ആക്ഷൻ ഹീറോ ബിജുവിലെ ഒരൊറ്റ ട്രോൾ മീം മതി മഞ്ജുവാണിയെന്ന കലാകാരിയെ ഓർക്കാൻ. ചിത്രത്തിലെ പൊലീസ് സ്റ്റേഷൻ രംഗവും കോമഡിയുമൊക്കെ പ്രേക്ഷകരെ തെല്ലൊന്നുമല്ല ചിരിപ്പിച്ചത്. ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയങ്ങളില്‍ ചേക്കേറിയ മഞ്ജുവാണി ഒരു ഗായിക കൂടിയാണെന്ന സത്യം അടുത്തിടെയാണ് പലരും അറിഞ്ഞത്. സ്കൂൾ കോളജ് കാലഘട്ടങ്ങളിൽ നേട്ടങ്ങൾ കൊയ്ത ഗായിക എന്തുകൊണ്ട് തിരശീലയ്ക്കുള്ളിലേക്ക് വലിഞ്ഞു. മഞ്ജുവാണി ഇതാദ്യമായി ഹൃദയം തുറക്കുകയാണ്.
‘ഒരു വ്യക്തി എന്ന നിലയിൽ എന്നോട് ഏറ്റവും ചേർന്നു നിൽക്കുന്നത് സംഗീതമാണ്. ചിട്ടയായ സംഗീത പഠനം ചെറുപ്പത്തിലേ ഉണ്ടായിരുന്നു. എത്രയോ വേദികൾ, അപൂർവങ്ങളിൽ അപൂർവമായ അംഗീകാരങ്ങൾ. അതായിരുന്നു ആ യാത്ര. നേട്ടങ്ങൾ സ്വന്തമാക്കിയുള്ള യാത്രയിൽ പിന്നണി ഗായികയെന്ന സ്വപ്നം മനസിലിട്ട് നടന്നു. അപ്രതീക്ഷിതമെങ്കിലും വലിയൊരു അവസരം തന്നെ തേടി വന്നു.’– മഞ്ജുവാണി പറയുന്നു.
‘ഒരു ട്രെയിൻ യാത്രയ്ക്കിടയിൽ സംവിധായകൻ പികെ ഗോപി സാറിന്റെ ചിത്രത്തിലൂടെയാണ് പിന്നണി ഗായികയാകാനുള്ള അവസരം ഒരുങ്ങിയത്. ഒരേ ഗാനം രണ്ടു തവണ പാടി, രണ്ടു തവണയും നന്നായി ചെയ്തു. പക്ഷേ ചില കോംപ്രമൈസുകൾ ചെയ്യേണ്ടി വരുമെന്ന ഘട്ടം വന്നു. പേരുകേട്ടൊരു സംഗീത സംവിധായകൻ. അദ്ദേഹത്തിന്റെ സമീപനം ശരിയല്ലായിരുന്നു. സംഗീതത്തിൽ നിന്നു തന്നെ അകന്നു പോകുന്ന സാഹചര്യമുണ്ടായി. പാട്ട് ഉപേക്ഷിക്കുന്ന സാഹചര്യമുണ്ടായി. മോശം സാഹചര്യത്തിലൂടെ കടന്നു പോയി, അച്ഛനാണ് ആ നിമിഷങ്ങളിൽ കൈപിടിച്ചു കയറ്റിയത്.’– മഞ്ജുവാണിയുടെ വാക്കുകൾ.
‘ഏത് ആപത്ഘട്ടത്തിലും നമ്മെ ൈകപിടിക്കാൻ ഈശ്വരൻ ഉണ്ടാകും എന്നു പറയാറില്ലേ. എന്റെ ഈശ്വരൻ എന്റെ അച്ഛനാണ്. അയാളുടെ മോശം സമീപനത്തിൽ നിന്നും എന്നെ കൈപിടിച്ചു കയറ്റി അച്ഛൻ. ഇങ്ങനെ ചില കടമ്പകൾ കൂടി കടന്നാലേ ഗായികയാകൂ എന്നായിരുന്നു എങ്കിൽ എനിക്ക് ആ അവസരം വേണ്ടായിരുന്നു.’– മഞ്ജുവാണി പറഞ്ഞു നിർത്തി.’
വിഡിയോ: