സ്വന്തമായി സമ്പാദിച്ച് അഭിമാനത്തോടെ ജീവിക്കുന്ന രണ്ട് അമ്മമാരെ കണ്ടാണ് പൂർണിമ ഇന്ദ്രജിത് വളർന്നത്. പൂർണിമയുടെ അമ്മ ശാന്തി ടീച്ചർ പതിനെട്ടാമത്തെ വയസ്സിൽ പനമ്പിള്ളി നഗറിൽ നഴ്സറി തുടങ്ങി. രണ്ട് പെൺമക്കളെയും പിന്നെ, പനമ്പിള്ളി നഗറിലെ ഒരുപാട് കുഞ്ഞുങ്ങളെയും ശാന്തി ടീച്ചർ വളർത്തി. മൂന്ന് പതിറ്റാണ്ട് കുഞ്ഞുകുട്ടികളുടെ പ്രിയപ്പെട്ട ടീച്ചർ ആയി ജീവിതം.
വിവാഹം കഴിഞ്ഞ് പൂർണിമ കണ്ടത് മല്ലിക സുകുമാരന്‍ എന്ന അമ്മയെ. സുകുമാരന്റെ മരണത്തിനുശേഷം രണ്ടു കുഞ്ഞുങ്ങളെ നെഞ്ചോട് ചേർത്ത് ഒറ്റയ്ക്ക് പോരാടി നേടിയ സന്തോഷങ്ങൾ. മക്കൾ പ്രശസ്തരായി എങ്കിലും ആ രണ്ട് അമ്മമാരും ഇന്നും അറിയപ്പെടുന്നത് മക്കളുടെ വിലാസത്തിൽ അല്ല. അതാകാം പൂർണിമ പറയുന്നത്, ‘‘ഞാൻ അറിയപ്പെടേണ്ടത് ഞാൻ എന്ന വ്യക്തിയിലൂടെയാണ്. മറ്റാരുടെയും വിലാസത്തിൽ അല്ല...’’
ജോലി ചെയ്യുന്ന സ്ത്രീ എന്ന ഊർജം എത്രയോ വലുതാണെന്ന് കണ്ടറിഞ്ഞതാണ് ഞാൻ. അതുകൊണ്ട് തന്നെയാണ് സിനിമയിൽ നിന്ന് മാറി നിന്നപ്പോഴും ജോലി ചെയ്തു കൊണ്ടിരുന്നത്. അച്ഛൻ വക്കീൽ ആയിരുന്നെങ്കിലും അമ്മ അധ്വാനിച്ച് പണമുണ്ടാക്കി. ഞാൻ സിനിമയിൽ ഉള്ളപ്പോഴും ഇന്ദ്രനെ കല്യാണം കഴിച്ചപ്പോഴും ഒക്കെ അമ്മ ആ നഴ്സറി സ്കൂളുമായി മുന്നോട്ടുപോയി.
ഇന്ദ്രന്റെ അമ്മയെക്കുറിച്ച് ആലോചിക്കൂ, 49 ാം വയസ്സിലാണ് ഇന്ദ്രന്റെ അച്ഛൻ പോയത്. അമ്മയ്ക്ക് അന്ന് 40 വയസ്സ്. വിവാഹം കഴിഞ്ഞ് ഒരുപാട് വർഷം അഭിനയിക്കാതെ ഇരുന്നിട്ടും മല്ലിക സുകുമാരൻ എന്ന പേര് അമ്മ തിരിച്ചുപിടിച്ചു. ഇന്ന് വേണമെങ്കിലും ഇന്ദ്രന്റെയും പൃഥ്വിരാജിന്റെയും അമ്മ എന്ന നിലയിൽ ഒതുങ്ങിക്കൂടാം. പക്ഷേ, ഞങ്ങളേക്കാൾ ഒക്കെ തിരക്ക് അമ്മയ്ക്കാണ്. 67ാം വയസ്സിൽ അമ്മയ്ക്ക് അങ്ങനെ ജീവിക്കാൻ പറ്റുന്നു. എത്ര അഭിമാനമുള്ള കാര്യമാണ്. ‘എന്നെ കാണണമെങ്കിൽ മക്കൾ എന്റെ അടുത്തേക്ക് വരട്ടെ’ എന്നാണ് അമ്മയുടെ കാഴ്ചപ്പാട്. ഈ രണ്ട് അമ്മമാരെ പോലെ ജീവിക്കാനാവണം എന്നാണ് എന്റെ മോഹം.
