Saturday 23 October 2021 11:23 AM IST

താര ജോര്‍ജ് - 150 രാജ്യങ്ങൾ സന്ദർശിച്ച ഒരേയൊരു മലയാളി പെണ്‍കുട്ടി? കെ.ജി. ജോർജിന്റെ മകൾ എന്നൊരു വിശേഷണം കൂടിയുണ്ട്...

Baiju Govind

Sub Editor Manorama Traveller

1-thara

എവിടെയായിരുന്നു ഇത്രകാലം? താരയോടു ചോദിച്ചു. മറുപടിയൊന്നും പറയാതെ ജീപ്പിന്റെ താക്കോൽ രണ്ടുവട്ടം വിരലിലിട്ടു കറക്കിയ ശേഷം താര മുറ്റത്തേക്കു നടന്നു. അതിരാവിലെ നക്ഷത്രമെണ്ണാനുള്ള പുറപ്പാടാണോ? ‘‘അല്ല’’ ഉറക്കെച്ചിരിച്ചുകൊണ്ട് താര മുകളിലേയ്ക്കു വിരൽ ചൂണ്ടി.

‘‘ഇത്രനാൾ ഞാൻ ആകാശത്തായിരുന്നു. വിമാനത്തിൽ ക്യാബിൻ ക്രൂ. സ്വപ്നം കാണാൻ പോലും നേരമില്ലാതെ നൂറ്റൻപതു രാജ്യങ്ങൾ പിന്നിട്ടപ്പോൾ ട്രാക്ക് മാറ്റിപ്പിടിക്കാൻ തോന്നി. ജോലി ഉപേക്ഷിച്ചു. ഇനിയുള്ള കാലം ഡാഡിയുടേയും മമ്മിയുടേയും മകളായി കൊച്ചിയിൽ താമസിക്കാനാണു തീരുമാനം’’ വരഞ്ഞൊരുക്കിയ കണ്ണുകളിൽ കുസൃതിയൊളിപ്പിച്ച് താര വീണ്ടും ചിരിച്ചു.

അൽപ നേരത്തേയ്ക്ക് മറുത്തൊന്നും പറയാനും ചോദിക്കാനും തോന്നിയില്ല. പൈലറ്റാകണമെന്നു മോഹിച്ച് എയർഫോഴ്സിൽ ചേരാൻ പോയ പെൺകുട്ടി. അതു നടക്കാതെ വന്നപ്പോൾ അവൾ ബെംഗളൂരുവിലെ കാൾ സെന്ററിലെത്തി. പിന്നീട്, ആഗ്രഹിച്ച പോലെ എയർലൈൻസിൽ ജോലി കിട്ടിയെന്നു മാത്രമല്ല ഖത്തർ രാജാവിന്റെ വിമാനത്തിൽ സീനിയർ സ്റ്റാഫുമായി. ഇപ്പോൾ ഇതാ, ആ ജോലി ഉപേക്ഷിച്ച് കൊച്ചിയിലേക്കു മടങ്ങിയിരിക്കുന്നു ! രമണ മഹർഷിയുടെ ആശ്രമവും സദ്ഗുരുവിന്റെ യോഗ കേന്ദ്രവുമൊക്കെയാണ് താരയുടെ പുതിയ താവളങ്ങൾ. അദ്ഭുതപ്പെടാനില്ല, മലയാള സിനിമയ്ക്കു ചട്ടക്കൂടൊരുക്കിയ കെ.ജി. ജോർജും ആത്മസാക്ഷാത്കാരത്തിന്റെ പാതയിൽ ഇങ്ങനെയൊക്കെയായിരുന്നു. മലയാളികൾ കാലം വൈകിയാഘോഷിക്കുന്ന കെ.ജി ജോർജിന്റെ ജീവിതത്തിലെ മനോഹരമായ സൃഷ്ടിയാണു താര – സംശയം വേണ്ട.

