യാത്ര ചെയ്യാനുള്ള പണം കണ്ടെത്താനാണ് ജോലി ചെയ്യുന്നതെന്ന് അഞ്ജലി പറഞ്ഞപ്പോൾ കൗതുകം തോന്നി. അതു വെറും വാക്കല്ലെന്നു മനസ്സിലാവാൻ ഏറെ നേരം വേണ്ടി വന്നില്ല. ‘‘ഈ ലോകം വിശാലമാണ്. അതെല്ലാം കണ്ടാസ്വദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അമ്പതിലേറെ രാജ്യങ്ങളിലൂടെ ഞാൻ ഒറ്റയ്ക്ക് സഞ്ചരിച്ചു. എന്നെ ആരും പിടിച്ചു കൊണ്ടു പോയില്ല. ’’ സ്ത്രീകളുടെ ലോകം സുരക്ഷിതമല്ലെന്നു കരുതുന്ന പെണ്ണുങ്ങൾക്കെല്ലാം ധൈര്യം പകരുന്ന വാക്കുകളാണ് അഞ്ജലിയുടേത്. വർഷം മുഴുവൻ ‘വനിതാ ദിനം’ ആഘോഷിക്കുന്ന അഞ്ജലി തോമസ് എന്ന യുവതിയുടെ യാത്രാ വിശേഷങ്ങളാണ് ഈ ആഴ്ചയിലെ കുറിപ്പ്.
മനോരമ ട്രാവലറിന്റെ സ്ഥിരം പംക്തിയിലൂടെ അഞ്ജലി പങ്കു വച്ച യാത്രാനുഭവങ്ങൾ ആകാംഷ നിറഞ്ഞതാണ്. ഒറ്റയ്ക്ക് ഉലകം ചുറ്റുന്ന സ്ത്രീ എന്ന പേരിലാണ് അഞ്ജലിയെ ലോകം അറിയുന്നത്. ഘടാഘടിയന്മാരായ പുരുഷകേസരികൾ പോലും യാത്ര ചെയ്യാൻ മടിച്ചു നിൽക്കുന്ന കാട്ടിലും മലകളിലും ചുറ്റിക്കറങ്ങി ആ ദൃശ്യങ്ങൾ അഞ്ജലി സ്വന്തം ക്യാമറയിൽ പകർത്തി. ജീവൻ പണയം വച്ച് നടന്നു തീർത്ത വഴികളിൽ ഈ യുവതി പരിചയപ്പെട്ടത് പലതരത്തിലുള്ള കാഴ്ചകളാണ്. ഓരോ രാജ്യങ്ങൾ കണ്ടു മടങ്ങുമ്പോഴും അന്നെടുത്ത തീരുമാനത്തിന് സ്തുതിപാടിക്കൊണ്ട് അടുത്ത യാത്രയ്ക്ക് കളമൊരുക്കുന്നതാണ് അഞ്ജലിയുടെ രീതി.
സ്വന്തം ആത്മാവിനെ കൂട്ടുപിടിച്ച് യാതൊരു പരിചയവുമില്ലാത്ത സ്ഥലങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ കണ്ടതും കേട്ടതുമെല്ലാം എഴുതിവയ്ക്കാൻ ഈ സഞ്ചാരപ്രിയ മറന്നില്ല. കഴിഞ്ഞു പോയ കാലം ഈ യാത്രക്കാരിക്കു നൽകിയ രസകരമായ കുറേ അനുഭവങ്ങളുണ്ട്. അതുപോലെ, ഭയപ്പെടുത്തിയ കുറേ സംഭവങ്ങളും.
ഒരു മലയാളിപ്പെണ്ണ് രണ്ടും കൽപ്പിച്ച് സാഹസിക യാത്രയ്ക്ക് ഒരുമ്പെട്ടിറങ്ങിയ സംഭവങ്ങൾ ഒട്ടേറെ പറഞ്ഞു കേട്ടിട്ടില്ല. അതു തന്നെയാണ് അഞ്ജലി എന്ന ‘വൈൽഡ് ട്രാവലറെ’ വ്യത്യസ്തയാക്കുന്നത്.
‘‘മരിക്കുന്നതിനു മുമ്പു ലോകം മുഴുവൻ ചുറ്റിക്കാണണം. അതിനുള്ള പണം സമ്പാദിക്കാനാണു ജോലി ചെയ്യുന്നത്.’’
