Monday 14 November 2022 05:15 PM IST

പ്രമേഹം വന്നാൽ പരിഭ്രമം വേണ്ട; പ്രമേഹരോഗി ചെയ്യേണ്ടത് : നവംബർ 14 ലോക പ്രമേഹദിനം

Asha Thomas

Senior Sub Editor, Manorama Arogyam

international-diabetes-day-november-14-know-diabetes-cover

രാജ്യാന്തര ഡയബറ്റീസ് ഫെഡറേഷന്റെ (ഐഡിഎഫ്) കണക്കുകൾ പ്രകാരം ലോകത്ത് മുതിർന്ന ആളുകളിൽ പത്തിലൊരാൾ പ്രമേഹം ബാധിച്ച വ്യക്തിയാണ്. പ്രമേഹം എന്ന ശാരീരികാവസ്ഥയെപ്പറ്റി ശരിയായ അവബോധം നൽകുക എന്നതാണ് അതിനെ നേരിടാനുള്ള ആദ്യപടി. അതിനുവേണ്ടിയാണ് നവംബർ 14 ലോക പ്രമേഹദിനമായി ഐഡിഎഫ് ആചരിക്കുന്നത്.

പ്രമേഹം ആണെന്നു തിരിച്ചറിയുന്നതു ജീവിതത്തിലെ നിർണായകമായ ഘട്ടമാണ്. കാരണം, പ്രമേഹം ശരിയായ വിധം നിയന്ത്രിച്ചില്ലെങ്കിൽ അത് ഒട്ടേറെ രോഗങ്ങൾക്കു വാതിൽ തുറന്നു കൊടുക്കും. പക്ഷേ, പ്രമേഹമാണെന്നറിയുന്നതോടെ ആശയക്കുഴപ്പങ്ങളും ആരംഭിക്കുന്നു. ആദ്യമേ മരുന്നു കഴിക്കണോ? അതോ ഭക്ഷണനിയന്ത്രണവും വ്യായാമവുമൊക്കെ മതിയോ? എപ്പോഴാണ് ഇൻസുലിൻ കുത്തിവയ്പ് ആരംഭിക്കേണ്ടത്? പരിശോധന എത്ര ഇടവേളകളിൽ വേണം? ആദ്യമായി പ്രമേഹമാണെന്നു തിരിച്ചറിയുന്നവർ അറിയേണ്ട കാര്യങ്ങൾ...

ഈ ലക്ഷണങ്ങളെ ശ്രദ്ധിക്കുക

35–40 വയസ്സാകുന്നതോടെ പ്രമേഹരോഗികളാകുന്നവരുടെ എണ്ണം ഇന്ത്യയിൽ വർധിച്ചുവരികയാണ്. 2014 ൽ പ്രസിദ്ധീകരിച്ച ഒരു പഠനം അനുസരിച്ച് ടൈപ്പ് 2 പ്രമേഹരോഗം നിർണയിക്കപ്പെടുന്നവരിൽ പകുതിയോളം ആളുകളും 40 വയസ്സിൽ താഴെയുള്ളവരാണ്. ഇവരിൽ പ്രമേഹത്തെ തുടർന്നുള്ള സങ്കീർണതകൾ അധികം വൈകാതെ തന്നെ വന്നുതുടങ്ങും. അതുകൊണ്ടുതന്നെ പ്രമേഹസൂചനകളെക്കുറിച്ചുള്ള ഒരു ജാഗ്രത മുപ്പതുകളിൽ തന്നെയുണ്ടാകേണ്ടതുണ്ട്.

പ്രമേഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സൂചന മൂത്രമൊഴിക്കൽ വർധിക്കുകയാണ്. പ്രത്യേകിച്ച് രാത്രിയിൽ. ദാഹം കൂടുതൽ തോന്നുക, ശരീരം മെലിയുക, ഗുഹ്യഭാഗത്ത് ഫംഗൽ അണുബാധ പോലെ ചൊറിച്ചിൽ വരിക, കണ്ണിനു കാഴ്ച മങ്ങുക, കാലിന് തരിപ്പ്, ശരീരത്തിനു പുകച്ചിൽ ഉണ്ടാവുക എന്നിവയും കാണാം. മുറിവ് ഉണങ്ങാൻ താമസം വരിക, അമിതമായ ക്ഷീണം, വിയർപ്പ്, ചൂട്, തളർച്ച, പകൽ ഉള്ള ഉറക്കം തൂങ്ങൽ, പുരുഷന്മാരിൽ ഉദ്ധാരണക്കുറവ്, ഭയങ്കരമായ വിശപ്പ്, വയർ കത്തിക്കാളൽ എന്നിവയൊക്കെയും സാധാരണഗതിയിൽ പ്രമേഹമുണ്ടെന്നു സംശയിക്കാവുന്ന സൂചനകളാണ്.

