Monday 27 July 2020 04:55 PM IST

‘മലർഗൾ കേട്ടേൻ...’ ശ്രേയക്കുട്ടി പാടി, ചിത്രച്ചേച്ചിക്കു വേണ്ടി

V N Rakhi

Sub Editor

ks

ചിത്രയ്ക്ക് പിറന്നാൾ ആശംസകളുമായി സംഗീതലോകം

മലയാളത്തിന്റെ വാനമ്പാടി ചിത്രയ്ക്ക് ഫെയ്സ് ബുക്കിലും ഇൻസ്റ്റഗ്രാമിലും പിറന്നാള്‍ ആശംസാപ്രവാഹം. ചിത്രച്ചേച്ചിയുടെ പാട്ടുകൾ പാടിയും ചിത്രയ്ക്കൊപ്പമുള്ള ഫോട്ടോകൾ ഷെയർ ചെയ്തും സംഗീതÐസിനിമാ രംഗത്തെ എല്ലാവരും ഒരുപോലെ ചിത്രച്ചേച്ചിക്ക് സ്നേഹമറിയിച്ചുകൊണ്ടിരിക്കുകയാണ്.

ചിത്രച്ചേച്ചിയുടെ പാട്ടുകളിൽ ഏറെ ഇഷ്ടപ്പെട്ട മലർഗൾ കേട്ടേൻ വനമേ തന്തനൈ...യുടെ കവർ സോങ് പാടി സമർപ്പിച്ച് മലയാളത്തിന്റെ കുഞ്ഞുഗായിക ശ്രേയ ജയദീപ് എന്ന ശ്രേയക്കുട്ടി ചേച്ചിക്ക് പിറന്നാൾ ആശംസ നൽകി. ‘‘ഇന്നലെ ചിത്രചേച്ചിയുെട ഫെയ്സ്ബുക്ക് പേജിലൂടെ ചേച്ചി തന്നെയാണ് എന്റെ കവർ സോങ് റിലീസ് ചെയ്തത്. ഗാനമേളകളിൽ അധികവും ചേച്ചിയുടെ പാട്ടുകളാണ് ഞാൻ പാടാറുള്ളത്. ചേച്ചിയുടെ കൂടെ ഒരു പരിപാടിക്ക് പാടാനായി പഠിച്ചതാണീ പാട്ട്. പക്ഷെ കോവിഡ് ആയതുകൊണ്ട് പരിപാടി നടന്നില്ല. എന്നാൽ പിന്നെ ചേച്ചിക്ക് ബെർത്ഡേ ട്രിബ്യൂട്ട് ആയി ഇതുതന്നെ പാടാം എന്നു വിചാരിച്ചു. രാത്രി നോട്സ് എഴുതാനിരിക്കുമ്പോൾ ഈ പാട്ട് റിപീറ്റ് ചെയ്ത് ഇട്ട് ഞാനും കൂടെപ്പാടും. അത്രയ്ക്ക് ഇഷ്ടമാണീ പാട്ട്. ’’ ശ്രേയ പറഞ്ഞു.

സംഗീതലോകത്തിന്റെ സ്നേഹം

ആരോഗ്യവും സന്തോഷവും സമാധാനവും ഇനിയുള്ള ജീവിതത്തിലുമുണ്ടാകട്ടെ എന്ന് ഗായിക സുജാത മോഹൻ ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ ആശംസിച്ചു. എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ മകൻ ഗായകൻ എസ്പിബി ചരൺ, കെ എസ് ഹരിശങ്കർ എന്നിവർ ചിത്രയോടൊപ്പം ചെലവിട്ട നിമിഷങ്ങളുടെ ഫോട്ടോകൾ പങ്കുവച്ച് ഇൻസ്റ്റഗ്രാമിലൂടെ ആശംസയറിയിച്ചു. സംഗീതത്തിലെ ഏറ്റവും മധുരിതവ്യക്തിത്വത്തിന് പിറന്നാൾ ആശംസകൾ എന്നാണ് എസ്പിബി ചരൺ കുറിച്ചത്. ഹാപ്പി ബെർത്ഡേ ടു മൈ ഡിയറെസ്റ്റ് ചിത്രമ്മായി എന്ന് ഹരിശങ്കറും ആശംസിക്കുന്നു.

പാടിത്തുടങ്ങിയ കാലത്തേതു മുതലുള്ള ഫോട്ടോകൾ ചേർത്ത കൊളാഷ് പങ്കുവച്ച് ‘ഡോ. കെ. എസ് ചിത്ര, ദ ക്വീൻ സിംഗർ’ എന്നാണ് സിതാര കൃഷ്ണകുമാർ ചിത്രയെ വിശേഷിപ്പിച്ചത്.