അച്ഛനും അമ്മയും പറഞ്ഞതു മാത്രം കേട്ടു വളർന്ന അഞ്ജലിക്ക് എങ്ങനെയാണ് ഇത്രയ്ക്കു ധൈര്യം കിട്ടിയതെന്നു ചോദിച്ചാൽ ‘‘പെട്ടന്നുണ്ടായൊരു വെളിപാടിൽ ഇങ്ങനെയൊക്കെ സംഭവിച്ചു’’ എന്നാണ് അഞ്ജലിയുടെ മറുപടി.
‘‘ ഒരു ഇംഗ്ലീഷ് പത്രത്തിൽ ജോലി കിട്ടി ബംഗളൂരുവിൽ എത്തിയപ്പോഴാണ് ആദ്യമായി ഏറെ ദൂരം ഒറ്റയ്ക്കു യാത്ര ചെയ്തത്. ബിരുദമെടുത്തതു നിയമത്തിലാണെങ്കിലും എനിക്കു താത്പര്യം തോന്നിയത് മാധ്യമപ്രവർത്തനത്തിലായിരുന്നു. മെട്രൊ നഗരത്തിന്റെ ഹൈഫൈ ലൈഫിലേക്ക് ഊളിയിട്ടിറങ്ങുന്നതിനു മുമ്പ് മനസ് യാത്രകളെ പ്രണയിച്ചു തുടങ്ങി. ആകെ ഒരു ജന്മമേയുള്ളൂവെന്നും അതു വെറുതേ ജീവിച്ചു തീർത്താൽ പോരെന്നും അവിടെ വച്ചു തീരുമാനമെടുത്തു. രണ്ടാമതൊന്ന് ആലോചിക്കാതെ ഗോവയ്ക്കു തീവണ്ടി കയറി. അൻജുന ബീച്ചിലെ മണൽപ്പരപ്പിൽ കാൽപ്പാടുകൾ പതിച്ച് കടൽക്കാറ്റിനെതിരേ നടന്നു. സത്യം പറഞ്ഞാൽ, അതൊരു തിരിച്ചറിവായിരുന്നു. അന്നു വരെ കൂടെക്കൊണ്ടു നടന്ന യാഥാസ്ഥിതിക രീതികളിൽ നിന്നു മാറിച്ചിന്തിക്കാനുള്ള വകതിരിവുണ്ടായെന്നു പറയുന്നതാവും അൽപ്പംകൂടി ശരി.’’ യാത്രകളുടെ തുടക്കകാലത്തിലേക്കുള്ള മടക്കസഞ്ചാരം അഞ്ജലിയെ കൂടുതൽ ആവേശത്തിലാക്കി.
‘‘ഇക്കാലത്ത്, അതായത് 2004 ൽ, ദുബായിയിൽ ഷോപ്പിങ് ഫെസ്റ്റിവൽ ആരംഭിച്ചുവെന്ന് അറിഞ്ഞപ്പോൾ ഇരിപ്പുറച്ചില്ല. രണ്ടും കൽപ്പിച്ച് വിസിറ്റിങ് വിസയിൽ അറബിനാട്ടിലേക്കു വിമാനം കയറി. യാത്രയ്ക്കു ചിറകു വിടർന്നത് അന്നായിരുന്നു. ഈ ഭൂമിയുടെ മറു കോണുകളുടെ സൗന്ദര്യം ആസ്വദിച്ചു തുടങ്ങുകയായിരുന്നു. കുറച്ചു ദിവസങ്ങൾക്കു ശേഷം ബാങ്കോക്കിലേക്ക് യാത്ര ഉറപ്പിച്ചു. പിന്നീടുള്ള ഓരോ ദിവസങ്ങളിലും വെവ്വേറെ രാജ്യങ്ങളെക്കുറിച്ച് പഠിക്കലായിരുന്നു പ്രധാന പണി. ഏഷ്യയിലെ രാജ്യങ്ങളോരോന്നായി എന്റെ ഡയറിക്കുറിപ്പുകളിലും ക്യാമറയിലും പതിഞ്ഞു. യാത്ര ആഫ്രിക്കയിലേക്കു നീണ്ടു. കിളിമഞ്ചാരോയിലെ കിഴുക്കാം തൂക്കായ ഉഹ്റു പീക്ക് കയറിയതോടെ ഉയരങ്ങളിലേക്കുള്ള നടത്തത്തിനോടായി പ്രിയം. ’’
സൂപ്പർ ഹിറ്റ് സിനിമയുടെ തിരക്കഥ പോലെ ഒന്നിൽ നിന്നു മറ്റൊന്നിലേക്കായി യാത്രകളെക്കുറിച്ച് അഞ്ജലി തുടർന്നു.
