നല്ലയൊരു സദ്യയുണ്ടു കഴിഞ്ഞാല്‍ പലരും പറയുന്നതു കേട്ടിട്ടില്ലേ... ‘ഇനിയൊന്നു കിടന്നുറങ്ങണം.’ വയറു നിറയെ ബിരിയാണി കഴിച്ചാലും ഒന്നു മയങ്ങാന്‍ തോന്നുന്നതു സ്വാഭാവികം. ഭക്ഷണം ദഹിപ്പിച്ചെടുക്കാൻ ധാരാളം ഊർജം നമ്മുടെ ശരീരത്തിന് ഉപയോഗിക്കേണ്ടി വരുന്നു. അതാണു ഭക്ഷണം കഴിച്ചു വയര്‍ നിറയുമ്പോള്‍ ക്ഷീണവും ഉറക്കവുമൊക്കെ വരുന്നത്. ഉച്ചഭക്ഷണ ശേഷം ഓഫിസിലും മറ്റും ഇരുന്നു ജോലിക്കാർ ഉറങ്ങുന്നതിന്റെ കാരണവും മറ്റൊന്നല്ല.
ശരീരത്തിനു പുതിയ ഉന്മേഷവും പ്രസരിപ്പും നല്‍കാന്‍ ഇടയ്ക്കൊക്കെ ആഹാരം കഴിക്കാതിരിക്കുന്നതാണ് നല്ലതെന്നു പല വിദഗ്ധരും പറയുന്നു. ഭാരതീയ ആചാര്യന്മാർ പണ്ടേ പറഞ്ഞു വച്ചിട്ടുള്ള കാര്യമാണിത്.
പ്രമേഹം, ഫാറ്റി ലിവർ, ബിപി മുതലായ ജീവിത ശൈലീരോഗങ്ങൾ അകറ്റാനും ഭാരം കുറയ്ക്കാനും ഉപവാസം നല്ലതാണ്. പല മൃഗങ്ങളും സ്ഥിരമായി ഉപവസിക്കാറുണ്ട്. അവർ നമ്മെ പോലെ മൂന്നും നാലും നേരമൊന്നും ഭക്ഷിക്കുന്നില്ല. ഒരു നേരം ആവശ്യത്തിനു ഭക്ഷണമെടുത്താൽ പിന്നെ, അടുത്ത ദിവസം ആ നേരത്തായിരിക്കും ഭക്ഷണം തേടുക. വയറു നിറച്ചുകൊണ്ട് ഇരയെ ഓടിച്ചു പിടിക്കാൻ കഴിയില്ലല്ലോ. ഭക്ഷണമെടുത്താൽ എവിടെയെങ്കിലും വിശ്രമിച്ചു ദഹനത്തെ സഹായിക്കുന്നു. വീണ്ടും വിശക്കുമ്പോൾ ഭക്ഷണം തേടിയിറങ്ങുന്നു.
അഞ്ചു നേരം ഭക്ഷിക്കുന്ന നാം
നമ്മുടെ കാര്യം നേരെ മറിച്ചാണ്. കുറഞ്ഞതു മൂന്നു നേരമാണു നമ്മള്‍ പ്രധാന ഭക്ഷണം കഴിക്കുക. പ്രാതല്‍, ഉച്ചഭക്ഷണം, അത്താഴം. കൂടാതെ പത്തു മണിക്കും നാലു മണിക്കും ചായയും കടിയും കഴിക്കുന്നു. പലപ്പോഴും വിശന്നിട്ടു പോലുമല്ല നാം അത്താഴം കഴിക്കുന്നത്. ഉച്ചയ്ക്കും നാലു മണിക്കും കഴിച്ചതെല്ലാം പൂർണമായി ദഹിച്ചിട്ടു പോലുമുണ്ടാകില്ല. അപ്പോഴാണ് അത്താഴത്തിനു സമയമായ കാര്യം ഓർക്കുക. ഉടന്‍ പോയി ഭക്ഷണം കഴിക്കുകയായി.
രാവിലത്തെ വിശാലമായ പ്രാതലിനും പത്തുമണിയുടെ ലഘു ഭക്ഷണത്തിനും ശേഷം ഉച്ചയ്ക്കു വിശക്കുന്നതെങ്ങനെ? പക്ഷേ, നാം കഴിക്കുന്നു. അതൊരു ശീലമായതുകൊണ്ടാകാം. അല്ലെങ്കിൽ സമൂഹവും അച്ഛനമ്മമാരും മൂന്നു നേരവും കഴിക്കണമെന്നു പറഞ്ഞു പഠിപ്പിച്ചതുകൊണ്ടാകാം.
