Thursday 13 September 2018 04:57 PM IST

‘ഇകിഗായ്’ അഥവാ ജീവിതത്തിന്റെ പൊരുൾ; ജീവിത വിജയത്തിനുണ്ട് ചില സീക്രട്ടുകൾ

Dr. Divya S Iyer IAS

bigstock-Happy-Healthy-Smiling-Child-Ar-2606944

സിവിൽ സർവീസ് പരീക്ഷയെഴുതാൻ വെമ്പൽകൊണ്ട് നിൽക്കുന്ന ഒരു കൂട്ടം വിദ്യാർഥികളുമായി ഒരിക്കല്‍ സംസാരിക്കുകയുണ്ടായി. എല്ലാവരില്‍ നിന്നും ഒരുപോലെ ഉയര്‍ന്ന ഒരു ചോദ്യമുണ്ട്.

‘എങ്ങനെയാണ് യുപിഎസ്‌സി പരീക്ഷ ജയിക്കുന്നത്?’ ഞാൻ അവരോട് ഒരു മറുചോദ്യം ഉയർത്തി, ‘എന്തിനാണ് UPSC പരീക്ഷ ജയിക്കുന്നത്?’


അതുവരെ ചിന്തിച്ചിട്ടില്ലാത്ത മട്ടിൽ കുറച്ച് മുഖങ്ങൾ അ ഗാധ ചിന്തയിൽ ആഴുന്നത് ഞാൻ കണ്ടു. എന്‍റെ മറുചോദ്യത്തിന് ഉത്തരം കണ്ടെത്തിയാൽ നിങ്ങളുടെ ചോദ്യത്തിനുത്തരം താനേ വിടരും എന്ന കാര്യം ഞാൻ അവരുമായി പങ്കുവച്ചു.  സിവിൽ സർവീസ് പരീക്ഷയിൽ മാത്രമല്ല, ജീവിതത്തിൽ ഏത് അഭിലാഷപാനത്തിനും ഇതു ബാധകമാണ്. ഉദ്ദിഷ്ട ലക്ഷ്യത്തിന്റെ പൊരുൾ ഉൾക്കൊണ്ടാൽ ലക്ഷ്യസ്ഥാനത്തേക്കുള്ള പാത ഏറ്റവും അനായാസമായ രീതിയിൽ നാം കണ്ടെത്തും. എന്തിനാണോ കിട്ടാക്കനി വേണ്ടത് എന്നു മനസ്സിലാക്കുമ്പോൾ എങ്ങനെയാണ് അതു കരസ്ഥമാക്കേണ്ടത് എന്നു നാം സ്വയം കണ്ടെത്തും.

പുരാണങ്ങളിൽ പറയുന്ന ജ്ഞാനപ്പഴത്തിന്റെ കഥ ഇതിനുദാഹരണം. പരമശിവനും പാര്‍‌വതീദേവിക്കും നാരദമുനി അതിവിശിഷ്ടമായ ജ്ഞാനപ്പഴം സമ്മാനിച്ചു. മക്കളായ ഗണപതിയും സുബ്രഹ്മണ്യനും ഇതിനായി വാശി പിടിച്ചപ്പോള്‍ ശിവഭഗവാന്‍ ഒരു നിബന്ധന വച്ചു. ‘ലോകം ആദ്യം വലംവച്ചു വരുന്നവര്‍ക്ക് ജ്ഞാനപ്പഴം.’

ഇരുവരും മത്സരത്തിനു തയാറായി. സുബ്രഹ്മണ്യണ്‍ വാഹനമായ മയിലിന്‍റെ പുറത്തു കയറി ലോകം വലം വയ്ക്കാന്‍ പുറപ്പെട്ടു. ശിവനും ശക്തിയുമാണ് തന്റെ ലോകം എന്ന പരമമായ സത്യം മനസ്സിലാക്കിയ ഗണപതി തന്റെ മാതാപിതാക്കളെ വലം വച്ചു ജ്ഞാനപ്പഴം കരസ്ഥമാക്കി.

