Thursday 17 September 2020 02:34 PM IST

ഒറ്റമുറിക്കുള്ളിൽ പിടിച്ചിരുത്തുന്ന ത്രില്ലർ, അഗതാ ക്രിസ്റ്റി കഥ പോലെ ഉദ്വേഗജനകം; എനിക്കു പ്രിയം ട്വെൽവ് ആൻഗ്രി മെൻ

Sreerekha

Senior Sub Editor

midhun_covr

എന്റെ പ്രിയ സിനിമ-മിഥുൻ മാനുവൽ തോമസ് (സംവിധായകൻ)

ട്വെൽവ് ആൻഗ്രി മെൻ

ഏറ്റവും പ്രിയപ്പെട്ടതായി ഞാൻ മനസ്സിനോടു ചേർത്തു വച്ചിരിക്കുന്ന ഒരുപാട് സിനിമകളുണ്ട്. എങ്കിലും, ഒരു സിനിമയെക്കുറിച്ചു മാത്രമായി സംസാരിക്കേണ്ടി വരുമ്പോൾ ഞാൻ തിരഞ്ഞെടുക്കുന്നത് പഴയൊരു സിനിമയാണ്. എന്റെ ഒാൾ ടൈം േഫവറിറ്റുകളിലൊന്നായ, 1957 ൽ റിലീസ് ചെയ്ത ഹോളിവുഡ് ചലച്ചിത്രം ‘ട്വെൽവ് ആൻഗ്രി മെൻ’. റെജിനാൾ‍ഡ് റോസിന്റെ തിരക്കഥയിൽ സിഡ്നി ലൂമെറ്റ് സംവിധാനം ചെയ്ത സിനിമ. റെജിനാൾഡ് റോസിന്റെ ഇതേ പേരിലുള്ള ടെലിപ്ലേയിൽ നിന്ന് അഡാപ്റ്റ് ചെയ്യപ്പെട്ട ചലച്ചിത്രമാണിത്.

ഒരു കോർട്ട് റും ഡ്രാമയെന്ന് ഈ ചലച്ചിത്രത്തെ വിശേഷിപ്പിക്കാം. വളരെ പരിമിതമായ സ്പേസിൽ, നാലു ചുവരുകൾക്കുള്ളിൽ നടക്കുന്ന സിനിമയാണിത്. അതാണീ ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ഒരു കോർട്ടും, ജൂറി റൂമും ആണ് സിനിമ ചിത്രീകരിച്ചിരിക്കുന്ന ഇടം. ഒറ്റ മുറിയിൽ നടക്കുന്ന ക ഥയായിട്ടും കൂടി, സംഭാഷണങ്ങളും കഥാപാത്രങ്ങൾ തമ്മിലുള്ള സംഘർഷങ്ങളും വഴി പ്രേക്ഷകരെ ഒാരോ നിമിഷവും ഈ സിനിമ പിടിച്ചിരുത്തുന്നു.

റ്റ മുറിയിലെ ത്രില്ലർ

ജോലി കിട്ടി ദുബായ്‌യിൽ എത്തിയ സമയത്താണ് ഞാൻ അന്താരാഷ്ട്ര സിനിമകൾ കൂടുതലായി കാണുന്നത്. ഹോളിവുഡ് സിനിമകളുടെ ലോകം അടുത്തു പരിചയപ്പെടുന്നതും അ ന്നായിരുന്നു. അക്കാലത്താണ് ‘ട്വെൽവ് ആൻഗ്രി മെൻ’ കണ്ടത്. ചിത്രത്തിന്റെ തിരക്കഥയുടെ പാടവവും ഒരു മുറിയുടെ പരിമിതിക്കുള്ളിൽ നിന്നു തന്നെ സിനിമ പിടിച്ചിരുത്തുന്നതാക്കുന്ന ഡയലോഗിന്റെ മാജിക്കും ഏറെ വിസ്മയിപ്പിച്ചു. ഒരു വിധത്തിലുമുള്ള വയലൻസുമില്ലാതെ, ആക്‌ഷൻ സീനുകളില്ലാതെ, സംഭാഷണം കൊണ്ടു മാത്രം ഉദ്വേഗത്തിന്റെ നിമിഷങ്ങളിലൂടെ പ്രേക്ഷകരെ കൊണ്ടു പോകുന്നു! സംഭാഷണം എഴുതാനാഗ്രഹിക്കുന്നവർക്ക് ഒരു പാഠപുസ്തകമാണീ ചലച്ചിത്രം. നായകകഥാപാത്രമായി അഭിനയിച്ച ഹെൻറി ഫോണ്ടയുടെയും മറ്റ് അഭിനേതാക്കളുടെയും പ്രകടനവും അങ്ങേയറ്റം മികവേറിയതാണ്.