1981. വെള്ളിത്തിരയിൽ ‘യവനിക’ റിലീസായ വർഷം. കെ.ജി. ജോർജിന്റെയും സെൽമയുടെയും മകളായി താര ജനിച്ചതും ഇതേ വർഷമാണ്. രേഖയുടെ മരണം ഒരു ഫ്ളാഷ് ബാക്ക്, ഉയരങ്ങളിൽ തുടങ്ങി സൂപ്പർഹിറ്റ് സിനിമകളിലൂടെ അക്കാലത്തു തിരക്കേറിയ സംവിധായകനാണു ജോർജ്. ഗായികയുടെയും സംവിധായകന്റെയും മകളായ താര ആറു വയസ്സുവരെ ചെന്നൈയിൽ താമസിച്ചു. ‘‘എന്റെ മക്കൾ രണ്ടാളും മലയാളത്തിൽ സംസാരിക്കണം. മലയാളം എഴുതണം, വായിക്കണം. അവർ രണ്ടാളും കേരളത്തിൽ പഠിക്കുന്നതാണു നല്ലത്’’ ഒരു പ്രഭാതത്തിൽ തന്റെ തീരുമാനം ജോർജ് സെൽമയോടു പറഞ്ഞു.

തിരുവനന്തപുരത്ത് ചിത്രാഞ്ജലി സ്റ്റുഡിയോ ഉണ്ടായിരുന്നതിനാൽ കേരളത്തിലെ സിനിമകളുടെ പോസ്റ്റ് പ്രൊഡക്‌ഷൻ വർക്കുകൾ നടന്നിരുന്നതു തലസ്ഥാനത്താണ്. ജോലി സൗകര്യം നോക്കി തിരുവല്ലക്കാരനായ ജോർജ് മകൻ അരുണിനെയും താരയേയും തിരുവനന്തപുരത്തു സർക്കാർ സ്കൂളിൽ ചേർത്തു. ‘‘സമൂഹത്തിലെ എല്ലാ തുറകളിലുള്ളവരുടേയും കൂടെ വളരണം. അപ്പോഴാണു ജീവിക്കാനുള്ള സാമർഥ്യമുണ്ടാകൂ’’ മക്കളെ ചേർത്തു പിടിച്ച് ജോർജ് പണ്ടു പറഞ്ഞത് താര ഓർക്കുന്നു.

‘‘ഞാൻ മാർ ഇവാനിയോസിൽ പ്രീഡിഗ്രി പഠിക്കുമ്പോഴാണ് ഡാഡി സംവിധാനം ചെയ്ത ഇലവങ്കോട് ദേശം ഇറങ്ങിയത്. ഈ സിനിമയിൽ അഭിനയിക്കാനെത്തിയ ഖുശ്ബു എന്റെ മമ്മി നടത്തിയിരുന്ന ‘സ്പ്ലെൻഡർ’ ബ്യൂട്ടി പാർലറിൽ വന്നു. കോയമ്പത്തൂരിൽ നല്ല ബ്യൂട്ടി പാർലറില്ലെന്നും അവിടെയൊരു ബ്യൂട്ടി പാർലർ തുടങ്ങണമെന്നും മമ്മിയോടു പറഞ്ഞു. ഇതേ സമയത്താണ് ഡാഡിയുടെ നേതൃത്വത്തിൽ സിനിമാ ടെക്നീഷ്യന്മാരുടെ സംഘടന ‘മാക്ട’ രൂപീകരിച്ചത്. അപ്പോഴേയ്ക്കും മലയാള സിനിമയുടെ കേന്ദ്രം കൊച്ചിയിലേക്കു മാറിക്കഴിഞ്ഞിരുന്നു. ഡാഡിയോടൊപ്പം ഞാൻ കൊച്ചിയിലേക്കും എന്റെ സഹോദരൻ അരുൺ മമ്മിയുടെ കൂടെ കോയമ്പത്തൂരിലേക്കും താമസം മാറി.

2-thara

തിരുവല്ല മുതൽ വൈപ്പിൻ വരെ

സിനിമകളുടെ ഇടവേളകളിൽ ഞങ്ങളെയും കൂട്ടി മമ്മിയും ഡാഡിയും തിരുവല്ലയിലേക്കു പോകുമായിരുന്നു. തിരുവല്ലയ്ക്കു സമീപം കുളക്കാട്ടാണു ഡാഡിയുടെ ജന്മനാട്. ഞങ്ങൾ എത്തുന്ന ദിവസം കൊച്ചന്നാമ്മച്ചി അവലോസുണ്ടയും കായ ഉപ്പേരിയും കുഴലപ്പവും ഉണ്ടാക്കി വയ്ക്കും. ഡാഡിയുടെ അമ്മയാണു കൊച്ചന്നാമ്മച്ചി. കൊച്ചന്നാമച്ചിയുടെ കൈപ്പുണ്യത്തെ മറികടക്കുന്ന സ്വാദ് ലോകത്തു വേറെയെവിടെയും ആസ്വദിച്ചിട്ടില്ല.