ഒരു നേരം മാത്രം പ്രധാന ആഹാരം കഴിച്ചു സുഖമായി ജീവിക്കുന്നവരുണ്ട്. പിന്നീടു വിശക്കുമ്പോഴും ദാഹിക്കുമ്പോഴും വെള്ളം മാത്രം കുടിക്കും. അല്ലെങ്കിൽ ഗ്രീൻ ടീ, കട്ടൻ ചായ പോെല എന്തെങ്കിലും. ഇത്തരക്കാര്‍ക്ക് യാതൊരു വിധ അസ്വസ്ഥതകളുമില്ല. അസുഖങ്ങൾ കുറവാണ്. ദഹനപ്രശ്നങ്ങളില്ല. മികച്ച ആരോഗ്യവുമുണ്ട്.
ആഹാരം വെറുതെ വേണ്ടെന്നു വയ്ക്കുകയല്ല, കൃത്യമായ ചിട്ടകളോെട വേണം ഉപവാസം അനുഷ്ഠിക്കാന്‍. വൈകിട്ടത്തെ ഭക്ഷണത്തിനു ശേഷം 14 മണിക്കൂർ എങ്കിലും കഴിഞ്ഞു പ്രഭാത ഭക്ഷണം കഴിക്കുന്നതാണ് ഏറ്റവും ചെറിയ ഉപവാസം. അത്താഴം കുറച്ചു നേരത്തെയാക്കണമെന്നു മാത്രം. െെവകിട്ട് ആറു മണിക്ക് അത്താഴം കഴിക്കുകയാണെങ്കിൽ രാവിലെ എട്ടു മണിക്ക് പ്രാതൽ കഴിച്ചാലും 14 മണിക്കൂർ ഉപവാസമായി. പ്രാതൽ 10 മണിയിലേക്കു നീട്ടിയാൽ ഉപവാസം 16 മണിക്കൂറായി. പ്രാതൽ വേണ്ടെന്നു വച്ചാൽ ഉച്ച ഭക്ഷണമാകുമ്പോഴേക്കും (ഒരു മണി) 19 മണിക്കൂർ നേരത്തെ ഉപവാസമായി.
നല്ല ഫലം ലഭിക്കാൻ 24 മണിക്കൂറെങ്കിലും ഉപവസിക്കുന്നതാണു നല്ലത്. ഇതത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല. ഒരു ദിനം അത്താഴം കഴിഞ്ഞു പിറ്റേന്ന് അതേ സമയത്തു മാത്രം പിന്നീട് ആഹാരം കഴിക്കുമ്പോൾ 24 മണിക്കൂർ ഉപവാസമായി. അപ്പോഴേക്കും ശരീരശേഖരത്തിൽ നിന്ന് ഏറെ കൊഴുപ്പു ഊർജത്തിനായി ഉപയോഗിക്കും. അതു ഭാരം കുറയാൻ സഹായിക്കും. രണ്ടു ദിവസം ഉപവസിച്ചാൽ ഭാരക്കുറവു മാത്രമല്ല മറ്റു പല ഗുണങ്ങളും ശരീരത്തിനുണ്ടാകും. അസുഖം വന്ന സെല്ലുകളെയാണ് ഈ പ്രക്രിയയിൽ ശരീരം ഉപയോഗിക്കുക. ഇതിനു ഓട്ടോഫാജി എന്നാണു പറയുക. ഈ ശാസ്ത്രശാഖയിലെ ഗവേഷണ മികവുകള്‍ക്കായിരുന്നു ജാപ്പനീസ് ശാസ്ത്രജ്ഞന്‍ യോഷിനോറി ഉഷുമിക്ക് 2016 ലെ നോബൽ സമ്മാനം.
36 - 48 മണിക്കൂറൊക്കെ ഉപവസിക്കുമ്പോൾ കാൻസർ സെല്ലുകൾ പോലും നശിച്ചു തുടങ്ങുമെന്നാണു പറയപ്പെടുന്നത്. അങ്ങനെ രോഗപ്രതിരോധം കൂടി സാധ്യമാകുന്നു. വളർച്ചയ്ക്കാവശ്യമായ ഹോർമോൺസ് ശരീരം ഉൽപാദിപ്പിക്കുകയും ചെയ്യും.
