Friday 02 September 2022 03:59 PM IST

കരിമംഗല്യം മാറാറാൻ മഞ്ചട്ടിപ്പൊടി, കരുവാളിപ്പിന് ഉരുളക്കിഴങ്ങ് ജ്യൂസ്: സൗന്ദര്യ സംരക്ഷണത്തിന് 35 വഴികൾ

Vijeesh Gopinath

Senior Sub Editor

vanitha-ayurveda

പതിവായുള്ള പരിചരണവും ശ്രദ്ധയും സൗന്ദര്യ സംരക്ഷണത്തിന് അത്യാവശ്യമാണ്. മുടിയും ചർമവും പരിപാലിക്കുന്നതിനൊപ്പം ഭക്ഷണത്തിലും ശ്രദ്ധവേണം.

1. സൂര്യോദയത്തിന് മുൻപ് എഴുന്നേറ്റ്   കണ്ണും മുഖവും തണുത്ത വെള്ളത്തിൽ കഴുകണം. നാൽപാമരപ്പട്ട, നെല്ലിക്കത്തോട് എന്നിവയിട്ട് തിളപ്പിച്ച വെള്ളം മുഖം കഴുകാൻ ഉപയോഗിച്ചാൽ കൂടുതൽ തിളക്കം ലഭിക്കും. മുഖക്കുരു, കറുത്തപാടുകൾ, വരൾച്ച ഇവ തടയാനും സഹായിക്കും.  
2. എഴുന്നറ്റ ഉടൻ ഒന്നോ രണ്ടോ ഗ്ലാസ് ചെറുചൂടു വെള്ളം കുടിക്കുന്നത് ദഹനം ത്വരിതപ്പെടുത്തി ഗ്യാസ്ട്രബി ളും മലബന്ധവും അകറ്റ‌ും.  
3. പല സ്ത്രീകളുടെയും ആരോഗ്യപ്രശ്നങ്ങളുടെ പ്രധാന കാരണം സമയം തെറ്റിയുള്ള കുളിയാണ്. രാവിലെ വെയിലുറയ്ക്കുന്നതിനു മുൻപായി കുളിക്കണം. രണ്ടുനേരം കുളിക്കുന്നതാണ് ഉചിതം. തല കഴുകുന്നത് ഒരു നേരമായാലും മതി.
4. തവിടോടു കൂടിയ അരി, ചെറുപയർ, പച്ചക്കറികൾ, ഇന്തുപ്പ്, നെല്ലിക്ക,പാൽ, മോര്, േതൻ, മിതമായ അളവിൽ നെയ്യ് എന്നിവയാണ് ആയുർവേദം നിത്യം കഴിക്കാൻ അനുശാസിക്കുന്ന ഭക്ഷണ പദാർഥങ്ങൾ. ഓരോ കാലാവസ്ഥയിലും ലഭ്യമാകുന്ന പഴങ്ങളും പച്ചക്കറികളുമാണ് സേവിക്കേണ്ടത്.  
5. അണ്ടിപ്പരിപ്പ്, ബദാം, പിസ്ത പോലുള്ള നട്സ് കുറഞ്ഞ അളവിൽ സേവിക്കുന്നത് വിളർച്ച തടയാനും നല്ല കൊളസ്ട്രോൾ വർധിപ്പിക്കാനും ഉന്മേഷവും യുവത്വവും നിലനിർത്താനും സഹായിക്കുന്നു.   
 6. രസായന ചികിത്സ– പുരാതനകാലം മുതൽക്കേ പ്രായത്തെ തോൽപ്പിക്കാനും യൗവനത്തെ നിലനിർത്താനും  ഉപയോഗിച്ചിരുന്ന ആയുർവേദ വിധികളാണ് രസായന ചി‌കിത്സ. ച്യവനപ്രാശം, കുശ്മാണ്ഡരസായനം, ത്രിഫല രസായനം, നരസിംഹ രസായനം പോലുള്ള മരുന്നുകൾ  ആയുർവേദ ഡോക്ടറുടെ നിർദേശം പോലെ  സേവിക്കുക
മുടിയുടെ ആരോഗ്യം
7. ആഴ്ചയിൽ രണ്ടു ദിവസമെങ്കിലും തലയിൽ എണ്ണ തേച്ച്  കുളിക്കണം.  തലയോട്ടിയിൽ മസാജ്  ചെയ്തു കൊടുക്കുന്നത് താരൻ അകറ്റാനും മുടിയുടെ വളർച്ച ത്വരിതപ്പെടുത്താനും സഹായിക്കും.   
