Tuesday 30 November 2021 03:36 PM IST

‘അടുത്ത ബന്ധത്തിലുള്ളവർക്ക് സ്തനാർബുദം വന്നിട്ടുണ്ടെങ്കിൽ ചെറുപ്പത്തിലേ ശ്രദ്ധിക്കണം’; മനസ്സിലെ കരിനിഴൽ മായ്ക്കാം, അറിയേണ്ടതെല്ലാം

Rakhy Raz

Sub Editor

shutterstock_1829663057

വേണ്ട സമയത്തു കണ്ടെത്തുകയും ശരിയായി ചികിത്സിച്ചു ഭേദമാക്കുകയും ചെയ്താൽ സ്തനാർബുദത്തെ വരുതിയിലാക്കി സമാധാനപൂർണമായ ജീവിതം കൈവരിക്കാനാകും..

മാറിടത്തില്‍ േവദന, തടിപ്പ്, നിറം മാറ്റം,  ഉള്ളിലെവിടെയോ മുഴ പോലെ തോന്നല്‍... ആധികള്‍ ആരംഭിക്കുകയായി. അര്‍ബുദത്തിെന്‍റ ഞണ്ടുകള്‍ ഇറുകിപ്പിടിച്ചു തുടങ്ങിയോ എന്ന േവവലാതി. മധ്യവയസ്സിനു മുന്‍പു തന്നെ പല സ്ത്രീകളെയും അലട്ടുന്ന പ്രശ്നമാണിത്. കഴിഞ്ഞ മൂന്നു വർഷങ്ങളായി സ്തനാർബുദം കേരളത്തിൽ വർധിച്ചു വരുന്നതായാണ് തിരുവനന്തപുരം  കാൻസർ റജിസ്‌ട്രിയുടെ പഠനങ്ങളും സൂചിപ്പിക്കുന്നത്.

വേണ്ട സമയത്തു കണ്ടെത്താനും തിരിച്ചറിഞ്ഞു ചികിത്സിക്കാനും സാധിക്കാത്തതാണ് സ്തനാര്‍ബുദം മൂലമുള്ള മരണനിരക്ക് കൂടാന്‍ കാരണമെന്ന് കാന്‍സര്‍ രോഗവിദഗ്ധർ അഭിപ്രായപ്പെടുന്നു. കാന്‍സര്‍ അവബോധം ശക്തമാക്കുക എന്ന ഉദ്ദേശത്തോടെയാണ് ഒക്ടോബര്‍ 19 സ്തനാര്‍ബുദ ദിവസമായും ഒക്ടോബര്‍ ബോധവത്കരണ മാസമായും ലോകമെങ്ങും ആചരിക്കുന്നത്.

എന്തുകൊണ്ട് സ്തനാർബുദം വരുന്നു?

ഏതൊരു കാന്‍സറിനെയും പോലെ ജനിതക വ്യതിയാനമാണ് സ്തനാര്‍ബുദത്തിലേക്ക് നയിക്കുന്നത്. രണ്ടു രീതിയിൽ ജനിതക വ്യതിയാനം സംഭവിക്കാം. മാതാപിതാക്കളിൽ നിന്നു ലഭിക്കുന്ന ജനിതക വ്യതിയാനത്തിന് ‘ജെർമ ലൈൻ മ്യൂട്ടേഷൻ’ എന്നും ചുറ്റുപാടുകളുടെ സ്വാധീനത്താൽ ഉണ്ടാകുന്നതിനു ‘സൊമാറ്റിക് മ്യൂട്ടേഷൻ’ എ ന്നും പറയും. ‘ജെർമ ലൈൻ മ്യൂട്ടേഷൻ’ വഴി രോഗബാധ ഉണ്ടാകുന്നത്  വിരളമാണ്. ‘സൊമാറ്റിക് മ്യൂട്ടേഷൻ’ ആണ് പ്രധാന രോഗകാരണം എന്നതിനാലാണ് സ്തനാർബുദത്തെ ജീവിതശൈലീ രോഗം ആയി ഇപ്പോൾ പരിഗണിക്കുന്നത്.

‘സൊമാറ്റിക് ജനിതക വ്യതിയാനം’ വരുന്നത് എന്തുകൊണ്ട് ?

