തെന്നിന്ത്യൻ സിനിമയിലെ താരനായികയായി തിളങ്ങി നിൽക്കവേയാണ് നടി സൗന്ദര്യ ഒരു പ്ലെയിന്‍ അപകടത്തിൽ മരണപ്പെട്ടത്. 2004 ൽ, 31 ആം വയസ്സിലാണ് ആ ദുരന്തം താരത്തെ തേടിയെത്തിയത്.
ഇപ്പോഴിതാ, ആ പ്ലെയിൻ ദുരന്തത്തിൽ താനും പെടേണ്ടതായിരുന്നു എന്നു തുറന്നു പറഞ്ഞിരിക്കുകയാണ് നടി മീന.
‘ഞങ്ങൾ തമ്മിലുള്ള മത്സരം എപ്പോഴും ആരോഗ്യകരമായിരുന്നു. സൗന്ദര്യ ഏറെ കഴിവുള്ളവളായിരുന്നു. എന്റെ വളരെ അടുത്ത സുഹൃത്തുമായിരുന്നു. അവളുടെ മരണവാർത്ത എന്നെ ഞെട്ടിച്ചു. ഇന്നും ആ ഞെട്ടലിൽ നിന്നു പൂർണ്ണമായും കരകയറാൻ കഴിഞ്ഞിട്ടില്ല. അപകടം സംഭവിച്ച ദിവസം ഞാൻ സൗന്ദര്യയോടൊപ്പം തിരഞ്ഞെടുപ്പ് പ്രചരണത്തിന് പോകേണ്ടതായിരുന്നു. എന്നെയും ക്ഷണിച്ചിരുന്നു. പക്ഷേ, രാഷ്ട്രീയത്തിലും തിരഞ്ഞെടുപ്പ് പ്രചരണങ്ങളിലും എനിക്കു താത്പര്യമില്ലാത്തതിനാൽ ഒരു ഷൂട്ട് ഉണ്ടെന്നു പറഞ്ഞ് ഞാൻ ഒഴിവായി. അതിനു ശേഷം സംഭവിച്ചതു കേട്ട് ഞാൻ തകർന്നുപോയി’.– അപകടം നടന്ന് 21 വർഷങ്ങൾക്ക് ശേഷം, നടൻ ജഗപതി ബാബുവിന്റെ ഒരു ടോക്ക് ഷോയിൽ സംസാരിക്കവേ മീന തുറന്നു പറഞ്ഞു.
‘കിളിച്ചുണ്ടൻ മാമ്പഴം’, ‘യാത്രക്കാരുടെ ശ്രദ്ധയ്ക്ക്’ തുടങ്ങിയ സിനിമകളിലൂടെ മലയാളികൾക്കും പ്രിയങ്കരിയായ നടിയാണ് സൗന്ദര്യ. സിനിമയ്ക്കൊപ്പം തന്നെ രാഷ്ട്രീയത്തിലും സജീവമായിരുന്ന സൗന്ദര്യ. പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടി ആന്ധ്രപ്രദേശിലെ കരിം നഗറിൽ പോകുന്ന വഴി വിമാനം തകർന്നു വീണായിരുന്നു അപകടം. സൗന്ദര്യയും സഹോദരനും ആ അപകടത്തിൽ മരണപ്പെട്ടു. മരണപ്പെടുമ്പോൾ സൗന്ദര്യ ഗർഭിണിയായിരുന്നു.