‘‘തൊട്ടുപിന്നാലെ ഒത്തു വന്നത് പാപുവ ന്യൂ ഗിനിയയിലേക്കുള്ള അവസരമാണ്. സിംഗപ്പൂരിൽ നിന്നു പോർട്ട് മോർസ്ബൈയിലേക്കു വിമാനമുണ്ട്. കാടാണോ നാടാണോ എന്നു തിരിച്ചറിയാൻ വയ്യാത്ത സ്ഥലങ്ങളാണ് പാപുവ ന്യൂ ഗിനിയയുടേത്. ഒരു ദിവസം രണ്ടു കിലോമീറ്ററിൽ കൂടുതൽ യാത്ര ചെയ്യാൻ പറ്റില്ല. ഈ വഴികളിൽ ഹോട്ടലുകളില്ല. ചെറുവിമാനങ്ങളിൽ വിതരണം ചെയ്യുന്ന ഭക്ഷണപ്പൊതികളാണ് വിശപ്പടക്കാനുള്ള മാർഗം. കാടുകളിൽ താത്കാലികമായി കെട്ടിയുണ്ടാക്കിയ ടെന്റുകളിലായിരുന്നു ആ യാത്രയിൽ അന്തിയുറക്കം. പട്ടിണിയും ദാരിദ്ര്യവും കൈമുതലായുള്ള മനുഷ്യരുടെ ലോകമാണ് പാപുവ ന്യൂ ഗിനിയ. കമ്മൽ മോഷ്ടിക്കാനായി ഒരാളുടെ ചെവി മുറിച്ചെടുക്കാനോ, വാച്ച് തട്ടിയെടുക്കാനായി കൈ വെട്ടിയെടുക്കാനോ ഇവിടെയുള്ളവർക്ക് യാതൊരു മടിയുമില്ല. കംബോഡിയ, കൊക്കോഡ ട്രാക്ക്, ഹോണ്ടഡ് പാലസ് തുടങ്ങിയ സ്ഥലങ്ങളെല്ലാം സന്ദർശിച്ചു. കുറേ ഫോട്ടോകളെടുത്തു. കൈയും കാലും നഷ്ടപ്പെടാതെ ഈ കാടുകളിലൂടെ യാത്ര ചെയ്തു മടങ്ങുമ്പോൾ എനിക്ക് അൽപ്പംകൂടി ധൈര്യം കിട്ടി. ’’ – അമ്പതിലേറെ sരാജ്യങ്ങളെ തൊട്ടറിഞ്ഞിട്ടുള്ള അഞ്ജലി അവയിൽ ചിലതിനെ വേറിട്ട യാത്രകളായി മാറ്റി നിർത്തി.
എൽഎൽബി കഴിഞ്ഞപ്പോൾ അഞ്ജലിക്കു മാധ്യമ പ്രവർത്തനത്തോടായി കമ്പം. നേരേ ബംഗളൂരുവിലേക്കു വണ്ടി കയറി. അതായിരുന്നു അഞ്ജലിയുടെ ജീവിതയാത്രയിലെ വഴിത്തിരിവ്.
‘‘പാപുവ ന്യൂ ഗിനിയ വരെയുള്ള ദൂരം സ്വപ്നം കാണാൻ പോലും ധൈര്യമില്ലാത്തയാളായിരുന്നു ഞാൻ. കുട്ടിക്കാലത്ത് യാതൊരു സാഹസവും ഇഷ്ടപ്പെടാത്ത ഞാൻ ഇങ്ങനെ മാറിയപ്പോയതിനു കാരണം എനിക്കു തന്നെ നിശ്ചയമില്ല. പത്തെഴുപതു രാജ്യങ്ങളിൽ യാത്ര ചെയ്ത് പയറു മണിപോലെ തിരിച്ചെത്തിയ പെങ്ങളെക്കുറിച്ച് സഹോദരന്മാർ രണ്ടാൾക്കും ഇപ്പോൾ ആശങ്കകളില്ല. എവിടെപ്പോയാലും തട്ടുകേടില്ലാതെ കുഞ്ഞുപെങ്ങൾ മടങ്ങിയെത്തുമെന്ന് മേക്കാട്ടുകുന്നേൽ കുടുംബത്തിൽ എല്ലാവർക്കും ഉറപ്പുണ്ട്.
