"നിലമ്പൂർ വനമേഖലയിലെ വിവിധ മലകളിൽ സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടെ ഇരുനൂറ്റി മുപ്പതോളം ചോലനായ്ക്കന്മാരാണ് അവശേഷിക്കുന്നത്. പത്തു കിലോമീറ്റർ നടന്നും ഇരുപത്തഞ്ചു കിലോമീറ്റർ വാഹനത്തിലും യാത്ര ചെയ്താലേ ഞങ്ങൾക്ക് ആശുപത്രിയിലെത്താൻ കഴിയൂ. പുഴയ്ക്ക് പാലമില്ല, സഞ്ചാര യോഗ്യമായ റോഡില്ല. ഗർഭിണികളും രോഗികളും മരണത്തെ നേരിടുന്നു.
എന്റെ മാമൻ പാണപ്പുഴ രവി പ്രമേഹ രോഗം മൂർച്ചിച്ചാണു മരിച്ചത്. അരിയും പായ്ക്കറ്റിൽ കിട്ടുന്ന ഭക്ഷണസാധനങ്ങളുമാണ് ഗോത്രത്തിൽ ഇത്തരം രോഗങ്ങൾക്കു കാരണമായത്. ബാല്യകാലത്ത് ഞാനും അളയിലാണു വളർന്നത്. ഞങ്ങളുടെ ഗോത്രത്തിൽ അക്കാലത്ത് ജീവിതശൈലീ രോഗങ്ങൾ ഉണ്ടായിരുന്നില്ല.
ചോളനായ്ക്കന്മാരെ പാർപ്പിക്കാനെന്നു പറഞ്ഞ് മാഞ്ചീരിയിൽ കോളനിയും കുടിലും നിർമിച്ചിട്ടുണ്ട്. ആകെ നാലു കുടുംബങ്ങളാണ് അവിടെ പാർക്കുന്നത്. ബാക്കിയുള്ളവർ കാട്ടിലെ താമസം ഉപേക്ഷിച്ചില്ല. കാടിനുള്ളിൽ ജനിച്ചു വളർന്നവരെ നാട്ടിലേക്ക് ഇറക്കി പാർപ്പിക്കാമെന്നുള്ള തീരുമാനം യുക്തിസഹമാണോ? ആർക്കു വേണ്ടിയാണോ വീടു നിർമിക്കുന്നത് അവർ സ്വാഭാവിക ആവാസവ്യവസ്ഥയിൽ നിന്ന് മാറാൻ തയാറാകുമോ എന്ന് അന്വേഷിക്കാതെ വീടുവച്ചത് എന്തിനു വേണ്ടി?"
കാടിനുള്ളില്‍ ജീവിക്കുന്ന തന്‍റെ ബന്ധുക്കളുടെ ജീവിത ദുരിതം മനോരമ ട്രാവലറുമായി പങ്കുവയ്ക്കുകയാണ് വിനോദ്.
ആരാണ് വിനോദ്?
ഏഷ്യയിലെ ഏറ്റവും പഴക്കമേറിയ ഗുഹാവാവാസികളായ നിലമ്പൂർ വനത്തിലെ ചോലനായ്ക്കരിൽ മന്നള ചെല്ലന്റെയും വിജയയുടേയും എട്ടുമക്കളിൽ മൂന്നാമത്തെയാളാണ് വിനോദ്. കുസാറ്റിൽ എഫിൽ ഗവേഷണം നടത്തുന്നു. ചോളനായ്ക്കന്മാർ ഉൾപ്പെടുന്ന ഗോത്രവർഗത്തിന്റെ സാമൂഹിക–സാമ്പത്തിക മാറ്റങ്ങൾ എന്ന വിഷയത്തിലാണ് വിനോദ് ഗവേഷണം നടത്തുന്നത്.
(1973 നവംബർ 13ന് മലയാള മനോരമയാണ് ഗുഹാവാസികളായ ചോലനായ്ക്കരുടെ ജീവിതം ആദ്യമായി വെളിച്ചം കാണിച്ചത്. മലയാള മനോരമ ഫൊട്ടോഗ്രഫർ ടി. നാരായണന്റെ ക്യാമറയിലൂടെ നഗ്നരായി ജീവിക്കുന്ന ചോലനായ്ക്കന്മാരുടെ ഫോട്ടോ ലോകം കണ്ടു. നിലമ്പൂരിലെ കരുളായി വനമേഖലയിലെ ചോലനായ്ക്കന്മാരുടെ ക്ഷേമത്തിനായി പിന്നീട് ഒട്ടേറെ പദ്ധതികൾ ആവിഷ്കരിക്കപ്പെട്ടു. കാടിന്റെ സുരക്ഷിതത്വവും ചോലനായ്ക്കന്മാരുടെ സ്വകാര്യതയും സംരക്ഷിക്കാനായി പിൽക്കാലത്ത് ഈ വനമേഖലയിൽ പ്രവേശനം നിരോധിച്ചു.)
