Tuesday 28 September 2021 11:04 AM IST

മലരിക്കൽ ആമ്പൽ വസന്തം ഇനി കുറച്ചു നാളുകൾ മാത്രം: പൊൻകതിരണിഞ്ഞ് സൂര്യോദയം

Baiju Govind

Sub Editor Manorama Traveller

niranjana -vanitha Photo: sreekanth Kalarickal

കർക്കടക മാസത്തിൽ ആകാശത്തു നിന്ന് ചുവന്ന നിറമുള്ള ആലിപ്പഴങ്ങൾ വീണ് ചെമ്പട്ടു പുതച്ചതു പോലെ അണിഞ്ഞൊരുങ്ങിയിരിക്കുകയാണ് കോട്ടയത്തെ മലരിക്കൽ പ്രദേശം. കണ്ണെത്താ ദൂരത്തോളം അതിമനോഹരമായി ആമ്പൽപ്പൂക്കൾ വിടർന്നു നിൽക്കുന്നു. കോട്ടയത്തിന്റെയും ആലപ്പുഴയുടെയും അതിർത്തിയിലുള്ള കായൽത്തീരമാണ് മലരിക്കൽ. എല്ലാ വർഷവും കൊയ്ത്തു കഴിഞ്ഞ് പാടത്തേക്ക് കായൽ വെള്ളം കയറ്റി വിടുമ്പോഴാണ് ആമ്പൽപ്പൂക്കളുടെ വസന്തം ആരംഭിക്കുന്നത്. വേമ്പനാട്ടു കായലിൽ ഉൾപ്പെടുന്ന മലരിക്കൽ പാടശേഖരം ടൂറിസം കേന്ദ്രമായി പ്രഖ്യാപിച്ചതോടെ കേരളത്തിലെ വിവിധ ജില്ലകളിൽ നിന്ന് ആയിരക്കണക്കിനു പേർ ആമ്പൽച്ചന്തം ആസ്വദിക്കാൻ ഇവിടെയെത്തുന്നു.

കോട്ടയം തുറമുഖം കടന്നാൽ കൊടൂരാറിന് വള്ളത്തുഴയുടെ പിടിഭാഗം നനയുന്നത്രയും ആഴമുണ്ട്. പോളകൾ ഇരിപ്പിടമാക്കാനെത്തുന്ന നീർക്കിളികൾ പുഴയുടെ ആഴം സാക്ഷ്യപ്പെടുത്തുന്നു. നീലക്കോഴി, താമരക്കോഴി, ചേരക്കോഴി, നീർക്കാക്ക തുടങ്ങി കായലിലെ അഭയാർഥികളെയൊക്കെ ഇവിടെ കാണാം. കാർമേഘ വർണമണിഞ്ഞ് ചുണ്ടു ചുവപ്പിച്ച നീലക്കോഴിയാണ് കൂട്ടത്തിൽ സുന്ദരി. മായാജാലക്കാരെ പോലെ വെള്ളത്തിനു മീതെ നടന്നു നീങ്ങുന്ന താമരക്കോഴിയാണ് കൗതുകം. അവയ്ക്കിടയിലൂടെ മുങ്ങിപ്പായുന്ന നീർക്കാക്കകൾ ചിറകു വിടർത്തി വെയിലു കായുന്നു.

കുടമുരുട്ടി മലനിരകളിൽ നിന്നുദ്ഭവിക്കുന്ന മീനച്ചിലാറിന്റെ കൈവഴിയാണ് കൊടൂരാർ. പക്ഷേ, പാലായിൽ നിന്നൊഴുകി വന്ന് കോട്ടയം നഗരത്തെ ചുറ്റി ചുങ്കം കടന്ന് അതേ മീനച്ചിലാർ ഒടുവിൽ വന്നു ചേരുന്ന‍ത് കൊടൂരാറിലാണ്; അതുമൊരു കൈത്തോടിന്റെ വീതിയിൽ! പരന്നു കിടക്കുന്ന നെൽപ്പാടവും വീതിയേറിയ പുഴയും ചേർന്നൊഴുകുന്ന ഈ പ്രദേശം മലരിക്കൽ എന്നറിയപ്പെടുന്നു. ഇവിടെ നിന്നു കോട്ടയം നഗരത്തിലേക്കും വേമ്പനാട്ടു കായലിലേക്കും ജലമാർഗം പാഞ്ഞു കയറാം.

പടിഞ്ഞാററ്റം വരെ പരന്നു കിടക്കുന്ന മലരിക്കലെ നെൽപ്പാടത്തിന്റെ കിഴക്കു ഭാഗത്തു തെളിയുന്ന സൂര്യാസ്തമയ ദൃശ്യം അതി മനോഹരമാണ്. വിളഞ്ഞ നെൽക്കതിരുകളിൽ സായാഹ്ന സൂര്യൻ സ്വർണം പോലെ തിളങ്ങുന്നു. പുഴയുടെ പശ്ചാത്തലത്തിലുള്ള സൂര്യാസ്തമയമാണ് ഈ യാത്രയിലെ ഏറ്റവും മികച്ച ദൃശ്യം.

നദികളുടെ സംഗമ സ്ഥാനം കഴിയുന്നതോടെ കൊടൂരാർ പതുക്കെപ്പതുക്കെ വീതിയേറി കായലിന്റെ രൂപത്തിനു വഴിമാറുന്നു. ഇവിടെ ഇടതുഭാഗത്തായി വലിയ രണ്ടു പാറകളുണ്ട്. കായലും ചതുപ്പും ചേറും നിറഞ്ഞ പ്രകൃതിയിൽ ഒരിടത്തു ശില രൂപപ്പെട്ടതിനെക്കുറിച്ചുള്ള അന്വേഷണം പാതിവഴിയിൽ നിലച്ചു. പാറ വളരുന്നുണ്ടെന്നാണ് പ്രദേശ വാസികൾ പറയുന്നത്. ഇതിനു സമീപത്തൊരു ക്ഷേത്രവുമുണ്ട്.

ആറ്റിലെ വെള്ളത്തിന്റെ സമ്മർദം നുരയായി ഉപരി തലത്തിലേക്ക് പ്രവഹിച്ചുണ്ടാകുന്ന തിരകളെ കോട്ടയത്തുള്ളവർ മലരിയെന്നാണു പറയുക. ചുഴികൾക്കൊപ്പം വെള്ളത്തിൽ രൂപപ്പെടുന്ന മലരികളിൽ നിന്നാണ് മലരിക്കൽ എന്നു പേരുണ്ടായത്. മീനച്ചിലാർ കൊടൂരാറിൽ ലയിക്കുന്ന സംഗമ സ്ഥാനമാണു മലരിക്കൽ. അവിടെയാണ് വർഷത്തിൽ മൂന്നു മാസം ആമ്പൽപ്പൂക്കൾ വസന്തം ഒരുക്കുന്നത്. സൂര്യൻ അസ്തമിക്കുമ്പോൾ ആമ്പൽപ്പൂക്കൾ വിടരും. വെയിൽ പൊങ്ങിയാൽ പൂക്കളുടെ ഇതളുകൾ കൂമ്പിച്ചേർന്നു പൂമൊട്ടുപോലെയാകും. അതിനാൽത്തന്നെ ആമ്പൽ വസന്തം ആസ്വദിക്കാൻ വരുന്നവർ രാവിലെ ഏഴു മണിക്കും ഒൻപതിനുമിടയ്ക്ക് മലരിക്കലിൽ എത്തിച്ചേരണം.