൻഡ് ഫാമിലി ചെയ്തത്. ആ സിനിമ ഇന്നത്തെ അവസ്ഥയിൽ 60 ദിവസം പൂർത്തിയാക്കിയതിൽ വലിയ സന്തോഷമുണ്ടെന്നും താരം പറഞ്ഞു.
‘ഇന്ന് സർവ ശക്തനായ ദൈവത്തിന്റെ അനുഗ്രഹം കൊണ്ട് ‘പ്രിൻസ് ആൻഡ് ഫാമിലി’ അതിന്റെ 60–ാം ദിവസം ആഘോഷിക്കുന്നു. അതിന്റെ ഒരു ഭാഗമാവാൻ സാധിച്ചതിൽ നന്ദി പറയുന്നു. പ്രത്യേകിച്ച് ലിസ്റ്റിനോട്, കാരണം മാജിക് ഫ്രെയിംസിന്റെ കൂടെ ഞാൻ ആദ്യമായി ചെയ്യുന്ന ഒരു സിനിമയാണിത്. ലിസ്റ്റിൻ എടുത്ത ഒരു വലിയൊരു റിസ്ക് ഉണ്ട്. അതുപോലെ തന്നെ അതിനുവേണ്ടി പ്രയത്നിച്ച എല്ലാവരെയും ഞാൻ സഹോദരങ്ങൾ എന്നേ പറയു, കാരണം ജീവിതത്തിൽ ഒരു ആവശ്യം വരുമ്പോൾ കൂടെ നിൽക്കുന്നവരാണ് അവർ. ഷാരിസ് ആണെങ്കിലും ബിന്റോ ആണെങ്കിലും അവർ ആത്മാർഥമായി പ്രയത്നിച്ചു, അവരുടെ ഒരു അർപ്പണബോധം വലുതാണ്. ഈ സിനിമയിലെ എല്ലാ കഥാപാത്രങ്ങളെയും അവർ അളന്നു കുറിച്ചാണ് ഈ സ്ക്രീനിൽ വരുത്തിയിരിക്കുന്നത്. എല്ലാ കാര്യത്തിലും അവർ ഇടപെട്ട്, എല്ലാ കാര്യങ്ങളും ഭംഗിയായി ചെയ്തു, ഇതിൽ എല്ലാ കലാകാരന്മാരും കലാകാരികളും എല്ലാം ആ സംവിധായകൻ പറഞ്ഞത് അനുസരിച്ച് ഈ സിനിമ ഗംഭീരമാക്കി.
ഈ വേദിയിൽ ഇങ്ങനെ നിന്ന് നിങ്ങളോടെല്ലാം നന്ദി പറയാൻ എനിക്ക് അവസരം തന്ന ദൈവത്തിനോട് ഞാൻ നന്ദി പറയുന്നു. അതുപോലെ 30 വർഷക്കാലം എന്നെ ഇവിടെ നിലനിർത്തികൊണ്ടിരിക്കുന്ന എന്റെ പ്രിയപ്പെട്ട പ്രേക്ഷകരോട് എനിക്ക് തീർത്താൽ തീരാത്ത നന്ദിയാണ്. കാരണം അവരുടെ പ്രാർഥനയാണ് ദിലീപ് എന്ന് പറഞ്ഞ കലാകാരൻ ഇന്ന് ഇവിടെ നിൽക്കാൻ കാരണം’. –ദിലീപ് പറഞ്ഞു.