മലയാളികൾക്ക് ഡോക്ടർമാർ നൽകിയ ഓണസമ്മാനം തരംഗമാകുന്നു. ന്യൂറോ സർജനായ ഡോ. സരീഷ്‌കുമാർ വരികളെഴുതി റേഡിയേഷൻ ഓങ്കോളജിസ്റ്റായ ഡോ. ജെന്നി ജോസഫ് സംവിധാനം ചെയ്ത ‘പൊന്നോണത്തോണി’ എന്ന സംഗീത വിഡിയോ ആണിപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ.
പാട്ടിലെ അഭിനേതാക്കളെല്ലാം കോട്ടയം കാരിത്താസ് ആശുപത്രിയിലെ ഡോക്ടർമാരാണ്. പ്രതീക്ഷകളുടെ പൊൻപുലരികളെ കാത്തിരിക്കുന്ന മലയാളകരയ്ക്കുള്ള ഡോക്ടർമാരുടെ ഓണസമ്മാനമാണ് ‘പൊന്നോണത്തോണി’. പാട്ട് ഇതിനകം നിരവധി ആസ്വാദകരെ സ്വന്തമാക്കിക്കഴിഞ്ഞു.
തുമ്പപ്പൂവിന്റെ പരിശുദ്ധിയുള്ള, കള്ളവും ചതിയുമില്ലാത്ത ഒരു പഴയകാലം സ്വപ്നം കാണുന്ന ഏതൊരു മലയാളിയേയും പോലെ ഇവരും ഈ പാട്ടിലൂടെ ആ മനോഹര കാലം ഓർത്തെടുക്കുന്നു. പാട്ടിനു പുത്തൻ ട്രെൻഡ് ഈണമൊരുക്കിയിരിക്കുന്നത് ഡി. ജയദേവൻ ആണ്. പ്രിയഗായകൻ വിധു പ്രതാപ് ഗാനം ആലപിച്ചിരിക്കുന്നു. രാഹുൽ ശിവം, ശബരി എന്നിവർ ചേർന്നാണു ദൃശ്യങ്ങൾ ചിത്രീകരിച്ചത്. അഭി എഡിറ്റിങ് നിർവഹിച്ചു.
മലയാളിയുടെ ഓണക്കാലത്തിന്റെ മുഴുവൻ സൗന്ദര്യവും പാട്ടിൽ ആവിഷ്കരിച്ചിട്ടുണ്ട്. തനിനാടൻ ചേലുള്ള ഓണാഘോഷ കാഴ്ചകൾ ‘പൊന്നോണത്തോണി’യുടെ മാറ്റ് കൂട്ടുന്നു. ഓണപൂക്കളവും ഊഞ്ഞാലും കളിവള്ളവും മാവേലിയും ഓണസദ്യയുമെല്ലാം ഗൃഹാതുരത്വത്തോടെ പാട്ടിൽ അലിഞ്ഞു ചേർന്നിട്ടുണ്ട്.