പൊതുസ്ഥലത്ത് വച്ച് ഒരാൾ നെഞ്ചുവേദനയോ മറ്റ് ശാരീരിക അസ്വസ്ഥതകളോ പ്രകടിപ്പിച്ചാൽ ചുറ്റുമുള്ളവർ ഉടനെ എന്താണ് ചെയ്യേണ്ടത്? ആശുപത്രിയിൽ എത്തിക്കുന്നത് വരെ എങ്ങനെ ജീവൻ നിലനിർത്താം? കാർഡിയാക് ഫസ്റ്റ് എയ്ഡ് എന്ന വിഷയത്തിൽ പൊതുജനങ്ങൾക്ക് ശാസ്ത്രീയ പരിശീലനം നൽകേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്.
അത് മുന്നിൽക്കണ്ടാണ് കൊച്ചിയിലെ ഹാർട്ട് കെയർ ഫൗണ്ടേഷൻ എന്ന സംഘടന കേരളത്തിൽ ഉടനീളം കോളജ് വിദ്യാർഥികൾക്ക് കാർഡിയാക് ഫസ്റ്റ് എയ്ഡ് ട്രെയ്നിങ് സൗജന്യമായി നൽകുന്ന ക്യാംപെയ്ന് തുടക്കമിടുന്നത്. തൃശ്ശൂർ സെന്റ് തോമസ് കോളജിൽ സെപ്റ്റംബർ 12 ചൊവ്വാഴ്ച ആദ്യ സെഷൻ ആരംഭിക്കും.
രണ്ടു ദിവസങ്ങളിലായി നടക്കുന്ന സി.പി.ആർ ട്രെയ്നിങ്ങിൽ എല്ലാ വിഭാഗങ്ങളിലെയും ബിരുദ രണ്ടാംവർഷ വിദ്യാർഥികൾ പങ്കെടുക്കും. ലൈഫ്-സൈസ് മാനിക്വിൻസ് ഉപയോഗിച്ച്, ഓരോ വിദ്യാർഥിക്കും രണ്ട് മിനിറ്റ് വീതം പരിശീലനം ഉറപ്പ് വരുത്തിക്കൊണ്ടാണ് സി.പി.ആർ ട്രെയ്നിങ് സംഘടിപ്പിക്കുക.
പ്രശസ്ത കാർഡിയോളജിസ്റ്റും തൃശ്ശൂർ മദർ ഹോസ്പിറ്റലിലെ കാർഡിയോളജി വിഭാഗം മേധാവിയുമായ ഡോ. ഗീവർ സക്കറിയയാണ് ട്രെയ്നിങ്ങിന് നേതൃത്വം കൊടുക്കുന്നത്. തൃശ്ശൂർ വെസ്റ്റ്ഫോർട്ട് ഹോസ്പിറ്റലിലെ കാർഡിയോളജി വിഭാഗം മേധാവി ഡോ. പി.പി. മോഹനൻ, ബേസിക് റെസ്പോൺഡേഴ്സ് ട്രെയ്‌നർ കിരൺ എൻ.എം എന്നിവർ അടങ്ങുന്നതാണ് ട്രെയ്നിങ് ടീം.