ഇന്നും ആന്ധ്രയിലുള്ളവർ ഉള്‍ക്കിടിലത്തോടെ ഓർക്കുന്ന രണ്ടു പേരുകളുണ്ട് – പരിത്തലരവി, മഡ്ഡലച്ചെരു സൂരി. റായലസീമ എന്ന പ്രദേശത്ത് കൊന്നും കൊലവിളിച്ചും തെരുവിൽ ഒടുങ്ങിയ രണ്ടു നാട്ടു പ്രമാണിമാർ. ദേവാസുര യുദ്ധത്തെക്കാൾ വലിയ പോരാട്ടവും ദുരന്തങ്ങളുമാണ് ഇവരുടെ സമ്പാദ്യം. രാംഗോപാൽ വർമ സംവിധാനം ചെയ്ത രക്തചരിത്ര എന്ന സിനിമയിലൂടെ രവിയുടെയും സൂരിയുടെയും പകയുടെ നേർച്ചിത്രം കണ്ടിട്ടുണ്ട്. സൂരിയും രവിയും ജീവിച്ച നാട്ടിലൊന്നു പോകണമെന്ന് അന്നുമുതൽ ആഗ്രഹമുണ്ടായിരുന്നു. അടുത്തിടെ അതിനുള്ള അവസരം കിട്ടി. ഭൂമിക്കടിയിലൂടെ മൂന്നര കിലോമീറ്റർ നീണ്ടു കിടക്കുന്ന ബലൂം എന്ന ഗുഹയെക്കുറിച്ചു റിപ്പോർട്ട് തയാറാക്കാനായിരുന്നു ആ യാത്ര.
ഇന്ത്യയിലെ ഏറ്റവും നീളമേറിയ ഗുഹ മേഘാലയയിലാണ്. നീളത്തിൽ രണ്ടാം സ്ഥാനത്തു നിൽക്കുന്ന ഗുഹാ സമുച്ഛയം ആന്ധ്രപ്രദേശിൽ. മൂവായിരത്തിലധികം കിലോമീറ്റർ അകലെയുള്ള മേഘാലയയിൽ പോയി ഭൂമിക്കടിയിലൂടെ സഞ്ചരിച്ചിട്ടുള്ള മലയാളികൾ അനവധി. അതേസമയം, മലയാളക്കരയിൽ നിന്ന് ഒരു രാത്രിയും അരപ്പകലും സഞ്ചരിച്ചാൽ എത്തിച്ചേരാവുന്ന ബെലൂം ഗുഹ എന്ന നിഗൂഢതയെക്കുറിച്ച് മലയാളികൾക്ക് ഇപ്പോഴും അറിവില്ല. ആന്ധ്രപ്രദേശിലെ തടിപത്രിയിൽ പോയപ്പോഴാണ് ഇക്കാര്യം മനസ്സിലായത്. കടപ്പക്കല്ലുകളുടെ പേരിൽ പ്രശസ്തി നേടിയ റായലസീമയിലാണ് തടിപത്രി. ചോളവും ഉഴുന്നും ചുവന്നുള്ളിയും വിളയുന്ന പാടങ്ങളാണ് തടിപത്രിയുടെ സൗന്ദര്യം. ഈ കൃഷിടിയിടങ്ങൾക്കപ്പുറത്ത് കുന്നിൻ ചെരിവിലെ മണ്ണിനടിയിൽ മൂന്നര കിലോമീറ്റർ നീളത്തിൽ വിശാലമായി നീണ്ടു കിടക്കുന്നു ബെലൂം ഗുഹ.