സിനിമയിൽ നിന്ന് മാറി നിൽക്കേണ്ടിയിരുന്നില്ല എന്ന് എപ്പോഴെങ്കിലും തോന്നിയോ?
ഞാൻ മറ്റൊരു ചോദ്യം ചോദിക്കട്ടെ, ഇരുപത്തിമൂന്നാം വയസ്സിൽ ഞാൻ ഇന്ദ്രനെ വിവാഹം ചെയ്തില്ലായിരുന്നെങ്കിൽ സിനിമയിലും ജീവിതത്തിലും എന്താകുമായിരുന്നു എന്നതിന്റെ ഉത്തരം ആർക്കെങ്കിലും പറയാനാകുമോ?
പക്ഷേ, ഞാൻ അന്നെടുത്ത തീരുമാനം ശരിയായിരുന്നു എന്നതിന്റെ തെളിവ് എന്റെ കയ്യിൽ ഇന്നുണ്ട്– എന്റെ യാത്രയിലെ നേട്ടങ്ങൾ. ‘പ്രാണ’ എന്ന ബ്രാൻഡ് എനിക്കൊപ്പമുണ്ട്. 2020 ലെ മികച്ച വനിതാ സംരംഭകയ്ക്കുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് നേടാനായി. ഒപ്പം വളരെ പ്രസക്തമായ, വൻവിജയമായ ചാനൽ ഷോകളുടെ ഭാഗമാവാനും കഴിഞ്ഞതോടെ പ്രേക്ഷകരുടെ മനസ്സിൽ നിന്ന് മാറി നിന്നിട്ടുമില്ല.
ഓരോരുത്തർക്കും ജീവിതത്തിൽ മുൻഗണനകൾ ഉ ണ്ടാകും. എനിക്ക് ആ പ്രായത്തിൽ കുടുംബത്തിനായിരുന്നു മുൻഗണന. ഒപ്പം ജോലിയും ചെയ്തു. സിനിമയിൽ നിന്നു മാറി നിന്നെങ്കിലും സംരംഭകയായും ചാനൽ ഷോക ളിലൂടെയും ഒരേ സമയം രണ്ടു പ്രഫഷനിലൂടെ മുന്നോട്ടു പോയി. ഇപ്പോൾ മക്കൾ കൗമാരത്തിൽ എത്തി. ജീവിതത്തിന്റെ മറ്റൊരു അധ്യായത്തിന് സമയമായെന്ന് തോന്നി. അങ്ങനെ വീണ്ടും സിനിമയിലും വെബ്സീരീസുകളിലും എത്തി.
തുറമുഖത്തിലെ ഉമ്മയുടെ കഥാപാത്രം മനസ്സിൽ തൊട്ടത് എങ്ങനെ?
കോവിഡ് കാലത്തിന് മുൻപാണ് ‘തുറമുഖ’ത്തിന്റെ ഷൂട്ടിങ് തുടങ്ങിയത്. തിരിച്ചുവരവ് എന്ന വാക്ക് സിനിമയെ സംബന്ധിച്ചിടത്തോളം എപ്പോഴും പ്രസക്തം ആണല്ലോ. അവതാരകയായും ബിസിനസ് വുമൺ ആയുമൊക്കെ ഞാൻ ഇവിടെ ഉണ്ടായിരുന്നെങ്കിലും സിനിമയിൽ വീണ്ടും അഭിനയിക്കുമ്പോൾ അത് 'തിരിച്ചുവരവ്' ആകും. അതുകൊണ്ടുതന്നെ തിരിച്ചുവരവിൽ സിനിമയിൽ എന്തൊക്കെ ചെയ്യണം, ഏതൊക്കെ കഥാപാത്രങ്ങളിലൂടെ യാത്ര ചെയ്യാനാവണം എന്നതിന്റെ ചെക്ക് ലിസ്റ്റ് മനസ്സിലുണ്ടായിരുന്നു. അതിൽ ടിക് ചെയ്ത ഒരുപാട് കാര്യങ്ങൾ തുറമുഖത്തിലെ ഉമ്മയുടെ കഥാപാത്രത്തിൽ ഉണ്ട്.
