ഓട്ടോറിക്ഷയുടെ ഡിസൈനില്‍ ഹാന്‍ഡ്ബാഗുമായി ലോകപ്രശസ്ത ഫ്രഞ്ച് ഫാഷന്‍ ബ്രാന്‍ഡായ ലൂയി വിറ്റോണ്‍. 2026 മെന്‍സ്/ സ്പ്രിങ് കലക്ഷനിലാണ് ലൂയി വിറ്റോണ്‍ ഓട്ടോറിക്ഷ ഡിസൈനിലുള്ള ഹാന്‍ഡ്ബാഗ് പുറത്തിറക്കിയത്. ഇന്ത്യന്‍ സംസ്കാരത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് പുതിയ ഡിസൈനുകള്‍ ഒരുക്കിയിരിക്കുന്നത് എന്നാണ് ലൂയി വിറ്റോണ്‍ പറയുന്നത്.
ഓട്ടോബാഗിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടതോടെ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്. ബാഗിനെ പരിഹസിച്ചു കൊണ്ടുള്ള കമന്റുകളാണ് ഏറെയും. സാധാരണക്കാരുടെ ജീവിതം ധനികര്‍ക്ക് ഷോ കാണിക്കാനുള്ള ഉപാധിയാക്കുകയാണ് എന്ന് വിമര്‍ശിക്കുന്നവരുമുണ്ട്.
‘മീറ്റര്‍ ചാര്‍ജാണോ വിലയായി ഈടാക്കുക?, റോഡിലിറങ്ങിയപ്പോഴാണ് ഓട്ടോറിക്ഷ വീട്ടില്‍ വച്ച് മറന്നത്’ എന്നടക്കം ചിരി പടര്‍ത്തുന്ന കമന്റുകളുമുണ്ട്. ആശയദാരിദ്ര്യം മൂലമാണ് ഇത്തരം ഡിസൈനുകള്‍ ഉണ്ടാക്കുന്നതെന്നും വിമര്‍ശനമുണ്ട്.
മുന്‍പ് ഇറ്റാലിയന്‍ ഫാഷന്‍ ബ്രാന്‍റായ പ്രാഡ കോലാപുരി ചെരുപ്പുകളെ കോപ്പിയടിച്ചതിന്റെ പേരില്‍ വിമര്‍ശനങ്ങളേറ്റു വാങ്ങിയിരുന്നു. 1.2 ലക്ഷമാണ് കോലാപുരി ചെരുപ്പുകളുടെ മാതൃകയ്ക്ക് പ്രാഡ വിലയിട്ടത്. പ്രാഡയ്ക്കെതിരെ നിയമനടപടി പുരോഗമിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.