ADVERTISEMENT

നട്ടെല്ലിനെ ബാധിച്ച കാൻസറിന്റെ വേദനയിൽ പിടഞ്ഞു മരണമെന്ന അവസാന രംഗത്തിലേക്കെത്തുമ്പോൾ, ശ്രീവിദ്യയുടെ പ്രായം 53 വയസ്സായിരുന്നു. സിനിമയിൽ 36 വർഷം പിന്നിട്ടിരുന്നു അപ്പോഴേക്കും അവർ. എങ്കിലും മധ്യവയസ്സു കഴിഞ്ഞ ഒരു മികച്ച അഭിനേത്രിയെ സംബന്ധിച്ചു കരിയറിന്റെ രണ്ടാം ഘട്ടത്തിന്റെ തുടക്കകാലമാണല്ലോ ആ പ്രായം. എന്നാൽ അതിനൊന്നും കാത്തു നിൽക്കാതെ ശ്രീവിദ്യ പോയി. 2006 ഒക്ടോബർ 19 നായിരുന്നു ആ വിയോഗം.

ശ്രീവിദ്യ ഒരു താരമായിരുന്നു. നായികയായിരുന്നപ്പോഴും പിന്നീടു ക്യാരക്ടർ റോളുകളിലേക്കു വന്നപ്പോഴും ആ താരപദവി ഉലഞ്ഞിട്ടില്ല. തനിക്കു ലഭിക്കുന്ന കഥാപാത്രങ്ങൾക്കു തനതായ ഒരു മനോഹാരിതയും പ്രാധാന്യവും പകരുന്നതായിരുന്നു അവരുടെ പ്രകടനങ്ങൾ. അല്ലെങ്കിൽ അത്തരം കഥാപാത്രങ്ങളിലേക്കായിരുന്നു എക്കാലവും സംവിധായകർ ശ്രീവിദ്യയെ പരിഗണിച്ചിരുന്നത്. അപ്രധാനമായ, ആർക്കും യോജിക്കുന്ന വേഷങ്ങളിലേക്കു ക്ഷണിക്കേണ്ടതല്ല വിദ്യാമ്മയുടെ പ്രതിഭയെന്ന ബോധ്യം ഓരോരുത്തരിലുമുണ്ടായിരുന്നു.

ADVERTISEMENT

ആര്‍.കൃഷ്‍ണമൂര്‍ത്തിയുടേയും ഗായിക എം.എല്‍ വസന്തകുമാരിയുടേയും മകളായി 1953 ജൂലൈ 24 നു മദ്രാസിലാണു ശ്രീവിദ്യയുടെ ജനനം. നൃത്തവും സംഗീതവും ബാല്യം മുതൽ അവരുടെ ജീവിതത്തിന്റെ ഭാഗമായി. മികച്ച നർത്തകിയും ഗായികയുമായിരുന്നു.

13 വയസ്സിലാണ് ശ്രീവിദ്യ അഭിനയ രംഗത്തെത്തിയത്. 1967 ൽ ‘തിരുവുള്‍ ചൊൽവർ’ എന്ന തമിഴ് സിനിമയായിരുന്ന ആദ്യം. 1969ല്‍ എന്‍. ശങ്കരന്‍ നായരുടെ ‘ചട്ടമ്പിക്കവല’യില്‍ സത്യന്റെ നായികയായി മലയാളത്തിൽ. അതൊരു നല്ല തുടക്കമായിരുന്നു. തുടർന്നു നായിക–സഹനായിക വേഷങ്ങളിൽ മലയാള സിനിമയുടെ മുഖ്യധാരയിൽ ശ്രീവിദ്യ തന്റെ ഇടം നേടി. ശാലീനസുന്ദരിയെന്ന ലേബലിനെ മറികടക്കുന്ന അഭിനയ ശേഷിയുടെ ഉദാഹരണങ്ങളായി അവരെ തേടിയെത്തിയ മിക്ക റോളുകളും. കുമാരസംഭവം, ചെണ്ട, അരക്കള്ളൻ മുക്കാൽക്കള്ളൻ, അയലത്തെ സുന്ദരി തുടങ്ങി എത്രയെത്ര ചിത്രങ്ങൾ. മധു – ശ്രീവിദ്യ അക്കാലത്തു പ്രേക്ഷകരുടെ പ്രിയതാരജോഡിയായിരുന്നു.

ADVERTISEMENT

തുടർന്നു മലയാളത്തിനൊപ്പം തമിഴിലും തെലുങ്കിലും കന്നഡയിലും ഹിന്ദിയിലുമൊക്കെയായി എണ്ണൂറോളം സിനിമകളിൽ ശ്രീവിദ്യ അഭിനയിച്ചു...കമലഹാസനും രജനീകാന്തും ഒന്നിച്ചെത്തിയ, കെ.ബാലചന്ദറിന്റെ ‘അപൂർവരാഗ’ങ്ങളിലെ നായിക ശ്രീവിദ്യയായിരുന്നു. അങ്ങനെ എത്രയെത്ര ഉദാഹരങ്ങൾ...നായികാവേഷങ്ങളുടെ കാലം പിന്നിട്ടിട്ടും കരിയറിൽ ഒരിക്കൽ പോലും വിട്ടു നിൽപ്പിന്റെ ഒരു ഘട്ടം അവർ നേരിട്ടിട്ടേയില്ല. അവസാന നാളുകളിൽ മിനി സ്ക്രീനിലും ശ്രീവിദ്യ സജീവമായിരുന്നു.