ഈ അളവുകളെ ശ്രദ്ധിക്കാം

international-diabetes-day-november-14

രക്തത്തിലെ പഞ്ചസാര ക്രമാതീതമായി ഉയരുന്ന അവസ്ഥയാണല്ലൊ പ്രമേഹം. ലളിതമായ രക്ത പരിശോധനകളിലൂടെ രക്തത്തിലെ ഷുഗർ നിരക്ക് എത്രയാണെന്നു തിട്ടപ്പെടുത്താനാകും. മൂന്നുതരം പരിശോധനകളാണ് പ്രമേഹരോഗ നിർണയത്തിനു സഹായിക്കുന്നത്.

∙ രക്തത്തിലെ പഞ്ചസാരയുടെ മൂന്നു മാസത്തെ ശരാശരിയായ എച്ച്ബിഎ1സി ( Glycosylated Haemoglobin). ഇത് 6.5 ശതമാനം അല്ലെങ്കിൽ അതിനു മുകളിലാണെങ്കിൽ പ്രമേഹമാണെന്നുറപ്പിക്കാം.

∙ ഭക്ഷണത്തിനു മുൻപുള്ള ഷുഗർ (Fasting Blood Sugar) 126 നു മുകളിൽ

∙ ഭക്ഷണം കഴിച്ചു രണ്ടു മണിക്കൂറിനു ശേഷമുള്ള ഷുഗർ (പിപിബിഎസ്) 200 ഒാ അതിനു മുകളിൽ ആണെങ്കിലും പ്രമേഹമാണ്.

പ്രമേഹപൂർവാവസ്ഥ (പ്രീ ഡയബറ്റിക്)

ഭക്ഷണം കഴിക്കുന്നതിനു മുൻപുള്ള ഷുഗർ നിരക്ക് 100 മുതൽ 125 വരെയും, എച്ച് ബിഎ1സി 5.7 മുതൽ 6.4 ശതമാനം വരെയും ആണെങ്കിൽ പ്രമേഹപൂർവാവസ്ഥ (പ്രീ ഡയബറ്റിക്) എന്നു പറയുന്നു. ഇതു രണ്ടു തരമുണ്ട്. ഇംപയേഡ് ഫാസ്റ്റിങ് ഗ്ലൂക്കോസും (ഫാസ്റ്റിങ് ഷുഗർ 100നും 125നുമിടയിൽ) ഇംപയേഡ് ഗ്ലൂക്കോസ് ടോളറൻസും (ഭക്ഷണശേഷമുള്ള ഷുഗർ 140 നും 200 നുമിടയിൽ). പ്രമേഹമില്ലാത്ത അവസ്ഥയിൽ ഫാസ്റ്റിങ് ബ്ലഡ് ഷുഗർ നിരക്ക് 100 നു താഴെയും എച്ച്ബിഎ1സി 5.7 ശതമാനത്തിൽ കുറവും ആയിരിക്കും.

ഏതുതരം പ്രമേഹം?

