ADVERTISEMENT

യൂട്യൂബിൽ ‘സ്‌റ്റാറിംഗ് പൗർണ്ണമി’ എന്നു തിരയുക. അതി മനോഹരമായ ഒരു ട്രെയിലർ കാണാം. ട്രെയിലറിലെ കൊതിപ്പിക്കുന്ന ദൃശ്യങ്ങൾ കണ്ട് ഹരം കയറി ഈ സിനിമയൊന്നു കാണണമെന്നു കരുതിയാൽ നിങ്ങൾ നിരാശരാകും. ഒരിക്കലും പുറത്തിറങ്ങാൻ സാധ്യതയില്ലാത്ത ഒരു മലയാള സിനിമയുടെ ട്രെയിലറാണിത്. അത്തരമൊരു ദുർവിധിയാണ് സ്‌റ്റാറിംഗ് പൗർണ്ണമിയെന്ന മലയാളത്തിലെ ആദ്യത്തെ ട്രാവൽ മൂവിയുടെ ശാപം. ഇതു കൊണ്ടൊന്നും തീരുന്നില്ല സ്‌റ്റാറിംഗ് പൗർണ്ണമിയുടെ വിശേഷങ്ങൾ. അതിൽ ഏറ്റവും പ്രധാനം മലയാളത്തിന്റെ സ്വന്തം ദുൽഖർ സൽമാൻ നായകനാകേണ്ടിയിരുന്ന ആദ്യ സിനിമയായിരുന്നു സ്റ്റാറിംഗ് പൗർണ്ണമിയെന്നതാണ്. ആ കഥ പറയും മുൻപ് ആദ്യ സിനിമ പൂർത്തിയാക്കാനാകാതെ പോയ ആൽബിയെന്ന നവാഗത സംവിധായകനെക്കുറിച്ചറിയണം.
സിനിമ സ്വപ്നം കണ്ടു ജീവിക്കുന്ന എല്ലാ ചെറുപ്പക്കാരെയും പോലെ തന്റെ ആദ്യ സിനിമയെക്കുറിച്ച് ആൽബിക്കും നിരവധി പ്രതീക്ഷകളുണ്ടായിരുന്നു. അതിലൊന്നായിരുന്നു മലയാളത്തിൽ ഉന്നത നിലവാരമുള്ള ആദ്യ ട്രാവൽ മൂവി സംവിധാനം ചെയ്യുകയെന്നത്. കഥയും തിരക്കഥയും തയ്യാറാക്കി. നായക കഥാപാത്രത്തിനു യോജിച്ച മുഖം തേടിയുള്ള യാത്ര അവസാനിച്ചത് ദുൽഖർ സൽമാനിൽ. ദുൽഖർ സെക്കന്റ് ഷോയിൽ അഭിനയിക്കുന്നതിനു മുൻപാണ്. കഥ ഇഷ്ടമായ ദുൽഖർ അഭിനയിക്കാം എന്നു സമ്മതിച്ചു. അതോടെ പ്രൊജക്ട് ഓണായി.
എന്നാൽ വലിയ ബജറ്റ് ആവശ്യമായിരുന്നതിനാൽ നിർമ്മാതാക്കളെ കിട്ടാൻ വൈകി. അതോടെ ചിത്രം നീണ്ടു. അതിനിടെ സെക്കന്റ് ഷോയും ഉസ്താദ് ഹോട്ടലും റിലീസായി ദുൽഖർ തിരക്കിലേക്കു കടന്നു. ഏറെ നാൾ കാത്തിരിക്കേണ്ടി വരുമെന്നതിനാൽ പ്യഥ്വിരാജിനെ സമീപിച്ചു. കഥ ഇഷ്ടമായ പൃഥ്വി നായക വേഷത്തോടൊപ്പം ആഗസ്റ്റ് സിനിമയുടെ ബാനറിൽ നിർമ്മാണവും ഏറ്റെടുത്തു. എന്നാൽ പൃഥ്വിയുടെ തിരക്കുകൾ മറ്റൊരു നായകനിലേക്കത്തുവാൻ സംവിധായകനെ നിർബന്ധിതനാക്കി. അങ്ങനെ സണ്ണി വെയ്നെ നായകനാക്കി മരിക്കാർ ഫിലിംസിന്റെ ബാനറിൽ സ്റ്റാറിംഗ് പൗർണ്ണമി ചിത്രീകരണമാരംഭിച്ചു.