ഗുഹയുടെ ഉൾഭാഗത്ത് മൂന്നര കിലോമീറ്റർ ദൂരം വൃത്തിയാക്കി വിളക്കു തെളിച്ചു വച്ചിട്ടുണ്ട്. ഇതിനിടയിൽ വലത്തോട്ടും ഇടത്തോട്ടുമായി ചെറിയ ഗുഹാമുഖങ്ങൾ കാണാം. അവിടെ അപായ സൂചനകൾ സ്ഥാപിച്ചിട്ടുണ്ട്. ഗുഹാമണ്ഡപം, കോടിലിംഗലു, പാതാളഗംഗ എന്നിങ്ങനെയാണ് ഗുഹാപാതയുടെ പേരുകൾ. നൂറ്റമ്പതടി താഴ്ചയിലാണ് പാതാള ഗംഗ. കോടിലിംഗലുവിലേക്കു തിരിയുന്ന സ്ഥലത്ത് ഗുഹാഭിത്തിയിൽ പാതാള ഗംഗയിലേക്കുള്ള ചൂണ്ടു പലക കാണാം. ഇടുങ്ങിയതാണു വഴി. പാറ തുരുന്നുണ്ടാക്കിയ നാലര അടി ഉയരമുള്ള ഗുഹ. ഇവിടം കടന്നാൽ കഷ്ടിച്ച് നടു ഉയർത്തി നിൽക്കാവുന്ന ചെറിയൊരു തളം. അവിടെ നിന്നാൽ പാതാള ഗംഗ കാണാം. കൈക്കുടന്നയിൽ വെള്ളമെടുത്ത് പാതാള ഗംഗയെ സ്പർശിച്ച സന്തോഷവുമായി തിരിച്ചിറങ്ങി.
വലിയ പൈപ്പുകൾ മണ്ണിലേക്കിറക്കി അതിലൂടെയാണ് ഗുഹയ്ക്കുള്ളിൽ ശുദ്ധ വായു എത്തിച്ചിട്ടുള്ളത്. നിയോൺ ബൾബുകൾ വച്ച് ഗുഹയുടെ ഉൾഭാഗത്ത് വെളിച്ചം നിറച്ചിട്ടുണ്ട്. ധൈര്യത്തോടെ സഞ്ചരിക്കാവുന്ന സ്ഥലമാണ് ഗുഹാ പാത. ബെലൂം ഗുഹ കണ്ടതിനു ശേഷം രവിയുടെയും സൂരിയുടെയും നാട്ടിലൂടെ യാത്ര ചെയ്തു. അവിടെ വച്ചു പരിചയപ്പെട്ട ശ്രീനിവാസലു എന്ന ചെറുപ്പക്കാരൻ രവിയുടെയും സൂരിയുടെയും ജീവിതകഥ പറഞ്ഞു തന്നു. തടിപത്രി എന്ന സ്ഥലത്തു വച്ചാണ് ശ്രീനിവാസലുവിനെ പരിചയപ്പെട്ടത്. തടിപത്രിയിൽ ടാക്സി ഓടിച്ച് ജീവിക്കുന്നയാളാണ് ശ്രീനിവാസലു. കുട്ടിക്കാലത്ത് രവിയും സൂരിയും തമ്മിലുള്ള യുദ്ധം കാരണം സ്കൂളുകൾ അടച്ചിടുമായിരുന്നുവെന്ന് ശ്രീനിവാസലു ഓർത്തെടുത്തു. ഭയം നിറഞ്ഞ ആ കഥ ശ്രീനിവാസലു വിശദമായി പറഞ്ഞു തന്നു.
നാടിനെ നടുക്കി പരസ്പരം പോരാടിയ രവിയുടെയും സൂരിയുടെയും പേരു പറയാൻ ഇപ്പോഴും റായലസീമക്കാർക്കു ഭയമാണ്. മരിച്ചു പോയെങ്കിലും രണ്ടു പേരെയും അവർ വല്ലാതെ ഭയക്കുന്നു. ജീവിച്ചിരുന്ന കാലത്ത് ആ നാട്ടിൽ പോലീസും കോടതിയുമെല്ലാം അവരായിരുന്നു. 2003 – 2011 വർഷങ്ങളിൽ ഇവരെക്കുറിച്ച് ഒരുപാട് വാർത്തകൾ വായിച്ചിട്ടുണ്ട്. രക്തചരിത്രയിൽ വിവേക് ഒബ്റോയിയും സൂര്യയും ആ കഥാപാത്രങ്ങളെ അവതരിപ്പിച്ചതു കണ്ട് ഞെട്ടിത്തരിച്ച് ഇരുന്നിട്ടുണ്ട്. ജയിലിൽ ചെന്ന് സൂരിയെ കണ്ട് സിനിമയുടെ പ്രിവ്യൂ കാണിച്ച ശേഷമാണ് രാംഗോപാൽ വർമ രക്തചരിത്ര റിലീസ് ചെയ്തത്.