പ്രമേഹം ഉണ്ട് എന്നു പരിശോധനയിൽ വ്യക്തമായി കഴിഞ്ഞാൽ ഏതുതരം പ്രമേഹമാണ്, എത്രമാത്രം തീവ്രമായ അവസ്ഥയിലാണ്, എന്താണു കാരണം എന്നൊക്കെ പരിശോധിക്കേണ്ടതുണ്ട്. അതിനുശേഷമേ ചികിത്സ നിശ്ചയിക്കാനാകൂ. പ്രമേഹം പല തരത്തിലുണ്ട്. വളരെ ചെറുപ്പത്തിലേ വരുന്ന ടൈപ്പ് 1 പ്രമേഹം, സാധാരണമായി കാണുന്ന ടൈപ്പ് 2 പ്രമേഹം, ഗർഭാവസ്ഥയിൽ കാണുന്ന ജെസ്േറ്റഷനൽ ഡയബറ്റിസ്, ബീറ്റാകോശത്തിലെ ഒരു ജനിതക വൈകല്യത്താലുണ്ടാകുന്ന മോണോജനിക് പ്രമേഹം. മരുന്നുകൾ മൂലമുള്ള പ്രമേഹം എന്നിവയുമുണ്ട്.

international-diabetes-day-november-14-know-diabetes-insulin

കുട്ടികളിൽ വരുന്ന പ്രമേഹം മിക്കവാറും ടൈപ്പ് 1 ആയിരിക്കാനാണ് സാധ്യത. പക്ഷേ, ബാല്യത്തിന്റെ അവസാനഘട്ടത്തിലും കൗമാരത്തിന്റെ ആദ്യഘട്ടത്തിലും നവജാതരിലുമൊക്കെ മോണോജനിക് പ്രമേഹവും കാണപ്പെടാം. ജനിതക പരിശോധനയിലൂടെ മാത്രമേ ഇതു തിരിച്ചറിയാനാകൂ. ടൈപ്പ് 1 പ്രമേഹവും ടൈപ്പ് 2 പ്രമേഹവും വേർതിരിച്ചറിയാൻ സി പെപ്റ്റൈഡ് രക്തപരിശോധന സഹായിക്കും.

പ്രമേഹമുണ്ട് എന്നു മനസ്സിലാക്കിക്കഴിഞ്ഞാൽ ആ വ്യക്തിയുടെ കുടുംബ രോഗപാരമ്പര്യം അറിയണം. ടൈപ്പ് 2 പ്രമേഹരോഗികളിൽ പകുതിയിലധികം പേർക്കും കുടുംബത്തിൽ പ്രമേഹ പാരമ്പര്യമുണ്ട് എന്നാണു പഠനങ്ങൾ കാണിക്കുന്നത്. ഹൃദ്രോഗം, രക്തസമ്മർദം, കൊളസ്ട്രോൾ പോലെ മറ്റു രോഗങ്ങളുണ്ടോ എന്നും പരിശോധിക്കണം. ഉണ്ടെങ്കിൽ അതനുസരിച്ചുള്ള മരുന്നുകളാണ് നൽകേണ്ടത്. മാത്രമല്ല, ഷുഗർ നോക്കുന്നതോടൊപ്പം ആ രോഗങ്ങളുമായി ബന്ധപ്പെട്ട അവയവങ്ങളുടെ പ്രവർത്തനവും നിരന്തരം പരിശോധനകളിലൂടെ നിരീക്ഷിക്കുകയും വേണം. ആസ്മ, മനോരോഗത്തിനുള്ള മരുന്നുകൾ, വൃക്കരോഗത്തിനുൂള്ള മരുന്നുകൾ എന്നിവയൊക്കെ പ്രമേഹത്തിനു കാരണമാകാമെന്നതിനാൽ അതും നോക്കേണ്ടതുണ്ട്.

പ്രമേഹചികിത്സയെ വളരെ സ്വാധീനിക്കുന്ന മറ്റൊന്നാണ് വ്യക്തിയുടെ ജീവിതചരിത്രം. അതായത് ഭക്ഷണരീതികൾ, കായികപ്രവർത്തനങ്ങൾ, ചിട്ടയുള്ള ജീവിതമാണോ, ജോലി പിരിമുറുക്കം നിറഞ്ഞതാണോ എന്നതൊക്കെ ഷുഗർ നിയന്ത്രണത്തെ സ്വാധീനിക്കും. ഉദാഹരണത്തിന്, ഒരു ചിട്ടയുമില്ലാത്ത ജീവിതമുള്ള, ഏറെ പിരിമുറുക്കം നിറഞ്ഞ ജോലിയുള്ള ഒരാളുടെ ഷുഗർനിലയെ നിയന്ത്രിക്കാൻ ഔഷധചികിത്സ തന്നെ വേണ്ടിവരും.