ഇന്ദ്രന്‍ വളരെ പ്രധാനപ്പെട്ട വേഷം ‘തുറമുഖ’ത്തിൽ അവതരിപ്പിക്കുന്നുണ്ട്. ഞാനും ഇന്ദ്രനും പ്രധാന കഥാപാത്രങ്ങളായ ചില തിരക്കഥകൾ കേൾക്കുന്നുണ്ട്. ഭാര്യയും ഭർത്താവും എന്നതിനേക്കാൾ അഭിനേതാക്കൾ എന്ന രീതിയിൽ മികച്ചു നിൽക്കുന്ന കഥാപാത്രങ്ങൾക്കു വേണ്ടിയാണ് കാത്തിരിക്കുന്നത്.
നെറ്റ്‌ഫ്ലിക്സ് സീരീസിലേക്കും എത്തിയല്ലോ...
‘തുറമുഖ’ത്തിനു ശേഷമാണ് നെറ്റ്‌ഫ്ലിക്സിൽ റിലീസ് ചെയ്ത ‘കോബാൾട് ബ്ലൂ’ എന്ന ഇംഗ്ലിഷ് സിനിമയിൽ അഭിനയിച്ചത്. സിസ്റ്റർ മേരി എന്ന കഥാപാത്രം. തിരക്കഥ വായിച്ചപ്പോൾ തന്നെയൊരു വൈകാരിക ബന്ധം തോന്നി. സമകാലിക വിഷയത്തെക്കുറിച്ചു സംസാരിക്കുന്ന സിനിമയാണ് ‘കൊബാൾട്ട് ബ്ലൂ’. എപ്പോഴും അന്യഭാഷാ സിനി മ മറ്റൊരു അന്തരീക്ഷം തന്നെയല്ലേ. ഇപ്പോൾ നെറ്റ്‌ഫ്ലിക്സി ൽ തന്നെ ഹിന്ദിയിലും തമിഴിലും വെബ് സീരിസുകളിൽ അഭിനയിക്കുന്നുണ്ട്.
സോഷ്യൽമീഡിയ സജീവമല്ലാത്ത കാലത്തേ സ്വന്തം സ്റ്റൈലിന് ഫോളോവേഴ്സിനെ ഉണ്ടാക്കാൻ എങ്ങനെ സാധിച്ചു?
ആ കാലത്ത് ജനങ്ങളിലേക്ക് എത്താനുള്ള വഴികൾ കുറവായിരുന്നു. ‘വനിത’ പോലുള്ള മാസികകളുടെ കവറുകൾ ആയിരുന്നു പ്രധാന സ്വപ്നം. ഇതുവരെ വനിതയിൽ വന്ന എന്റെ എല്ലാ മുഖചിത്രങ്ങളും സൂക്ഷിച്ചു വച്ചിട്ടുണ്ട്. അത് നിരത്തി വച്ചാൽ അറിയാം പൂർണിമ എന്ന വ്യക്തിയുടെ യാത്ര. ആദ്യകാലത്ത് ഐലാഷ് ഒക്കെ മുംബൈയിലേ കിട്ടൂ. ഒരു ഷൂട്ടിന് വേണ്ടി മുംബൈ വരെ പോയി ഐലാഷ് വാങ്ങി വരാൻ അച്ഛനോട് പറയാൻ പറ്റില്ലല്ലോ. മുടി മു റിച്ചു വാസ്‌ലീൻ തേച്ച് കൺപീലിയിൽ ഒട്ടിച്ചു വയ്ക്കും.
പണ്ടേ മേക്കപ്പും സ്റ്റൈലിങ്ങും ഇഷ്ടമാണ്. ടെലിവിഷനിൽ അവതാരകയായതോടുകൂടി ആ പ്ലാറ്റ്ഫോം നന്നായി ഉപയോഗിച്ചു. എന്റെ സാരിയെക്കുറിച്ചും കമ്മലിനെ കുറിച്ചും മാലയെ കുറിച്ചും പലരും ചോദിച്ചു തുടങ്ങി. ചിലരത് വാങ്ങിയെന്നു പറയും. അപ്പോഴാണ് മറ്റുള്ളവർ നമ്മളെ പിന്തുടരുന്നതിന്റെ രസം കിട്ടിയത്.