മൂന്നു ദിവസം ഉപവസിച്ചാൽ സ്റ്റെം സെൽസ് പുതുതായി രൂപം കൊള്ളുന്നു. ഇതൊരു വലിയ കാര്യമാണ്. സ്റ്റെംസെൽസ് രോഗങ്ങളെ നിയന്ത്രിക്കുന്നതിനും ജനിതക ഘടകങ്ങൾ കൂടുതൽ ഊർജസ്വലത നേടുന്നതിനും കോശങ്ങളിലെ ടെലോമിയറിന്റെ ലോഭം കുറച്ചു കോശ വിഭജനം സുഗമമാക്കുന്നതിനും സഹായകമാണ്. അങ്ങനെ വയസ്സാകാതിരിക്കാൻ സഹായിക്കുന്നു. 36 - 48 മണിക്കൂര്‍ ഉപവസിക്കുന്നവരില്‍ വളർച്ചയ്ക്കുള്ള ഹോർമോണുകൾ ഉൽപാദിപ്പിക്കപ്പെടും. കാൻസർ വരാനൊക്കെ സാധ്യതയുള്ള സെല്ലുകളെ തിരഞ്ഞു പിടിച്ചു ശരീരോർജത്തിനായി ഉപയോഗിക്കുകയും ചെയ്യും. മുൻപു പറഞ്ഞ പോലെ രോഗമുള്ള മറ്റു കോശങ്ങളെയും റീ സൈക്കിൾ ചെയ്തു ശാരീരിക പ്രവർത്തനങ്ങൾക്കുള്ള കാലറിയായി രൂപാന്തരപ്പെടുത്തുന്നു. അങ്ങനെ രോഗങ്ങളുടെ ആക്രമണം തടയുന്നു.

പ്രമേഹം കുറയുന്നതെങ്ങനെ?
പാൻക്രിയാസ് ഗ്രന്ഥി ഉൽപാദിപ്പിക്കുന്ന ഇൻസുലിൻ ഹോർമോണിന്റെ സാന്നിധ്യത്തോടു ശരീരം പ്രതികരിക്കാതെ വരുന്ന സാഹചര്യമാണല്ലോ പ്രമേഹത്തിലേക്കു നയിക്കുന്നത്. ഗ്ലൂക്കോസിനെ ആഗിരണം ചെയ്യാത്തതു മൂലം രക്തത്തിലുള്ള ഗ്ലൂക്കോസ് (പഞ്ചസാര) കൂടുന്നു.
സാധാരണ രീതിയിൽ കഴിക്കുന്ന ആഹാരത്തെ ശരീരം ഊർജത്തിനായി ഗ്ലൂക്കോസാക്കി മാറ്റുന്നു. ഈ ഗ്ലൂക്കോസ് രക്തത്തിൽ എത്തുകയും അതോടെ പാൻക്രിയാസ് ഇൻസുലിൻ ഉൽപാദിപ്പിക്കുകയും ചെയ്യുന്നു. ഇൻസുലിൻ ര ക്തത്തിലുള്ള ഗ്ലൂക്കോസിനെ കോശങ്ങളിലേക്കും മസിലുകളിലേക്കും ലിവറിലേക്കും കടത്തിവിട്ട് ഊർജമാക്കുന്നു. വിദഗ്ധ നിർദേശത്തോടെ ഉപവസിക്കുന്നതിലൂടെ ഗ്ലൂക്കോസ് ഉൽപാദനത്തെ നമുക്കു നിയന്ത്രിക്കാനാകും.
ഉപവാസം പലവിധ ഹോർമോണുകളുടെയും ഉൽപാദനം ത്വരിതപ്പെടുത്തുകയും ഇൻസുലിന്റെ പ്രവർത്തനക്ഷമത വർധിപ്പിക്കുകയും ചെയ്യുന്നു.
16 മണിക്കൂറെങ്കിലും ഉപവസിച്ചാൽ ശരീരം വിശ്രമിക്കുകയും രക്തത്തിലെ ഇൻസുലിന്റെ അളവിനെ താഴ്ത്തുകയും ചെയ്യും. ഇടയ്ക്കിടക്കുള്ള ഉപവാസം ഇൻസുലിൻ പ്രതിരോധത്തെ തീർത്തും ഇല്ലാതാക്കുന്നു. അമിതവണ്ണം കുറയ്ക്കുക, കൊളസ്ട്രോള്‍ നിയന്ത്രണ വിധേയമാക്കുക, പിരിമുറുക്കം കുറയ്ക്കുക തുടങ്ങിയ ഗുണങ്ങളുമുണ്ട്.
