Friday 09 February 2018 03:31 PM IST

ഏഴരപ്പള്ളികൾ കണ്ടിട്ടുണ്ടോ? അവിടെ ചെന്ന് നേര്‍ച്ച ചെയ്തിട്ടുണ്ടോ

Baiju Govind

Sub Editor Manorama Traveller

1)-Arappalli 1) തിരുവിതാംകോട് സെന്റ് മേരീസ് ഒാർത്തഡോക്സ് ചർച്ച് (അരപ്പള്ളി) ഫോട്ടോസ്: സരുണ്‍ മാത്യു, ഹരികൃഷ്ണൻ, ശ്യാം ബാബു, ടിബിൻ അഗസ്റ്റിൻ

കേരളത്തിലെ ക്രൈസ്തവ ചരിത്രം തുടങ്ങുന്നത് മാർത്തോമ്മാ ശ്ലീഹയിലാണ്. എഡി അമ്പത്തിരണ്ടിൽ ഇപ്പോഴത്തെ കൊടുങ്ങല്ലൂരിലുള്ള തുറമുഖത്താണ് തോമ്മാശ്ലീഹയുടെ നൗക എത്തിയതെന്നു കരുതപ്പെടുന്നു; കാലഗണന നടത്തുകയാണെങ്കിൽ രണ്ടായിരം വർഷം മുൻപ്. കൊടുങ്ങല്ലൂരിൽ നിന്നു പുറപ്പെട്ട് കന്യാകുമാരി വരെ ജലസവാരി ചെയ്ത് മാർത്തോമ്മാ ഏഴരപ്പള്ളികൾ സ്ഥാപിച്ചുവെന്നാണ് വിശ്വാസം. കന്യാകുമാരിക്കടുത്തുള്ള പള്ളി സ്ഥാപിച്ച ശേഷം തമിഴ്നാട്ടിൽ വച്ച് മാർത്തോമ്മാശ്ലീഹ വധിക്കപ്പെട്ടുവെന്നാണ് ഐതിഹ്യം. ഈ പള്ളിയാണ് അരപ്പള്ളി എന്ന പേരിൽ അറിയപ്പെടുന്നത്. കേരളത്തിലെ ക്രിസ്ത്യാനികളുടെ അപ്പോസ്തലനായ മാർത്തോമ്മാശ്ലീഹ സ്ഥാപിച്ച പള്ളികളിലൂടെ ഒരു യാത്രയ്ക്ക് വിശ്വാസപാതയിൽ പ്രാധാന്യമുണ്ട്. ഏഴരപ്പള്ളികളെക്കുറിച്ച് റമ്പാൻപാട്ടിന്റെ വരികളിൽ‌ എടുത്തു പറഞ്ഞിട്ടുണ്ട്.

‘‘കൊല്ലം നിരണം കോക്കമംഗലം കോട്ടക്കായൽ

മലംപ്രദേശമായി ചായൽ പാലൂരും പിന്നെ

അരചന്നിരിപ്പിടം കൊടുങ്ങല്ലൂരെന്നവയേഴും’’

ഇന്ത്യയിലെ ക്രൈസ്തവ ചരിത്രത്തിന് മാർത്തോമ്മാശ്ലീഹയിട്ട അടിത്തറ പാട്ടിന്റെ വരികളിൽ നിലകൊള്ളുന്നതിങ്ങനെ.

അരപ്പള്ളി

മാർത്തോമ്മാ ശ്ലീഹയുടെ പേരിലുള്ള രാജ്യാന്തര തീർഥാടന കേന്ദ്രമാണ് കന്യാകുമാരി ജില്ലയിൽ സ്ഥിതി ചെയ്യുന്ന അരപ്പള്ളി. തിരുവിതാംകോട് സെന്റ് മേരീസ് ഒാർത്തഡോക്സ് ചർച്ച് എന്ന അരപ്പള്ളി അദ്ദേഹം അവസാനം സ്ഥാപിച്ച പള്ളിയെന്നാണു വിശ്വസിക്കപ്പെടുന്നത്.

