വൻ വിവാദമായ വ്ലോഗറുടെ യൂ ട്യൂബ് ഇന്റർവ്യൂവിൽ പ്രതികരണവുമായി നടിയും അവതാരകയുമായ ജുവൽ മേരി. ‘കുളിമുറിയിൽ ഒളിഞ്ഞു നോക്കാൻ പോയപ്പോൾ കൗതുകം ആയിരുന്നോ, ആകാംഷ ആയിരുന്നോ’ എന്ന് ഒരു അവതാരക ഒരാളോട് ചോദിക്കുന്നത് കേട്ട് ഞെട്ടിപ്പോയി എന്ന് സമൂഹമാധ്യമത്തിൽ പങ്കുവച്ച വിഡിയോയില്‍ താരം വ്യക്തമാക്കി.
‘ഈ ആങ്കറിങ് എന്ന തൊഴിൽ ചെയ്യുന്നവരോടാണ് പറയാനുള്ളത്. നിങ്ങൾ ഒരു വാർത്താ അവതാരക ആയിക്കോട്ടെ, ഒരു ചാനൽ ഇന്റർവ്യൂർ ആയിക്കോട്ടെ, ഒരു എംസി ആയിക്കോട്ടെ, ഈ ഒരു ജോലി ചെയ്യുമ്പോൾ നമ്മുടെ വാക്കും ഭാഷയും ടോണും നമ്മുടെ ചോദ്യങ്ങളും ഉദ്ദേശവും മനുഷ്യരെ സ്വാധീനിക്കാൻ കെൽപ്പുള്ളതാണെന്ന ബോധം നമുക്കു വേണം. നമ്മൾ ഒരു ജോലി ചെയ്യുമ്പോൾ തന്നിരിക്കുന്ന ചോദ്യം എന്താണെന്ന് ആദ്യം വായിച്ചു നോക്കുക, അത് ചോദിക്കാൻ എന്റെ മനസാക്ഷിക്ക് നിരക്കാത്തതാണെന്ന് തോന്നുന്നെങ്കിൽ ഞാൻ അത് ചോദിക്കില്ല എന്ന് പറയാനുള്ള ആർജവം ഉണ്ടാവുക.
സത്യം പറഞ്ഞാൽ എനിക്ക് ദേഷ്യം വരുന്നു. എന്ത് മനുഷ്യരാണ് നിങ്ങളൊക്കെ. ഇതൊക്കെ മോശമല്ലേ. ഒരാളുടെ ചോദ്യം ‘ആദ്യമായിട്ടൊരു കുഞ്ഞു ജനിച്ചപ്പോൾ അത് നിങ്ങളുടെ ജീവിതത്തിലെ എല്ലാ സന്തോഷങ്ങളും നശിപ്പിച്ചല്ലേ’ അത് ഭയങ്കര സന്തോഷത്തിലാണ് ചോദിക്കുന്നത്. ആ ചോദ്യം ചോദിക്കുന്നത് കണ്ടപ്പോൾ എനിക്ക് മനസ്സിലായത് ആ ചോദ്യം അവർ ഇതുവരെ വായിച്ചു നോക്കിയിട്ടില്ല, അതുകൊണ്ടാണ് അത് ചോദിച്ചു തുടങ്ങിയിട്ട് എനിക്ക് അത് അറിയില്ലായിരുന്നു എന്ന് പറഞ്ഞത്. അത് വായിച്ചു മനസിലാക്കേണ്ടത് ഒരു ആങ്കർ എന്ന നിലയിൽ നിങ്ങളുടെ കടമയായിരുന്നു. അത് നിങ്ങളുടെ മാത്രം ഉത്തരവാദിത്തമാണ്. കാരണം നിങ്ങളാണ് ക്യാമറയ്ക്ക് മുന്നിൽ ഇരിക്കുന്നത്. നിങ്ങൾ എന്താണ് ചോദിക്കാൻ പോകുന്നതെന്ന് വ്യക്തമായ ബോധം നിങ്ങൾക്ക് ഉണ്ടാകണം.