ഇതു കൃത്യമായി കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. സ്ത്രീ ശരീരത്തിലെ ഈസ്ട്രജൻ, പ്രോജസ്ട്രോണ്‍ ഹോർമോണുകളുടെ വ്യതിയാനങ്ങൾ, മാംസവും കൊഴുപ്പും അധികമാകുന്ന ഭക്ഷണരീതി, അമിതവണ്ണം, നേരത്തെയുള്ള ആർത്തവാരംഭവും വൈകിയുള്ള ആർത്തവ വിരാമവും  ആദ്യ പ്രസവം 30 വയസ്സിനു ശേഷമാകുന്നത് എന്നിവ കാരണങ്ങളിൽ പെടുന്നു.

ഗർഭനിരോധന മരുന്നുകളുെട അമിതോപയോഗം, ആർത്തവം നീട്ടി വയ്ക്കാനുള്ള മരുന്നുകൾ ദീർഘകാലം കഴിക്കുന്നത്, നേരിട്ടും അല്ലാതെയും സിഗരറ്റ് പുക ശ്വസിക്കാ ൻ ഇടയാകുന്നത്, അമിത മദ്യപാനം തുടങ്ങിയവയും സൊമാറ്റിക് ജനിതക വ്യതിയാനത്തിനു വഴിയൊരുക്കും.

പാരമ്പര്യം ഉണ്ടെങ്കിൽ രോഗം വരുമോ ?

അടുത്ത രക്തബന്ധത്തിൽ ഉള്ളവർക്ക് സ്തനാർബുദം വന്നിട്ടുണ്ടെങ്കിൽ പാരമ്പര്യ സാധ്യത ഉണ്ടെന്നു പറയാം. അമ്മയ്ക്കോ സഹോദരിക്കോ വന്നിട്ടുണ്ടെങ്കിൽ 1.5 മുതൽ 2 ശതമാനം വരെ സാധ്യത ആണ് കണക്കാക്കുന്നത്. രണ്ടുപേർക്കും വന്നിട്ടുണ്ടെങ്കിൽ രോഗ സാധ്യത അഞ്ചു മടങ്ങായി കൂടും.

ഹോർമോൺ ചികിത്സ സ്തനാർബുദ സാധ്യത കൂട്ടുമോ ?

പോളി സിസ്റ്റിക് ഓവറി ഡിസീസ് (പിസിഒഡി) ആർത്തവ വിരാമ ലക്ഷണങ്ങൾ, അമിത രക്തസ്രാവം, ക്രമമില്ലാത്ത ആർത്തവം, ആർത്തവ ബുദ്ധിമുട്ടുകൾ എന്നിവ ചികിത്സിക്കാൻ ദീർഘകാലം ഹോർമോൺ അടങ്ങിയ മരുന്നുകള്‍ കഴിക്കുന്നത് ശരീരത്തിലെ  ഈസ്ട്രജൻ, പ്രോജസ്റ്ററോൺ അനുപാതത്തെ ബാധിക്കും.

ഇതുമൂലം നേരിയതോതിൽ സ്തനാര്‍ബുദ സാധ്യത വർധിക്കാം. കുടുംബത്തിൽ സ്തനാർബുദ പാരമ്പര്യം ഉ ണ്ടെങ്കിൽ ജനിതക വ്യതിയാനം ഇല്ല എന്ന് പരിശോധിച്ചു ഉറപ്പാക്കിയ ശേഷമേ ഹോർമോൺചികിത്സ ചെയ്യാവൂ.

സ്തനാര്‍ബുദത്തിെന്‍റ ആദ്യ ലക്ഷണങ്ങൾ എന്തെല്ലാം?

സ്തനത്തിലും കക്ഷത്തിന്റെ ഭാഗത്തുമായി വരുന്ന തെന്നി മാറാത്ത മുഴ സ്തനാർബുദ ലക്ഷണം ആണ്. സ്തനങ്ങളിൽ ചുളിവുകളോ കുഴികളോ കണ്ടാൽ അവഗണിക്കരുത്. സ്തനചർമത്തിൽ നിറവ്യത്യാസമോ കട്ടിയുള്ള പാടുകളോ മറുകുകളോ കുരുക്കളോ കണ്ടാലും ശ്രദ്ധിക്കണം. മുല ഞെട്ടിൽ നിന്ന് ഏതു തരം സ്രവം വന്നാലും പരിശോധിക്കണം.