ജീവിതം അവരുെട കൈകളിൽ, മരണം അവരുടെ മനസിൽ’

കുറ്റകൃത്യം ചെയ്തെന്ന് വിധിക്കപ്പെട്ട ഒരു യുവാവ് യഥാർഥത്തിൽ ആ കുറ്റകൃത്യം ചെയ്തിട്ടുണ്ടോ എന്ന് അന്തിമമായി തീർച്ചപ്പെടുത്താനായി 12 ജൂറി അംഗങ്ങൾ ഒരു കോർട്ട് മുറിയിലിരുന്ന് നടത്തുന്ന ചർച്ചയാണ് ഈ ചലച്ചിത്രത്തിന്റെ പ്രമേയം. കുറ്റകൃത്യത്തിന്റെ പിന്നിലെ നിഗൂഢത വെളിച്ചത്തു കൊണ്ടുവരാനുള്ള ശ്രമമല്ല ഇവിടെ. എതിർകക്ഷിയായ യുവാവ് ആ കുറ്റകൃത്യം ശരിക്കും ചെയ്തിട്ടുണ്ടോയെന്നത് ‘യുക്തിപരമായ സംശയ’ത്തിന്റെ അടിസ്ഥാനത്തിൽ വിശകലനം ചെയ്ത് അവസാന നിഗമനത്തിലെത്താൻ ശ്രമിക്കുകയാണ് ജൂറി അംഗങ്ങൾ.

ലൈഫ് ഈസ് ഇൻ ദേർ ഹാൻഡ്സ്, ഡെത്ത് ഈസ് ഒാൺ ദേർ മൈൻഡ്സ്’ എന്ന സിനിമയുടെ പരസ്യ വാചകം പോലെ തന്നെ ഉദ്വേഗഭരിതമാണ് കഥാഗതി. തന്റെ അച്ഛനെ കുത്തിക്കൊലപ്പെടുത്തി എന്ന ‘ഫസ്റ്റ് ഹാൻഡ് മർഡർ’ കുറ്റത്തിൽ കുറ്റവാളിയായി വിധിക്കപ്പെട്ടതാണ് എതിർകക്ഷിയായ പതിനെട്ടുകാരനായ യുവാവ്. അയാൾ കുറ്റവാളിയാണോ അതോ നിരപരാധിയാണോ എന്ന് പന്ത്രണ്ട് ജൂറി അംഗങ്ങൾ കോർട്ട് മുറിക്കുള്ളിലിരുന്ന് ചർച്ച ചെയ്യുന്നു. ശ്വാസംമുട്ടിക്കുന്നത്ര ഇടുങ്ങിയ കോടതി മുറിയിൽ ന്യൂയോർക്ക് നഗരത്തിലെ ഏറ്റവും ചൂടേറിയ ദിനങ്ങളിലൊന്നിലാണീ ചർച്ച അരങ്ങേറുന്നത്. സിനിമയുടെ തുടക്കത്തിലെ ഒരേയൊരു ഷോട്ടിലേ കുറ്റവാളിയായ യുവാവിനെ കാണിക്കുന്നുള്ളൂ. ചെറുപ്പക്കാരന്റെ ജീവിതവിധി നിർണയിക്കുന്ന ചർച്ചയാണത്. കാരണം, കുറ്റവാളിയെന്ന് ജൂറി അംഗങ്ങൾ ഭൂരിഭാഗവും ഉറപ്പിച്ചാൽ ആ പതിനെട്ടുകാരന് വധശിക്ഷ ഉറപ്പാണ്. കുറ്റവാളിയല്ലെന്നുറപ്പിച്ചാൽ അയാൾക്കുതിരികെ കിട്ടുന്നത് തന്റെ ജീവിതമാണ്.

