വിവാഹ ബന്ധം വേർപെടുത്തിയ നടി ലിസിയും സംവിധായകൻ പ്രിയദർശനും വീണ്ടും ഒന്നിക്കണമെന്ന് സംവിധായകൻ ആലപ്പി അഷ്റഫ്. പ്രിയനും ലിസിയും തമ്മിലുള്ള വഴക്കിന്റെയും വൈരാഗ്യത്തിന്റെയും മഞ്ഞുമല ഉരുകിയെന്നും ഇപ്പോൾ അവർ വളരെ നല്ല സൗഹൃദത്തിലും പരസ്പര ബഹുമാനത്തോടെയാണ് ജീവിക്കുന്നതെന്നും തന്റെ ‘കണ്ടതും കേട്ടതും’ എന്ന യൂട്യൂബ് ചാനലിലൂടെ അഷ്റഫ് വ്യക്തമാക്കി.
‘പ്രിയനും ലിസിയും തമ്മിലുള്ള വഴക്കിന്റെയും വൈരാഗ്യത്തിന്റെയും മഞ്ഞുമല ഉരുകി ഇപ്പോൾ അവർ വളരെ നല്ല സൗഹൃദത്തിലാണ്. പരസ്പര ബഹുമാനത്തോടെയാണ് ഇപ്പോൾ രണ്ടുപേരും സംസാരിക്കുന്നത് പ്രിയനും ലിസിയും തമ്മിൽ ബന്ധം വേർപിരിഞ്ഞു എങ്കിലും കുട്ടികളുടെ കാര്യത്തിൽ തീരുമാനമെടുക്കുന്നത് രണ്ടുപേരും ചേർന്നായിരുന്നു.
ഞാൻ ലിസിയോട് ചോദിച്ചു, ‘പ്രിയനെ കാണാറുണ്ടോ’ എന്ന്. ലിസി പറഞ്ഞു ഈ അടുത്ത് സുരേഷ് ബാലാജിയുമായിട്ട് വീട്ടിൽ വന്നിരുന്നു, ബ്രേക്ക്ഫാസ്റ്റ് കഴിച്ചിട്ടാണ് പോയതെന്ന്. അവർ രണ്ടുപേരും മറ്റു വിവാഹം ഒന്നും കഴിക്കാത്ത സ്ഥിതിക്ക് അവർ ഒരുമിച്ച് ജീവിക്കുന്നത് മാതൃകാപരമായ ഒരു തീരുമാനമായിരിക്കും. അങ്ങനെ തന്നെ സംഭവിക്കട്ടെ. മകൾ കല്യാണി ഇപ്പോൾ സിനിമാ രംഗത്ത് കത്തിജ്വലിച്ച് പ്രഭ പരത്തി നിൽക്കുകയാണല്ലോ. ഹീറോയിൻ ഓറിയന്റഡ് ആയിട്ടുള്ള ഒരു ചിത്രം ആദ്യമായിട്ടാണ് നൂറു കോടി ക്ലബ്ബിൽ എത്തുന്നത്. ‘ലോക’ എന്ന ചിത്രത്തിന്റെ ഏതെങ്കിലും ഒരു ആഘോഷവേദിയിൽ വച്ച് ലിസിക്ക് പ്രണയാർദ്രമായി ഒരു പുഷ്പം കൊടുക്കുകയും ലിസി തന്റെ പ്രിയതമന്റെ നെഞ്ചിലേക്ക് സ്നേഹത്തോടെ തല ചായിക്കുന്ന സുന്ദര സുരഭില നിമിഷത്തിനായി നമുക്കും കാത്തിരിക്കാം. അങ്ങനെ അവരുടെ ദാമ്പത്യം വീണ്ടും പുഷ്പിക്കട്ടെ’–ആലപ്പി അഷ്റഫ് പറയുന്നു.