പിന്നീട് ‘ഓർക്കുട്ട്’ വന്നപ്പോഴേക്കും നമ്മളിലേക്ക് എ ത്താൻ കുറച്ചുകൂടി എളുപ്പമായി. കത്തെഴുതലും ഫോൺ ചെയ്യലും മാറിയിട്ട് വളരെ പെട്ടെന്ന് എന്നിലേക്ക് എത്താൻ പറ്റി. അങ്ങനെ ഫോളോവേഴ്സ് ഉണ്ടെന്ന തിരിച്ചറിവു നൽകിയ ആത്മവിശ്വാസമാണ് ‘പ്രാണ’ തുടങ്ങാനുള്ള ധൈര്യം. ഇന്നും ജനങ്ങളുടെ അഭിപ്രായത്തിലൂടെ ആണ് നമ്മുടെ ബ്രാൻഡ് എത്രത്തോളം വ്യത്യസ്തമായി നിൽക്കുന്നു എന്ന് തിരിച്ചറിയാൻ പറ്റുന്നത്..
‘പ്രാണ ബൈ പൂർണിമ ഇന്ദ്രജിത്’ എന്ന പേര് പോലും ഇന്ദ്രന്റെ സെലക്‌ഷനാണ്. പ്രാർഥനയിൽ നിന്നും നക്ഷത്രയിൽ നിന്നുമാണ് പ്രാണ എന്ന പേരുണ്ടായത്. 10 വർഷം ആകുന്നു. നക്ഷത്രയ്ക്ക് മൂന്നു വയസ്സുള്ളപ്പോഴാണ് പ്രാണ തുടങ്ങുന്നത്.
സിനിമാ കുടുംബം എന്ന വിലാസം ‘പ്രാണ’യെ സഹായിച്ചില്ലേ?
പ്രതിസന്ധികളും പ്രിവിലേജും ഒരുപാടുണ്ടായിരുന്നു. സിനിമ കുടുംബം എന്ന പരിഗണന ബിസിനസിനെ സഹായിച്ചിട്ടുണ്ട്.
എന്നാൽ ‘ക്യാൻസൽ കൾച്ചർ’ എന്നൊരു സംഗതിയുണ്ട്. ഒരു മേഖലയിൽ വിജയിക്കുമ്പോൾ നമ്മുടെ കഠിനാധ്വാനത്തെ ‘ക്യാൻസൽ’ ചെയ്തു കളയുന്ന രീതിയിലുള്ള അഭിപ്രായങ്ങൾ വരും. ഉദാഹരണത്തിന് ഞാൻ വരുന്നത് സിനിമാ കുടുംബത്തിൽ നിന്നല്ലേ, അപ്പോൾ വിജയം എളുപ്പമാണല്ലോ എന്ന കമന്റ്. അത് എന്റെ അധ്വാനത്തെ, സഹിച്ച കഷ്ടപ്പാടുകളെ ക്യാൻസൽ ചെയ്യുകയല്ലേ?
സിനിമാ കുടുംബം എന്ന വിലാസം നേട്ടം തന്നെയാണ്. അതുകൊണ്ട് മാത്രമാണ് വിജയിച്ചതെന്ന ചിന്താഗതി ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളും പിന്നോട്ട് വലിക്കുന്നതാണ്. ആ വിലാസം കൊണ്ടു മാത്രമാണ് വിജയിച്ചതെങ്കിൽ പത്തുവർഷം പ്രാണയ്ക്ക് നിലനിൽക്കാൻ ആവില്ലല്ലോ. ‘അവർ വരുന്നത് സിനിമാ കുടുംബത്തിൽ നിന്നല്ലേ, ഇഷ്ടം പോലെ പണം ഉണ്ട്, ഇനിയും എന്തിനാ പണം’ എന്നു ചിന്തിക്കുന്നവരുമുണ്ട്.
ബിസിനസ് അനുഭവങ്ങൾ പങ്കുവയ്ക്കാമോ?