പുറത്തേക്ക് തള്ളി നിൽക്കുന്ന മുല ഞെട്ട് അകത്തേക്ക് വലിഞ്ഞു പോകുന്നുവെങ്കിലും സ്തനാർബുദം സംശയിക്കാം. ഇരുസ്തനങ്ങളുടെയും രൂപവും വലുപ്പവും തമ്മിൽ പ്രകടമായ വ്യത്യാസം ഉണ്ടെങ്കിൽ സാധ്യത തള്ളിക്കളയാനാകില്ല.

shutterstock_88218493

രോഗ പ്രതിരോധം സാധ്യമാണോ ?

ചിട്ടയും ആരോഗ്യകരവുമായ ജീവിത ശൈലി പിന്തുടരുന്നതിലൂടെ സ്തനാർബുദത്തെ പ്രതിരോധിക്കാം.

∙ ഇലക്കറി, പച്ചക്കറി, പഴങ്ങൾ ഇവ ധാരാളം കഴിക്കുക.

∙ േസാസേജ്, ഉണക്ക ഇറച്ചി തുടങ്ങിയ പ്രോസസ്സ്ഡ് മാംസം  കഴിവതും കുറയ്ക്കുക.

∙ കാലറിമൂല്യം കൂടിയ ആഹാരം നിയന്ത്രിക്കുക.

∙ ആവിയിൽ പുഴുങ്ങിയ ഭക്ഷണം കൂടുതൽ കഴിക്കുക.

∙ കുറഞ്ഞത് ആറു മണിക്കൂർ എങ്കിലും നന്നായി ഉറങ്ങുക.

∙ വ്യായാമം ശീലമാക്കുക. ടെൻഷൻ കുറയ്ക്കാന്‍ യോഗ, ധ്യാനം ഇവ ശീലിക്കുക.

∙ പ്രസവിക്കുന്നതും  കുഞ്ഞിന് മുലയൂട്ടുന്നതും  സ്തനാർബുദ സാധ്യത കുറയ്ക്കും. മുലയൂട്ടുന്ന സമയത്തുണ്ടാകുന്ന  പ്രൊലാറ്റിൻ എന്ന ഹോര്‍മോണ്‍ ഈസ്ട്രജന്റെ ഉത്പാദനം കുറയ്ക്കുന്നതിനാലാണ് കാന്‍സര്‍ സാധ്യത കുറയുന്നത്.

ആർത്തവ ബുദ്ധിമുട്ടുകൾക്ക് ഹോർമോൺ മരുന്ന് ഉപയോഗിച്ചുള്ള ചികിത്സ  കഴിയുന്നത്ര ഒഴിവാക്കണം.

അമിതവണ്ണം തടയണം.

സ്തനാർബുദ പാരമ്പര്യം ഉണ്ടെങ്കില്‍  ജനറ്റിക്  കൗൺസിലിങിനു  വിധേയമായി ആവശ്യമെങ്കിൽ  ജനറ്റിക്  ടെസ്റ്റിങ് ചെയ്യുന്നതു നല്ലതായിരിക്കും.

shutterstock_1472603897

മുഴ കണ്ടെത്തിയാൽ എന്തു ചെയ്യണം ?

മുഴ ഉണ്ടെന്നു സംശയം തോന്നിയാല്‍ കൃത്യമായ പരിശോ ധനകളിലൂടെ രോഗ നിർണയം നടത്തുകയാണ് അടുത്ത പടി.

മാമോഗ്രാഫി, ബയോപ്സി, ഫൈൻ നീഡിൽ ആ സ്പിറേഷൻ, സൈറ്റോളജി, കോർ നീഡിൽ ബയോപ്സി, ഓപ്പൺ സർജിക്കൽ ബയോപ്സി, ലാർജ് കോർ ബയോപ്സി, മമോടോം, എക്‌സ് റേ, ബോൺ സ്കാൻ, അൾട്രാ സൗണ്ട് സ്കാൻ, സി ടി സ്കാൻ തുടങ്ങി നിരവധി ആധുനിക പരിശോധനകള്‍ ഇപ്പോഴുണ്ട്. ഇവയിലൂെട രോഗ നിർണയവും, രോഗ വ്യാപ്തിയും അറിയാൻ പറ്റും.  