1979ൽ ‘ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച’ ‘ജീവിതം ഒരു ഗാനം’ എന്നീ ചിത്രങ്ങളിലെ അഭിനയത്തിനു മികച്ച നടിക്കുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് ശ്രീവിദ്യ നേടി. 1983ൽ ‘രചന’, 1992ൽ ‘ദൈവത്തിന്റെ വികൃതികൾ’ എന്നീ ചിത്രങ്ങളും ശ്രീവിദ്യയെ മലയാളത്തിലെ മികച്ച നടിയാക്കി. ‘അവിചാരിതം’ എന്ന പരമ്പരയിലെ പ്രകടനത്തിനു, മികച്ച നടിക്കുള്ള സംസ്ഥാന സർക്കാരിന്റെ ടെലിവിഷൻ അവാർഡും ശ്രീവിദ്യയെ തേടിയെത്തി. 1992 ൽ എം.ജി.ആർ അവാർഡ് ഉൾപ്പടെ, തമിഴിലും മലയാളത്തിലുമായി മറ്റു പല പ്രധാന പുരസ്കാരങ്ങളും അവര്‍ക്കു ലഭിച്ചിട്ടുണ്ട്.

sreevidya-2
ADVERTISEMENT

ആ സൗന്ദര്യം തുളുമ്പുന്ന മുഖവും കുസൃതി പുരണ്ട നോട്ടവും മനോഹരമായ ചിരിയും ഇന്നും പ്രേക്ഷകരുടെ മനസ്സിൽ മായാതെ നിൽക്കുന്നു...മരണശേഷം മലയാള സിനിമയിൽ ഏറ്റവും കൂടുതൽ ഉപയോഗിച്ചിട്ടുള്ള ചിത്രവും ശ്രീവിദ്യയുടേതാകും...എന്നാൽ സിനിമയുടെ താരപ്പകിട്ടോ ആനന്ദാനുഭവങ്ങളോ ഒരിക്കലും ശ്രീവിദ്യയുടെ വ്യക്തി ജീവിതത്തിലുണ്ടായിരുന്നില്ല. അവിടെ അവർ ഒരു ‘ദുഖപുത്രി’ യായിരുന്നു. ഉലകനായകൻ കമൽഹാസനുമായും സംവിധായകൻ ഭരതനുമായുമുള്ള ശ്രീവിദ്യയുടെ പ്രണയബന്ധങ്ങൾ പരാജയമായി. ജോർജ് തോമസുമായുള്ള ദാമ്പത്യവും രണ്ടു വർഷത്തിനു ശേഷം (1978–80) അവസാനിച്ചു.

ഒടുവിൽ രോഗബാധിതയായ ശ്രീവിദ്യയെ കാണാന്‍ കമൽഹാസൻ എത്തിയെന്നതു വലിയ വാർത്തയായിരുന്നു. വർഷങ്ങൾക്കു ശേഷം ഒരു ടെലിവിഷൻ പരിപാടിയിൽ ‘അൻപ് തോഴി’ എന്നു അവതാരക ശ്രീവിദ്യയെ വിശേഷിപ്പിച്ചപ്പോൾ, കമൽ തിരുത്തി – ‘കാതലി’! അത്ര തീവ്രമായിരുന്നു അവർക്കിടയിലെ പ്രണയം. അകന്നാലും, മരിച്ചാലും അവസാനിക്കാത്തത്. ഭരതനുമായുള്ള ശ്രീവിദ്യയുടെ പ്രണയത്തിന്റെ ആഴം ഭരതന്റെ ഭാര്യയും നടിയുമായ കെ.പി.എ.സി ലളിതയും പലപ്പോഴും വിശദീകരിച്ചിരുന്നു. 2008 ൽ റിലീസായ ‘തിരക്കഥ’ എന്ന ചിത്രത്തിൽ പ്രിയാമണി അവതരിപ്പിച്ച മാളവിക എന്ന കഥാപാത്രം ശ്രീവിദ്യയുടെ ജീവിതാനുഭവങ്ങളോടു സമാനതയുള്ളതായും നിരീക്ഷണങ്ങളുണ്ട്.

മൂന്നു വർഷം ശ്രീവിദ്യ അർബുദത്തിനു ചികിത്സ തേടി. കാൻസറിന്റെ വേദനയില്‍ പിടഞ്ഞ കാലങ്ങൾ...എന്നാൽ എല്ലാ പ്രാർഥനകളും വിഫലമാക്കി അവർ പോയി. ഇന്നും ‌പകരക്കാരില്ലാത്ത സാന്നിധ്യം.

ADVERTISEMENT