ഇരുകുടുംബങ്ങളിലേയും എല്ലാ കാര്യങ്ങളും ഒരു സിനിമയുടെ രണ്ടര മണിക്കൂർ പരിധിക്കുള്ളിൽ നിന്ന് പ്രതിപാധിക്കുക അസാധ്യമായിരുന്നു. അതുകൊണ്ട് ആദ്യഭാഗത്തില്‍ പരിത്തലരവിയുടെ വിജയങ്ങളും രണ്ടാംഭാഗത്തില്‍ മഡ്ഡലച്ചെരു സൂരിയുടെ വിജയങ്ങളും പ്രമേയമാക്കി. രക്തചരിത്രയുടെ രണ്ടാംഭാഗമിറങ്ങി കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ മഡ്ഡലച്ചെരു സൂരി വധിക്കപ്പെട്ടു. ഈ വാർത്ത കേട്ട് അന്നു ഞെട്ടിയത് ആ സ്ഥലത്ത് ഡ്യൂട്ടിയുണ്ടായിരുന്ന പോലീസുകാർ മാത്രമായിരുന്നു. സൂരി ജയിലിൽ നിന്നിറങ്ങിയപ്പോൾ മുതൽ റായലസീമക്കാർ അതു പ്രതീക്ഷിച്ചിരുന്നു. പരിത്തല രവിയെ വെട്ടി നുറുക്കിയതു സൂരിയാണെന്ന കാര്യത്തിൽ അവിടെയാർക്കും സംശയമില്ല. സൂരി പുറത്തിറങ്ങിയെന്നറിഞ്ഞാൽ വെറുതെയിരിക്കുമോ രവിയുടെ സംഘം?
രവിയുടെയും സൂരിയുടെയും കുടുംബങ്ങൾ തമ്മിൽത്തല്ലു തുടങ്ങിയിട്ട് ഇരുനൂറു വർഷമായി. മുത്തച്ഛന്മാരാണ് പ്രശ്നങ്ങൾ തുടങ്ങി വച്ചത്. അനന്തപൂര്‍ ജില്ലയില്‍ നക്‌സലൈറ്റ് നേതാവായിരുന്ന പരിത്തല ശ്രീരാമലുവിന്റെ മകനാണു രവി. അന്നു രാഷ്ട്രീയരംഗത്ത് പ്രമുഖ കക്ഷിയായിരുന്ന പീപ്പിള്‍ വാര്‍ഗ്രൂപ്പിലെ തലമുതിര്‍ന്ന നേതാവായിരുന്നു അദ്ദേഹം.
കോൺഗ്രസ് എംഎല്‍എആയിരുന്ന ജി. നാരായണറെഡ്ഢിയും സനൈ റെഡ്ഢിയും ചേന്നു രാഷ്ട്രീയ വിദ്വേഷത്തിന്റെ പേരില്‍ ശ്രീരാമലുവിനെ കൊലപ്പെടുത്തി. 1975ലാണ് ഈ കൊലപാതകമുണ്ടായത്. രവിക്ക് അന്നു പതിനേഴു വയസ്സ്. അച്ഛനെ വെട്ടി വീഴ്ത്തുന്നത് നോക്കി നിൽക്കാനേ രവിക്കു കഴിഞ്ഞുള്ളൂ. ജീവൻ രക്ഷിക്കാനായി രവി സ്വന്തം അമ്മാവനായ കൊണ്ടയ്യയുടെ വീട്ടിൽ അഭയം തേടി. പിന്നീട് കൊണ്ടയ്യയുടെ മകൾ സുനിതയെ വിവാഹം കഴിച്ചു. അപ്പോഴൊക്കെ രവിയുടെ മനസ്സിൽ ഒരു ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ. അച്ഛനെ കൊന്നവരോടു പ്രതികാരം ചെയ്യുക. അതിനുള്ള സമ്പത്തും ആൾബലവും ഉണ്ടാക്കാനായി അയാൾ ജീവിതം ഉഴിഞ്ഞു വച്ചു.