ചികിത്സകൾ എന്തെല്ലാം ?

ശസ്ത്രക്രിയ, സിസ്റ്റമിക് തെറപ്പി, റേഡിയേഷൻ തെറപ്പി എന്നിവയാണ് സ്താനാർബുദത്തിന്റെ ചികിത്സ രീതികൾ.  

മുഴയുടെ വലുപ്പം, എണ്ണം ഇവ അനുസരിച്ച്, സ്തനം നീക്കം െചയ്യാതെ തന്നെയുള്ള ശസ്ത്രക്രിയ സാധ്യമാണ്. ഇതിനെ ബ്രെസ്റ്റ് കൺസർവേഷൻ സർജറി എന്നും സ്തനം പൂർണമായും നീക്കംചെയ്യുന്നതിനെ മാസ്റ്റക്ടമി എന്നും പറയും.  

മുൻപ്,  സ്തനത്തോടൊപ്പം കക്ഷത്തിലെ ലിംഫ് ഗ്രന്ഥികളും പാടേ നീക്കം ചെയ്യാറുണ്ടായിരുന്നു. ഇപ്പോൾ നൂതന ചികിത്സാരീതിയിലൂടെ ലിംഫ് ഗ്രന്ഥികളിൽ അസുഖം ബാധിച്ചിട്ടുണ്ടോ എന്നു പരിശോധിച്ചിട്ടു മാത്രം അവ  നീക്കം ചെയ്‌താൽ മതിയാകും.

മരുന്നുകൾ ഉപയോഗിച്ചു കാൻസർ കോശങ്ങളെ നശിപ്പിക്കുന്ന ചികിത്സയാണ് സിസ്റ്റമിക് തെറപ്പി. ഇതിൽ കിമോതെറപ്പി, ഹോർമോൺ തെറപ്പി, ഇമ്യൂൺ തെറപ്പി എ ന്നിവ ഉൾപ്പെടുന്നു. ഓരോ  കാൻസർ രോഗത്തിന്റെയും ജ നിതക പ്രത്യേകത അനുസരിച്ചാണ് കാന്‍സര്‍രോഗ വിദഗ്ധന്‍ ഏതു സിസ്റ്റമിക് തെറപ്പി വേണം എന്നു നിശ്ചയിക്കുന്നത്.

കാൻസർ ബാധിച്ച ഭാഗം അണുപ്രസരണം പതിപ്പിച്ചു കാൻസർ കോശങ്ങളെ ഇല്ലാതാക്കുന്ന ചികിത്സയാണ് റേഡിയോ തെറപ്പി.

തുടക്കത്തിലേ കണ്ടെത്തിയാൽ തൊണ്ണൂറു ശതമാനം സ്തന കാൻസറും ചികിത്സിച്ചു ഭേദമാക്കാമെന്നതാണ് ഏറ്റവും ശുഭകരമായ വാര്‍ത്ത. അതിനു വ്യത്യസ്ത ചികിത്സ രീതികളും അവയുടെ ക്രമങ്ങളും സമന്വയിപ്പിച്ചു വിദഗ്ധ ചികിത്സ തേടണം എന്നു മാത്രം.

പാരമ്പര്യം ഒാര്‍ത്തു പേടിക്കേണ്ട;  േഡാ. ജെയിം

സ്താനാര്‍ബുദ ഗവേഷണം, ചികിത്സ ഇവയിൽ വർഷ ങ്ങളുടെ അനുഭവസമ്പത്തുള്ള ഡോ: ജെയിം എബ്രഹാം‍, ഡോ. സഞ്ജു സിറിയക്കിന്‍റെ ചോദ്യങ്ങള്‍ക്കു മറുപടി നല്‍കുന്നു.

ബ്രെസ്റ്റ് കാൻസർ ഉള്ള അമ്മമാരുടെ പെൺമക്കൾക്കുള്ള വലിയ ആശങ്കയാണ് തനിക്ക് ഈ രോഗം വരുമോ എന്ന്. എന്താണ് അവരോടു പറയാനുള്ളത് ?