ലോഗുകളുടെ മാജിക്

തുടക്കത്തിൽ 12 പേരിൽ ഒരേയൊരാൾ മാത്രമാണ് ആ യുവാവ് ‘നോട്ട് ഗിൽറ്റി’ ആകാമെന്ന തന്റെ നിരീക്ഷണം വ്യക്തമായി പറയുന്നത്. ജൂറോർ നമ്പർ 8 (ഹെന്റി േഫാണ്ടയുടെ കഥാപാത്രം). മാനുഷിക മൂല്യങ്ങളാൽ പ്രേരിതനായി അയാൾ തന്റെ കാഴ്ചപ്പാട് പറയുന്നു. ജീവിതം ഒരിക്കലും തീരെ ദയ കാണിച്ചിട്ടില്ലാത്ത ആ യുവാവിനു വേണ്ടി വാദിക്കുന്നു. ‘ഒരുപക്ഷേ, ആ പയ്യൻ കുറ്റവാളിയല്ലെങ്കിലോ? അയാൾ കോടതിയിൽ പറഞ്ഞതു പോലെ... സിനിമ കണ്ട് രാത്രി മടങ്ങി വന്നപ്പോൾ അച്ഛനെ മറ്റാരോ കൊല ചെയ്തതും കത്തി അവന്റെ പോക്കറ്റിൽ നിന്ന് അച്ഛന്റെ ശരീരത്തിലേക്ക് വീണതുമാണെങ്കിലോ?’ ഒരിക്കൽ കൂടി ആ സന്ദർഭം വിശകലനം ചെയ്യാനാണ് ജൂറോർ നമ്പർ 8 അപേക്ഷിക്കുന്നത്. ഒരു നിരപരാധി ശിക്ഷയ്ക്കിരയാവാതിരിക്കാൻ...!

അയാളുെട വാദഗതികളെ, ആ പയ്യൻ കുറ്റവാളെയെന്നുറപ്പിച്ച് തുടക്കത്തിൽ മറ്റെല്ലാവരും എതിർക്കുകയാണ്. പിന്നീട് ചർച്ച കൂടുതൽ കടുത്തതാകുമ്പോൾ വ്യക്തിപരമായ സംഘർഷങ്ങളിലേക്കു പോലും അവ പടരുന്നു. ഒാരോ നിമിഷവും സിനിമയുടെ ഡ്രാമ പ്രേക്ഷകരെ പിടിച്ചിരുത്തുന്നു. മനസ്സിൽ അടിവരയിട്ടുറപ്പിച്ച ശരികളിൽ നിന്നും ഒാരോരുത്തരായി വ്യതിചലിക്കുന്ന നിമിഷങ്ങൾ സൂക്ഷ്മമായിട്ടാണു പകർത്തിയിരിക്കുന്നത്. ചർച്ച വികസിക്കുന്തോറും യുവാവ് ‘കുറ്റവാളിയല്ല’ എന്നു വിശ്വസിക്കുന്നവരുടെ എണ്ണം കൂടി വരുന്നു.

12 ജൂറി അംഗങ്ങളുെട വ്യക്തിത്വങ്ങൾ എല്ലാ തരത്തിലും വിഭിന്നമാണ്. അവരുടെ കാഴ്ചപ്പാട്, വൈകാരികനില, മുൻധാരണകൾ, കുറ്റകൃത്യത്തെക്കുറിച്ചുള്ള വിലയിരുത്തലുകൾ എല്ലാം തികച്ചും വിഭിന്നമാണ്. ഇതിൽ നിന്നും ഉടലെടുക്കുന്ന സംഘർഷവും പൊരുത്തങ്ങളും പൊരുത്തക്കേടുകളും ആണ് ഡയലോഗുകളെ ഉദ്വേഗം നിറഞ്ഞതാക്കുന്നത്. തുടക്കത്തിൽ ‘കുറ്റവാളിയല്ല’ എന്ന് ഒരേ ഒരാൾ മാത്രം വോട്ട് രേഖപ്പെടുത്തിയ ബാലറ്റ്, അവസാനമാകുമ്പോൾ ബാക്കിയെല്ലാവരും തന്നെ ആദ്യത്തെ അനുമാനം മാറ്റുന്ന നിലയിലേക്കു വരുന്നു. ആ യുവാവ് കുറ്റകൃത്യം ചെയ്തുവെന്ന് ഉറച്ചു വിശ്വസിച്ചിരുന്ന ജൂറി അംഗം കൂടി സ്വന്തം നിലപാടിൽ നിന്നു മാറുകയാണ്!