കേരളവും തമിഴ്നാടുമായി അതിരുകൾ വരുന്നതിനു മുൻപുള്ള കാലം. ചേരരാജവംശമായിരുന്നു കന്യാകുമാരി ഉൾപ്പെടെയുള്ള തീരദേശം ഭരിച്ചിരുന്നത്. ഇപ്പോഴത്തെ നാഗർകോവിലിനും തക്കലയ്ക്കും സമീപത്തുള്ള തിരുവിതാംകോട് എന്ന പ്രദേശം യോകിം എന്ന നാട്ടുരാജാവിനു കീഴിലായിരുന്നു. കരകൗശല വസ്തുക്കളുടെയും കളിമൺ പാത്രങ്ങളുടെയും വിപണന കേന്ദ്രമായിരുന്നു ആ നാട്. ജൂതന്മാരായിരുന്നു വ്യാപാരികൾ. മുസിരിസിൽ തുടങ്ങിയ യാത്രയുടെ തുടർച്ചയിൽ മാർത്തോമ്മാ ശ്ലീഹ തിരുവിതാംകോടെത്തി. അഴകിയ മണ്ഡപത്തു നിന്നു നാലു കിലോമീറ്റർ ഉൾഭാഗത്തായി നിലകൊള്ളുന്ന ‘അരപ്പള്ളി’ അതിന്റെ സ്മാരകമായി നിലനിൽക്കുന്നു.

അരചന്റെ പള്ളി എന്ന പേരാണ് അരപ്പള്ളിയായി മാറിയതെന്ന് ഐതിഹ്യം. ഏഴരപ്പള്ളികളിൽ വ്യക്തമായി പൗരാണികതയുടെ ദൃശ്യഭംഗി തെളിഞ്ഞു നിൽക്കുന്നു അരപ്പള്ളിയിൽ. ഒറ്റക്കല്ലുകൾ ചേർത്തുവച്ചു നിർമിച്ച ചുമരും പ്രവേശന കവാടവും അരപ്പള്ളിയുടെ പഴമ വ്യക്തമാക്കുന്നു. കരിങ്കല്ലിൽ കൊത്തിയ ശിൽപ്പങ്ങളും കാൽകഴുകാനുള്ള കൽത്തൊട്ടിയും അതിപുരാതന ശേഷിപ്പുകളായി സംരക്ഷിച്ചിട്ടുണ്ട്. അരപ്പള്ളിയിൽ നിന്നുള്ള മടക്ക യാത്രയിൽ റമ്പാൻ പാട്ടിന്റെ വരികൾ കാതിൽ മുഴങ്ങി...

‘‘അവിടന്നങ്ങനെ കോക്കമംഗലത്തും

കൊല്ലത്തും താൻ ചെന്നെത്തി’’

മാർത്തോമ്മാ ശ്ലീഹയുടെ കൊല്ലം യാത്രയെക്കുറിച്ച് റമ്പാൻപാട്ടിലെ വരികൾ...

2)-Kollam 2) ഔർ ലേഡി ഓഫ് പ്യൂരിഫിക്കേഷൻ ചർച്ച് – കൊല്ലം

കടലെടുത്ത കൊല്ലം പള്ളി

ഏഴരപ്പള്ളികളിലൊന്നായ കൊല്ലത്തെ പള്ളി നില നിന്നിരുന്ന സ്ഥലത്ത് ഇപ്പോൾ കടലാണ്. പ്രകൃതിക്കു മാറ്റം വന്നെങ്കിലും മാർത്തോമ്മാ ശ്ലീഹയുടെ സഞ്ചാരപഥങ്ങളുടെ ഓർമ തിളക്കത്തോടെ നിലനിൽക്കുന്നു. ആ വിശ്വാസക്കൂട്ടായ്മയിൽ രൂപീകൃതമായതാണ് ഔർ ലേഡി ഓഫ് പ്യൂരിഫിക്കേഷൻ ചർച്ച്.

പണ്ട്, കൊല്ലത്ത് അഷ്ടമുടിക്കായലിന്റെ തീരം ജൂതന്മാരുടെ കേന്ദ്രമായിരുന്നു. ഇഞ്ചി, ഏലം, ജാതി, തേക്ക്, ഈട്ടി തുടങ്ങിയ സാധനങ്ങൾ ചൈനയിലേക്കും അറബി നാടുകളിലേക്കും കയറ്റി അയച്ചിരുന്നത് ഇവിടെ നിന്നായിരുന്നു. മുസിരിസിൽ കച്ചവടത്തിനെത്തിയവരിലേറെയും കൊല്ലം തുറമുഖവും സന്ദർശിച്ച് വ്യാപാരം മെച്ചപ്പെടുത്തി.