90 ശതമാനം കേസുകളും പാരമ്പര്യം മൂലം ഉണ്ടാകുന്നതല്ല. അതിനാൽ തന്നെ ഇക്കാര്യത്തിൽ അങ്ങനെ ഭയക്കേണ്ടതില്ല. ഒരാളുടെ കുടുംബത്തിൽ ഒന്നിലധികം പേർക്ക് ബ്രെസ്റ്റ് കാൻസർ, പ്രത്യേകിച്ച്, ചെറുപ്പത്തിൽ തന്നെ വരുന്നെന്നു വിചാരിക്കുക. എങ്കിൽ അവരിൽ കാൻസറിന് കാരണമായേക്കാവുന്ന ജനിതകമാറ്റം ഉണ്ടോ എന്നറിയാൻ ജെനെറ്റിക് കൗൺസലിങ്ങും പരിശോധനയും വേണ്ടി വന്നേക്കാം.

ബ്രെസ്റ്റ് കാൻസർ സാധ്യത എങ്ങനെ കുറയ്ക്കാം ?

ജീവിത ശൈലി പ്രധാന പങ്കു വഹിക്കുന്നു. ആഹാരക്രമവും വ്യായാമവും വളരെ പ്രധാനമാണ്. രോഗം ത ടയുന്നതിനായി ആരോഗ്യകരമായ ശരീരഭാരം പാലിക്കണം. കൂടാതെ കുടുംബത്തിൽ ആർക്കെങ്കിലും ഈ രോഗം ഉണ്ടെങ്കിൽ തനിക്ക് രോഗസാധ്യത കൂടുതൽ ഉണ്ടോ എന്ന് ഓരോ സ്ത്രീയും ചിന്തിക്കണം. സ്‌ക്രീനി ങ്ങും രോഗം നേരത്തെ കണ്ടെത്തുന്നതും ജീവൻ രക്ഷിക്കാനുള്ള സാധ്യത വർധിപ്പിക്കും.

അൻപതു വയസ്സിന് മുകളിൽ ഉള്ളവർ വർഷത്തിൽ ഒരിക്ക ൽ മാമോഗ്രാം ചെയ്യണമെന്നാണല്ലോ മാർഗ രേഖകൾ. ഇതേപറ്റി എന്താണു പറയാനുള്ളത് ?

സ്തനാർബുദ സാധ്യത ഗൗരവമായി ശ്രദ്ധിക്കേണ്ട കാര്യമാണ്. പൊതുവെ പ്രായമായവരുടെ അസുഖം ആണെങ്കിലും, ഇരുപതുകളിലും മുപ്പതുകളിലും ഒക്കെ ഇപ്പോള്‍ ഈ രോഗം വരുന്നതായി കാണുന്നു. അമേരിക്കയിൽ നാല്‍പതു വയസ്സിനു ശേഷമുള്ള എല്ലാ സ്ത്രീകള്‍ക്കും മാമോഗ്രാം പരിശോധന നിർദേശിക്കാറുണ്ട്. 45 വയസ്സ് മുത ലെങ്കിലും വർഷത്തിലൊരിക്കൽ മാമോഗ്രാം ചെയ്യണം  എ ന്നാണ് എെന്‍റ അഭിപ്രായം. പാരമ്പര്യമായി രോഗസാധ്യത ഉള്ളവർ ചെറുപ്പത്തിലെ പരിശോധനകൾ ആരംഭിക്കണം.

പുരുഷന്മാരില്‍ സ്തനാർബുദം സാധാരണമാണോ ?

വളരെ അപൂർവം ആണ് ഇത്. അമേരിക്കയിൽ ഒരു വർഷം രണ്ടര ലക്ഷത്തോളം സ്ത്രീകൾക്ക് സ്തനാർബുദം പിടി പെടുന്നു എന്നാണ് കണക്ക്. ഏകദേശം രണ്ടായിരം പുരുഷന്മാരെ രോഗം ബാധിക്കുന്നു.

സ്തനാര്‍ബുദം ബാധിച്ചവര്‍ക്കുള്ള സന്ദേശം എന്താണ്?

