Thursday 11 July 2019 06:46 PM IST

‘വീണ്ടും വീണ്ടും ദാനം നൽകുന്നതിലൂടെയാണ് ശാശ്വതമായ സന്തോഷം മനുഷ്യർക്ക് ലഭിക്കുന്നത്’

Dr. Divya S Iyer IAS

giving-pledge332

സമീപത്തുള്ള പള്ളിയിൽ നിന്ന് ഉയരുന്ന വാങ്ക് വിളി വീട്ടിലെ ദിനചര്യയുടെ ധന്യമായ ഭാഗമാണ്. ഇപ്പോൾ അതു കേൾക്കുമ്പോൾ റമസാൻ കാലത്തിൽ നോമ്പു നോക്കുന്ന ഓരോ സുഹൃത്തിന്റെയും മുഖംമനസ്സിൽ തെളിയും. സ്കൂൾ കാലത്ത് ഇഫ്താർ വിരുന്നിനു കൂട്ടുകാരിയുടെ വീട്ടിൽ ചെന്നു. സസ്യഭുക്കായ എനിക്കു വേണ്ടി അവർ രുചിയേറിയ വിഭവങ്ങൾ ഒരുക്കിയിരുന്നു. ആ മധുരിതമായ ഓർമകൾക്കൊപ്പം മനസ്സിൽ കൂടിയതാണ് ‘സക്കാത്ത്’ എന്ന കർമം.

 ‘വെളിപാടിന്റെ വിശേഷ ദിനങ്ങൾ കൊണ്ടാടുമ്പോൾ സാർവത്രിക നന്മയുടെ പ്രതീകമായി ഉചിതമായ രീതിയിൽ ദാനധർമം ചെയ്യുക’, അതാണ് സക്കാത്തെന്ന് കൂട്ടുകാരിയുടെ അച്ഛൻ പറഞ്ഞതോർക്കുന്നു.  എന്നാൽ ജീവിതത്തിൽ എന്നും സവിശേഷ  ദിവസമായി മാറും, ദിനവും ദാനം ചെയ്താൽ.  പണം കൊണ്ടു മാത്രമല്ല, സമയം, സഹായം  എന്നിങ്ങനെ പണം കൊടുത്താൽ ലഭിക്കാത്ത പലതും നമുക്ക് മറ്റുള്ളവര്‍ക്കു നൽകാൻ കഴിയും എന്ന അന്നത്തെ സംഭാഷണം ഇന്നും മനസ്സിൽ ഭദ്രം.  

വിശുദ്ധ മദർ തെരേസയുടെ വാക്കുകളും  ജീവിതവും അന്നു മനസ്സിൽ കയറിയ ആശയത്തെ അന്വർഥമാക്കുന്നതാണ്. ‘നാം എത്ര കൊടുക്കുന്നു എന്നതല്ല, എത്ര സ്നേഹത്തോടെ കൊടുക്കുന്നു’ എന്നതാണ് പ്രധാനം. മദറിന്റെ ആ വാക്കുകൾ ശ്രദ്ധാപൂർവം ആചരിച്ചിരുന്ന ഒരാളെ എനിക്കറിയാം.  വരുമാനത്തിന്റെ സിംഹഭാഗവും ദാനപ്രവൃത്തികൾക്കായി വിനിയോഗിച്ചിരുന്ന ഡി. ബാബുപോൾ സാർ. മറ്റാരുടെയും അംഗീകാരത്തിനോ ലൈക്കുകൾക്കോ വേണ്ടിയല്ല, മറിച്ച് ഇടതുകൈ നൽകുന്നത് വലതുകൈ അറിയാൻ പാടില്ല എന്ന ഭാരതീയ  ദർശനമുൾക്കൊണ്ടതായിരുന്നു അദ്ദേഹത്തിന്റെ ദാനധർമം.

അദ്ദേഹത്തിന്റെ വീട്ടിൽ ചെന്നിട്ട് ഇറങ്ങും മുൻപ്  ഒരു ചെറിയ പതിവ് ഞാൻ തെറ്റാതെ പാലിച്ചിരുന്നു. മദർ തെരേസ അദ്ദേഹത്തിന്റെ വസതിയിൽ വന്നപ്പോൾ ഇരുന്ന കസേര അതേപോലെ, ഒരു ബിംബമെന്നവണ്ണം  അദ്ദേഹം സൂക്ഷിച്ചിരുന്നു. ആ അൾത്താരയുടെ മുന്നിൽ മുട്ടുകുത്തി പ്രാർഥിക്കുക, അതായിരുന്നു ആ പതിവ്.

ഉപനിഷദ് പകരുന്ന പ്രകാശം

ബൃഹദാരണ്യ ഉപനിഷദ് നൽകുന്ന മഹത്തായ സന്ദേശം ഇവിടെ പ്രസക്തമാണ്.  സൃഷ്ടാവായ പ്രജാപതിയോട് സന്താനങ്ങളായ  ദേവന്മാരും മനുഷ്യരും അസുരന്മാരും ഉപദേശമാരാഞ്ഞു. അപ്പോൾ ‘ദ’ എന്നക്ഷരമാണ്  മൂന്നു കൂട്ടരോടും പറഞ്ഞത്.