നാലഞ്ച് നേരം ഭക്ഷണം കഴിച്ച് ഇൻസുലിൻ ലെവൽ ഉയർന്നു നിന്നാൽ ഭക്ഷണത്തിലുള്ള ഊർജം കൊഴുപ്പായി ശരീരത്തിൽ ശേഖരിക്കപ്പെടും. കൊഴുപ്പും ഭാരവും കൂട്ടുന്നത് ഇൻസുലിൻ തന്നെയാണ്. ഇൻസുലിന്റെ അളവ് കുറഞ്ഞാൽ ശരീരത്തിലെ കൊഴുപ്പിനെ കത്തിച്ചു ശാരീരിക പ്രവർത്തനങ്ങൾക്കുള്ള ഊർജമാക്കുന്നു.
ഉപവസിക്കുമ്പോൾ ഗ്ലൂക്കോസ് (പഞ്ചസാര) അളവ് കുറയുകയും. ശരീരത്തിൽ അടിഞ്ഞു കൂടിയിരിക്കുന്ന കൊഴുപ്പിനെ വിഘടിപ്പിച്ചു കീറ്റോൺ എന്ന പദാർഥോൽപ്പാദനം നടക്കുകയും ചെയ്യുന്നു. ശരീര ആരോഗ്യത്തിന് ഇതു വളരെ സഹായകമാണ്. അതുകൊണ്ട് ഉപവാസ സമയത്തു നമുക്കു വലിയ വിശപ്പ് അനുഭവപ്പെടുന്നില്ല.
ഉപവാസം 42 ദിവസം
ഒരു നേരം, ഒരു ദിവസം, അഞ്ചു വരെ ദിവസങ്ങള്‍ അങ്ങനെ ഉപവാസത്തിന്‍റെ െെദര്‍ഘ്യം പലതാകാം. ഉപവാസം നീളുന്നതനുസരിച്ചു ആനുപാതികമായി കൂടുതൽ പ്രയോജനങ്ങൾ ഉണ്ടാകും.
ഡോക്ടർമാരുടെ നിരീക്ഷണത്തോടെ 21/42 ദിവസങ്ങള്‍ ഉപവസിക്കുന്നവരുണ്ട്. വിദഗ്ധ മേല്‍നോട്ടത്തില്‍ മാ ത്രമേ ഈ രീതി പിന്തുടരാവൂ. അതുപോലെ അസുഖങ്ങളുള്ളവരും ഡോക്ടറുടെ നിർദേശാനുസരണം മാത്രമേ ഉപവാസം അനുഷ്ഠിക്കാവൂ.
വെറും മൂന്നു ദിവസത്തെ പൂർണ ഉപവാസം കൊണ്ടുതന്നെ ഭാരം നന്നേ കുറയുന്നതും അസുഖങ്ങളും അസ്വസ്ഥതകളും അകലുന്നതും അനുഭവപ്പെടും. പല ജീവിതശൈലീരോഗങ്ങളും വരാതെ നോക്കാനും വന്നു കഴിഞ്ഞാൽ ഗുരുതരമാകാതെ സൂക്ഷിക്കാനും ചിട്ടയോടെയുള്ള ഉപവാസത്തിനു കഴിയും. ചർമകാന്തി നിലനിർത്തുന്നതില്‍ പോ ലും ഉപവാസത്തിനു പങ്കുണ്ട്.
വീട്ടിലും പുറത്തും ഏറെ ജോലികൾ ചെയ്യുന്നതുകൊണ്ടാകാം സ്ത്രീകള്‍ പൊതുവെ ഉപവാസത്തിനൊന്നും മെനക്കെടാറില്ല. പക്ഷേ, എത്ര തിരക്കായാലും മാസത്തില്‍ ഒരു ദിവസം ഉപവാസത്തിനായി മാറ്റിവയ്ക്കാന്‍ കുടുംബം ഒന്നടങ്കം ശ്രദ്ധിക്കണം. ∙
വിവരങ്ങൾക്ക് കടപ്പാട്:
പ്രഫ. പി.എ. വർഗീസ്
ഹെൽത് &
ലൈഫ്സ്റ്റൈൽ ട്രെയിനർ, കൊച്ചി