രോഗിക്ക് വിശ്വാസമുള്ള   ഓങ്കോളജി ടീമിനെ (മെഡിക്കൽ, സർജിക്കൽ, റേഡിയേഷൻ ഡോക്ടർമാരുടെ സംഘം) ക ണ്ടെത്തുന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ബ്രെസ്റ്റ് കാൻസർ എന്ന രോഗം അതിന്‍റെ ചികിത്സയിൽ പ്രാവീണ്യം നേടിയ ഒരു ടീം ആണ് അതു ചികിത്സിക്കേണ്ടത്.

ഒരു ഡോക്ടർ മാത്രം ചികിത്സിക്കേണ്ട ഒന്നല്ല. രോഗിയുടെ ജീവിതകാലം മുഴുവൻ നീണ്ടു നിൽക്കുന്ന ബന്ധമാണ് ആ ടീമുമായി ഉണ്ടാകേണ്ടത്. അതുകൊണ്ട് തന്നെ ടീമുമായി കണക്ട് ചെയ്യുക വളരെ പ്രധാനമാണ്.

mammogram

ചികിത്സയുമായി മുന്നോട്ടു പോകുന്നവരോട് പറയാനുള്ളത്?

ആധുനിക ചികിത്സകള്‍ വന്നതോെട 80 ശതമാനം പേരിലും ഭേദപ്പെടുത്താവുന്ന രോഗമാണ് സ്തനാര്‍ബുദം. ചികിത്സ ചിലപ്പോൾ ചിലരിൽ കഠിനമായേക്കാം. പക്ഷേ, നിങ്ങൾക്ക് ഈ പ്രതിസന്ധി കാലഘട്ടം  കടന്നു പോകാനും സാധാരണ ജീവിതത്തിലേക്ക് പെട്ടെന്നു  തിരികെ വരാനും സാധിക്കും. ധൈര്യമായിരിക്കുക.

സ്താനാര്‍ബുദത്തെക്കുറിച്ച് വർധിച്ചു വരുന്ന അവബോധം മൂലം പലരും ട്രിപ്പിൾ നെഗറ്റീവ് ബ്രെസ്റ്റ് കാൻസറിനെ കുറിച്ച് ഭയപ്പെടാറുണ്ട്. എന്താണ് ഇതേക്കുറിച്ച് അഭിപ്രായം?

സ്തനാര്‍ബുദം പ്രധാനമായും മൂന്നു തരം ഉണ്ട്. എഴുപത് ശതമാനം പേരിലും ഹോർമോൺ പോസിറ്റീവ് എന്ന തരം ആണ് കാണപ്പെടുന്നത്. ഇത് സ്ത്രീകളുടെ ഹോർമോൺ ആയ ഈസ്ട്രജന്റെ സഹായത്തോടെ വളരുന്ന ടൈപ്പ് രോഗം ആണ്.  ഇത്തരം രോഗികൾക്ക് ചികിത്സയ്ക്ക് ശേഷവും  ഈസ്ട്രജൻ വിരുദ്ധ ഹോർമോൺ മരുന്നുകൾ കുറച്ചു വർഷങ്ങൾ കഴിക്കാൻ നിർദേശിക്കാറുണ്ട്. ഇരുപത് ശതമാനം പേരിൽ ഹെർ 2 പോസിറ്റീവ് തരം രോഗം ആണ് വരുന്നത്. സ്തനാർബുദ കോശങ്ങൾ വളരാനുള്ള ഒരു സിഗ്നൽ ആണ് ഈ ഹെർ 2. ഈ രോഗികൾക്ക് ഹെർ 2 വിരുദ്ധ മരുന്നുകൾ നൽകുന്നു.

പത്തു ശതമാനം പേരിലാണ് ട്രിപ്പിൾ നെഗറ്റീവ് ടൈപ്പ് രോഗം വരുന്നത്. ട്രിപ്പിൾ നെഗറ്റീവ് ബ്രെസ്റ്റ് കാൻസർ താരതമ്യേന ആക്രമണ സ്വഭാവം കാണിക്കുന്നു. എങ്കിലും ഈ രോഗത്തിനുള്ള വിജയസാധ്യത മറ്റു ഘ ടകങ്ങളെ കൂടി ആശ്രയിച്ചിരിക്കും.

പ്രായം, സ്റ്റേജ്, മറ്റ് ആരോഗ്യപ്രശ്നങ്ങൾ തുടങ്ങിയവ. ട്രിപ്പിൾ നെഗറ്റീവ് രോഗികൾക്ക് കീമോതെറപ്പി മാത്രമേ ആശ്രയമുള്ളൂ.