മമ്മിയുടെ തറവാട് വൈപ്പിനിലാണ്. അക്കാലത്ത് ഒറ്റപ്പെട്ടു കിടക്കുന്ന ദ്വീപാണു വൈപ്പിൻ. എറണാകുളത്തു നിന്നു ബോട്ടിലാണ് അവിടേയ്ക്കു യാത്ര. അരികു സീറ്റിലിരുന്ന് കൊച്ചിക്കായലും മട്ടാഞ്ചേരിയും കണ്ടത് ഇന്നലെയെന്ന പോലെ ഓർമയുണ്ട്. പാപ്പുക്കുട്ടി ഭാഗവതരാണ് മമ്മിയുടെ അച്ഛൻ. ‘അപ്പ’യെന്നാണു ഞാനും അരുണും വിളിച്ചിരുന്നത്. അപ്പയിൽ നിന്നാണു മമ്മി പാട്ടു പഠിച്ചത്. തറവാട്ടിലെ പറമ്പിൽ പേരയ്ക്കാ മരവും കുളവുമുണ്ടായിരുന്നു. അരുണിന്റെ കൂട്ടുകാരോടൊപ്പം ഞാനും കുളത്തിൽ നീന്തി, മരത്തിൽക്കയറി പേരയ്ക്ക പറിച്ചു. എല്ലാവരും എന്നെ ‘മരംകേറി’യെന്നു കളിയാക്കുമായിരുന്നു. മമ്മിയുടെ അമ്മ ബേബി രുചികരമായി മീൻകറിയുണ്ടാക്കും. കൊച്ചിയിലെ വീട്ടമ്മമാർ തയാറാക്കുന്ന മീൻകറിയുടെ രുചി, അതു വെറെ ലെവലാണ്.

പ്രീ ഡിഗ്രി കഴിഞ്ഞപ്പോൾ പൈലറ്റ് ആവണമെന്ന് ആഗ്രഹമുദിച്ചു. അതിനു വേണ്ടിയാണ് ഡിഗ്രിക്കു ഫിസിക്സ് തിരഞ്ഞെടുത്തത്. എറണാകുളത്തു സെന്റ് തെരേസാസ് കോളേജിൽ ചേർന്നു. ഒരു വർഷം കഴിഞ്ഞപ്പോൾ ഡാഡി എന്നെയും അരുണിനെയും അടുത്തു വിളിച്ച് ഒരു കാര്യം അറിയിച്ചു. ‘‘ ഇനി നിങ്ങളുടെ ചെലവിനുള്ള പണം നിങ്ങൾ സമ്പാദിക്കണം’’. ആദ്യമൊരു നടുക്കം തോന്നിയെങ്കിലിലും അക്കാര്യം ഞാൻ ഗൗരവമായി എടുത്തു. വട്ടച്ചെലവിനുള്ള കാശൊപ്പിക്കാൻ മോഡലിങ് രംഗത്തേയ്ക്ക് ഇറങ്ങി. റോട്ടറി മിസ് ക്യൂൻ മത്സരം ആ മേഖലയിൽ വഴിത്തിരിവായി. പിന്നീട് സ്റ്റജ് പരിപാടികളിൽ അവതാരകയായി. ഒരിടത്തും കെ.ജി. ജോർജിന്റെ മകളെന്നു പരിചയപ്പെടുത്തി ആനുകൂല്യം തേടിയിട്ടില്ല. ഇങ്ങനെയൊരു നിലപാടു സ്വീകരിക്കാൻ പഠിപ്പിച്ചതും ഡാഡിയാണ്.

പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നാണു ഡാഡി സിനിമ പഠിച്ചത്. ജയബച്ചൻ, അമിതാഭ് ബച്ചൻ, ശത്രുഘൻ സിൻഹ തുടങ്ങി ഇന്ത്യൻ സിനിമയിലെ അതികായന്മാരായിരുന്നു ഡാഡിയുടെ സഹപാഠികൾ. കേരളത്തിൽ വരുമ്പോൾ അവരിൽ പലരും ഡാഡിയെ കാണാൻ വരുമായിരുന്നു. ഡാഡിയുടെ ഷൂട്ടിങ് ലൊക്കേഷനുകളിലും ഞാനും അരുണും പോകുമായിരുന്നു. ചുരുക്കിപ്പറഞ്ഞാൽ സിനിമയുടെ സിനിമയുടെ വെള്ളിവെളിച്ചത്തിനു കീഴിലാണ് ഞാൻ വളർന്നത്. എന്തുകൊണ്ടെന്നറിയില്ല. അന്നും ഇന്നും എനിക്കു സിനിമയിൽ അഭിനയിക്കണമെന്നു തോന്നിയിട്ടില്ല.

ഡിഗ്രി കഴിഞ്ഞയുടനെ എയർഫോഴ്സിൽ പൈലറ്റാവാൻ ശ്രമിച്ചു. അതു പരാജയപ്പെട്ടതിന്റെ ദുഖവുമായി ഒതുങ്ങാൻ തയാറല്ലാത്തതിനാൽ ഞാൻ ബെംഗളൂരുവിലേക്കു പോയി. അവിടെ കാൾ സെന്ററിൽ ജോലി കിട്ടി. ടേണിങ് പോയിന്റായിരുന്നു അത്; യാത്രകളുടെ തുടക്കം. കൂട്ടുകാരോടൊപ്പം ബെംഗളൂരു നഗരത്തിന്റെ പുതുമകളിലൂടെ കറങ്ങി. അന്നത്തെ ബെംഗളൂരു ആകാശപാതകളുടെ ഉയരത്തിലേക്കു കുതിച്ചിട്ടില്ല. പഴയ കെട്ടിടങ്ങളും വലിയ മാർക്കറ്റും ജനക്കൂട്ടവുമായിരുന്നു അക്കാലത്തു ബെംഗളൂരുവിന്റെ മുഖചിത്രം.

ബെംഗളൂരു വാസത്തിനിടെയാണു ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിൽ പങ്കെടുത്തത്. ഗൾഫ് യാത്ര ജീവിതം മാറ്റിമറിച്ചു. ഖത്തർ എയർവേയ്സിൽ ക്യാബിൻ ക്രൂവലായി ജോലി കിട്ടി. ഫൈവ് സ്റ്റാർ ഹോട്ടലിൽ താമസം. ലോകത്ത് കിട്ടുന്നതിൽ ഏറ്റവും മുന്തിയ ഭക്ഷണം. ആഡംബരത്തിന്റെ അവസാന വാക്കെന്നു പറയാവുന്ന എല്ലായിടങ്ങളിലും സ്ഥിരം സന്ദർശനം. ഓരോ ദിവസങ്ങളിലും പരിചയപ്പെടുന്നതു ലോകം ബഹുമാനിക്കുന്ന വ്യക്തികളെയാണ്. ലൈഫ് ൈസ്റ്റൽ ഭൂമിയിൽ നിന്ന് ആകാശത്തേയ്ക്കുയർന്നു. സുഖകരമായ ജോലിയുടെ ഏഴാം വർഷം ഖത്തർ രാജാവ് ഷെയ്ഖ് തമീമിന്റെ പഴ്സനൽ വിമാനത്തിലേക്കു ക്ഷണം ലഭിച്ചു.

എയൽലൈൻസ് ജോലിക്കാർ സ്വപ്നം കാണുന്ന പദവിയാണു ഗൾഫിലെ രാജാക്കന്മാരുടെ സ്വകാര്യ വിമാനത്തിലെ ജോലി. വിമാനത്തിലെ ജോലിക്കാർക്ക് എല്ലായിടത്തും രാജകീയ പരിഗണന ലഭിക്കും. എന്നെക്കാൾ ഒരു വയസ് മുതിർന്നയാളാണ് ഷെയ്ഖ് ഹമദ് രാജാവിന്റെ മകൻ ഷെയ്ഖ് തമീം. കഥകളിൽ കേട്ടു പരിചയിച്ചപോലെ ആജ്ഞ പുറപ്പെടുവിക്കുന്ന രാജാവായിട്ടല്ല അദ്ദേഹം ഞങ്ങളുടെ മുന്നിലെത്തിയത്. ക്യാബിനിലെ ജോലിക്കാരെ പേരു വിളിച്ച് അഭിവാദ്യം ചെയ്തു. രാജപദവിയിലും വിനയത്തിന്റെ ഭാഷയ്ക്കാണു തിളക്കമെന്നു സ്വന്തം പെരുമാറ്റത്തിലൂടെ അദ്ദേഹം തെളിയിച്ചു.