എ. ഡി. അൻപത്തിരണ്ടിൽ നില നിന്നിരുന്ന ‘കൊല്ലം പോർട്ട് ചർച്ച്’ ഇന്ന് തിരമാലകളോളം ശക്തിയുള്ള സ്മരണയാണ്. ആകാശച്ചെരുവോളം നീളുന്ന കഥകൾ ആ തീരത്ത് അന്ത്യവിശ്രമം കൊള്ളുന്നു...

3)-Niranam 3) നിരണം സെന്റ് മേരീസ് ഒാർത്തഡോക്സ് സിറിയൻ ചർച്ച്

മാർത്തോമ്മാ ശ്ലീഹയുടെ കാൽപ്പാടുകളെ പിന്തുടർന്നുള്ള ഈ യാത്ര ആരംഭിക്കേണ്ടത് മുസിരീസിൽ നിന്നാണ്. പുരാതന മലയാള നാടിന്റെ പ്രധാന കച്ചവട കേന്ദ്രവും തുറമുഖ പട്ടണവും അവിടെ ചരിത്രകാരന്മാർ ഖനനം ചെയ്തെടുത്തു. ആ തീരത്ത് സെന്റ് തോമസ് കപ്പലിറങ്ങിയെന്നാണു വിശ്വസിക്കപ്പെടുന്നത്.

മുസിരിസിൽ നിന്ന് മാല്യങ്കരയിൽ

കൊടുങ്ങല്ലൂരിനടുത്ത് മാല്യങ്കരയിലേക്കാണ് പോകുന്നത്. അവിടെയാണല്ലോ കടലിലൂടെ കാതങ്ങൾ താണ്ടി മാർത്തോമ്മാ ശ്ലീഹ ആദ്യം എത്തിയത്.

ഇന്നലെ പെയ്ത മഴയുടെ ബാക്കി പറവൂരിന്റെ വഴിയരികിൽ തളം കെട്ടി നിന്നു. മൂത്തകുന്നം കടക്കുന്നതു വരെ ചന്നംപിന്നം മഴ. മാല്യങ്കര പാലത്തിനു താഴെയുള്ള പൊട്ടിപ്പൊളിഞ്ഞ റോഡിന്റെ ഓരം ചേർന്ന് തുറമുഖത്തെത്തി. ഈ തുറമുഖത്തല്ലേ മാർത്തോമ്മാ ശ്ലീഹയുടെ നൗക വന്നണഞ്ഞത്...

‘‘AD 52ൽ വി. തോമാശ്ലീഹ സ്ഥാപിച്ച പള്ളി’ എന്നെഴുതിയ മതിലിനരികിലിരുന്ന് വല നെയ്യുന്നവരോടു വഴി ചോദിച്ചു. തെങ്ങിൻ തോട്ടത്തിലേക്ക് അവർ വിരൽ ചൂണ്ടി.

കായലിനോടു ചേർന്നു നിൽക്കുന്ന പള്ളിമുറ്റം വിജനം. ആ വഴി കടന്നു പോയവരുടെ കാൽപ്പാടുകൾ മണൽപ്പരപ്പിൽ തെളിഞ്ഞു കിടന്നു. ആയിരത്തിത്തൊള്ളായിരം വർഷങ്ങൾക്കു പിന്നിലേക്ക് നീളുന്ന സുദീർഘമായ സഞ്ചാരത്തിന്റെ അടയാളങ്ങൾ.

വ്യക്തിനിഷ്ഠമായ വിശ്വാസപാതയിലെ സഞ്ചാരത്തിൽ അതിർവരമ്പുകൾക്കു സ്ഥാനമില്ലല്ലോ. മാല്യങ്കരയിൽ നിന്ന് അൽപ്പമകലെ അഴീക്കോടുള്ള മാർത്തോമാ പൊന്തിഫിക്കൻ ദേവാലയം ആ ദിശയിൽ വിശുദ്ധന്റെ യാത്രാപഥത്തിലെ സ്മാരകമായി നിലകൊള്ളുന്നു.