അച്ഛനെ കൊലപ്പെടുത്തിയ നാരായണറെഡ്ഢി, രാസയ്യ തുടങ്ങി ഓരോരുത്തരെയായി രവി ഓരോരോ അവസരങ്ങളിൽ കൊന്നൊടുക്കി. അവിടെ നിന്നെല്ലാം സനൈ റെഡ്ഡി മാത്രം രക്ഷപെട്ടു. റെഡ്ഡിയെ പൂട്ടാനുള്ള വഴി നോക്കി നടക്കുന്നതിനിടെ രവിക്ക് അതിനുള്ള ഒരു അവസരം വന്നു ചേർന്നു. ടിഡിപിയിലെ രാമചന്ദ്രറെഡ്ഢിയെ തോല്‍പിച്ച് സനൈ റെഡ്ഢി പൊന്‍ഗൊണ്ടയില്‍ നിന്ന് നിയമസഭയിലെത്തി. 1991ൽ ഒരു പ്രഭാതത്തിൽ കുമുക്കല ഗ്രാമത്തിൽ വഴിയോരത്ത് സനൈ റെഡ്ഡിയുടെ മൃതദേഹം കണ്ടെത്തി. രവി രാഷ്ട്രീയത്തിലിറങ്ങി. ആദ്യം നക്സലെറ്റായി. പിന്നീട് തെലുങ്കു ദേശം പാർട്ടിയിലേക്കു മാറി. തുടർന്നു ക്യാബിനറ്റ് മന്ത്രിയായി. പരിത്തല രവിയുടെ ശക്തി ഇരട്ടിച്ചു. ആന്ധ്രയിൽ ആരും ഭയക്കുന്ന പേരായി അതു മാറി.
അതുവരെ പൊതുജനം പറഞ്ഞു കേൾക്കാത്ത ഒരു പേര് ഇക്കാലത്ത് ഉറക്കെ കേട്ടു – സൂരി. സൂരി നാരായണ റെഡ്ഡി. സനൈ റെഡ്ഡിയുടെ മകൻ. മഡ്ഡലച്ചെരു എന്ന സ്ഥലത്ത് സൂരിയൊരു സിംഹമായി വളർന്നു. സൂരിയെന്ന പേരു കേട്ടാൽ ഗ്രാമങ്ങൾ പേടിച്ചു വിറച്ചു. അച്ഛനെ കൊലപ്പെടുത്തിയവർക്കെതിരേ സർവ ശക്തിയുമെടുത്ത് സൂരി ആഞ്ഞടിച്ചു. രവിയെ കൊല്ലാൻ പലവഴികൾ തിരയുകയായിരുന്നു സൂരി. ടിവിയിൽ ബോംബു വച്ചു. സ്ഫോടനത്തിൽ രവിയുടെ അഞ്ച് ബന്ധുക്കൾ കൊല്ലപ്പെട്ടു. കാർ ബോംബ് പൊട്ടിച്ചു. രവിയുടെ 26 അനുയായികൾക്ക് പലപ്പോഴായി ജീവൻ നഷ്ടപ്പെട്ടു. ആളെ വിട്ട് പല തവണ ആക്രമണം നടത്തി. രവിയുടെ കാവൽക്കാരാണ് ഇരകളായത്. പലയിടങ്ങളിലായി അവരുടെ മൃതദേഹങ്ങൾ കണ്ടെത്തി. ഈ ആക്രമണങ്ങളിൽ നിന്നെല്ലാം രവി തലനാരിഴയ്ക്കു രക്ഷപെട്ടു. വാളെടുത്തവൻ വാളാൽ എന്ന ചൊല്ല് ഒടുവിൽ സത്യമായി. 2005 ജനുവരിയിൽ രവി വധിക്കപ്പെട്ടു. ഈ സമയത്ത് സൂരി ജയിലിലായിരുന്നു.