പരിശോധന എപ്പോഴൊക്കെ?

മാസത്തിലൊരിക്കലെങ്കിലും ലാബിൽ പോയി രക്തം പരിശോധിക്കണം. ഷുഗർ നിരക്ക് വീട്ടിൽ വച്ച് ഗ്ലൂക്കോമീറ്ററിലും പരിശോധിക്കാം. ലാബിൽ പരിശോധിക്കുന്നതുപോലെ ഭക്ഷണത്തിനു മുൻപും ഭക്ഷണശേഷം രണ്ടു മണിക്കൂർ കഴിഞ്ഞും റാൻഡം ആയുമൊക്കെ ഗ്ലൂക്കോമീറ്റർ ഉപയോഗിച്ച് ഷുഗർ പരിശോധിക്കാം. പ്രമേഹം കണ്ടെത്തി ആദ്യഘട്ടങ്ങളിൽ ഭക്ഷണക്രമീകരണം കൃത്യമാക്കാൻ ഭക്ഷണശേഷമുള്ള ഗ്ലൂക്കോമീറ്റർ പരിശോധന വളരെ ഫലം ചെയ്യും. മൂന്നുമാസം കൂടുമ്പോൾ ലാബിൽ പോയി എച്ച്ബിഎ1സി പരിശോധനയും നടത്തണം.

ഭക്ഷണക്രമത്തിന് പ്ലേറ്റ് രീതി

ആരോഗ്യകരവും അതേസമയം പോഷക അഭാവമില്ലാത്തതുമായ ഭക്ഷണക്രമത്തിന് പ്ലേറ്റ് രീതി ശീലിക്കാം. പ്ലേറ്റിന്റെ പാതിഭാഗത്ത് പച്ചക്കറികൾ കാൽഭാഗം ധാന്യങ്ങൾ, കാൽഭാഗം പ്രോട്ടീൻ എന്നതാണ് പ്ലേറ്റ് രീതി. ഒപ്പം ദിവസവും 30–45 മിനിറ്റ് നടക്കുകയോ സൈക്കിൾ ചവിട്ടുകയോ യോഗ ചെയ്യുകയോ ചെയ്യാം. ഒപ്പം പടികൾ കയറിയിറങ്ങുക, പൂന്തോട്ടപ്പണികൾ എന്നിങ്ങനെ കായികപ്രവർത്തികളിലും ഏർപ്പെടാം.

മരുന്ന് എപ്പോൾ തുടങ്ങണം?

പ്രമേഹചികിത്സയെ സ്വാധീനിക്കുന്ന പ്രധാനഘടകങ്ങളാണ് രോഗത്തിന്റെ നിലവിലെ തീവ്രതയും പ്രമേഹം കൂടാതെയുള്ള മറ്റു രോഗങ്ങളുടെ സാന്നിധ്യവും. പൊതുവേ പറഞ്ഞാൽ എച്ച്ബിഎ1സി 6.5 നും ഏഴിനും ഇടയ്ക്കാണെങ്കിൽ മൂന്നുമാസത്തോളം ആഹാരരരീതി ആരോഗ്യകരമാക്കി, ജീവിതശൈലിയിൽ വ്യത്യാസം വരുത്തി ഷുഗർനിരക്ക് കുറഞ്ഞുവരുന്നുണ്ടോ എന്നു നോക്കാം. ഫലമില്ലെങ്കിൽ മാത്രം മരുന്നുചികിത്സയിലേക്കു കടന്നാൽ മതിയാകും. അതുപോലെ പ്രമേഹ പൂർവാവസ്ഥയിലും ചാടിക്കയറി മരുന്നു തുടങ്ങേണ്ട കാര്യമില്ല. ആദ്യം കണ്ടുപിടിക്കുമ്പോഴേ രക്തത്തിലെ പഞ്ചസാര നിരക്ക് വളരെ ഉയർന്നാണെങ്കിൽ തുടക്കത്തിലേ മരുന്നു കഴിക്കേണ്ടിവരും. ചിലരിൽ പ്രമേഹം തുടങ്ങി കുറച്ചുനാളായ ശേഷമാകും രോഗം നിർണയിക്കപ്പെടുക. അപ്പോഴേക്കും സങ്കീർണതകൾ വന്നിട്ടുണ്ടാകും. ഇങ്ങനെ രോഗതീവ്രത വളരെ കൂടുതലാണെങ്കിൽ ഇൻസുലിൻ കുത്തിവയ്പ് എടുക്കുകയും ഷുഗർ ഏതാണ്ടൊക്കെ നിയന്ത്രണവിധേയമായ ശേഷം ഗുളികയിലേക്ക് മാറുകയും ചെയ്യാം.