കൊടുങ്ങല്ലൂർ എന്ന പേരിലേക്ക് ആ നാട് മാറുന്നതിനു മുൻപുള്ള കഥ വ്യാപാരികളുടേതാണ്. പടിഞ്ഞാറു നിന്നു കിഴക്കൻ രാജ്യങ്ങളിലേക്കു കടൽ യാത്ര നടത്തിയവരുടെ കഥ.

പിൽക്കാലത്ത് ബിനാലെയുടെ പ്രശസ്തി ശിരസ്സിലണിയാനായി പണ്ടേക്കു പണ്ടേ പെരുമപ്പെട്ട സ്ഥലം, മുസിരിസ്. ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ തുറമുഖമായിരുന്നു മുസിരിസ്. കുരുമുളകിനു സ്വർണത്തെക്കാൾ വിലയുണ്ടായിരുന്ന സമയത്ത് മുസിരിസിലേക്ക് മാർത്തോമ്മാ ശ്ലീഹയെത്തി. ആയിരക്കണക്കിന് മൈലുകൾക്കപ്പുറത്തു നിന്ന് കടലിനെ കീഴടക്കിയുള്ള യാത്രയുടെ സാഫല്യം.

തുറമുഖത്ത് നിർത്തിയിട്ട ബോട്ടിൽ കയറി പള്ളിയുടെ മുൻഭാഗത്തുള്ള കായലിനു നടുവിലേക്കു നീങ്ങി. അത്രയും നേരം കരയിൽ നിന്നു നോക്കിക്കണ്ടതിനെക്കാൾ ഭംഗിയുണ്ട് ഇപ്പോൾ മാല്യങ്കരയ്ക്ക്. ഇവിടെ നിന്നു പാലൂരിലേക്ക് മാർത്തോമ്മാ ശ്ലീഹ ഈ ജലപാതയിലൂടെയാവുമോ യാത്ര ചെയ്തത്? കായൽത്തീരങ്ങളിൽ പ്രകൃതി ഒളിപ്പിച്ച ഇത്തരം ആകാംഷകളാണ് പഴയകാല മുസിരിസിന്റെ, ഇപ്പോഴത്തെ കൊടുങ്ങല്ലൂരിന്റെ മനോഹാരിത.

പാലയൂർ

മാർത്തോമ്മാശ്ലീഹ സന്ദർശിച്ച രണ്ടാമത്തെ സ്ഥലം പാലൂർ ആയിരുന്നത്രെ. പറഞ്ഞു പറഞ്ഞ് അതു പാലയൂരായെന്ന് പേരിന്റെ ചരിത്രം. ആകാംക്ഷ നിറഞ്ഞ യാത്രികന്റെ മനസ്സോടെ ആ നാട്ടിൽ ചെന്നിറങ്ങി. പാലയൂരിന്റെ പടിക്കലെത്തിയപ്പോൾ വീണ്ടും റമ്പാൻപാട്ട്.

4)-Nilakkal 4) നിലയ്ക്കൽ സെന്റ് തോമസ് എക്യുമിനിക്കൽ ചർച്ച്

‘‘വന്ദനനിഷ്ഠകളെല്ലാേററയും

ആയവയൊക്കെ ചെയ്‌വാനായ്

സുന്ദരഭാഷയിലൊരു ശ്ലീവായും

സ്ഥാപിച്ചു താനവിടത്തിൽ’’

ശിൽപ്പങ്ങൾ സ്ഥാപിച്ച നടവഴിയുടെ ഇരുവശത്തും ജനത്തിരക്ക്. പാലയൂർ സെന്റ് തോമസ് പള്ളി, മ്യൂസിയം, ബോട്ടുകുളം എന്നിവ ക ണ്ടാസ്വദിക്കുകയാണ് സഞ്ചാരികൾ. അൾത്താരയിൽ മുട്ടു കുത്തിയ ശേഷം അവർ പള്ളിയുടെ ചുറ്റും അദ്ഭുതം നിറഞ്ഞ കണ്ണുകളുമായി നടക്കുന്നു.

