ADVERTISEMENT

ഈ കാട്ടിലേക്ക് ഒരു വഴിയേ ഉണ്ടായിരുന്നുള്ളൂ. പണ്ട് രാജാവിനെ പേടിച്ചു കാട്ടിലൊളിച്ചവർ കണ്ണകിയെ തിരഞ്ഞ് ചിതറിയോടിയപ്പോൾ കാട്ടിൽ നിന്നു പുറത്തിറങ്ങാൻ പലവഴി തെളിഞ്ഞു. അതിലൊന്നാണത്രേ കാന്തല്ലൂർ.

ചിലപ്പതികാരത്തിലെ കഥാപാത്രമായ കണ്ണകിയും കാന്തല്ലൂരുമായി ബന്ധമുണ്ടെന്നു പറഞ്ഞതു മാരനാണ്. കാന്തല്ലൂരിലെ അക്കത്തങ്കച്ചിമലയിൽ ജനിച്ച മുതുവാൻ വിഭാഗക്കാരനാണു മാരൻ. മുത്തച്ഛൻ പറഞ്ഞുകൊടുത്ത നാട്ടുപുരാണം മാരൻ ആവർത്തിച്ചപ്പോൾ അതിശയം തോന്നിയില്ല. കാരണം, കുമളിയിലുള്ള മംഗളാദേവി ക്ഷേത്രത്തിൽ പ്രതിഷ്ഠ കണ്ണകിയാണ്. മാരൻ ഉൾപ്പെടുന്ന മുതുവാൻ വിഭാഗത്തിന്റെ വിശ്വാസങ്ങളിൽ ദേവതയാണു കണ്ണകി. മധുരാ രാജ്യം ചുട്ടെരിച്ച കണ്ണകി ബോഡിനായ്ക്കന്നൂരിലൂടെ ഇടുക്കിയിൽ എത്തിയെന്നാണു കഥ.

2-kanthallur
ADVERTISEMENT

‘‘കുഴന്തൈകളെ മുതുകിലേന്തി വന്തവർ മുതുവാൻ’’ ആദിവാസികളായ മുതുവാന്മാരുടെ ചരിത്ര വേരുകൾ തമിഴ്നാട്ടിലാണെന്നു കവിത പാടിയാണു മാരൻ വിശദീകരിച്ചത്.

സമ്പന്നനായ വ്യാപാരിയുടെ മകനും കണ്ണകിയുടെ ഭർത്താവുമായ കോവലൻ സുന്ദരിയായ മാധവിയുമായി പ്രണയത്തിലായി. കാമുകിയാൽ വഞ്ചിക്കപ്പെട്ട കോവലൻ തിരിച്ചറിവോടെ കണ്ണകിയുടെ അടുത്തേക്കു മടങ്ങിയെത്തി. ഭർത്താവിനെ സ്നേഹപൂർവം സ്വീകരിച്ച കണ്ണകി രത്നം പതിച്ച ചിലമ്പുകൾ വിറ്റ് വ്യാപാരം തുടങ്ങാമെന്ന് ഉപദേശിച്ചു. പാണ്ഡ്യരാജാവായ നെടുംചെഴിയൻ അതു രാജ്ഞിയുടെ ചിലമ്പാണെന്നു തെറ്റിദ്ധരിച്ച് കോവലന്റെ തലയറുത്തു. കുപിതയായ കണ്ണകി മുല പറിച്ചെറിഞ്ഞ് മധുരരാജ്യം ചുട്ടെരിച്ച് ‘എങ്ങോ പോയ്മറഞ്ഞു’.

