നടിയും നിർമാതാവുമായ ഷീലു ഏബ്രഹാമിനെ പരിഹസിച്ച് സംവിധായകൻ ഒമർ ലുലു. ഷീലു നിർമിച്ച് നായികയായെത്തിയ ‘രവീന്ദ്രാ നീ എവിടെ?’ എന്ന സിനിമയുമായി ബന്ധപ്പെടുത്തിയാണ് ഒമറിന്റെ സോഷ്യൽ മീഡിയ പോസ്റ്റ്.
‘ബഹുമാന്യരായ നാട്ടുകാരെ, ഒരു ദശാബ്ദ കാലമായി മലയാള സിനിമയിൽ ഇൻഡസ്ട്രി ഹിറ്റ്സ് മാത്രം സമ്മാനിക്കുന്ന അനൂപ് മേനോൻ ചേട്ടനും, തന്റെ ഉള്ളിലെ കഴിവ് അഭിനയത്തിൽ മാത്രം ഒതുക്കി നിർത്താതെ മലയാള സിനിമയ്ക്ക് എണ്ണം പറഞ്ഞ നാല് സ്ക്രിപ്റ്റുകൾ എഴുതി സമ്മാനിച്ച ധ്യാൻ സാറും കൂടി മറ്റൊരു ഇൻഡസ്ട്രി ഹിറ്റ് നൽകി കൊണ്ട് നായികയും നിർമാതാവുമായ ഷീലു മാഡത്തിനു ‘ബാഡ്ബോയിസി’ലൂടെ നഷ്ടപ്പെട്ടുപോയ അരമന വീടും അഞ്ഞൂറേക്കറും തിരികെ വാങ്ങി കൊടുത്തതിന് ഒരായിരം അഭിനന്ദനങ്ങൾ’ എന്നാണ് ഒമർ ലുലു കുറിച്ചത്.
‘രവീന്ദ്രാ നീ എവിടെ?’ എന്ന സിനിമയുടെ പ്രമോഷന് ഷീലു പറഞ്ഞ ചില കാര്യങ്ങളാണ് ഒമറിന്റെ ഈ പ്രതികരണത്തിനു പിന്നിൽ. ഒമര്‍ ലുലു സംവിധാനം ചെയ്ത ബാഡ് ബോയ്‌സ് ഇറങ്ങിയതോടെ ചിത്രത്തിന്റെ നിര്‍മാതാക്കളായ തങ്ങള്‍ വലിയ സാമ്പത്തിക ബാധ്യതയിലായി എന്ന സൂചന നല്‍കുന്ന ചില പരാമർശങ്ങൾ ഒരഭിമുഖത്തിൽ ഷീലുവിന്റെ ഭാഗത്തു നിന്നുണ്ടായി. ഷീലു ഏബ്രഹാമിന്റെ ഭർത്താവ് നിർമിച്ച ചിത്രമാണ് ‘ബാഡ് ബോയ്സ്’.
‘ഷീലു അവര്‍ക്ക് നഷ്ടം വന്ന സിനിമയെക്കുറിച്ച് പറയാന്‍ പാടില്ലായിരുന്നുവല്ലേ?’ എന്നൊരാള്‍ ചോദിച്ചതിനു ‘അവരൊന്ന് സര്‍ക്കാസിച്ചു, ഞാനുമൊന്ന് സര്‍ക്കാസിച്ചു. ഇത് സൗഹൃദപൂര്‍വമുള്ള സര്‍ക്കാസമാണ്’ എന്നാണ് ഒമര്‍ ലുലുവിന്റെ മറുപടി. ഈ പോസ്റ്റ് വൈകാതെ ഒമർ പിൻവലിച്ചു. എന്നാൽ അപ്പോഴേക്കും സ്ക്രീൻ ഷോട്ടുകൾ പ്രചരിച്ചു കഴിഞ്ഞിരുന്നു.