അവസാന ഷോട്ടില്‍ ഇടുങ്ങിയ കോടതി മുറിയിൽ നിന്ന് വിശാലമായ ഒൗട്ട് ഡോറിലേക്ക് ക്യാമറ തിരിയുമ്പോൾ പ്രേക്ഷകർക്കും ഇത്തിരി സ്വതന്ത്രമായി ശ്വാസമെടുക്കുന്ന അനുഭവം തോന്നും. 12 ജൂറി അംഗങ്ങളുടെയും േപര് പരാമർശിക്കാതെ അവരുടെ നമ്പർ മാത്രമാണ് വെളിപ്പെടുത്തുന്നത്. അവസാനം, എട്ടാം ജൂറി അംഗം തന്റെ പേരു പറഞ്ഞ് പരിചയപ്പെടുത്തുന്ന സീൻ ഒഴിച്ചാൽ.

midhun_1

എക്കാലത്തെയും മികച്ച സിനിമകളിലൊന്ന്

ഒരു അഗതാ ക്രിസ്റ്റി കഥ പോലെ ഒറ്റമുറിയിലെ ഈ ത്രില്ലർ നമ്മെ ആകാംക്ഷാഭരിതമായി മുന്നോട്ട് കൊണ്ടു പോകുന്നെങ്കിലും, കുറ്റകൃത്യത്തിന്റെ പിന്നിലെ രഹസ്യം വെളിപ്പെടുത്തുകയല്ല ഇവിടെ. മറിച്ച്, കുറ്റമാരോപിക്കപ്പെട്ട എതിർകക്ഷി കുറ്റം അന്തിമമായി തെളിയും വരെ നിരപരാധിയാകാം എന്നതിെന കുറിച്ചാണീ സിനിമ. തെറ്റായ തെളിവുകൾ ഒരുപക്ഷേ, കുറ്റം ചെയ്യാത്ത ഒരാളെയും കഠിനശിക്ഷയിലേക്ക് നയിച്ചേക്കാം എന്നതിനെക്കുറിച്ചാണ്. ‘‘മറ്റൊരാളുടെ ജീവിതത്തെക്കുറിച്ചാണ് നമ്മളിവിടെ ചർച്ച ചെയ്യുന്നത്’’ എന്ന് ഫോണ്ടയുടെ കഥാപാത്രം പറയുന്നുണ്ട്. ‘‘അഞ്ചു മിനിറ്റ് കൊണ്ട് നമുക്ക് തീരുമാനിക്കാനാവില്ല. ഒരുപക്ഷേ, നമ്മൾ തെറ്റാണെങ്കിലോ?’’

സിനിമയ്ക്ക് വലിയ സ്പേസും ക്യാൻവാസും ആക്‌ഷൻ സീക്വൻസുകളും ഗംഭീരലൊക്കേഷനുകളുമാക്കെ വേണമെന്ന ചിന്താഗതിയെ തകിടം മറിച്ചുെകാണ്ടാണ് 1957 ൽ ഈ സിനിമ ഇറങ്ങിയത്. കളർചിത്രങ്ങളുടെ ധാരാളിത്തം വെള്ളിത്തിരയെ ആകർഷകമാക്കിയ കാലത്ത്, ബ്ലാക്ക് ആൻഡ് വൈറ്റിൽ ഇറങ്ങിയ ഈ സിനിമ, അമേരിക്കയിൽ ബോക്സ് ഒാഫീസിൽ പരാജയമായിരുന്നു. പക്ഷേ, പിൽക്കാലത്ത് ഈ ചലച്ചിത്രം വലിയ അന്താരാഷ്ട്ര പ്രസിദ്ധിയാർജിക്കുകയും ലോകമെങ്ങും ഒരു ക്ലാസിക് എന്ന തലത്തിൽ എക്കാലത്തെയും ഏറ്റവും മികവാർന്ന സിനിമകളിലൊന്നായി അംഗീകരിക്കപ്പെടുകയും ചെയ്തു.

2007 ൽ ‘നാഷനൽ ഫിലിം രജിസ്ട്രി’യിലേക്ക് സാംസ്കാരികമായും ചരിത്രപരമായും സൗന്ദര്യശാസ്ത്രപരമായും പ്രസക്തമായ ചലച്ചിത്രമായി ‘ട്വെൽവ് ആൻഗ്രി മെൻ’ തിരഞ്ഞെടുക്കപ്പെട്ടു. ഏറ്റവും ശ്രദ്ധേയമായ 100 സിനിമകളുടെ പട്ടികയിലും ചിത്രം സ്ഥാനം പിടിച്ചിട്ടുണ്ട്. സിനിമയിൽ ഹെന്റി ഫോണ്ട അവതരിപ്പിച്ച കഥാപാത്രം, എക്കാലത്തെയും ശ്രദ്ധേയമായ നായക കഥാപാത്രങ്ങളുടെ ലിസ്റ്റിലും ഇടം നേടിയിട്ടുണ്ട്. ∙