പാലയൂരിന് യൂദക്കുന്ന് എന്നൊരു വിളിപ്പേരുണ്ടായിരുന്നു. യൂദാക്കുന്ന്, യൂദൻ ബസാർ‌ എന്നിവ അതിന്റെ ബാക്കിയായി നിലനിൽക്കുന്നു. ജൂതന്മാരുടെ സാന്നിധ്യം കേരളത്തിൽ വ രച്ചിട്ട അധ്യായങ്ങളാണിത്. ജന്മദേശക്കാരുള്ള നാടുകളിലേക്കാണ് സെന്റ് തോമസ് യാത്ര നടത്തിയത്. സമുദ്രങ്ങൾ പലതു താണ്ടി കേരളത്തിലെത്തിയ ശേഷം കായലുകളിലൂടെയായിരുന്നു സഞ്ചാരം. പാലൂരിൽ നിന്നുള്ള യാത്ര വേമ്പനാട്ടു കായലിലൂടെ തെക്കോട്ടായിരുന്നു.

5)-Kokkamangalam 5) കോക്കമംഗലം സെന്റ് തോമസ് ചർച്ച്

കോക്കമംഗലം

കൊച്ചിയിൽ നിന്നു റോഡിലൂടെ കോക്കമംഗലത്തെത്താൻ രണ്ടു മണിക്കൂർ വേണം. ആലപ്പുഴ ജില്ലയിൽ തണ്ണീർമുക്കത്തിനടുത്താണ് കോക്കമംഗലം. നിലയ്ക്കലിൽ പോയി മടങ്ങുംവഴി മാർത്തോമ്മാശ്ലീഹ കോക്കമംഗലത്ത് എത്തിയെന്നാണ് കോക്കമംഗലം പള്ളിയുടെ പുരാണം.

വേമ്പനാട്ടുകായൽ പോലെ ഐതിഹ്യങ്ങളാലും കഥകളാലും സമൃദ്ധമാണ് കോക്കമംഗലം പള്ളി. പള്ളിയുടെ സമീപത്തുണ്ടായിരുന്ന മാട്ടേൽ ദ്വീപ് കോക്കമംഗലം പ്രദേശത്തിന്റെ ഭംഗി വർധിപ്പിച്ചിരുന്നു. അക്കാലത്ത് കോക്കമംഗലത്തു ജീവിച്ചിരുന്നവരുടെ തൊഴിലിടമായിരുന്നു മാട്ടേൽ ദ്വീപ്.

കോട്ടയ്ക്കാവ്

മാർത്തോമ്മാ ശ്ലീഹ സഞ്ചരിച്ചതു ജലപാതകളിലും, ഇപ്പോൾ ആ സ്ഥലങ്ങളിലേക്കു യാത്ര നടത്തുന്നതു റോഡിലൂടെയുമാണ്. കോക്കമംഗലത്തു നിന്നു പുറപ്പെട്ട് വൈറ്റിലയിലെ ഗതാഗതക്കുരുക്ക് താണ്ടി പറവൂരെത്താൻ മൂന്നു മണിക്കൂർ പോരാ. കൊടുങ്ങല്ലൂർ റൂട്ടിലൂടെ കോട്ടയ്ക്കാവ് സീറോ മലബാർ പഴയ പള്ളിയിലെത്തിയപ്പോൾ ഉച്ച കഴിഞ്ഞു. മഴ പൊടിയുന്ന സായാഹ്നത്തിൽ കോട്ടയ്ക്കാവ് പള്ളിയുടെ മുറ്റവും മേടയും ഉയിർത്തു നിന്നു.

തീർഥക്കുളത്തിൽ അറ്റകുറ്റപ്പണി നടക്കുകയാണ്. പള്ളിയുടെ തെക്കുഭാഗത്തുള്ള ആനമതിലിന് വ്യത്യാസങ്ങളൊന്നും വരുത്തിയിട്ടില്ല. പഴമയുടെ പ്രതീകമായ മതിൽ പുരാവസ്തുക്കളുടെ ഗണത്തിൽപ്പെടുത്തി സംരക്ഷിച്ചു പോരുന്നു. കേരളത്തിന്റെ തനതു വാസ്തുവിദ്യയുടെ മാതൃകയാണ് പള്ളി. മാർത്തോമ്മാ ശ്ലീഹയുടെ പാതകളിലൂടെ തീർഥാടനം നടത്തുന്നവർ ഇതെല്ലാം സ്വന്തം ഹൃദയത്തോടു ചേർത്തു വയ്ക്കുന്നു.