ബിപി, കൊളസ്ട്രോൾ പ്രശ്നങ്ങൾ പോലെയുള്ള അപകടഘടകങ്ങൾ ഉള്ളവരിൽ അവയ്ക്കു കൂടി ചേർത്തുള്ള സമഗ്ര ചികിത്സ നൽകണം. പ്രമേഹചികിത്സയ്ക്ക് അടിസ്ഥാനപരമായി ഉപയോഗിക്കുന്ന മരുന്നു മെറ്റ്ഫോമിനാണ്. ഇതുകൂടാതെ വ്യത്യസ്ത പ്രവർത്തനമുള്ള ഒട്ടേറെ ആന്റി ഡയബറ്റിക് മരുന്നുകളുണ്ട്. വ്യക്തിപരമായ രോഗാവസ്ഥകൾ അനുസരിച്ചു വ്യത്യസ്ത മരുന്നുകൾ ഉപയോഗിക്കേണ്ടിവരാം. ഉദാഹരണത്തിന്, അമിതവണ്ണമുള്ളവരിൽ ശരീരഭാരം വർധിപ്പിക്കാൻ സാധ്യതയുള്ള മരുന്നുകൾ –പയാഗ്ലിറ്റസോൺ, സൾഫനൈൽയൂറിയ പോലുള്ളവ– ഒഴിവാക്കേണ്ടിവരും. ഇവരിൽ മെറ്റ്ഫോമിൻ പോലുള്ള മരുന്നുകളും ജിഎൽപി1 റിസപ്റ്റർ ആഗണിസ്റ്റ്, എസ്ജിഎൽടി2 ഇൻഹിബിറ്റർ വിഭാഗത്തിൽ പെട്ട മരുന്നുകളുമാണ് ഉപയോഗിക്കേണ്ടത്. കൂടാതെ കർശനമായ ഡയറ്റ് നിയന്ത്രണങ്ങളും ശാരീരികമായി കൂടുതൽ പ്രവർത്തനനിരതമാവുക പോലുള്ള ജീവിതശൈലീമാറ്റങ്ങളും വേണ്ടിവരും.

പ്രമേഹത്തോടൊപ്പം ഹൃദയധമനീരോഗങ്ങൾക്കുള്ള അപകടസാധ്യത കൂടുതലായിരിക്കുക, ഹൃദ്രോഗം , ഹൃദയപരാജയം, വൃക്കരോഗം, ഡയബറ്റിക് നെഫ്രോപ്പതി, ആൽബുമിനൂറിയ, പ്രോട്ടിനൂറിയ എന്നിങ്ങനെ സങ്കീർണ രോഗാവസ്ഥകൾ ഉള്ളവരിൽ സാധാരണ പ്രമേഹ മരുന്നുകളോടൊപ്പം ജിഎൽപി1 റിസപ്റ്റർ ആഗണിസ്റ്റ്, എസ്ജിഎൽടി 2 ഇൻഹിബിറ്റർ വിഭാഗത്തിൽപെട്ട മരുന്നുകളും കൊടുക്കണം. ഒാസ്റ്റിയോപൊറോസിസ്, ഒാസ്റ്റിയോ ആർത്രൈറ്റിസ്, മറ്റ് അസ്ഥിസംബന്ധമായ രോഗങ്ങൾ, ആർത്തവവിരാമം വന്ന സ്ത്രീകൾ എന്നിവരിൽ പയാഗ്ലിറ്റസോൺ പോലുള്ള മരുന്നുകൾ ഒഴിവാക്കണം. അർബുദം ഉള്ളവരും അർബുദത്തിനു ചികിത്സ നേരത്തെ എടുത്തിട്ടുള്ളവരും പയാഗ്ലിറ്റസോൺ മരുന്നുകൾ ഒഴിവാക്കുന്നതാണ് ഉത്തമം. അതുപോലെ തീവ്രമായ ന്യൂറോപ്പതി ഉള്ളവരിൽ മെറ്റ്ഫോമിന്റെ അളവു കുറയ്ക്കണം. കാരണം, മെറ്റ്ഫോമിൻ ന്യൂറോപ്പതി തടയുന്ന ബി12 വൈറ്റമിന്റെ ആഗിരണത്തെ തടയാനിടയുണ്ട്.

