Friday 09 February 2018 02:41 PM IST

ഇച്ചിരി മീൻചാറ് കിട്ടിയാൽ ചോറുണ്ണാരുന്നു...! കൈനകരിയിൽ വള്ളത്തിൽ പോകാൻ ഇതു ബെസ്റ്റ് ടൈം

Baiju Govind

Sub Editor Manorama Traveller

kainakary1 കൈനകരി. ടോണ്‍സ് വെഡ്ഡിങ് കമ്പനി ഹെലി ക്യാമിൽ പകർത്തിയ ചിത്രം

ഇന്നും വാഹനങ്ങൾ കടന്നു ചെല്ലാത്ത നാടാണ് ആലപ്പുഴയിലെ കൈനകരി. അങ്ങോട്ട് പാലമില്ല. യാത്രയ്ക്ക് ബോട്ട് മാത്രമാണ് ആശ്രയം. കായലിനടിയിലെ കരി കുത്തിപ്പൊക്കി കരയാക്കി മാറ്റിയ കുട്ടനാട്ടിലെ ഭംഗിയുള്ള തുരുത്ത്. വട്ടക്കായലിനു നടുവിൽ ചെറുതോടുകളുടെ ഇടയിലാണ് കൈനകരിക്കാർ താമസിക്കുന്നത്. വെനീസെന്നു തോന്നും വിധം മനോഹരമായ കൈനകരിയുടെ ഒട്ടു മുക്കാൽ ഭാഗവും മഴക്കാലത്ത് വെള്ളത്തിൽ മുങ്ങും. ഇഷ്ടിക വച്ച് കട്ടിലുയർത്തി അതിനു മുകളിൽ കിടന്നുറങ്ങിയാലും കൈനകരിക്കാർ ആ നാടു വിട്ടു പോകില്ല.

‘‘അമ്മേ ഞാൻ അങ്ങേപ്പുറത്തെ ടിബിന്റെ വീട്ടിൽ പോകുവാ’’ എന്നു പറഞ്ഞ് ചെറു വള്ളവുമായി തോട്ടിലേക്കിറങ്ങുന്ന ചെറുപ്പക്കാരാണ് കൈനകരിയുടെ ഊർജം. പതിനെട്ടു കൂട്ടം കറികളുള്ള സദ്യ വിളമ്പിയാലും ‘ഇച്ചിരി മീൻ ചാറ് കിട്ടിയാൽ ചോറുണ്ണാരുന്നു’ എന്നാണ് അവരുടെ നിലപാട്. ഞണ്ടും വരാലും കാരിയും കറി വയ്ക്കുന്നതിൽ കൈനകരിക്കാരുടെ കൈപ്പുണ്യമൊന്നു വേറെ തന്നെ. അവിടെയുള്ള ഷാപ്പിൽ നിന്നു കപ്പയും മീൻ കറിയും കൂട്ടി കള്ളു കുടിച്ചാൽ ആ നാട്ടിൽ സ്ഥിര താമസമാക്കാൻ തോന്നും.

kainakary2 കൈനകരിയിലെ പ്രഭാതം, ഫോട്ടോ: ടിബിൻ അഗസ്റ്റിൻ

കുർബാനയും പള്ളിപ്പെരുന്നാളും കല്യാണങ്ങളുമാണ് കൈനകരിയുടെ ‘ദേശീയോത്സവ’ങ്ങൾ. നെഹ്റു ട്രോഫി വള്ളം കളിയെ ഒളിംപിക്സിനെക്കാൾ വലുപ്പത്തിൽ ഹൃദയത്തിലേറ്റുന്ന കൈനകരിയുടെ ചുണക്കുട്ടികൾക്ക് തുഴപ്പാടിന്റെ ആവേശം ജന്മനാ കിട്ടിയതാണ്.

ചായ കുടിക്കാൻ ഒരു കട. പലചരക്കു വിൽക്കുന്ന ഒരു സ്ഥാപനം. പടമെടുക്കാൻ ഒരു ഫോട്ടൊഗ്രഫർ. ആശാരിപ്പണിക്ക് ഒരു കുടുംബം. അങ്ങനെ ആ നാടിന്റെ ആവശ്യങ്ങൾ നിറവേറ്റാനുള്ള ആളുകൾ മാത്രം. ‘ആകെ മൊത്തം ടോട്ടൽ’ കൂട്ടിപ്പറഞ്ഞാൽ തനിമ വിട്ടു മാറാത്ത നന്മയുള്ള ഗ്രാമം.