ക്രിയേറ്റിവിറ്റി അക്ഷരങ്ങൾ പോലെയും ബിസിനസ് അക്കങ്ങൾ പോലെയുമെന്ന് തോന്നിയിട്ടുണ്ട്. അക്ഷരങ്ങൾ ചായ്ചും ചരിച്ചും എങ്ങനെ വേണമെങ്കിലും എഴുതാം. ഭംഗി കൂടുകയേയുള്ളൂ. പക്ഷേ, അക്കങ്ങൾ എഴുതുമ്പോൾ കൃത്യമായെഴുതിയില്ലെങ്കിൽ തെറ്റിപ്പോവും. ബിസിനസും ക്രിയേറ്റിവിറ്റിയും പാളം തെറ്റാതെ കൊണ്ടുപോകണം.
പണത്തിന്റെ വരവും ചെലവും ശാശ്വതമായ ഒന്നല്ല. അ ത് മനസ്സിലാക്കി വേണം മുന്നോട്ടുള്ള യാത്ര. പണം മാത്രം ശ്രദ്ധിച്ചാൽ ക്രാഫ്റ്റിൽ വിട്ടുവീഴ്ച ചെയ്യേണ്ടി വരും. ക്രാഫ്റ്റിൽ മാത്രം ശ്രദ്ധിച്ചാൽ നഷ്ടവും സംഭവിക്കാം. ഇതിന്റെ രസതന്ത്രം മനസ്സിലാക്കണം. മാർക്കറ്റിനു മാത്രം അനുസരിച്ച് മുന്നോട്ടുപോയാൽ ബിസിനസിന് വ്യക്തിത്വം ഉണ്ടാവില്ല. അത് നിലനിൽക്കണമെങ്കിൽ പുതിയ പരീക്ഷണങ്ങൾ നടത്തി കൊണ്ടേയിരിക്കണം
നാൽപതുകളിലെ പ്രണയത്തെക്കുറിച്ച് പറയൂ?
‘Forties is the new twenties’ എന്നല്ലേ. നാൽപതുകൾ പുതിയ ഇരുപതുകൾ ആണ്. നാൽപതുകളിൽ എത്തുമ്പോൾ ജീവിതത്തിൽ നമ്മൾ കംഫർട്ടബിൾ ആയി കഴിഞ്ഞു. ജോലിയിലും ജീവിതത്തിലും ഉള്ള യാത്രയിൽ കുറേ അനുഭവങ്ങൾ നേടിയിട്ടുണ്ടാകും. നമ്മൾ എന്താണ് ഐറ്റം എന്ന് സ്വയം തിരിച്ചറിഞ്ഞിട്ടുമുണ്ടാകും. നമ്മൾക്ക് നമ്മളുമായി തന്നെ മികച്ച ബന്ധം ഉണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ടാവും. അ ത് മനോഹരമാണ്.
ഇന്ദ്രജിത് എന്ന വ്യക്തിയെക്കുറിച്ച്, ചങ്ങാതിയെ കുറിച്ച്..
വിവാഹസമയത്ത് എനിക്ക് 23. ഇന്ദ്രൻ 22. ഞങ്ങൾ വാടകയ്ക്ക് ഒരു വീട് എടുത്തു. ചില ദിവസം ആ വീട്ടിൽ കയറിച്ചെല്ലുമ്പോൾ ബോയ്സ് ഹോസ്റ്റലിലേക്ക് ചെല്ലുന്ന പോലെ ആണ് തോന്നിയത്. ഇന്ദ്രന്റെ കുറേ കൂട്ടുകാർ. കുഴഞ്ഞു മറിഞ്ഞു കിടക്കുന്ന അടുക്കള. രണ്ടു പെൺകുട്ടികൾ മാത്രമുള്ള വീട്ടിൽ നിന്ന് ചെന്ന എനിക്ക് ഇതൊക്കെ പുതിയ അനുഭവം ആയിരുന്നു.
ഇന്നിപ്പോൾ എന്റെ വീട്ടിലേക്കു വന്നു നോക്കിയാലും ഹോസ്റ്റൽ പോലെ തന്നെയാണ് തോന്നുക, പ്രാർഥനയുടെയും നക്ഷത്രയുടെയും കൂട്ടുകാർ. വീണ്ടും കുഴഞ്ഞു മറിഞ്ഞു കിടക്കുന്ന അടുക്കള. പ്രാർഥന വിദേശത്ത് പഠിക്കാനുള്ള ഒരുക്കത്തിലാണ്.നക്ഷത്ര എട്ടാം ക്ലാസിലും. പ്രാർഥന പാട്ടിന്റെ ലോകത്ത്. നക്ഷത്ര ഒരു രാജ്യാന്തര സിനിമയിൽ അഭിനയിച്ചു. സ്വന്തം മേഖല അവർ തീരുമാനിക്കട്ടെ.