ലഡാക്കും മണാലിയും ആലപ്പുഴയുമായിരുന്നു ഈ പ്രണയ – സംഗീത ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ. നിരവധി പ്രതിസന്ധികൾ കടന്ന് തന്റെ മനസ്സിനിണങ്ങിയ രീതിയിൽ സ്‌റ്റാറിംഗ് പൗർണ്ണമി എൺപതു ശതമാനത്തോളം ആൽബി ചിത്രീകരിച്ചു. ആലപ്പുഴയിൽ ഇരുപതു ശതമാനം ചിത്രീകരണം ബാക്കി നിൽക്കേ ഷൂട്ടിംഗ് ഷെഡ്യൂളായി. അതോടെ കാര്യങ്ങൾ തകിടം മറിഞ്ഞു. ആ ഷെഡ്യൂൾ ബ്രേക്കിൽ മരിക്കാർ ഫിലിംസ് നിർമ്മിച്ച മറ്റൊരു ചിത്രം പ്രതീക്ഷിച്ചത്ര വിജയമായില്ല. നിർമ്മാതാക്കൾ സാമ്പത്തിക പ്രതിസന്ധിയിലായി. ’സ്‌റ്റാറിംഗ് പൗർണ്ണമി’യുമായി മുന്നോട്ടു പോകാൻ അവർക്കായില്ല. സിനിമ പൂർത്തിയാക്കി തിയേറ്ററുകളിലെത്തിക്കാൻ ആൽബി പരമാവധി ശ്രമിച്ചെങ്കിലും സാധ്യമായില്ല.
അതോടെ ചിത്രം പെട്ടിയിലായി. മ്യൂസിക്കൽ ലവ് സ്‌റ്റോറിയായിരുന്നു സ്‌റ്റാറിംഗ് പൗർണ്ണമി. ആകെ അഞ്ചു പാട്ടുകളായിരുന്നു ചിത്രത്തിൽ. അതിലൊന്ന് അഞ്ചു മിനിട്ടു നീളുന്ന ഇൻസ്ട്രുമെന്റൽ ഫ്യൂഷനും. ടൊവിനോ തോമസിനെയാണ് ചിത്രത്തിലെ വില്ലൻ വേഷത്തിലേക്കു തിരഞ്ഞടുത്തിരുന്നത്. ബോളിവുഡ് സൂപ്പർതാരം ഷാഹിദ് കപൂറിനെ വരെ പരിഗണിച്ചിരുന്ന വേഷമാണത്. അപ്പോഴേക്കും ടൊവിനോയുടെ രണ്ടാം ചിത്രമായ എ.ബി.സി.ഡി തിയേറ്ററുകളിലെത്തിയിരുന്നു.
പലവഴി ശ്രമിച്ചെങ്കിലും പൂർത്തിയാക്കാനാകില്ലെന്നായതോടെ ചിത്രം ഉപേക്ഷിക്കാൻ ആൽബി തീരുമാനിച്ചു. അങ്ങനെയാണ് ചിത്രീകരിച്ച ഭാഗങ്ങളിൽ നിന്ന് തിരഞ്ഞെടുത്തവ തുന്നിക്കൂട്ടി ടീസർ പുറത്തിറക്കിയത്. ടീസർ പ്രതീക്ഷിച്ചതിലും സ്വീകാര്യത നേടി. പലരും സ്‌റ്റാറിംഗ് പൗർണ്ണമിയെക്കുറിച്ച് അന്വേഷിച്ചു തുടങ്ങി. പഴയ നിർമ്മാതാക്കളടക്കം സിനിമ പൂർത്തിയാക്കാമെന്നു പറഞ്ഞെങ്കിലും ആൽബി തയ്യാറായില്ല. ആ സിനിമയുടെയും ആശയത്തിന്റെയും കാലം കഴിഞ്ഞു പോയി എന്നായിരുന്നു ആൽബിയുടെ മറുപടി.
ഒരുപക്ഷേ അന്നു റിലീസായിരുന്നുവെങ്കിൽ മലയാളത്തിലെ ആദ്യത്തെ ട്രാവൽ മൂവിയാകുമായിരുന്നു സ്‌റ്റാറിംഗ് പൗർണ്ണമി. അതിനുശേഷം അത്തരത്തിൽ പെട്ട ധാരാളം സിനിമകൾ മലയാളത്തിലുണ്ടായി. അതു മാത്രമായിരുന്നില്ല , ഇന്നത് ബാക്കി ഭാഗം ചിത്രീകരിച്ചാൽ പഴയ കണ്ടിന്യുറ്റി കിട്ടണമെന്നുമില്ല. എല്ലാവരും അതിൽ നിന്നു വിട്ടിരുന്നു. ഇതാണു സിനിമ. ഒരു നിമിഷം മതി അതു തകിടം മറിയാൻ. സ്‌റ്റാറിംഗ് പൗർണ്ണമിക്കു സംഭവിച്ചതും അതു തന്നെയാണ്!

ADVERTISEMENT
ADVERTISEMENT
ADVERTISEMENT