ചോലനായ്ക്കന്മാർ താമസിക്കുന്ന ഗുഹകൾ സന്ദർശിച്ച പ്രൊഫഷനൽ ഫൊട്ടോഗ്രഫർ അജീബ് കോമാച്ചിയുടെ റിപ്പോർട്ട്:
ഉൾക്കാട്ടിലൂടെ എത്ര കിലോമീറ്റർ നടന്നുവെന്നറിയില്ല. ഉള്ളിലേക്കു പോകുംതോറും കാടിന്റെ സൗന്ദര്യം വർധിച്ചു. ഒടുവിൽ, പുഴയുടെ തീരത്ത് പാറകളുടെ ചെരിവിൽ എത്തി. തൊപ്പിക്കുടപോലെയുള്ള പാറയുടെ താഴെ ‘അള’യിൽ കുറച്ചു പേർ – ചോലനായ്ക്കർ. അതൊരു കുടുംബമായിരുന്നു. ചുരുണ്ട തലമുടിയുള്ള വയോധികൻ, പ്രായം മറന്ന് ജോലിയിൽ മുഴുകിയ മുത്തശ്ശി, രണ്ടു ചെറുപ്പക്കാർ...അവരിലൊരാൾ ഞങ്ങളെ നോക്കി പുഞ്ചിരിച്ചു.
മുള കൂട്ടിക്കെട്ടിയ ചങ്ങാടങ്ങളിൽ കയറി കുട്ടികൾ പുഴയിലിറങ്ങി. അവർ ഞങ്ങളുടെ ക്യാമറയ്ക്കു മുന്നിൽ കുറച്ചു നേരം ഇരുന്നു. അപ്പോഴേക്കും മുതിർന്ന ഒരാൾ വന്ന് അവരെ അളയിലേക്കു കൂട്ടിക്കൊണ്ടു പോയി.
ചോലനായ്ക്കന്മാർക്ക് പുറംലോകത്തുള്ള മനുഷ്യരുമായി ഇടപഴകി ശീലമായിരിക്കുന്നു. അവരിലെ പുരുഷന്മാരിൽ ചിലർ മുണ്ടും ഷർട്ടും ധരിച്ചിട്ടുണ്ട്. സ്ത്രീകൾ അവരുടേതായ രീതിയിൽ ധരിച്ചിരുന്നു. കവളക്കിഴങ്ങ്, ബന്നിക്കിഴങ്ങ്, കാട്ടിലെ ഇലകൾ എന്നിവയായിരുന്നു പണ്ട് അവരുടെ ഭക്ഷണം. ഇപ്പോൾ, അവർ ശേഖരിക്കുന്ന കാട്ടുതേൻ, ഇഞ്ചി, പന്തം, ശതാവരി, കുന്തിരിക്കം, ചീനിക്ക എന്നിവ വനസംരക്ഷണ സിമിതിക്കു വിൽക്കുന്നു. പകരം, അരി, തേയില എന്നിവ ചോലനായ്ക്കന്മാർക്കു നൽകുന്നു. ചോലനായ്ക്കന്മാരുടെ ഏക വരുമാന മാർഗമാണ് വനവിഭവങ്ങളുടെ ശേഖരണം.
കാട് ചോലനായ്ക്കരുടെ തറവാടാണ്. തറവാടിന്റെ കഴുക്കോലും തൂണും അവർ ഊരിയെടുക്കാറില്ല. കാട്ടുതടി വെട്ടാറില്ല, മൃഗങ്ങളെ വേട്ടയാടാറില്ല. ആക്രമിക്കാനെത്തിയ മൃഗങ്ങളെ കൈക്കരുത്തിൽ നേരിട്ടവർ അവിടെയുണ്ടായിരുന്നു. കരടിയുമായി മൽപ്പിടുത്തം നടത്തിയ ആളാണ് അവരുടെ മൂപ്പൻ കുപ്പമല കണിയൻ. നെഞ്ചിലെ ഒരു പിടി മാംസം കരടി പറിച്ചെടുത്തിട്ടും മൂപ്പൻ പിടിവിട്ടില്ല. ഏറെ നേരം പോരാടിയ ശേഷം മൂപ്പന്റെ പിടിവിടുവിച്ച് കരടി ഓടിരക്ഷപ്പെട്ടു.