കാൻസർ ചികിത്സ പൂർത്തീകരിച്ചവര്‍ക്കും അതിജീവിച്ചവര്‍ക്കും നൽകാനുള്ള സന്ദേശം എന്താണ് ?

സ്തനാര്‍ബുദം മൂലം മരിക്കുന്നതിനേക്കാൾ കൂടുതല്‍ പേർ ഈ രോഗത്തെ അതിജീവിക്കുന്ന കാലമാണിത്. രോഗലക്ഷണങ്ങൾ അവഗണിക്കാതെ രോഗം തുടക്കത്തിലേ കണ്ടെത്തുന്നതിന് മറ്റുള്ളവരെ പ്രചോദിപ്പിക്കാൻ, രോഗത്തെ അതിജീവിച്ചവർക്ക് കഴിയണം. സ്വന്തം ജീവിതം അവര്‍ അതിനുള്ള സന്ദേശമാക്കണം.

സ്തനാര്‍ബുദവുമായി ബന്ധപ്പെട്ട് പതിറ്റാണ്ടുകളായി ഗ വേഷണം നടത്തുന്ന ഒരാൾ എന്ന നിലയിൽ ഈ രംഗത്തെ പുരോഗതി എങ്ങനെ വിലയിരുത്തുന്നു?

കഴിഞ്ഞ ഇരുപത് വർഷത്തോളമായി ബ്രെസ്റ്റ് കാൻസറിനുള്ള നൂതന ചികിത്സകൾ നടത്താനും ട്രാസ്റ്റുസുമാബ് മുതൽ PARP മരുന്നുകൾ വരെയുള്ള മരുന്നുകളുമായി ബന്ധപ്പെട്ടുള്ള ക്ലിനിക്കൽ ട്രയലുകളിൽ ഭാഗമാകാനുമുള്ള ഭാഗ്യം ലഭിച്ചിട്ടുണ്ട്.

സ്തനാർബുദ ചികിത്സ എത്ര മാത്രം ഈ കാലയളവിൽ മാറി പോയി എന്നതോര്‍ത്ത് അതിശയം തോന്നിയിട്ടുണ്ട്. അതിനു നന്ദി പറയേണ്ടത് ക്ലിനിക്കൽ ട്രയലുകളിൽ പങ്കെടുത്ത അസംഖ്യം വനിതകളോടാണ്. അവരിലൂടെ ഗുണഭോക്താക്കളായത് ഇന്ന് ഈ രോഗം വരുന്ന ലക്ഷക്കണക്കിന് സ്ത്രീകളാണ്.

സ്വയം പരിേശാധിച്ചു കണ്ടെത്താം

മുപ്പതു വയസ്സു കഴിഞ്ഞവർ മാസത്തിൽ ഒരിക്കൽ സ്തനപരിശോധന സ്വയം നടത്തണം. ആർത്തവം കഴിഞ്ഞു പത്തു ദിവസത്തിനു ശേഷം പരിശോധന നടത്തുന്നതാണ് നല്ലത്. ആർത്തവ സമയത്തു ഹോർമോണ്‍ വ്യതിയാനം മൂലം സ്തന ഗ്രന്ഥികളിൽ വെള്ളം കെട്ടി നിൽക്കുന്നത് മുഴയായി തെറ്റിദ്ധരിക്കാൻ സാധ്യത ഉണ്ട്. ആർത്തവ വിരാമം കഴിഞ്ഞവർക്ക് മാസത്തിൽ നിശ്ചിത തീയതിയിൽ പരിശോധന നടത്താം.

സ്വയം പരിശോധന ചെയ്യേണ്ട വിധം: കണ്ണാടിയുടെ മുൻപിൽ നിന്ന് ഇരുകൈകളും അരക്കെട്ടിൽ വയ്ക്കുക. സ്തനങ്ങൾ ഒരേ നിരയിൽ ആണോ എന്നും ചർമത്തിൽ ചുളിവികളോ, തടിപ്പോ, കുഴികളോ ഉണ്ടോ എന്നും സൂക്ഷ്മമായി നിരീക്ഷിക്കുക. മുലഞെട്ടുകൾ ഉൾവലിഞ്ഞിട്ടുണ്ടോ എന്നു ശ്രദ്ധിക്കുക. മുല ഞെട്ടുകളിൽ ചുവപ്പ്, തടിപ്പ്, നീര്, ചൊറിച്ചിൽ എന്നിവ ഇല്ലെന്ന് ഉറപ്പാക്കുക.