8. ചെമ്പരത്യാദി, നീലഭ്യംഗാദി, കഞ്ഞുണ്യാദി, ദുർധുരപത്രാദി, ഏലാദി പോലുള്ള തൈലങ്ങൾ മുടിയുടെ പ്രശ്നങ്ങൾക്ക് പരിഹാരമാണ്. അനുയോജ്യമായത് ഡോക്ടറോടു ചോദിച്ചു മനസ്സിലാക്കുക.  
9. മഴക്കാലത്ത് മുടിയിൽ താരൻ, കായ എന്നിവ ഉണ്ടാകാൻ സാധ്യത ഉണ്ട്. ഈർപ്പം മുടിയിൽ നിൽക്കുന്നത് മൂലമാണിത്. തല നന്നായി തോർത്താനും ഉണങ്ങിയ     ശേഷം മാത്രം മുടി കെട്ടിവയ്ക്കാനും ശ്രദ്ധിക്കണം.
10. മാനസിക സമ്മർദം, കാലാവസ്ഥാ മാറ്റം, രാസ വ സ്തുക്കൾ അടങ്ങിയ സൗന്ദര്യവർധക ഉൽപന്നങ്ങൾ, ജലമലിനീകരണം, പോഷകാഹാരക്കുറവ് ഇതൊക്കെ അകാലനരയ്ക്ക് കാരണമാകാം. നരസിംഹ രസായനം, നീലഭൃംഗാദി തൈലം എന്നിവ ഡോക്ടറുടെ നിർദേശ പ്രകാരം അകാല നര തടയാൻ ഉപയോഗിക്കാം.
ചുളിവുകൾ തടയാൻ
11. കാരറ്റ്, മത്തങ്ങ, ബീറ്റ്‍റൂട്ട് പോലെ വൈറ്റമിൻ എ അടങ്ങിയ പച്ചക്കറികൾ ശീലമാക്കുന്നത് ശരീരത്തിൽ ഉണ്ടാകുന്ന വരൾച്ച തടഞ്ഞു ജലാംശം നിലനിർത്തും.
12. ഓറഞ്ച്, പപ്പായ, നാരങ്ങ എന്നിവ ചർമത്തിന്  തിളക്കവും ഓജസ്സും വർധിപ്പിക്കും.     
13. നാൽപാമരാദി തൈലം ഉപയോഗിച്ച് ആഴ്ചയിൽ രണ്ടു ദിവസമെങ്കിലും മസാജ് ചെയ്യുക. ആഴ്ചയിൽ ഒരിക്കൽ മുഖത്ത് ആവി കൊള്ളിക്കണം.
14.  ഒരു ചെറിയ സ്പൂൺ ത്രിഫല ചൂർണം, ഒരു ചെറിയ സ്പൂൺ നാൽപാമരാദി പൊടി, ഒരു ഉണക്ക നെല്ലിക്ക എ ന്നിവയിലൊന്ന് ഇട്ടു തിളപ്പിച്ച വെള്ളം ഉപയോഗിച്ച് ദിവസത്തിൽ ഒന്നോ രണ്ടോ തവണ മുഖം കഴുകാം.
15. മുഖത്ത് സോപ്പിന് പകരമായി പയർപൊടി, കടലമാവ് എന്നിവയൊക്കെ ഉപയോഗിക്കാം.   
ചർമ സംരക്ഷണത്തിന്
16. കരിമംഗല്യത്തിന് മഞ്ചട്ടിപ്പൊടി (അങ്ങാടിക്കടയിൽ കിട്ടും) തേനിൽ ചാലിച്ചു പുരട്ടുന്നത് നല്ലതാണ്. ഇരട്ടിമധുരം മോരിൽ ചാലിച്ച് പുരട്ടാം. കുങ്കുമാദി തൈലം മുഖത്തു പുരട്ടി മൃദുവായി മസാജ് ചെയ്യുന്നത് ഫലപ്രദമാണ്.  
17. രക്തചന്ദനം, മഞ്ചട്ടപ്പൊടി, കൊട്ടം, ഇരട്ടിമധുരം ഇ വയൊക്കെ മുഖത്തെ കുരുക്കൾ മാറ്റി ശോഭയുണ്ടാക്കും.
18. ചന്ദനം, രാമച്ചം, പതിമുഖം, മഞ്ചട്ടി, ഇരട്ടിമധുരം, കറുക, നറുനീണ്ടി എന്നിവ  നിറം വർധിപ്പിക്കാൻ സഹായിക്കും.
19. മഴക്കാലത്ത് സെബേഷ്യസ് ഗ്രന്ഥികളുടെ പ്രവർത്തനം കുറയുന്നത് മൂലം ചർമത്തിൽ എണ്ണമയം കുറഞ്ഞു വരൾച്ച ഉണ്ടാകും. എള്ളെണ്ണയും വെളിച്ചെണ്ണയും സമം ചേർത്ത് മസാജ് െചയ്യുന്നത് മാർദവം ഉണ്ടാക്കും.