kainakary3 കൈനകരിയിൽ നിന്നൊരു സായാഹ്നക്കാഴ്ച, ഫോട്ടോ: ടിബിൻ അഗസ്റ്റിൻ

ആലപ്പുഴയിലെ മറ്റേതു തുരുത്തിനെക്കാളും ഭംഗിയുള്ള സ്ഥലമാണ് കൈനകരിയെന്നു തിരിച്ചറിഞ്ഞയാളാണ് സംവിധായകൻ ലാൽജോസ്. പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും എന്ന സിനിമയിൽ കുട്ടനാട്ടിലെ ഈ തുരുത്തിന്റെ മുഴുവൻ ഭംഗിയും അദ്ദേഹം പ്രേക്ഷകർക്കു മുന്നിലെത്തിച്ചു. വാസന്തിയും ലക്ഷ്മിയും, ആമേൻ തുടങ്ങി വേറെയും സിനിമകൾ കൈനകരിയിൽ ഷൂട്ട് ചെയ്തിട്ടുണ്ട്. എങ്കിലും പുള്ളിപ്പുലിയിലാണ് ചെറുതോടുകളുടെയും തെങ്ങിൻതോപ്പുകളുടെയും കമനീയ ഭംഗി അതേപടി ആവിഷ്കരിക്കപ്പെട്ടത്.

kainakary4 കുട്ടനാടിന്റെ ജലസമൃദ്ധിയിലൂടെ ബോട്ട് സവാരി, ഫോട്ടോ: ടിബിൻ അഗസ്റ്റിൻ

ഇത്രയും മനോഹരമായ കൈനകരി യാത്രക്കാരുടെ ലോകത്ത് അറിയപ്പെടാതെ പോയതിനു കാരണം എന്തായിരിക്കാം ?

കൈനകരിയിലേക്കു വണ്ടി പോകില്ല എന്നു വെറും ന്യായം നിരത്തുന്നവരുടെ ശ്രദ്ധയ്ക്കായി പറയട്ടെ – അതാണ് കൈനകരിയുടെ പ്രത്യേകതയും ആകർഷണവും. വാഹനങ്ങളുടെ പുകയില്ലാതെ, ഹോണടി ശബ്ദമില്ലാതെ, സ്വസ്ഥമായ യാത്രയ്ക്ക് ഇതു പോലെ വേറൊരു കര കേരളത്തിലില്ല.

കുട്ടനാടിന്റെ കിഴക്കു ഭാഗത്താണ് കൈനകരി. പമ്പയാറിന്റെ ജലസമൃദ്ധിയാണ് കൈനകരിയെ ചെറു ദ്വീപാക്കി മാറ്റിയത്. ആറ്റിൻകരയിൽ നാലഞ്ചു ബോട്ട് ജെട്ടികളുണ്ട്. ആളു തികയുമ്പോൾ അക്കരയ്ക്കും ഇക്കരയ്ക്കും സർവീസ് നടത്തുന്ന ബോട്ടിൽ രണ്ടു രൂപയാണ് ടിക്കറ്റ് നിരക്ക്. സർക്കാർ ബോട്ടിൽ കയറി കൈനകരിയിലേക്കുള്ള യാത്ര ജീവിതത്തിൽ ഒരിക്കലെങ്കിലും നിർബന്ധമായും ആസ്വദിക്കണം.

kainakary5 കൈനകരിയിലെ വീട് , ഫോട്ടോ: ടിബിൻ അഗസ്റ്റിൻ

ആലപ്പുഴ കാണാനെത്തുന്നവരിലേറെയും ശിക്കാര വള്ളവും ഹൗസ് ബോട്ടുമാണ് തിരഞ്ഞെടുക്കാറുള്ളത്. നാലഞ്ചാൾക്ക് സുഖമായി കായൽക്കാഴ്ചകൾ ആസ്വദിക്കാൻ സൗകര്യമൊരുക്കുന്ന ശിക്കാര വള്ളങ്ങൾ വടക്കേ മലബാറിന് സുപരിചിതമല്ല. അരയന്നത്തിന്റെയും മയിലിന്റെയും രൂപത്തിൽ മരത്തടിയിൽ നിർമിച്ച വഞ്ചിക്ക് ആരാണാവോ ‘ശിക്കാര വള്ളം’ എന്നു പേരിട്ടത് ? കെട്ടും മട്ടുമൊക്കെ കണ്ടാൽ ‘ശൃംഗാര വള്ളം’ എന്നായിരുന്നു അതിനു പേരിടേണ്ടിയിരുന്നതെന്നു തോന്നും.

