വിദ്യാസമ്പന്നരും ഉദ്യോഗസ്ഥരുമായ മാതാപിതാക്കളും ഡിഗ്രി വിദ്യാർഥിനിയായ മകളും കൂടി ഒരു ദിവസം എന്നെ കാണാനെത്തി. മാതാപിതാക്കളുടെ മുഖത്ത് ആകാംക്ഷയുടെ നിഴലും നേരിയ പ്രത്യാശയുടെ വെളിച്ചവും മാറി മാറി പ്രത്യക്ഷപ്പെടുന്നുണ്ട്. പെൺകുട്ടിയുടെ മുഖത്ത് താത്പര്യമില്ലായ്മയും പുച്ഛവുമാണ്. ‘‘മാഡം, ഞാനും ഭാര്യയും ബാങ്ക് ഉദ്യോഗസ്ഥരാണ്. ഒരേയൊരു മകളേയുള്ളു. ഇവൾ, നയന. ഡിഗ്രി മൂന്നാം വർഷം പഠിക്കുന്നു. വല്ലാത്തൊരു കുരുക്കിൽ പെട്ടിരിക്കുകയാണ് ഞങ്ങൾ. മാഡം ഞങ്ങളെ എങ്ങനെയെങ്കിലും രക്ഷിക്കണം.’’ ആ പിതാവിന്റെ ശബ്ദം ഇടറിയിരുന്നു.
‘‘പറയൂ, എനിക്കു ചെയ്യാൻ കഴിയുന്ന എല്ലാ സഹായവും നിങ്ങൾക്കുണ്ടാവും.’’ ഞാൻ ഉറപ്പുകൊടുത്തു.
‘‘ പൊന്നുപോലെയാ ഇവളെ വളർത്തിയത്, ആകെയൊന്നല്ലേയുള്ളുവെന്നു വിചാരിച്ച്. എന്നിട്ടിപ്പോൾ അവൾക്കു ഞങ്ങൾ ശത്രുക്കളായി.’’അമ്മ കരയാൻ തുടങ്ങി. ‘‘ കരഞ്ഞിട്ടെന്താ കാര്യം. നീ പറയണ്ട. ഞാൻ സംസാരിക്കാം.’’ഭാര്യയെ ആശ്വസിപ്പിക്കാൻ ഭർത്താവിന്റെ വിഫല ശ്രമം.
‘‘മാഡം, ഇവളൊരാളുമായി ഇഷ്ടത്തിലാണ്. ഞങ്ങൾക്ക് ഒരു തരത്തിലും ചേരാത്ത ഒരു ബന്ധം. ഇവൾക്കെന്തു പറ്റിയെന്നാ മനസ്സിലാകാത്തത്.’’ ‘‘ഡാഡി, ഇതുപോലെയുള്ള സംഭാഷണമാണെങ്കിൽ എനിക്കു താത്പര്യമില്ല. അറിയാമല്ലോ. നിർബന്ധിച്ചതുകൊണ്ടു മാത്രമാണ് ഞാൻ നിങ്ങളുടെ കൂടെ വന്നത്. എന്നെ ഇൻസൾട്ട് ചെയ്യാനാണ് ഭാവമെങ്കിൽ ഞാൻ പോവ്വാണ്.’’ പെൺകുട്ടിയുടെ മുഖം കടുത്തു.
‘‘നയന, കുട്ടിക്കെന്താ പറയാനുള്ളത്?’’‘‘എനിക്കൊന്നും പറയാനില്ല. ഐ യാം എ ഗ്രോൺ അപ്. ഐ കാൻ ടേക് ഡിസിഷൻസ് ഫോർ മി. പിന്നെ ഞാനിവരുടെയൊപ്പം വന്നതും ഇഷ്ടമുണ്ടായിട്ടല്ല. ഒരു തവണ വരുമോയെന്ന് കെഞ്ചിയപ്പോ സമ്മതിച്ചതാ. ഞാനൊരാളെ സ്നേഹിക്കുന്നു. ആരൊക്കെ എതിർത്താലും ഞാനയാളെ മാരി ചെയ്യും. അതിവർക്കിഷ്ടമല്ല, അത്ര തന്നെ.’’ ‘‘ഇഷ്ടമല്ലാത്തതിന്റെ കാരണം?’’
‘‘ആ, ആർക്കറിയാം.’’ നയനയുടെ മുഖത്തെ പുച്ഛം കൂടുതൽ കടുത്തു. ‘‘അങ്ങനെയല്ല. നയനയ്ക്കറിയാം. ഇവരെതിർക്കുന്നതെന്തുകൊണ്ടാണെന്ന്.’’എന്റെ സ്വരത്തിലെ ഉറപ്പ് ശ്രദ്ധിച്ചതുകൊണ്ടാവണം, തെല്ലൊരു മര്യാദയോടെയാണു നയന മറുപടി പറഞ്ഞത്. ‘‘ആൾക്ക് കുറച്ച് പ്രായം കൂടുതലാണ്. പിന്നെ ഇപ്പോൾ ജോലി ഇല്ല. താമസിയാതെ ഗൾഫിൽ പോകാനിരിക്കുകയാണ്. പേരന്റ്സ് അവിടെയാണ്.’’‘‘കുറച്ചു പ്രായം കൂടുതലാണോ 42 വയസ്സെന്നു പറഞ്ഞാൽ? ഇവൾക്ക് വയസ്സ് ഇരുപതു കഴിഞ്ഞതേയുള്ളു’’ അമ്മയുടെ സ്വരത്തിൽ കണ്ണീർ തുളുമ്പി.