നിരണം

കര കായലിനും കായൽ കരയ്ക്കും വഴിമാറിയ രണ്ടായിരം വർഷങ്ങൾ. ഇത്രയും വർഷങ്ങൾക്കിടെ ഭൂപ്രദേശങ്ങൾക്കുണ്ടായ മാറ്റങ്ങൾ അനവധി. അതിരുകൾ മാറി, ദേശങ്ങൾ പെരുകി. അപ്പോഴും പഴയ ജലപാതകളുടെ പുതിയ സാധ്യതകൾ തെളിഞ്ഞു നിൽക്കുന്നു.

പണ്ട് വേമ്പനാട്ടു കായലിലൂടെ വള്ളം തുഴഞ്ഞാൽ പമ്പാനദിയുടെ തീരദേശത്ത് എത്താമായിരുന്നു. അക്കാലത്ത് പമ്പാനദി രണ്ടു ശാഖകളായാണ് കുട്ടിനാടിനെ ചുറ്റി നിറഞ്ഞു നിന്നത്. ഇവിടെ മേൽക്കുട്ടനാട് എന്ന പ്രദേശത്തായിരുന്നു നിരണം എന്ന സ്ഥലം. നീർ, മണ്ണ് എന്നിവ ചേർന്നാണു നിരണം എന്ന പേരുണ്ടായതെന്നു സ്ഥലപുരാണം. വേമ്പനാട്ടുകായലിന്റെ കൈവരി പിടിച്ച് മാർത്തോമ്മാശ്ലീഹ നിരണത്ത് എത്തി. പമ്പയാറ്റിലെ തോമത്തുംകടവ് ആ സന്ദർശനത്തിന്റെ പ്രതീകമായി നിലകൊള്ളുന്നു. തിരുവല്ല – മാവേലിക്കര റൂട്ടിൽ ആലപ്പുഴ ജില്ലയിലാണ് ഇപ്പോഴത്തെ നിരണം. ഏഴരപ്പള്ളികളിലൊന്നായ സെന്റ് മേരീസ് ഒാർത്തഡോക്സ് പള്ളി ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. എ.ഡി. 52ൽ കൊടുങ്ങല്ലൂരിലെത്തിയ സെന്റ് തോമസ് രണ്ടു വർഷങ്ങൾക്കു ശേഷം നിരണത്ത് എത്തിയെന്ന് പള്ളിയുടെ ചരിത്രം. ശേഷിപ്പുകൾ നിരണം സെന്റ് മേരീസ് പള്ളിയിലെ സുപ്രധാന കാഴ്ചകളായി നിലനിൽക്കുന്നു.

6)-Kottakkav 6) കോട്ടക്കാവ് സീറോ–മലബാർ ഒാൾഡ് ചർച്ച്

ചായൽ

പത്തനംതിട്ട ജില്ലയിലെ റാന്നിക്കടുത്ത് ആങ്ങമൂഴിയിലാണ് നിലയ്ക്കൽ എക്യുമിനിക്കൽ പ ള്ളി (ചായൽ പള്ളി). പമ്പയാറിന്റെ ജലസമദ്ധിയിൽ സുഗന്ധവ്യഞ്ജനങ്ങൾ വിളയുന്ന കാനനപ്രദേശം. വേമ്പനാട്ടു കായലിൽ നിന്നു പമ്പയാറ്റിലേക്കു കയറി നിലയ്ക്കലേക്കൊരു ജലപാത സങ്കൽപ്പിച്ചു നോക്കൂ... നിലയ്ക്കൽ പള്ളിയുടെ പുരാണത്തിൽ അങ്ങനെയൊരു ജലഗതാഗത സാധ്യതയുണ്ടായിരുന്നു, എ.ഡി.52ൽ.