വാഴ്ത്തപ്പെട്ട ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചൻ ജനിച്ചതു കൈനകരിയിലാണ്. ചാവറ ബോട്ടു ജെട്ടിയുടെ അടുത്താണ് വിശുദ്ധന്റെ ജന്മഗൃഹം. 225 വർഷം പഴക്കമുള്ള മനോഹരമായ വീട് ഇപ്പോൾ തീർഥാടന കേന്ദ്രമാണ്. തടിയിൽ നിർമിച്ച ചുമരുകളും മനോഹരമായ മേൽക്കൂരയും അക്കാലത്തെ സാധാരണക്കാരുടെ ജീവിതം വ്യക്തമാക്കുന്നു. വീടിന് മാറ്റമൊന്നും വരുത്താതെ തൊട്ടടുത്ത് ഒരു ആരാധനാലയം നിർമിച്ചിട്ടുണ്ട്.

kainakary6 ഷാപ്പിലെ കപ്പയും മീൻകറിയും, ഫോട്ടോ: ടിബിൻ അഗസ്റ്റിൻ

ഒരു തുരുത്തും അതിനു ചുറ്റുമുള്ള കുറേ കൈത്തോടുകളും ചേർത്താൽ കൈനകരിയുടെ ഔട് ലൈൻ വരയ്ക്കാം. കൈത്തോടുകളിലൂടെ ഒരുവട്ടം കറങ്ങിയെത്താൻ രണ്ടു മണിക്കൂർ മതി. നീർവാഴകളും പായലുകളും തിങ്ങിനിറഞ്ഞ കൈത്തോടുകളിലൂടെ ബോട്ട് സവാരി രസകരമായ അനുഭവമാണ്.

ആർ ബ്ലോക്കാണ് കുട്ടനാടിന്റെ സമൃദ്ധി. കൈനകരിയിൽ നിന്നു ബോട്ടെടുത്താൽ ആർ ബ്ലോക്കിലേക്കു പോകാം. ജോസഫ് മുരിക്കൻ എന്ന ദീർഘ വീക്ഷണമുള്ള കർഷകന്റെ സൃഷ്ടിയാണ് ആർ ബ്ലോക്ക്. മണ്ണിട്ടു നികത്തി കായലിനു നടുവിൽ 1500 ഏക്കർ കരയുണ്ടാക്കിയ മുരിക്കന്റെ സംഭാവന കേരള ചരിത്രത്തിന്റെ ഭാഗമാണ്.

kainakary7 ചാവറയച്ചന്റെ ജന്മഗൃഹം, ഫോട്ടോ: ടിബിൻ അഗസ്റ്റിൻ

ചക്രം ചവിട്ടി മടയ്ക്കപ്പുറത്തേക്ക് വെള്ളമെത്തിച്ചിരുന്ന നാട്ടുകൃഷിയുടെ കാലം കഴിഞ്ഞെങ്കിലും പരമ്പരാഗത കാർഷിക രീതികളെ കൈനകരിക്കാർ പൂർണമായും വിട്ടു കളഞ്ഞിട്ടില്ല.

മലയാളികൾ എല്ലാവരും ജീവിതത്തിലൊരിക്കൽ കണ്ടിരിക്കേണ്ട സ്ഥലങ്ങളിലൊന്നാണ് കൈനകരി. പാലത്തിന്റെ നിർമാണം പൂർത്തിയാകുന്നതോടെ കൈനകരിയുടെ മുഖച്ഛായ മാറും. വാഹനങ്ങളുടെ ശബ്ദമില്ലാത്ത കൈനകരി കണ്ടാസ്വദിക്കണമെങ്കിൽ ഇപ്പോൾ പോകണം. ആലപ്പുഴയിൽ നിന്നും കോട്ടയത്തു നിന്നും കൈനകരിയിലേക്ക് ബോട്ട് സർവീസുണ്ട്. കൈനകരി പഞ്ചായത്ത് ജംക്‌ഷൻ വരെയേ വാഹനങ്ങൾ പോകൂ. അക്കരയ്ക്കു പോകാൻ രാവിലെ ആറു മണി മുതൽ രാത്രി ഏഴര വരെ കടത്തുവള്ളം കിട്ടും. കൈനകരി കണ്ടതിനു ശേഷം ആലപ്പുഴയ്ക്കു മടങ്ങാൻ സർക്കാർ ബോട്ട് സർവീസുമുണ്ട്.

baijugovind@gmail.com