‘‘അതിനെന്താ, റെനോജ് നല്ല സ്മാർട്ടാണ്. കണ്ടാൽ പ്രായം തോന്നുകയുമില്ല. പ്രായമുണ്ടെങ്കിൽ ഞാനല്ലേ സഹിക്കുന്നത്? മമ്മീം ഡാ ഡീം എന്തിനാ വിഷമിക്കുന്നത്?’’ നയന ചീറി.
‘‘കുട്ടീ ജീവിതം ഒന്നോ രണ്ടോ ദിവസങ്ങളിലെയോ മാസങ്ങളിലെയോ മധുരം കൊണ്ടു തീരുന്നതുമല്ല. എത്രയോ വർഷങ്ങൾ നിലനിൽക്കേണ്ടുന്ന ഒരു ബന്ധത്തിന്റെ കാര്യത്തിൽ ആ വേശമല്ല, ആലോചനാപൂർവമായ തീരുമാനമാണ് വേണ്ടത്. ഇപ്പോഴത്തെ നിന്റെ തോന്നലുകൾ വൈകാരികമാണ്; വിവാഹത്തെ സംബന്ധിച്ച് വൈകാരികതയ്ക്കല്ല പ്രാധാന്യം കൊടുക്കേണ്ടത്. വിവേകത്തിനാണ്.’’
നയന അക്ഷമയായി ഇടയ്ക്കു കയറി. ‘‘മാഡം, ഞങ്ങൾ തീരുമാനമെടുത്തു കഴിഞ്ഞു. ഇ നി ഇതും കൂടി കേട്ടോളൂ. കഴിഞ്ഞ മാസം ഞങ്ങളുടെ റജിസ്റ്റർ മാര്യേജും കഴിഞ്ഞു. ’’
നയന അമർത്തിച്ചവിട്ടി പടിയിറങ്ങിപ്പോയി. ‘‘എന്റെ ൈദവമേ’’ എന്നൊരു നിലവിളിയോടെ അവളുടെ അമ്മ വീണുപോയി.
∙∙∙∙
പഴയ നയനയുടെ വികലമായ ഒരു പതിപ്പുപോലെ പുതിയ നയന എന്റെ മുമ്പിൽ നിൽക്കുന്നു. ഒക്കത്ത് ആറുമാസം പ്രായമുള്ള പെൺകുഞ്ഞ്. മാഡം, എനിക്കു തെറ്റുപറ്റിപ്പോയി. അയാളെന്നെ ചതിക്കുകയായിരുന്നു. എൻജിനീയറിങ് പാസായതാണെന്നാ പറഞ്ഞിരുന്നത്. വാസ്തവത്തിൽ പത്താം ക്ലാസ് വരെയേ പഠിച്ചിട്ടുള്ളു. പിന്നെ പേരന്റ്സ് ഗൾഫിലാണെന്നു പറഞ്ഞതും നുണയായിരുന്നു. വീടുപോലും ഉണ്ടായിരുന്നില്ല.’’
കണ്ണു തുടച്ചുകൊണ്ട് നയന തുടർന്നു, ‘‘അ തെല്ലാം സഹിക്കാമായിരുന്നു. പക്ഷേ, റെനോജ് നേരത്തെ കല്യാണം കഴിച്ചതാണെന്നും ഭാര്യേം രണ്ടു കുട്ടികളുമുണ്ടെന്നും ഞാനറിഞ്ഞിട്ട് ചോദിച്ചപ്പോ എന്നെ തല്ലിയിറക്കി. ഞാനിനി എന്തു ചെയ്യണം മാഡം?’’ നയന പൊട്ടിക്കരച്ചിലിന്റെ വക്കത്താണ്.
‘‘തിരിച്ച് വീട്ടിലേക്കിനി പോകാനെനിക്കു കഴിയുമോ? മമ്മീം ഡാഡീം എന്നെ സ്വീകരിക്കുമോ? എന്റെ കുഞ്ഞിന് അച്ഛനില്ലാതെയായല്ലോ. ഇവളെ ഞാനിനി എങ്ങനെ വളർത്തും? എങ്ങനെയെങ്കിലും രക്ഷിക്കണം.’’
ഒന്നര വർഷം മുൻപ് ഇതേ അപേക്ഷയുമായി എന്റെ മുമ്പിൽ നിന്നു കണ്ണീരൊഴുക്കിയ നയനയുടെ ഡാഡിയുടെയും മമ്മിയുടെയും മുഖങ്ങൾ എന്റെ ഓർമയിലെത്തി. പുച്ഛത്തോടെ അമർത്തിച്ചവിട്ടി പടിയിറങ്ങിപ്പോയ പഴയ നയനയുടെ മുഖവും.