Monday 19 February 2024 10:24 AM IST : By സ്വന്തം ലേഖകൻ

‘അമ്മ എന്തു ചെയ്തു എന്നതിന് ഉത്തരമാണ് ഇന്ദ്രജിത്തും ഞാനും’: വാക്കുകളിടറി പൃഥ്വിരാജ്, നിറകണ്ണുകളോടെ മല്ലിക

prithviraj

ചലച്ചിത്രജീവിതത്തിന്റെ അൻപതു വർഷങ്ങൾ പൂർത്തിയാക്കിയ അഭിനേത്രി മല്ലിക സുകുമാരനെ അനുമോദിക്കാൻ സംഘടിപ്പിച്ച ‘മല്ലികാവസന്തം’ പരിപാടിയിൽ അച്ഛനെക്കുറിച്ചുള്ള ഓർമകൾ പങ്കുവയ്ക്കുന്നതിനിടെ വാക്കുകൾ ഇടറി, മല്ലിക–സുകുമാരൻ ദമ്പതികളുടെ ഇളയമകനും മലയാളത്തിന്റെ പ്രിയതാരവുമായ പൃഥ്വിരാജ് സുകുമാരൻ.

അച്ഛൻ മരിച്ച ശേഷം അച്ഛനുമായി ആംബുലൻസിൽ പോയ നിമിഷങ്ങൾ പങ്കുവച്ചപ്പോൾ തൊണ്ടയിടറുന്ന പൃഥ്വിരാജിനെ കണ്ട് മല്ലിക സുകുമാരനും ഇന്ദ്രജിത്തും കണ്ണുതുടക്കുകയായിരുന്നു. അച്ഛന്‍ മരിച്ചപ്പോൾ അമ്മ ഇനി എന്ത് ചെയ്യും എന്നോർത്താണ് സങ്കടപ്പെട്ടതെന്നും എന്നാൽ അമ്മ എന്തു ചെയ്തു എന്നതിനുത്തരമാണ് ഇന്നിവിടെ നിൽക്കുന്ന താനും ഇന്ദ്രജിത്തും എന്ന് പൃഥ്വിരാജ് പറയുന്നു.

‘എന്റെ ജീവിതത്തിൽ അമ്മ കഴിഞ്ഞിട്ടേ ഉള്ളൂ വേറൊരു ശക്തി. എനിക്കിപ്പോഴും ഓർമയുണ്ട്, അച്ഛന്‍ മരിച്ചിട്ട് ഞങ്ങൾ എറണാകുളത്ത് നിന്നു തിരുവനന്തപുരത്തേക്ക് പോകുമ്പോൾ അമ്മ ഒറ്റയ്ക്ക് ഒരു വണ്ടിയിലാണ്, ചേട്ടനും ഞാനും അച്ഛന്റെ ഒപ്പം ആംബുലൻസിലാണ്. (വാക്കുകളിടറുന്നു) അന്ന് ഞാൻ ആലോചിക്കുന്നുണ്ട്, അമ്മ എന്ത് ചെയ്യും ? ഞാൻ ചേട്ടനോട് പറയുന്നുണ്ട്, അമ്മ എന്ത് ചെയ്യും? പക്ഷേ അമ്മ എന്തു ചെയ്തു എന്നതിന് ഉത്തരമാണ് ഇന്ദ്രജിത്തും ഇന്ന് ഇവിടെ നിൽക്കുന്ന ഞാനും. ’. – പൃഥ്വിരാജ് പറഞ്ഞു.

ജീവിതത്തിലെ ഏറ്റവും ശക്തയായ സ്ത്രീയായ അമ്മ തന്നെയാണ് താൻ കണ്ട വലിയ അഭിനേത്രിയെന്ന് ഇന്ദ്രജിത്തും പറഞ്ഞു.

ഇന്ദ്രജിത്തിന്റെ ഭാര്യ പൂർണിമയും പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയയും മറ്റു കുടുംബാംഗങ്ങളും ചടങ്ങിനെത്തിയിരുന്നു.

ചലച്ചിത്ര സാംസ്കാരിക സാമൂഹിക രംഗത്തെ നീണ്ട നിര ചടങ്ങിനെത്തി. മന്ത്രി പി.രാജീവ് പരിപാടി ഉദ്ഘാടനം ചെയ്തു. മന്ത്രി ജി.ആർ.അനിൽ ചടങ്ങിൽ അധ്യക്ഷനായി.

‘ഉത്തരായനം’, ‘സ്വപ്നാടനം’ എന്നിങ്ങനെ മലയാള സിനിമയുടെ ദിശയെ നിയന്ത്രിച്ച 2 സിനിമകളിലെ വ്യക്തിത്വമുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ച മല്ലിക സുകുമാരനെ മറക്കാനാകില്ലെന്ന് പി.രാജീവ് പറഞ്ഞു. പ്രതിസന്ധികളെ അസാമാന്യ ധൈര്യത്തോടെ നേരിട്ട അഭിനേത്രിയും വ്യക്തിയുമാണ് മല്ലിക. ജീവിതാനുഭവങ്ങൾ പോരാളിയാക്കി മാറ്റിയ മല്ലികയെ വിശേഷിപ്പിക്കാൻ ‘പൗരുഷം’ എന്ന പദത്തിന് തുല്യമായ മറ്റൊരു മലയാള പദമില്ലെന്നും അദ്ദേഹം.

മുൻ എംപി പന്ന്യൻ രവീന്ദ്രൻ, സംവിധായകൻ ഷാജി.എൻ.കരുൺ എന്നിവർ പരിപാടിയുടെ സംഘാടകരായ ‘ഫ്രണ്ട്സ് ആൻഡ് ഫോസ് കൂട്ടായ്മ’യുടെ ഉപഹാരം സമർപ്പിച്ചു.

ജീവിതത്തിൽ മോഹങ്ങൾ ബാക്കി നിൽക്കുന്നില്ലെന്നും ഇതുവരെ ജ

ഗദീശ്വരൻ നൽകിയ അനുഗ്രഹങ്ങൾക്കെല്ലാം കടപ്പാടുണ്ടെന്നും മല്ലിക സുകുമാരൻ പറഞ്ഞു.
ഡോ എം.വി.പിള്ള, ബിജു പ്രഭാകർ, ജി.സുരേഷ് കുമാർ, ഇന്ദ്രൻസ്, മണിയൻപിള്ള രാജു, എം.ജയചന്ദ്രൻ, ജ്യോതികുമാർ ചാമക്കാല, ഡോ. ഭീമ ഗോവിന്ദൻ, ശങ്കരൻകുട്ടി തുടങ്ങിയവർ പ്രസംഗിച്ചു.