4-thara

സ്വപ്നം പോലെ തഹീതി

വിമാനം ഇറങ്ങുന്ന രാജ്യം സന്ദർശിക്കാൻ ക്യാബിൻ ക്രൂവിന് അനുമതിയുണ്ട്. അതേസമയം ഒരു രാജ്യത്തു വീണ്ടും പോകുമെന്ന് ഉറപ്പില്ല. അതിനാൽത്തന്നെ ഓരോ രാജ്യത്തു ചെല്ലുമ്പോഴും ഞാൻ ടൂറിസ്റ്റുകൾക്കു പ്രവേശനമുള്ള സ്ഥലങ്ങളിലെല്ലാം ചുറ്റിക്കറങ്ങും. പതിനാലര വർഷം ആകാശയാത്രയ്ക്കിടെ നൂറ്റൻ‌പതു രാജ്യങ്ങൾ സന്ദർശിച്ചു. കടൽത്തീര നഗരങ്ങളാണ് എനിക്കിഷ്ടം.

ഏറ്റവും പ്രിയപ്പെട്ട സ്ഥലം ‘തഹീതി’ ദ്വീപാണ്. ഫ്രഞ്ച് – പോളിനേഷ്യൻ ദ്വീപാണു തഹീതി. സൗത്ത് പസഫിക് സമുദ്രത്തിൽ ഹവായി, ഫിജി ദ്വീപുകളുടെ കൂട്ടത്തിലൊന്നാണു തഹീതി. ഫ്രഞ്ച് അധിനിവേശ കോളനിയായിരുന്നു. അഗ്നിപർവത സ്ഫോടനം സംഭവിച്ചുണ്ടായ ദ്വീപണാത്രേ. മണ്ണിനു കറുത്ത നിറമാണ്. മനുഷ്യർ വെളുത്തവരും. ഓരോ ദിവസവും ഉറക്കമുണരുമ്പോൾ സൂര്യനെയും കടലിനെയും ഭൂമിയേയും ആകാശത്തേയും വണങ്ങിക്കൊണ്ടാണ് അവർ പകൽ ജീവിതം ആരംഭിക്കുക. അവിടത്തുകാരുടെ പരസ്പര ബഹുമാനം മറ്റൊരു സമൂഹത്തിലും കണ്ടിട്ടില്ല. തഹീതിയിലുള്ളവർ സൽക്കാരപ്രിയരാണ്. അതിഥികളെ അവർ പൂമാലയിട്ടു സ്വീകരിക്കുന്നു; മുത്തുമാലയണിയിച്ചു യാത്രയാക്കുന്നു.

കപ്പൽ കടന്നു പോകുമ്പോൾ ഉയർന്നു ചാടുന്ന ഡോൾഫിനുകൾ തഹീതിയുടെ തീരക്കാഴ്ചയാണ്. ലോകത്തിന്റെ വിവിധ ഭാഗത്തു നിന്നുള്ളവർ തഹീതിയിൽ എത്തുന്നു. തദ്ദേശീയർ അക്ഷര സ്ഫുടതയോടെ ഇംഗ്ലിഷ് സംസാരിക്കുന്നതിനാൽ അതിഥികൾക്ക് യാത്ര സുഖകരമാണ്. ഒരു ദ്വീപിൽ നിന്നു മറ്റൊരു ദ്വീപിലേക്ക് നീന്തിപ്പോകുന്ന വളർത്തു നായയെ തഹീതിയിൽ കണ്ടു. അതിനെ കണ്ടപ്പോൾ ഞാൻ ഓമനിച്ചു വളർത്തിയ ‘ബക്കാർഡി’ യെയും കുടുംബത്തിലെ ഒരംഗത്തെ പോലെ വളർ‌ന്ന ‘വിസ്കി’ യെയും ഓർത്തു. എന്നിൽ നിന്നു പൊടുന്നനെ മരണം തട്ടിയെടുത്ത വളർത്തു നായ്ക്കളാണ് വിസ്കിയും ബക്കാർഡിയും.