‘‘ഓരോ യാത്രയ്ക്കു പിന്നിലും കഷ്ടപ്പാടുപോലെത്തന്നെ വലിയ ചെലവുകളുമുണ്ട്. യാത്രയ്ക്കുള്ള പണം കണ്ടെത്താനായി ഒരു ജോലി അന്വേഷിച്ചു. ദുബായിയിയിൽ പ്രശസ്തമായ റേഡിയോ േസ്റ്റഷനിൽ ‘ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസറായി’ ജോലി കിട്ടി. ചെല്ലുന്നിടത്തെല്ലാം വരവേൽക്കാനും സൗകര്യങ്ങളൊരുക്കിത്തരാനും സുഹൃത്തുക്കളുണ്ട്. യാത്രകളെ ഇഷ്ടപ്പെടുന്ന ഒരാളെ സംബന്ധിച്ചിടത്തോളം ഇതിലും വലിയ സമ്പാദ്യം വേറെയെന്തുണ്ട്...? ’’
പെണ്ണുങ്ങൾ ഒറ്റയ്ക്ക് യാത്ര ചെയ്താൽ ആരും പിടിച്ചുകൊണ്ടു പോകില്ലെന്ന് അഞ്ജലി പറയുന്നത് അനുഭവങ്ങളെ സാക്ഷിയാക്കിയാണ്. ഓരോ യാത്രകളും നൽകുന്ന ധൈര്യമാണ് അടുത്ത യാത്രയ്ക്കുള്ള വഴി തെളിക്കുന്നതെന്നും അഞ്ജലി പറഞ്ഞു. സുഹൃത്തുക്കളുടേയും വീട്ടിലുള്ളവരുടേയും പിന്തുണയുണ്ടെങ്കിൽ ലോകത്തെവിടേയും ആരെയും പേടിക്കേണ്ടെന്നാണ് അഞ്ജലിയുടെ പക്ഷം.
‘‘കാടുകളെ ഞാൻ പ്രണയിക്കുന്നു. കാടിന്റെ റൊമാൻസ് ആസ്വദിക്കുന്നു. പപുവ ന്യൂ ഗിനിയ വനങ്ങളാണ് എന്നെ ഒറ്റനോട്ടത്തിൽ വീഴ്ത്തിയത്.’’ ഇത്രയും കാലത്തിനിടെ യാത്രകളിൽ അഞ്ജലിയെ ആകർഷിച്ചത് എന്താണെന്നുള്ള ചോദ്യത്തിനുള്ള മറുപടി ഇതായിരുന്നു.
‘‘യാത്രകൾക്കു തടസം നിൽക്കാത്ത ഒരാളായിരിക്കണം എന്റെ ജീവിതത്തിൽ കൂടെയുണ്ടാകേണ്ടത്. അങ്ങനെയൊരാളെ കണ്ടെത്തിയാൽ വിവാഹം. ഒരു കണ്ടീഷൻ ; അദ്ദേഹം ഒരുപാട് യാത്ര ചെയ്യുന്നയാളാവരുത്...’’ തിരക്കേറിയ യാത്രകൾക്കിടയിൽ അഞ്ജലി സ്വന്തം കുടുംബത്തെക്കുറിച്ചു സ്വപ്നം കാണുന്നത് ഇങ്ങനെയാണ്.
‘‘ഇനിയും ഒരുപാടു മലകൾ കീഴടക്കണം. പ്രപഞ്ചത്തിലെ കാടുകളായ കാടുകളിലെല്ലാം സഞ്ചരിക്കണം. ഒടുവിൽ, ഹിമാലയത്തിന്റെ നെറുകയിലെത്തിയ ശേഷം ഭൂമിയിൽ നിന്നു യാത്രയാകണം...’’ ആഗ്രഹങ്ങളുടെ ഡയറിക്കുറിപ്പ് അഞ്ജലി പറഞ്ഞൊതുക്കി.
അഞ്ജലി തോമസ്
മേക്കാട്ടുകുന്നേൽ തോമസിന്റെയും സിൽവിയയുടേയും മകൾ. ജനനം ഉത്തർപ്രദേശിലെ ഗോരക്പുരിൽ. ബിരുദമെടുത്തതു നിയമത്തിലാണെങ്കിലും പത്രപ്രവർത്തകയായി ജോലി ആരംഭിച്ചു. ‘Almost Intrepid’ എന്നൊരു യാത്രാ വിവരണ പുസ്തമെഴുതി. ഇപ്പോൾ, ദുബായിയിലെ റേഡിയോ േസ്റ്റഷനിൽ ‘ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ.
baijugovind@gmail.com