ayurveda-vanitha

വീട്ടിലിരുന്ന് ഫേഷ്യൽ ചെയ്യാം

20. ബ്ലീച്ചിങ്ങിനുവേണ്ടി പപ്പായയും പഴവും സമം അളവിലെടുത്ത് മിക്സിയിൽ അരച്ച്, തേനും ചേർത്ത് പായ്ക്ക് തയാറാക്കി മുഖത്ത് ഇട്ടതിനുശേഷം 20 മിനിറ്റ് കഴിഞ്ഞ് ക ഴുകിക്കളയാം. ഇത് ചെയ്യുന്നത് ടാൻ, കറുത്തപാട് എന്നിവ മാറാൻ ഏറെ നല്ലതാണ്.  
21. കരുവാളിപ്പ് മാറ്റാൻ ഉരുളക്കിഴങ്ങ് ജ്യൂസ്, മഞ്ഞൾപ്പൊടി, തൈര്, കസ്തൂരി മഞ്ഞൾ, നാരങ്ങാനീര് എന്നിവയും മുഖത്തു പുരട്ടാം.  
22. അര ചെറിയ സ്പൂൺ ത്രിഫല ചൂർണം, മഞ്ഞൾ എന്നിവയിട്ട് ആവി പിടിക്കാം. സ്ക്രബർ ആയി ഞവര പൊടിച്ച് പാൽ ചേർത്തോ ത്രിഫല പൊടി  തൈരിൽ ചാലിച്ചോ ഉപയോഗിക്കാം. അതിനുശേഷം അലോവേര ജെൽ പുരട്ടി 10–15 മിനിറ്റ് മസാജ്  ചെയ്യുക.
23. മസാജ്  ചെയ്യാൻ‌ പപ്പായ, ഓറഞ്ച് എന്നിവ ഉപയോഗിക്കാം.  
24. മസാജിന് ശേഷം ചന്ദനം, മഞ്ചട്ടി, കസ്തൂരി മഞ്ഞ  ൾ, മുൾട്ടാണി മിട്ടി എന്നിവ ഓറഞ്ച് ജ്യൂസിൽ ചേർത്ത് ത യാറാക്കുന്ന പായ്ക്ക് ഇടണം.
വിളർച്ച തടയാൻ
25. ഇരുമ്പ് അടങ്ങിയ പച്ചക്കറികൾ (ചീര, മുരിങ്ങ, ബീറ്റ്റൂട്ട്, തക്കാളി, ബീൻസ്, മത്തങ്ങ), പഴങ്ങൾ (മാതളം, തണ്ണിമത്തൻ, ഏത്തപ്പഴം, മുന്തിരി മുതലായവ) കഴിക്കുക.
26. മത്സ്യം (അയല, ചൂര, ചാള, കല്ലുമ്മക്കായ്) മാംസം (പോത്തിറച്ചി), നട്സ് (കശുവണ്ടി, ബദാം, അത്തിപ്പഴം), പ യർവർഗങ്ങൾ, നെല്ലിക്ക, എള്ള്, കരുപ്പെട്ടി, ശർക്കര, റാഗി എന്നിവയൊക്കെ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.
27. ദ്രാക്ഷാരിഷ്ടം, ലോഹാവാസം, ദ്രാക്ഷാദി കഷായം,  മണ്ഡൂരവടകം, നവായസം ഗുളിക, വശാഗുളൂച്യാദി കഷായം, അന്നഭേദി സിന്ദൂരം, ദ്രാക്ഷാദി ലേഹ്യം പോലുള്ള മരുന്നുകൾ ഡോക്ടറുടെ നിർദേശ പ്രകാരം  ഉപയോഗിക്കാം.