ഖത്തർ ഡേയ്സ്

ഖത്തറിൽ താമസിക്കുമ്പോഴാണ് ഡ്രൈവിങ് ലൈസൻസ് നേടിയത്. സ്ത്രീകൾക്കു ലൈൻസ് ലഭിക്കാൻ ഒട്ടേറെ കടമ്പകളുള്ള രാജ്യമാണു ഖത്തർ. ഭാഗ്യമെന്നു പറയട്ടെ ഞാൻ ആദ്യത്തെ ശ്രമത്തിൽ തന്നെ ടെസ്റ്റ് പാസായി. ആദ്യം ഓടിച്ച വണ്ടി ‘കിയ’യാണ്. പിന്നീടു ഹ്യുണ്ടായ് ക്രേറ്റയിലിലേക്കു മാറി. ഖത്തറിലുള്ളവരുടെ കുറഞ്ഞ വേഗം 100 – 120 കിലോമീറ്ററാണ്. അതിനിടയിലൂടെ യാത്രയ്ക്കു റെയ്ഞ്ച് റോവറാണു നല്ലത്. എനിക്ക് ഡ്രൈവ് ചെയ്യാൻ ഏറ്റവും ഇഷ്ടമുള്ള കാറാണു റെയ്ഞ്ച് റോവർ.

പാർട്ടികളും ആഘോഷങ്ങളും ആസ്വദിക്കുന്നയാളാണു ഞാൻ. ഓരോ രാജ്യങ്ങളിലും രുചിവൈവിധ്യങ്ങൾ പരീക്ഷിക്കാറുണ്ട്. ചൈനീസ്, തായ് വിഭവങ്ങളാണ് ഇഷ്ടം. പോസിറ്റിവായി ചിന്തിക്കുന്നതിനാൽ ആയിരിക്കാം ജിവിതത്തിൽ ആഗ്രഹിച്ചതെല്ലാം കിട്ടി. ഇതിനിടെ എന്തെല്ലാമാണു ‘മിസ്’ ചെയ്യുന്നതെന്ന് ഞാൻ ആലോചിക്കാറുണ്ട്.

എല്ലാ ദിവസവും ഉച്ചയൂണു കഴിഞ്ഞ് പുസ്തകം വായിച്ച് ഉറങ്ങുന്ന ശീലമുണ്ട് ഡാഡിക്ക്. ഈ സമയത്ത് ഞാൻ ശബ്ദമുണ്ടാക്കാതെ ബെഡിൽ കയറി ഡാഡിയെ കെട്ടിപ്പിടിച്ചു കിടക്കും. ഓർമ വച്ചനാൾ മുതൽ ഇന്നു വരെ എനിക്ക് ഏറ്റവും സന്തോഷം തന്നിട്ടുള്ള നിമിഷങ്ങളാണ് അത്.

ഗാനമേളയ്ക്കു പാട്ടു പാടാൻ റിഹേഴ്സൽ ചെയ്യുന്ന മമ്മിയുടെ ഈണവും ഡാഡിയുടെ സ്നേഹവും നഷ്ടപ്പെടുത്താൻ എനിക്കു കഴിയില്ല. ജീവിതത്തിൽ ഒരിക്കലും ഡാഡി എന്നെ വഴക്കു പറഞ്ഞിട്ടില്ല. ഒന്നും ആവശ്യപ്പെട്ടു നിർബന്ധിച്ചിട്ടില്ല; വിവാഹക്കാര്യം പോലും. എന്റെ മനസ്സ് എന്നെ നിരന്തരം ഓർമിപ്പെടുത്തുന്നു – യു ആർ എ പെർഫെക്ട്‌ ഡാഡീസ് ഗേൾ. റൺവേയിലെ ഇരമ്പലിലും ആകാശ നിശബ്ദതയിലും മറ്റാരും കേൾക്കാതെ ഈ വാക്കുകൾ എന്റെ കാതുകളിൽ ആരോ മന്ത്രിക്കുന്ന പോലെ തോന്നാറുണ്ട്. അടുത്ത നിമിഷം ഞാൻ നെടുമ്പാശേരിയിലേക്കു ടിക്കറ്റ് ബുക്ക് ചെയ്യും.