ഇൻസുലിൻ എപ്പോൾ?

ടൈപ്പ് 1 പ്രമേഹരോഗികൾക്ക് ആജീവനാന്തം ഇൻസുലിൻ എടുക്കണം. അവരുടെ പാൻക്രിയാസിലെ ബീറ്റാകോശങ്ങൾക്കു നാശം സംഭവിക്കുന്നതു മൂലം ഇൻസുലിൻ ഉൽപാദിപ്പിക്കപ്പെടില്ല. ഇൻസുലിൻ കുത്തിവയ്പ് ആയോ പേന, ഇൻസുലിൻ പമ്പ് എന്നീ രൂപത്തിലേതിലായോ ഉപയോഗിക്കാം. അതോടൊപ്പം ഡയറ്റ്, വ്യായാമം തുടങ്ങി ആരോഗ്യകരമായ ജീവിതരീതിയിലേക്കു മാറുകയും വേണം. ടൈപ്പ് 2 പ്രമേഹത്തിൽ സാധാരണഗതിയിൽ മരുന്നുകളും ജീവിതശൈലീമാറ്റങ്ങളും ഒക്കെയാണ് വേണ്ടത്. ഇൻസുലിൻ ഉൽപാദിപ്പിക്കാൻ, പാൻക്രിയാസിലെ ബീറ്റാകോശങ്ങളെ ഉദ്ദീപിപ്പിക്കുന്ന മരുന്നുകളോ ഇൻസുലിൻ ഉൽപാദനം വർധിപ്പിക്കുന്ന മരുന്നുകളോ നൽകി അതുവഴി ഇൻസുലിൻ നിരക്ക് സ്ഥായിയാക്കി നിയന്ത്രിച്ചു നിർത്തണം. ഈ മരുന്നുകൾ ഒപ്റ്റിമം അളവിൽ (പരമാവധിയുടെ 50 ശതമാനം) ഉപയോഗിച്ചിട്ടും രക്തത്തിലെ ഷുഗർ നിരക്ക് നിയന്ത്രിക്കാനാകുന്നില്ലെങ്കിൽ ഇൻസുലിൻ കുത്തിവയ്പിലേക്കു കടക്കേണ്ടിവരും.

international-diabetes-day-november-14-know-diabetes-insulin

രക്തത്തിലെ പഞ്ചസാര നിരക്ക് വളരെ ഉയർന്ന അളവിലാണെങ്കിലോ മറ്റെന്തെങ്കിലും സങ്കീർണതകൾ ഉണ്ടെങ്കിലോ ഇൻസുലിനാണ് ഉത്തമം. ഹൃദയശസ്ത്രക്രിയ, സ്ട്രോക്ക് പോലുള്ള പ്രത്യേക സാഹചര്യങ്ങളിലും താൽക്കാലികമായി ഇൻസുലിൻ എടുക്കേണ്ടിവരാം. ഗർഭസമയത്തും മുലയൂട്ടുമ്പോഴും ഇൻസുലിൻ തന്നെയാണ് സുരക്ഷിതം.

വിവരങ്ങൾക്ക് കടപ്പാട്

ഡോ. കെ. പി. പൗലോസ്, ചീഫ് ഫിസിഷൻ & ഡയബറ്റോളജിസ്റ്റ് & പ്രിൻസിപ്പൽ കൺസൽറ്റന്റ്, എസ് യു റ്റി ഹോസ്പിറ്റൽ, തിരുവനന്തപുരം

ഡോ. സുരേഷ്കുമാർ പി, ചെയർമാൻ & ചീഫ് ഡയബറ്റോളജിസ്റ്റ്, ഡയാബ് കെയർ ഇന്ത്യ കോഴിക്കോട്