‘തദേതത്രയം ശിക്ഷേദ് ദമം ദാനം ദയാമിതി’

ജീവിത ചൈതന്യത്തിനായി മൂന്ന് മൗലിക ഗുണങ്ങൾ പഠിക്കുക: ആത്മനിയന്ത്രണം, ദാനം, സഹാനുഭൂതി. ഇവ മൂന്നും പ ഠിക്കാനും ജീവിതത്തിൽ അനുഷ്ഠിക്കാനും അത്ര എളുപ്പമല്ല എന്നതറിഞ്ഞ് കുട്ടിക്കാലത്തേ അതിനുള്ള പ്രേരണ നാം കുഞ്ഞുങ്ങൾക്കു നൽകണം. എല്ലാ മതങ്ങളിലും  ഉത്സവകാലം ഇതിനു അവസരം നൽകുന്നുവെങ്കിലും  അതൊരു ശീലമായിവളർത്താൻ നാം മനസ്സറിഞ്ഞ്  പ്രയത്നിക്കണം.

സ്കൂൾ കാലത്ത് സേവനത്തിന്റെയും ദാനത്തിന്റെയും പ്രധാന്യം മനസ്സിലാക്കാനുള്ള അവസരമാണ് സ്കൗട്ട് & ഗൈഡ്സ്. എൽപി സ്കൂളിൽ ഞങ്ങൾ ഗൈഡ്സിനെ ‘ബുൾബുൾസ്’ എന്നായിരുന്നു വിളിച്ചിരുന്നത്.  ‘ബുൾബുൾസ്’ ആയിരുന്ന ഞങ്ങൾക്ക് പ്രത്യേക ടാസ്ക് ഏൽപിച്ചു. ‘Good Deed Diary ’ ഉണ്ടാക്കുക. ദിവസേന ഒരു സൽകർമം ചെയ്ത് അത് ഡയറിയിൽ കുറിക്കുക എന്നതായിരുന്നു ദൗത്യം.

നിയുക്ത പ്രവൃത്തി ദയ, കരുണ, അനുകമ്പ, സഹാനുഭൂതി എന്നീ വികാരങ്ങൾ പിഞ്ചു മനസ്സുകളിൽ മൊട്ടിടുന്നത് തിരിച്ചറിയാൻ ഇത് ഞങ്ങളെ ഏറെ സഹായിച്ചു. ടാസ്ക് പൂർത്തിയാക്കാൻ ആരെയെങ്കിലും സഹായിക്കണം എന്നതിലാരംഭിച്ച പ്രയാണം പിന്നീട് ഒരു ശീലവും സന്തോഷവുമായി മാറി ‍ഞങ്ങൾക്ക്. അങ്ങനെ നിയുക്ത കാലയളവിനുശേഷവും  നന്മയുടെ സഹായഹസ്തം  നീട്ടാൻ ‍ഞങ്ങൾ കുട്ടികൾ ഒരിക്കലും മടിച്ചില്ല. ഏതു പ്രായത്തിലും ഏറെ പ്രിയത്തോടെ നന്മയുടെ പ്രകാശം  പരത്താൻ ദയയുടെയും  ദാനത്തിന്റെയും തിരി കൊളുത്താം നമുക്കൊരുമിച്ച്.

ദാനപ്രതിജ്ഞയുടെ കഥ

‘വീണ്ടും  വീണ്ടും ദാനം നൽകുന്നതിലൂടെയാണ് ശാശ്വതമായ സന്തോഷം മനുഷ്യർക്കു ലഭിക്കുന്നത്. അല്ലാതെ ഒരുപാട്  ഉപഹാരങ്ങളും ഉപകാരങ്ങളും ലഭിക്കുന്നവരല്ല യഥാർഥത്തിൽ  സന്തുഷ്ടർ.’  മനഃശാസ്ത്രജ്ഞന്മാർ ശാസ്ത്രീയ പഠനങ്ങളിലൂടെ ക ണ്ടെത്തിയിരിക്കുന്ന വസ്തുതയാണിത്.

ഇതുകൊണ്ടാകും  ലോകത്തിലെ അതിസമ്പന്നർ ദാനത്തിന് ഇത്രയും പ്രധാന്യം നൽകുന്നത്. ആഗോള തലത്തിൽ  ധനികരുടെ പട്ടികയിൽ തലപ്പത്ത് ഇടം പിടിക്കുന്ന വാറൻ ബഫെ (warren Buffet) ബിൽ ഗേറ്റ്സ് തുടങ്ങിയവരുടെ ജീവിത സിദ്ധാന്തവും  ദാനധർമവും   പരോപകാരത്തിനുള്ള  പ്രചോദനമാണ്.  2010ൽ  ഇവരുടെ നേതൃത്വത്തിൽ അമേരിക്കയിലെ ഏറ്റവും സമ്പന്നരായ 40  വ്യക്തികൾ ഒരുമിച്ച് The giving Pledge – (ദാന പ്രതിജ്ഞ) ചെയ്തു.  ലോകത്തിൽ സമ്പത്തുള്ള മറ്റെല്ലാവർക്കും ദാനധർമക്രിയകളിൽ‍ സജീവ പങ്കാളികൾ ആകാൻ ഒരു ക്ഷണക്കത്ത് ആയി അത്. 190 കോടീശ്വരന്മാർ അതിന്റെ ഭാഗ മായി. ലോകമെമ്പാടും ദാരിദ്ര്യ നിർമാർജനത്തിനായുള്ള പ്രവൃത്തികൾ ചെയ്യുന്നു. എത്ര സമ്പത്തുണ്ടെങ്കിലും അത് ഒരുവന്റെ മുഖത്ത് പുഞ്ചിരി വിടർത്താൻ സഹായകമാകുമ്പോഴാണ് തങ്ങൾ യഥാർഥ സന്തോഷം അനുഭവിക്കുന്നതെന്ന് ഇവർ പറയുന്നു.

Tags:
  • Inspirational Story