ഭാര്യയും ഭർത്താവും എന്നതിനെക്കാള്‍ എനിക്കും ഇന്ദ്രനുമിടയിൽ ഒരു കംപാനിയൻഷിപ്പ് ആണുള്ളത്. ഈ യാത്രയുടെ ഗ്രാഫ് ഉയർച്ച താഴ്ചകളിലൂടെ ആയിരുന്നു. കരുതൽ കൊടുത്താലേ ഏതു ബന്ധവും വളരൂ. ഒരു ചെടി വളർത്തും പോലെ വെള്ളവും വളവും ഒക്കെ നൽകണം.
വിവാഹമെന്ന ബന്ധത്തിലേക്ക് പല വേഷങ്ങളും കയറി വന്നാലേ സുന്ദരമാകൂ. സുഹൃത്ത്, ഭർത്താവ്, അച്ഛൻ, സഹോദരൻ...ചിലപ്പോഴൊക്കെ അപരിചിതരെ പോലെ ഇരിക്കണം. എല്ലാ തിരക്കുകളും കഴിഞ്ഞു വരുമ്പോൾ സ്വന്തമായി കുറച്ചു സമയം. കുട്ടികൾ ഉൾപ്പടെ എല്ലാവർക്കും അവനവനു വേണ്ടിയുള്ള ഈ മീ ടൈം അത്യാവശ്യമാണ്. പക്ഷേ, അതിന്റെ പ്രാധാന്യം പരസ്പരം മനസ്സിലാക്കിയാലേ വിജയിക്കൂ.
ഇന്ദ്രനും പൂർണിമയും മൂന്നുതരം യാത്രകൾ ചെയ്യും എന്ന് കേട്ടിട്ടുണ്ട് ?
ഒറ്റയ്ക്കുള്ള യാത്രകൾ, ഞാനും ഇന്ദ്രനും മാത്രമുള്ള യാത്രകൾ പിന്നെ, മക്കൾക്കൊപ്പം, ഇങ്ങനെ മൂന്നു തരത്തിലുള്ള യാത്രകളായിരുന്നു പതിവ്. പക്ഷേ, ഇപ്പോൾ കുട്ടികൾക്കൊപ്പം ഒറ്റയ്ക്ക് യാത്ര ചെയ്യാൻ തുടങ്ങി. അത് മറ്റൊരു അനുഭവം ആണ്.
ആ യാത്രയിൽ കുട്ടികൾ കുറച്ചുകൂടി നമ്മളോട് മനസ്സ് തുറന്നു സംസാരിക്കാൻ തുടങ്ങും. വീട്ടിൽ നിന്നു മാറി നിൽക്കുമ്പോൾ കുറച്ചു കൂടി സ്വാതന്ത്യ്രം കിട്ടും. നമ്മളോടു പറയാൻ മാറ്റി വച്ച പല കാര്യങ്ങളും സംസാരിക്കാൻ തുടങ്ങും,
നമ്മൾ പലപ്പോഴും രണ്ടു കുഞ്ഞുങ്ങളെയും ഒറ്റ പേജിൽ ആണ് കാണുന്നത്. പക്ഷേ, അവർ രണ്ടും രണ്ട് സ്വഭാവക്കാർ ആയിരിക്കും, രണ്ടു വ്യക്തികളായിരിക്കും. അത് തിരിച്ചറിയണം. ഇത്തരം യാത്രകൾകൊണ്ട് രണ്ടു രക്ഷിതാക്കളോടും ഒരുപോലെ അടുപ്പം കുട്ടിക്ക് ഉണ്ടാകും. ഇടയ്ക്ക് ഞാൻ പാത്തുവിന്റെ (പ്രാർഥന) കൂട്ടുകാർക്കൊപ്പം ഒരു യാത്ര പോയിരുന്നു. കുട്ടികൾക്കൊപ്പമുള്ള യാത്ര നമ്മളെ കൂടുതൽ ചെറുപ്പമാക്കും.