കന്നഡയും തെലുങ്കും മലയാളവും കലർന്നതാണ് ചോലനായ്ക്കന്മാരുടെ ഭാഷ. ഓടക്കമ്പുകൾ ഉരസിയാണ് അവർ തീയുണ്ടാക്കിയിരുന്നത്. ഒരു ദിവസം ഒരു നേരം മാത്രമാണ് ഭക്ഷണം കഴിച്ചിരുന്നത്. അതു സൂര്യാസ്തമയത്തിനു മുൻപു വേണമെന്നു നിർബന്ധം. ഉണങ്ങിയ ഇലയിൽ പുകയില തെറുത്ത് ആണുങ്ങളും പെണ്ണുങ്ങളും പുകവലിച്ചു. അരഞ്ഞിമരത്തിന്റെ തോൽ ചതച്ച് അതുപയോഗിച്ച് ചിലർ നാണം മറച്ചിരുന്നു – ആ റിപ്പോർട്ടിൽ ചോലനായ്ക്കന്മാരുടെ ജീവിതചിത്രം പൂർണമായും വിശദീകരിച്ചിട്ടുണ്ട്. ചോലനായ്ക്കന്മാരിലെ പുരുഷന്മാരുടെ ഏറ്റവും വലിയ സമ്പാദ്യമാണു ഭാര്യ. ‘ഇണ്ട്റ്ശി’യെ (ഭാര്യ) തനിച്ചാക്കി പുരുഷന്മാർ എവിടെയും പോകില്ല.
ചോലനായ്ക്കന്മാരുടെ വിവാഹ ചടങ്ങുകൾ ആചാര പ്രകാരമായിരുന്നു.
‘‘കാട്ടിലെ വിശിഷ്ടമായ കിഴങ്ങ് ഇണ്ട്റിശി വേവിച്ചു. പാത്രത്തിന്റെ ഇരുവശത്തും വധൂവരന്മാർ ഇരുന്നു. ഒരു കഷണം കിഴങ്ങ് വരൻ വധുവിന്റെ വായിൽ വച്ചു. പെണ്ണിന്റെ അച്ഛൻ കന്യാദാനമന്ത്രം ജപിച്ചു.
അട പെട്ടാതെ ഉള്ള ചേലുക്ക് കൂസിനെ നീ ഇറ്റ് നടക്ക്. ഉള്ള ചേലുക്ക് നോക്ക് (തർക്കങ്ങളില്ലാതെ പെണ്ണിനെ പരിപാലിക്കണം. പോറ്റണം)
ഉള്ള ചേലുക്ക് തോടും. കൂസിനെ ഇറ്റ് കൊണ്ടു നടേൻ. (നന്നായി നേക്കും. കൊണ്ടു നടക്കും) വരൻ മറുപടി നൽകി – വിവാഹ ചടങ്ങുകൾ സമാപിച്ചു.
ചോലനായ്ക്കന്റെ ജീവിതസമ്പാദ്യമാണ് ഭാര്യ. അവളുടെ നേർക്ക് അന്യപുരുഷന്റെ നോട്ടം പോലും അവൻ സഹിക്കില്ല. വിവാഹം കഴിഞ്ഞ് മധുവിധു മുഹൂർത്തത്തിനായി വരനും വധുവും കാത്തിരിക്കുന്നതാണ് അവരുടെ രീതി. അളകളിൽ ശാരീരിക ബന്ധം പാടില്ലെന്ന് അവർ വിശ്വസിച്ചു. മുഹൂർത്തം എത്തിയാൽ വധുവും വരനും കാട്ടിലേക്കു പോകും. പ്രണയത്തിനും പ്രസവത്തിനും കാടാണു വേദി.
അതൊക്കെ പഴയകഥ. ചോലനായ്ക്കന്മാരിലെ ചെറുപ്പക്കാർ വിദ്യാഭ്യാസം നേടി. അവർക്ക് ഇപ്പോൾ ആവശ്യം നല്ല ജീവിത സാഹചര്യമാണ്. ഞങ്ങൾ ചോലനായ്ക്കന്മാരെ കാണാനുള്ള യാത്രയിൽ മനസ്സിനെ ആകർഷിച്ച സ്ഥലം കരിമ്പുഴയിലെ ഇരുമ്പു പാലമാണ്. ബ്രിട്ടിഷ് ഭരണകാലത്ത് ഫോറസ്റ്റ് എൻജിനിയറായിരുന്ന ഡോസൻ സായിപ്പാണ് പാലം നിർമിച്ചത്. നിലമ്പൂരിന്റെ പ്രകൃതിയെ സ്നേഹിച്ച ഡോസൻ പിന്നീട് പുഴയിൽ വീണു മരിച്ചു. പുഴയുടെ തീരത്താണു മൃതദേഹം സംസ്കരിച്ചത്. കരുളായിയിൽ എത്തുന്നവർ അദ്ദേഹത്തിന്റെ ഓർമകളുമായി ബന്ധിപ്പിച്ച് ആ സ്ഥലം ക്യാമറയിൽ പകർത്തുന്നു.