എന്തിനാണ് ഞാന്‍ ഉണരുന്നത്

ജീവിതത്തിന്റെയും അഭിലാഷങ്ങളുടെയും പൊരുൾ കണ്ടെത്തുക എന്നത് ഭാരതീയ തത്വചിന്തയിൽ മാത്രമല്ല, മറ്റു പല സംസ്കാരങ്ങളുടെയും നാഴികക്കല്ലാണ്. ജാപ്പനീസ് തത്വചിന്തകളിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ‘ഇകിഗായ്’ (Ikigai) എന്ന ആശയം. ‘ജീവിതത്തിന്റെ പൊരുൾ’, ‘ജീവിക്കാനുള്ള കാരണം’ എന്നൊക്കെ ഈ വാക്കിന് അർഥം പറയാം. ഓരോ പുലരിയും പൊട്ടിവിടരുമ്പോൾ, നിദ്രയിൽ നിന്ന് ഉണരുമ്പോൾ ‘എന്തിനാണ് ഞാൻ ഉണരുന്നത്’ എന്ന ചോദ്യത്തിനുത്തരം ആണ് ഇകിഗായ് നൽകുന്നതെന്ന് ജാപ്പനീസ് ജനത പറയുന്നു.

ആശയം മാത്രമല്ല അത് കണ്ടെത്തുന്നതിലേക്കുള്ള മാർഗവും അവർ പറഞ്ഞു തരുന്നുണ്ട്. പരമ്പരാഗത വീക്ഷണത്തി ൽ മൂന്ന് ഉപചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുമ്പോൾ ഇകിഗായ് റെഡി. ചോദ്യങ്ങൾ ഇവയാണ്:


എനിക്കു പ്രിയപ്പെട്ടത് എന്ത് (What I Love)
എനിക്കു പ്രാപ്തിയുള്ളത് എന്ത് ചെയ്യാനാണ് (What I am good at)
ഈ ലോകത്തിന് ആവശ്യമുള്ളത് എന്താണ്. (What the world needs)
ഈ മൂന്നു ചോദ്യങ്ങളുടെ ഉത്തരം ഒന്നായി തീരുന്ന ഒരു പ്രവര്‍ത്തി ആയിരിക്കണം നിങ്ങളുടെ ഇകിഗായ്. ഏറ്റവും പ്രിയപ്പെട്ടത്, പ്രാപ്തമായത്, പ്രസക്തമായത് എന്നീ  മൂന്നു നാരുകൾ പിന്നിപ്പിണഞ്ഞ ഒരു കേശബന്ധം പോലെയാണ് അത്.


നവയുഗ ചിന്തകർ നാലാമത് ഒരു നാര് കൂടി ഇകിഗായുമായി ചേര്‍ക്കുന്നുണ്ട്, പണം. ‘എനിക്ക് എന്തു സാമ്പത്തികഗുണം കിട്ടുന്നു’ (what I am paid for) എന്നു കൂടി ചിന്തിക്കണമെന്നാണ് അവരുടെ അഭിപ്രായം. പൊരുൾ എന്ന മലയാള പദത്തിനും  ധനം എന്നൊരർഥം ഉള്ളതു പോലെ ഇകിഗായിലും പണം  ഇപ്പോള്‍ ഇടം പിടിച്ചിരിക്കുന്നു.


ഓരോ ദിവസവും ഉറങ്ങുന്നതിനു മുന്‍പ് കുട്ടികള്‍ അന്നു െചയ്ത ഒാരോ പ്രവൃത്തികളെക്കുറിച്ചും ആലോചിക്കണം. തനിക്കു പ്രിയപ്പെട്ട, തനിക്കു െചയ്യാന്‍ പ്രാപ്തിയുള്ള, തന്‍റെ ചുറ്റുമുള്ള ലോകത്തിന് ആവശ്യമായ എന്തു പ്രവൃത്തിയാണു െചയ്തതെന്നു കണ്ടെത്തണം. പിറ്റേന്നു രാവിലെ ഉണരുമ്പോഴും അന്നു ചെയ്യേണ്ട ഒരു പ്രവൃത്തി യെക്കുറിച്ചു മനസ്സില്‍ കുറിച്ചിടണം.  അങ്ങനെ നമുക്കും നമ്മുെട ജീവിതത്തിൽ ഇകിഗായ് കണ്ടെത്തി പുഞ്ചിരികള്‍ വിടർത്താം.