മുല ഞെട്ടിൽ മൃദുവായി അമർത്തി എന്തെങ്കിലും സ്രവം വരുന്നുണ്ടോ എന്നു പരിശോധിക്കുക. കൈകൾ ഉയർത്തി പിടിച്ച ശേഷം സ്തനങ്ങളിൽ തെന്നാത്ത മുഴകൾ ഇല്ല എന്നു ഉറപ്പാക്കുക. തെന്നുന്ന മുഴകൾ ആ ണെങ്കിലും ഡോക്ടറെ കണ്ട് പരിശോധിക്കുക.

മലര്‍ന്നു കിടന്ന ശേഷം എണ്ണയോ സോപ്പോ പുരട്ടി വിരലുകളുടെ ഉൾഭാഗം കൊണ്ട് സ്തനങ്ങളിൽ മുഴകൾ ഉണ്ടോ എന്ന് നോക്കുക. ഇടതുസ്തനം പരിശോധിക്കുമ്പോൾ ഇടതു കൈ ഉയർത്തി തലയുടെ പിന്നിൽ വയ്ക്കണം. വലതു കൈവിരലുകളുടെ ഉൾവശം കൊണ്ട് വൃത്താകൃതിയിൽ പരിശോധിക്കുക. കക്ഷവും ക ക്ഷത്തോട് ചേർന്നുള്ള ഭാഗങ്ങളും ഇതുപോലെ പരിശോധിക്കണം.

അർബുദ സാധ്യത കൂടുതൽ ഉള്ളവർ ക്ലിനിക്കൽ സ്തനപരിശോധന ചെയ്യുന്നത് നല്ലതായിരിക്കും. മുപ്പതു കഴിഞ്ഞ സ്ത്രീകൾ എല്ലാ വർഷവും ക്ലിനിക്കൽ ബ്രെസ്റ്റ് എക്സാമിനേഷൻ ചെയ്യണം.

ആളുടെ പ്രായം, ആർത്തവം ആരംഭിച്ച പ്രായം, ആദ്യ പ്രസവത്തിന്റെ പ്രായം, കുട്ടികളുടെ എണ്ണം, മുലയൂട്ടിയ കാലയളവ്, സ്തനാർബുദ പാരമ്പര്യം എന്നിവയുടെ അടിസ്ഥാനത്തിൽ ആണ് ക്ലിനിക്കൽ ആയി കാൻസർ സാധ്യത കണ്ടെത്തുന്നത്.

വർഷത്തിൽ ഒരിക്കൽ കാന്‍സര്‍ രോഗ വിദഗ്ധരെ കൊണ്ടാണ് പരിശോധിപ്പിക്കേണ്ടത്. 40 വയസു കഴിഞ്ഞ സ്ത്രീകൾ വർഷത്തിൽ ഒരു പ്രാവശ്യം മാമോഗ്രാം പരിശോധന െചയ്യണം.

doctoorewwasdfcanccc ഡോ. ജെം കളത്തിൽ, സീനിയർ കൺസൽറ്റന്റ്, ഓങ്കോ സർജറി, ആസ്റ്റർ മെഡിസിറ്റി, കൊച്ചി. ഡോ. കെ. എസ്. ബാലമുരളി, ഓങ്കോളജി വിഭാഗം മേധാവി ജനറൽ ഹോസ്പിറ്റൽ, എറണാകുളം. ഡോ. ജെയിം എബ്രഹാം മെഡിക്കൽ ഓങ്കോളജി വിഭാഗം തലവൻ, ക്ലെവ‌്ലാൻഡ് ക്ലിനിക്, അമേരിക്ക. ഡോ. സഞ്ജു സിറിയക്, സീനിയര്‍ കണ്‍സൽറ്റന്റ്, മെഡിക്കല്‍ ഒാങ്കോളജിസ്റ്റ്, രാജഗിരി േഹാസ്പിറ്റല്‍,ആലുവ
Tags:
  • Health Tips
  • Glam Up