വേറൊരു മഹത്തായ ചോദ്യം ‘കുളിമുറിയിൽ ഒളിഞ്ഞു നോക്കാൻ പോയപ്പോൾ കൗതുകം ആയിരുന്നോ, ആകാംഷ ആയിരുന്നോ’ എന്നാണ്. എന്താണിതൊക്കെ ? അവനോ വെളിവില്ലാതെ ചെയ്ത കുറ്റകൃത്യം ഒക്കെ വിളിച്ചു പറയുന്നു, അതിനെ എങ്ങനെയാണ് ഇത്ര നിസാരവൽക്കരിച്ചു ചോദ്യം ചോദിക്കുന്നത്. ആങ്കർ എന്ന ആൾ ശമ്പളം വാങ്ങുന്ന ഒരു തൊഴിലാളി മാത്രമല്ല, നിങ്ങൾ ഒരു വ്യക്തിയാണ്, നിങ്ങൾക്കൊരു വ്യക്തിത്വമുണ്ട്, മനഃസാക്ഷിയുണ്ട്. നിങ്ങൾ കുറച്ചുകൂടി വിവേകത്തോടെ പെരുമാറണം. നിങ്ങളെ കാണുന്ന മനുഷ്യർ നിങ്ങളാൽ സ്വാധീനിക്കപ്പെടുന്നുണ്ട്, നിങ്ങളുടെ ചോദ്യങ്ങളുടെ നിലവാരമില്ലായ്മ, അതിലുള്ള ദ്വയാർഥങ്ങൾ, അതിലുള്ള വൃത്തികേടുകൾ കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ സ്വാധീനിക്കുന്നുണ്ട്’–ജുവൽ മേരി പറയുന്നു.
‘മണ്ടത്തരം പറയുന്നത് ക്യൂട്ട് അല്ല ! ഗൗരവമുള്ള കാര്യങ്ങളെ നിസാരവത്കരിക്കുന്നത് ഫൺ അല്ല ! തലക്കു വെളിവുള്ള മനുഷ്യർക്കു ഇതിലൊരു curiosity ഇല്ല ! അവതാരകരോടാണ് നിങ്ങൾ ഒരു ക്യാമറക് മുന്നിലിരുന്നു പറയുന്ന ഓരോ വാക്കിനും വലിയ വിലയുണ്ട് .. അത് കേട്ട് മുറിപ്പെടുന്ന മനുഷ്യരുണ്ട് ! ആദ്യത്തെ കുഞ്ഞു മരിച്ചു പോയ കഥയൊക്കെ ഒരു സിനിമ കണ്ട ലാഘവത്തോടെ പറയുമ്പോ ഇതേ കഥ ജീവിതത്തിൽ അനുഭവിച്ച എത്ര സ്ത്രീകളാണ് വീണ്ടും വേദനിക്കുന്നത് ! ഒളിഞ്ഞു നോട്ടത്തിലെ curiosity ഇങ്ങനെ ക്യൂട്ട്നെസ് വാരി എറിഞ്ഞ പ്രൊമോട്ട് ചെയ്യുമ്പോ എത്ര potential ക്രിമിനൽസ് നു ആണ് നിങ്ങൾ വളം വൈകുന്നത് ! ഇനിയും വൈകിയിട്ടില്ല … ബി ബെറ്റർ ഹ്യൂമൻസ് ! നല്ല മനുഷ്യരാവുക ആദ്യം ! ഇച്ചിരെ ഏറെ പറഞ്ഞിട്ടുണ്ട് .. എന്റെ വാക്കുകൾക്കു അല്പം മൂർച്ചയുണ്ട് .. ഇതിനെ ഇനി മയപ്പെടുത്തി പറയാൻ കഴിയില്ല !’.– വിഡിയോ പങ്കുവച്ച് ജുവൽ മേരി കുറിച്ചതിങ്ങനെ.
വ്ലോഗർ തൊപ്പി എന്ന നിഹാദിന്റെ സുഹൃത്ത് മമ്മു ഒരു യൂ ട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞ ചില പരാമർശങ്ങളാണ് വിവാദങ്ങൾക്കു കാരണം. അടുത്ത വീട്ടിലെ സ്ത്രീകൾ താന്‍ കുളിക്കുന്നത് ഒളിഞ്ഞു നോക്കിയെന്നും നാട്ടിലെ വീടുകളിലെ ജനലുകളില്‍ കല്ലെറിയുമായിരുന്നുവെന്നുമാണ് ഇയാള്‍ ഇന്റർവ്യൂവിൽ പറഞ്ഞത്.
‘നാട്ടുകാരെ മുഴുവൻ ഞാൻ വെറുപ്പിച്ചിട്ടുണ്ട്, പണ്ട് അടുത്തുള്ള മറ്റ് വീടുകളുടെ ജനലിൽ കല്ല് എറിയുമായിരുന്നു, കുളിസീൻ കാണാനും കുളിമുറിയിൽ ഒളിഞ്ഞു നോക്കാനും പോവാറുണ്ടായിരുന്നു’.– മമ്മു പറഞ്ഞതിങ്ങനെ. ഇതു ചിരിയോടെ കേട്ട്, കൂടുതൽ പറയാൻ പ്രൊത്സാഹിപ്പിച്ച ഇന്റർവ്യൂവർ നൈനിഷക്കെതിരെയും വ്യാപക വിമര്‍ശനം ഉയർന്നു.