3-kanthallur
ADVERTISEMENT

കണ്ണകി ‘മറഞ്ഞ ഊര്’ പിൽക്കാലത്ത് മറയൂരായെന്നു വിശ്വസിക്കാനാണ് മാരനും മറയൂരിലെ ആദിവാസികളും ഇഷ്ടപ്പെടുന്നത്. മധുരാപുരിയെ അഗ്നി വിഴുങ്ങിയ ശേഷം കണ്ണകിയോടൊപ്പം മലകയറിയവരുടെ മുതുകിൽ ഭാണ്ഡങ്ങളുണ്ടായിരുന്നു. മുതുകിൽ ഭാണ്ഡം ചുമന്നവരാണത്രേ മുതുവാന്മാർ. മറയൂരിലെ ആയിരം വർഷം പഴക്കമുള്ള മുനിയറകൾ ചരിത്രമായി അംഗീകരിക്കാമെങ്കിൽ കണ്ണകിയമ്മയുടെ കഥയും നിങ്ങൾ വിശ്വസിക്കണം – മാരൻ സ്നേഹപൂർവം ആവശ്യപ്പെട്ടു.

മൂന്നാറിനും ചിന്നാറിനുമിടയിൽ മറയൂരിനപ്പുറത്തു കാന്തല്ലൂരിലേക്കു നടത്തിയ യാത്രയിൽ ഇതുപോലെ വിശ്വാസത്തിന്റെ വിളക്കുകൾ കാണാം.

4-kanthallur
ADVERTISEMENT

ഉപ്പു ചുവയില്ല; അതാണ് മറയൂർ ശർക്കര. മറയൂർ ശർക്കരയുടെ രുചി അതുണ്ടാക്കുന്നയാളുടെ കൈപ്പുണ്യമാണ്. കരിമ്പിൻ തണ്ടു ചതച്ച് അതിന്റെ നീരു കുറുക്കിയാണ് ശർക്കര തയാറാക്കുന്നത്. ‘പേറ്റന്റ് ’ കൈകളിൽ ഉരുട്ടി തയാറാക്കുന്ന മറയൂർ ശർക്കര.

‘‘തമിഴ്നാട്ടിൽ നിന്നുള്ള ശർക്കരയിൽ നിർമാണം ലാഭകരമാക്കാൻ രാസവസ്തുക്കൾ ചേർക്കുന്നുണ്ടാണ്. അതിനാലാണ് ഉപ്പുരുചി അനുഭവപ്പെടുന്നത്. അതുപയോഗിച്ച് തയാറാക്കുന്ന വിഭവങ്ങൾ പെട്ടന്നു ചീത്തയാകും. മറയൂർ ശർക്കരയിട്ട് പായസം തയാറാക്കി നോക്കൂ. ഒരാഴ്ച കഴിഞ്ഞാലും രുചിയിൽ വ്യത്യാസം സംഭവിക്കില്ല’’ ഇരുപത്തഞ്ചു വർഷമായി മറയൂരിൽ ശർക്കര വ്യവസായം നടത്തുന്ന വിജയൻ പറഞ്ഞു.

5-kanthallur

കശ്മീരിലേതു പോലെ കാന്തല്ലൂരിലും ആപ്പിൾ വിളയാറുണ്ട്. ഓറഞ്ചും സ്ട്രോബറിയും പാഷൻ ഫ്രൂട്ടുമാണ് മറ്റു പഴങ്ങൾ. കാബേജ്, വെളത്തുള്ളി, മുള്ളങ്കി, ബീൻസ്, പയർ, തക്കാളി തുടങ്ങിയവ കൃഷി ചെയ്യുന്ന പാടങ്ങൾ കാണാനുമാണ് സഞ്ചാരികൾ കാന്തല്ലൂരിൽ പോകുന്നത്. പഴങ്ങളും പച്ചക്കറിയും കൃഷി ചെയ്യുന്നവരിലേറെയും മറയൂരിൽ കുടിയേറിയവരാണ്. ടിക്കറ്റ് ഏർപ്പെടുത്തി അവർ സന്ദർശകരെ വരവേൽക്കുന്നു. ചുവന്നു പഴുത്തു നിൽക്കുന്ന മാങ്ങയും കൊതിയുണർത്തുന്ന ഓറഞ്ചും മധുരം കിനിയുന്ന പാഷൻ ഫ്രൂട്ടുമെല്ലാം കിലോ കണക്കിന് വാങ്ങിയ ശേഷമേ യാത്രികർ മടങ്ങാറുള്ളൂ.

ADVERTISEMENT