എവിടെ പോയാലും ഞാൻ ഓടിയെത്താൻ ആഗ്രഹിക്കുന്ന നാടു കേരളമാണ്. നൂറ്റൻപതിലേറെ രാജ്യങ്ങൾ സന്ദർശിച്ചപ്പോഴും എന്റെ മനസ്സ് നാട്ടിൽത്തന്നെയായിരുന്നു. യോഗ പരിശീലിക്കാനും ശിവന്റെയും കൃഷ്ണന്റെയും ഭജൻസ് കേൾക്കാനും എന്നെ പ്രേരിപ്പിച്ചത് ജന്മദേശവുമായുള്ള ഈ ബന്ധമായിരിക്കാം.

3-thara

ട്രാവൽ മന്ത്ര

ഭജനകൾ കേട്ടാണു ദിവസം ആരംഭിക്കാറുള്ളത്. കൃഷ്ണകീർത്തനത്തിലും ശിവസ്തുതിയിലും മുഴുകി രാവിലെ മസ്തിഷ്കത്തെ ഉണർത്തുന്നു. അതു കഴിഞ്ഞ് ശരീരത്തിലെ എനർജി പോയിന്റുകളെ ഉണർത്താൻ ‘മർമ വാംഅപ്പ്’. ധ്യാനമാണു മറ്റൊരു ജീവനകല. പിന്നീട് ഒരു മണിക്കൂർ യോഗ. അതിനു ശേഷം പ്രഭാത ഭക്ഷണം. മനുഷ്യർ ഭക്ഷിക്കുന്ന വിഭവങ്ങളുടെയെല്ലാം രുചിയറിഞ്ഞിട്ടുള്ള ഞാൻ ഇപ്പോൾ സമ്പൂർണ വെജിറ്റേറിയനാണ്. ജീവിത രീതി ഈ വിധം മാറിയിട്ട് ആറു മാസമായി. യോഗയും ധ്യാനവും പരിശീലിച്ച ശേഷം ജീവിതത്തിൽ മറ്റൊരു പങ്കാളി വേണമെന്നുള്ള തോന്നൽ ഇല്ലാതായി. അതേസമയം ജീവിത പങ്കാളി വേണ്ടെന്നുള്ള അഭിപ്രായക്കാരിയല്ല ഞാൻ.

ധ്യാനത്തിനും ആരോഗ്യ പരിപാലനത്തിനുമായി ലോകത്തിന്റെ വിവിധ ഭാഗത്തു നിന്ന് ആളുകൾ എന്നെ വിളിക്കാറുണ്ട്. അവർക്കു വേണ്ടി വിഡിയോ സെഷൻസ് നടത്തുന്നുണ്ട്. ‘ഹോളിസ്റ്റിക് ആൻഡ് വെൽനെസ് ഹെൽത്ത് കോച്ച്’ എന്നാണ് അവർ എന്നെ വിശേഷിപ്പിക്കുന്നത്.

എന്താവണം, എന്താവരുത് എന്നുള്ള ബോധ്യമാണ് യാത്രയിലൂടെ പെൺകുട്ടിക്കു ലഭിക്കുന്ന നേട്ടം. നാളെ നേരം പുലരുമ്പോൾ ഉണരുമെന്ന് യാതൊരു ഉറപ്പുമില്ലാതെയാണ് നമ്മളെല്ലാവരും ഉറങ്ങുന്നത്. ഉറങ്ങുന്നതു വരെ സന്തോഷം സന്തോഷം കണ്ടെത്താനാണു ഞാൻ ശ്രമിക്കുന്നത്. ലോകം ചുറ്റാൻ അവസരമുണ്ടായിട്ടും ജോലി ഉപേക്ഷിച്ചതെന്തിന് എന്നു ചോദിക്കുന്നവരോട് ഇതാണ് എനിക്കു പറയാനുള്ള മറുപടി. ഇന്ത്യ മുഴുവൻ യാത്ര ചെയ്യണം. അതാണ് എന്റെ അടുത്ത പ്ലാൻ...