‘‘കിഴക്കൻവഴിയായവിടുന്നുടനെ

മലനഗരം ചായൽക്കെത്തി’’

എന്നാണ് റമ്പാൻപാട്ടിൽ പറയുന്നത്. നിലയ്ക്കൽ പട്ടണത്തിൽ നിലനിന്നിരുന്ന പള്ളിയുടെ പ്രതീകം ഇപ്പോൾ ആങ്ങമൂഴിയിൽ എക്യുമെനിക്കൽ പള്ളിയായി ശേഷിക്കുന്നു.

മാർത്തോമ്മാ ശ്ലീഹയുടെ ഈ യാത്ര അയൽദേശത്തേക്കു വഴി തുറന്നെന്നു കരുതാം. നിലയ്ക്കലിനപ്പുറം ശബരിമലയാണ്. കാടു താണ്ടിയാൽ കുമളി ചുരം. അവിടം കടന്നാൽ കമ്പം, തേനി, മധുര, ഡിണ്ടിക്കൽ, ട്രിച്ചി, മൈലാപ്പൂർ. സമുദ്രത്തിലൂടെ യാത്ര ചെയ്തിരുന്ന മാർത്തോമ്മാശ്ലീഹ മലനാട്ടിലൂടെ നടന്നു തീർത്ത പാത ഇതാണെന്നു കരുതാം.

ഇതേസമയത്തു തന്നെ പ്രശസ്തിയാർജിച്ച കച്ചവട കേന്ദ്രമായിരുന്നു ‘വാണിഭത്തടം’. ഇന്നത്തെ മലയാറ്റൂർ മലയുടെ അടിവാരത്തിന്റെ പഴയ പേരാണു വാണിഭത്തടം. മലയാറ്റൂർ മല താണ്ടിയാൽ തമിഴ്നാട്ടിലെത്താം. പാണ്ഡ്യ നാട്ടിലേക്കു പോകാനായി മാർത്തോമ്മാ ശ്ലീഹ മലയാറ്റൂർ മല കയറി എന്ന വിശ്വാസമാണ് മലമുടിയിലേക്കുള്ള കഠിനപാതയിൽ ഇന്നത്തെ തീർഥാടകർക്ക് കരുത്തു പകരുന്നത്.

ഏഴു പള്ളികളും അരചന്റെ പേരിലുള്ള അരപ്പള്ളിയും പൂർത്തിയാക്കിയ മാർത്തോമ്മാ ശ്ലീഹ തമിഴ്നാട്ടിലേക്കു പോയി. ഇപ്പോഴത്തെ ചെന്നൈ നഗരത്തിനു സമീപത്തുള്ള പെരിയമലയിലെത്തിയ അദ്ദേഹത്തിന്റെ രക്തസാക്ഷിത്വമാണ് പിന്നീടു നാടു കേട്ടത്. മൈലാപ്പൂരിൽ മാർത്തോമ്മാ ശ്ലീഹയെ ഖബറടക്കി. 16ാം നൂറ്റാണ്ടിൽ അവിടെ ദേവാലയം നിർമിച്ചു.

സെന്റ് തോമസ് മൗണ്ടിലുള്ള ശ്ലീഹയുടെ സ്മൃതികുടീരത്തിലെത്താൻ 132 പടികൾ കയറണം.

(മാർത്തോമ്മാശ്ലീഹ സ്ഥാപിച്ച ഏഴരപ്പള്ളികളിലൂടെ തീർഥാടനം)

തിരുവിതാംകോട് സെന്റ് മേരീസ് ഒാർത്തഡോക്സ് ചർച്ച്

കന്യാകുമാരി ജില്ലയിലാണ് തിരുവിതാംകോട്. തിരുവനന്തപുരത്തു നിന്ന് കന്യാകുമാരി ബസ്സിൽ കയറി അഴകിയമണ്ഡപം സ്റ്റോപ്പിൽ ഇറങ്ങുക. അവിടെ നിന്ന് അരപ്പള്ളിയിലേക്ക് നാലു കിലോമീറ്റർ.

ഔർ ലേഡി ഓഫ് പ്യൂരിഫിക്കേഷൻ ചർച്ച്

കൊല്ലം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്നു ‘പോർട്ട് ചർച്ചി’ലേക്ക് കഷ്ടിച്ച് ഒരു കിലോമീറ്റർ ദൂരമേയുള്ളൂ. കൊല്ലമാണ് സമീപത്തുള്ള റെയിൽവെ സ്റ്റേഷൻ.