ayurveda-3

കണ്ണുകൾ സംരക്ഷിക്കാൻ

28. ഉറക്കമൊഴിയുക, മാനസിക സമ്മർദം, അമിതമായി സൂര്യതാപം ഏൽക്കുക, ശരീരത്തിന്റെ തളർച്ച, പോഷകാഹാരക്കുറവ്, തെറ്റായ ഭക്ഷണക്രമം, രാസവസ്തുക്കൾ അടങ്ങിയ സൗന്ദര്യ വർധക വസ്തുക്കളുടെ ഉപയോഗം,  എന്നിവ കണ്ണിന് ചുറ്റും കറുപ്പ് നിറമുണ്ടാക്കുന്നു.
29. കറുപ്പു കുറയാൻ ഉറക്കം ക്രമപ്പെടുത്തുകയാണ് ആ ദ്യം വേണ്ടത്. കുറ‍ഞ്ഞത് ഏഴ് – എട്ട് മണിക്കൂർ ഉറങ്ങണം.  
30. ചീര, മുരിങ്ങ, ഇലക്കറികൾ ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. പ്രോട്ടീൻ അടങ്ങിയ ധാന്യങ്ങൾ, നട്സ് മുതലായവയും കഴിക്കണം.     
31. കുങ്കുമാദി തൈലം, നാൽപ്പാമരാദി തൈലം, ഏലാദി  േകരം പോലുള്ള ആയുർവേദ തൈലങ്ങൾ ഉപയോഗിച്ച് കണ്ണുകളുടെ ചുറ്റും മൃദുവായി മസാജ് ചെയ്യുക.   
32. തക്കാളി അരച്ച് നാരങ്ങാനീരും ചേർത്ത് പുരട്ടുക.
33. ആയുർവേദ ഡോക്ടറുടെ നിർദേശാനുസരണം ന സ്യം പോലുള്ള ചികിത്സകൾ ഏറെ ഫലം ചെയ്യും.  
34. കറ്റാർവാഴ ജെൽ, വെള്ളരിക്ക, തക്കാളി, റോസ് വാട്ടർ ഇവ ചേർന്ന മിശ്രിതത്തിൽ മുക്കിയ പഞ്ഞി  കൺതടങ്ങളുടെ മുകളിൽ വയ്ക്കുക.  
35.  കംപ്യൂട്ടർ, ലാപ്ടോപ്, മൊബൈൽ സ്ക്രീൻ എന്നിവ അധികനേരം ഉപയോഗിക്കുമ്പോൾ ഇടയ്ക്കിടയ്ക്ക് ക ണ്ണുകൾ ചിമ്മി തുറക്കാൻ ശ്രദ്ധിക്കണം.

വിജീഷ് ഗോപിനാഥ്

വിവരങ്ങൾക്ക് കടപ്പാട്:

ഡോ. കെ.എസ് രജിതൻ
സീനിയർ
കൺസൽറ്റന്റ്,
ഒൗഷധി പഞ്ചകർമ ആശുപത്രി ആൻഡ്
റിസർച്ച് ഇന്റസ്റ്റിറ്റ്യൂട്ട് തൃശൂർ

ഡോ. ജിഗീഷ് പി.പി
പ്രഫസർ  
പഞ്ചകർമ വിഭാഗം
വിപിഎസ്‌വി
ആയുർവേദ കോളജ്
കോട്ടക്കൽ

ഡോ.ഷംന സി.ഇ
സ്പെഷലിസ്റ്റ്
മെഡിക്കൽ
ഒാഫിസർ,
ആയുഷ്ഗ്രാം
അമ്പലപ്പുഴ