മക്കളുടെ ഫോട്ടോയ്ക്ക് താഴെ മോശം കമന്റ് കാണുമ്പോൾ ‘ഫ പുല്ലേ’ എന്നു പറയാൻ തോന്നാറുണ്ടോ?
സോഷ്യൽ മീഡിയയിൽ മോശം കമന്റ് ഇടുന്നവരോട് 'ഗെറ്റ് വെൽ സൂൺ' എന്നു പറയാനാണ് തോന്നാറുള്ളത്. അതൊരു മാനസിക രോഗമാണ്. മറ്റൊരു കണ്ണിലൂടെ എല്ലാം കാണുന്ന കുറച്ചുപേർ. ഇവർ സമൂഹത്തിൽ എ ങ്ങനെ ഉണ്ടാകുന്നു എന്ന കാരണത്തിനാണ് ചികിത്സ വേണ്ടത്. സമൂഹം തന്നെ അത് തിരുത്താൻ തുടങ്ങിയിട്ടുണ്ട്. ഇങ്ങനെ കമന്റിടുന്നവർക്ക് തക്ക മറുപടി കൊടുക്കുന്നവർ ഉയർന്നു വരുന്നുണ്ട്. അത് വലിയ മാറ്റമാണ്.
പിന്നെ, ഇതൊന്നും ഇപ്പോഴത്തെ തലമുറയിലെ കുട്ടികളെ ബാധിക്കുന്നേയില്ല. അവർ എല്ലാവരും വേറെ ഏതോ ലോകത്ത് ജീവിക്കുന്നവരാണ്. അതുകൊണ്ട് സോഷ്യൽ മീഡിയയിൽ മോശം കമന്റ് ഇട്ട് അവരെ തകർക്കാനാവില്ല.
വ്യക്തിയുടെ വസ്ത്രത്തെ കുറിച്ചും മോറൽസിനെ കുറിച്ചും പറയാൻ മറ്റൊരാൾക്ക് അവകാശമുണ്ടെന്ന് കരുതുന്ന ചിന്താഗതിയിലാണ് പ്രശ്നം. കമന്റ് ചെയ്യുന്നവരുടെ മനോനിലവാരം ആണ് ഇതിലൂടെ പുറത്തു വരുന്നത്.
പൃഥ്വിരാജിന്റെ വളർച്ചയെ എങ്ങനെയാണ് കാണുന്നത്
ഞാനാ വീട്ടിലെത്തുമ്പോൾ പാത്തുവിന്റെ ഇപ്പോഴത്തെ പ്രായമാണ് രാജുവിന്. 18 വയസ്സ്. ചേച്ചി എന്ന രീതിയിൽ ആ വളർച്ചയാണ് ഞാനും നോക്കി കാണുന്നത്. ഏറ്റവും സ്നേഹിക്കുന്ന ആൾക്കാരുടെ ഉയർച്ച നമ്മുടെ ഉയർച്ച കൂടിയാണ്. സ്മാർട് വർക്കിംഗ് ആണ് പൃഥ്വിരാജ്. അദ്ദേഹത്തിന്റെ യാത്ര ഒട്ടും എളുപ്പമായിരുന്നില്ല.
തുടക്കത്തിൽ നേരിടേണ്ടി വന്ന കാര്യങ്ങൾ എല്ലാവർക്കുമറിയാം. അവിടെ നിന്ന് ഇപ്പോഴുള്ള പൃഥ്വിരാജിലേക്കുള്ള യാത്ര. അത് കഠിനാധ്വാനം കൊണ്ട് കിട്ടിയതാണ്. ജീവിതം കുറേ പിന്നിട്ട ശേഷമാണ് പലരും സ്വയം തിരിച്ചറിയുന്നത്. പക്ഷേ, താൻ എന്താണെന്ന് പൃഥ്വിരാജ് ഇരുപതാം വയസ്സിൽ തന്നെ കണ്ടെത്തി.
വിജീഷ് ഗോപിനാഥ്
ഫോട്ടോ: ബേസിൽ പൗലോ
കോസ്റ്റ്യൂം കടപ്പാട്:∙ PRANAAH, Metro Pillar No:775, Kochi, ജ്വല്ലറി: Salt Studio, Panambilly nagar
∙∙SHOPCULT MODERN, Kochi