മാല്യങ്കര ലാറ്റിൻ ചർച്ച്

പറവൂർ – കൊടുങ്ങല്ലൂർ റോഡിൽ മൂത്തകുന്നം കഴിഞ്ഞ് മാല്യങ്കര പാലത്തിനു താഴെയാണ് മാല്യങ്കര ലാറ്റിൻ ചർച്ച്. എറണാകുളം – കൊടുങ്ങല്ലൂർ ബസ്സിൽ കയറി മാല്യങ്കരയിലെത്താം. ഇവിടെ നിന്ന് 10 കിലോമീറ്റർ അകലെയാണ് മാർത്തോമാ പൊന്തിഫിക്കൻ ദേവാലയം.

7)-Malyankara 7) മാല്യങ്കര ലാറ്റിൻ ചർച്ച്

പാലയൂർ സെന്റ് തോമസ് ചർച്ച്

തൃശൂർ ജില്ലയിൽ ചാവക്കാടിനടുത്താണ് പാലയൂർ. ഗുരുവായൂരാണ് സമീപത്തുള്ള റെയിൽവേ സ്റ്റേഷൻ. തൃശൂരിൽ നിന്നു പാലയൂർക്ക് നേരിട്ടു ബസ് സർവീസുണ്ട്. ചാവക്കാട് ബസ് സ്റ്റാൻഡിൽ നിന്ന് രണ്ടര കിലോമീറ്റർ.

കോക്കമംഗലം സെന്റ് തോമസ് ചർച്ച്

കോട്ടയം – ആലപ്പുഴ റൂട്ടിൽ തണ്ണീർമുക്കത്തിനടുത്താണ് കോക്കമംഗലം പള്ളി. കുമരകം യാത്രികർക്ക് വഴിമധ്യേ പള്ളിയിൽ കയറാം. ആലപ്പുഴ, ചേർത്തല റെയിൽവേ സ്റ്റേഷനുകളിൽ ഇറങ്ങുന്നവർക്ക് കോട്ടയം ബസ്സിൽ കയറി കോക്കമംഗലത്ത് എത്താം.

8)-Palayoor 8) പാലയൂർ സെന്റ് തോമസ് ചർച്ച്

കോട്ടക്കാവ് സീറോ–മലബാർ ഒാൾഡ് ചർച്ച്

എറണാകുളം ജില്ലയിലെ നോർത്ത് പറവൂരിനു സമീപമാണ് കോട്ടയ്ക്കാവ് സിറിയോ മലബാർ പഴയ പള്ളി. കോട്ടക്കാവ് മാർത്തോമാ സീറോ മലബാർ തീർഥാടന പള്ളിയും സെന്റ് തോമസ് തീർഥാടന കേന്ദ്രമാണ്.

നിരണം സെന്റ് മേരീസ് ഒാർത്തഡോക്സ് സിറിയൻ ചർച്ച്

തിരുവല്ല – മാവേലിക്കര റൂട്ടിലാണ് നിരണം സെന്റ് മേരീസ് ഒാർത്തഡോക്സ് സിറിയൻ ചർച്ച് സ്ഥിതി ചെയ്യുന്നത്. തിരുവല്ലയിൽ നിന്ന് ഒൻപതു കിലോമീറ്റർ.

നിലയ്ക്കൽ സെന്റ് തോമസ് എക്യുമിനിക്കൽ ചർച്ച്

കോട്ടയത്തു നിന്ന് പത്തനംതിട്ട ജില്ലയിലെ ആങ്ങമൂഴിയിലേക്ക് നേരിട്ട് ബസ് സർവീസുണ്ട്. റൂട്ട് – കോട്ടയം, പൊൻകുന്നം, റാന്നി, ആങ്ങമൂഴി. ആങ്ങമൂഴി പാലത്തിൽ നിന്നു വലതു ഭാഗത്തേക്കുള്ള കാട്ടുപാത എക്യുമെനിക്കൽ പള്ളിയിലേക്കുള്ളതാണ്.

baijugovind@gmail.com