രക്തച്ചൊരിച്ചിൽ അതുകൊണ്ടൊന്നും അവസാനിച്ചില്ല. സൂര്യനാരായണ റെഡ്ഢി എന്ന സൂരി ജയില്‍ മോചിതനായി പുറത്തിറങ്ങിപ്പോള്‍ മുതല്‍ എല്ലാവര്‍ക്കും അറിയമായിരുന്നു ഒരുമരണംകൂടി സംഭവിക്കുമെന്ന്. ഭാര്യ വീട്ടിലേയ്ക്കുള്ള യാത്രക്കിടെ സ്വന്തം അനുയായി സൂരിക്കു നേരേ വെടിയുതിർത്തു. അര നൂറ്റാണ്ടു കാലം ചോരയൊഴുക്കിയ പോരാട്ടത്തിൽ ഏറ്റവും ഒടുവിലത്തെ മരണം. തത്ക്കാലത്തേക്ക് റായലസീമ ശാന്തമായി. രവിക്ക് രണ്ട് ആൺമക്കളാണ് – ശ്രീരാം, സിദ്ധാർഥ്. രണ്ടാളും അമേരിക്കയിലാണ്. അച്ഛനെപ്പോലെ, പരിത്തല എന്ന സ്ഥലപേരു ചേർത്ത് അവരുടെ പേര് അവിടെയാരും പറയുന്നില്ല. സൂരിക്ക് ഒരു പുത്രനുണ്ടെങ്കിലും ഇന്നുവരെ എവിടെയും പ്രത്യക്ഷപ്പെട്ടിട്ടില്ല. ബെംഗളൂരുവിൽ അമ്മയുടെ വീട്ടുകാരാണ് അവനെ വളർത്തുന്നതെന്ന് ഊഹാപോഹങ്ങളുണ്ട്, അത്രമാത്രം.
സൂരിയുടെ മരണത്തിനു ശേഷം ആ കുടുംബങ്ങളിലാരും പോരു വിളിച്ച് തെരുവിലിറങ്ങിയിട്ടില്ല. അങ്ങനെയൊന്നു നാളെ ഉണ്ടായാലും അവിടെയാരും അദ്ഭുതപ്പെടില്ല. ‘‘മരിച്ചതാര് ? രവിയുടെ ആളോ, സൂരിയുടെ ആളോ?’’ കൊല്ലപ്പെട്ടു എന്ന വാർത്ത കേട്ടാൽ അവർക്ക് ഇത്രയേ അറിയേണ്ടതുള്ളൂ. ശ്രീനിവാസലു പറഞ്ഞു തന്ന റായലസീമയുടെ രക്തചരിത്രം ശ്വാസമടക്കിപ്പിടിച്ച് കേട്ടിരുന്നു. റായലസീമയുടെ ഗ്രാമപ്രദേശങ്ങളിലൂടെ വണ്ടി കടപ്പയിലെത്തി. കേരളത്തിലേക്ക് കടപ്പക്കല്ലുകൾ എത്തുന്നത് റായലസീമയിലെ കടപ്പയിൽ നിന്നാണ്. വൈദ്യുതി ഉത്പാദിപ്പിക്കുന്ന കാറ്റാടികളും മൊട്ടക്കുന്നുകളും വിശാലമായ കൃഷി സ്ഥലങ്ങളുമുള്ള സ്ഥലമാണ് കടപ്പ. കടും നിറങ്ങളിൽ പെയിന്റടിച്ച ചെറിയ വീടുകളും അഴുക്കു പുരണ്ട വസ്ത്രം ധരിച്ച നാട്ടുകാരും കടപ്പയുടെ കഷ്ടപ്പാടുകളുടെ നിഴലുകളായി നിലനിൽക്കുന്നു. ഇതിനിടയിലാണ് രവിയും സൂരിയും പകയുമായി പോർവിളിച്ചു നടന്നത്. ഓരോ ഘട്ടത്തിലായി അവർ കൊന്നൊടുക്കിയ ആളുകളിൽ ആരുടെയെങ്കിലുമൊക്കെ ബന്ധുക്കളെ അവിടെ കണ്ടിട്ടുണ്ടാകാം. പക്ഷേ, അതിനെക്കുറിച്ച് ആരോടും ഒന്നും ചോദിക്കരുതെന്ന് ശ്രീനിവാസലു മുന്നറിയിപ്പു നൽകിയിരുന്നു.
ബലൂം ഗുഹ ഒരിക്കൽക്കൂടി കാണാനായി റായലസീമയിലേക്ക് പോവുകയാണെങ്കിൽ രവിയും സൂരിയും ജീവിച്ചിരുന്ന വീടുകൾ സന്ദർശിക്കും. പറ്റിയാൽ അവരുടെ ബന്ധുക്കളെ പരിചയപ്പെടും. ഇങ്ങനെയൊരു തീരുമാനം മനസ്സിലുറപ്പിച്ചാണ് ആന്ധ്രയിൽ രക്തചരിത്രമെഴുതിയ രണ്ടു കൊലയാളികളുടെ നാട്ടിൽ നിന്നു കേരളത്തിലേക്കു മടങ്ങിയത്.
baijugovind@gmail.com