ശരീരത്തിന്റെ സ്റ്റാമിന നിലനിർത്തുന്നതുപോലെ തന്നെ പ്രധാനമാണ് മനസ്സിന്റെ സ്റ്റാമിന കൂട്ടുന്നതും. ജീവിത വിജയത്തിനും ലക്ഷ്യങ്ങൾ സ്വന്തമാക്കുന്നതിനും പ്രതിസന്ധികളിൽ പതറി പോകാതിരിക്കുന്നതിനും നല്ല സ്റ്റാമിന മനസ്സിനും ഉണ്ടാക്കിയെടുക്കണം. മനസ്സ് പെട്ടെന്ന് തളർന്നു പോകുന്നവർക്കു പോലും ശരിയായ പരിശീലനത്തിലൂടെ മനസ്സിന്റെ സ്റ്റാമിന ഉയരത്തിലെത്തിക്കാം. അതിനുള്ള ചില വഴികൾ...
∙ സ്വപ്നം മനസിൽ കാണാം. നിങ്ങളുെട ലക്ഷ്യം എപ്പോഴും മനസ്സിൽ വിഷ്വലൈസ് ചെയ്യുക. സ്വപ്നങ്ങൾ എത്തിപ്പിടിക്കുന്ന ആ ദിവസം സങ്കൽപത്തിൽ കാണുന്നത് മനസ്സിന് എനർജി പകരും. ഏതു ഗോളിലേക്ക് എത്താനും വഴിയിൽ വലിയ പ്രതിസന്ധികളും തിരിച്ചടികളും ഉണ്ടാകാം. അപ്പോൾ അവയെ കുറിച്ച് മാത്രം ചിന്തിച്ചിരിക്കാതെ, അവസാന റിസൽറ്റിനു വേണ്ടി പരിശ്രമിക്കുക. പരീക്ഷയിൽ ഉന്നത വിജയം നേടുന്നതോ ഇഷ്ട കരിയർ സ്വന്തമാക്കുന്നതോ, സ്വന്തം ബിസിനസ് വിജയിപ്പിക്കുന്നതോ, സ്വപ്നം കാണുന്ന ലക്ഷ്യം എന്തുമാകട്ടെ, ആ വിജയം നേടി പുഞ്ചിരിയോടെയും അഭിമാനത്തോടെയും നിൽക്കുന്ന നിങ്ങളെ ഒരു ചിത്രമായി മനസ്സിൽ സങ്കൽപിക്കുക. നിങ്ങളുെട ഷോർട് ടേം ഗോൾസും ലോങ് ടേം ഗോൾസും ഡയറിയിൽ എഴുതി വയ്ക്കുന്നതും നന്നായിരിക്കും.
∙ വെല്ലുവിളികളെയും തടസ്സങ്ങളെയും ആനക്കാര്യമായി കണ്ട് പതറാതെ, അവയെ എങ്ങനെ അതിജീവിക്കാമെന്ന് ബുദ്ധിപൂർവം ചിന്തിച്ച് കാര്യങ്ങൾ നീക്കുക. ഇതിന് മറ്റുള്ളവരുടെ സഹായം തേടാൻ മടിക്കരുത്.
∙ നിങ്ങൾ എത്ര വലിയ കാര്യം ചെയ്താലും മറ്റുള്ളവർ മോട്ടിവേഷനും അഭിനന്ദനവും തരണം എന്നില്ല. സ്വയം മോട്ടിവേഷൻ പകരുക. സ്വയം അഭിനന്ദിക്കുക. വിജയത്തിലേക്ക് ചെറിയൊരു ചുവടു വച്ചാലും കണ്ണാടിയുടെ മുന്നിൽ നിന്ന് ‘വെൽ ഡൺ’ എന്ന് സ്വയം അഭിനന്ദിച്ചു നോക്കൂ.
∙ മുന്നിൽ മല പോലെ ഒരു വലിയ ജോലി ചെയ്യാനുണ്ടെങ്കിൽ എങ്ങനെ തീർക്കുമെന്നോർത്ത് നിരാശപ്പെടാതെ, ജോലിയെ പലതായി വിഭജിച്ച് ഒാരോന്നായി തീർക്കുക. ഏറ്റവും പ്രധാപ്പെട്ടതും ഏറ്റവും വിഷമം പിടിച്ചതും വേണം ആദ്യം ചെയ്തു തീർക്കാൻ. ഇവ ചെയ്തു തീർക്കാൻ കൃത്യമായി സമയക്രമം പാലിക്കനും ശ്രമിക്കണം. ഇതിനായി ചെയ്തു തീർക്കേണ്ട കാര്യങ്ങളെ കുറിച്ചുള്ള വർക് ഷെഡ്യൂൾ ഉണ്ടാക്കുക.
∙ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവു കൂട്ടുക. ഒരു സമയത്ത് പല കാര്യങ്ങൾ വലിച്ചു വാരി ചെയ്യാതെ ഒന്നിൽ മനസ്സർപ്പിച്ച് ചെയ്താൽ അതിന്റെ ക്വാളിറ്റി കൂടും. വർക് ഒൗട്ടിലൂടെ മസിൽ ബലവത്താകുന്നതു പോലെ നിങ്ങളുെട മനസ്സിന്റെ കഴിവും കൂട്ടാം. പരിശീലനത്തിനായി ചെലവിടുന്ന സമയം പതുക്കെ കൂട്ടി കൊണ്ടു വരിക.
∙ ശ്രദ്ധ മാറ്റുന്ന കാര്യങ്ങളെ ഒഴിവാക്കുക. നിങ്ങൾ ലക്ഷ്യം നേടാനായി കടുത്ത പരിശീലനം ചെയ്യുന്ന സമയത്ത് ശ്രദ്ധ തെറ്റിക്കുന്ന പല സംഗതികളും ഉണ്ടാകും. അനാവശ്യമായി സമയം കൊല്ലുന്ന ഫോൺ വിളികളും സോഷ്യൽ മീഡിയയിൽ അനാവശ്യമായി സമയം പാഴാക്കുന്നതും ഒാൺ ൈലൻ ഗെയിം കളിക്കുന്നതും പോലുള്ള കാര്യങ്ങൾ ഒഴിവാക്കാൻ കർശനമായ നയം സ്വയം സ്വീകരിക്കാം. ലക്ഷ്യത്തിനായി സ്വയം സമർപ്പിക്കുമെന്ന് ഒരിക്കൽ കൂടെ ഉറപ്പിക്കുക.
∙ എനർജി ഡ്രിങ്കുകളെയോ ബ്രെയിൻ സ്റ്റിമുലന്റുകളെയോ പതിവായി ആശ്രയിക്കുന്നത് നല്ലതല്ല. ബ്രെയിനിനെ ബൂസ്റ്റ് ചെയ്യുന്ന ഇത്തരം ഡ്രിങ്കുകൾ സ്ഥിരം ഉപയോഗിക്കുന്നതും നല്ലതല്ല. കുറച്ചു സമയത്തേക്കേ ഇവ തരുന്ന എനർജി നിൽക്കൂ. മാത്രമല്ല. ശീലമാകാനും സാധ്യതയുണ്ട്.
∙ നിങ്ങൾ എന്തെങ്കിലും വലിയ ആഘാതമോ വിഷമമോ വ്യക്തിപരമായ നഷ്ടമോ ബ്രേക്കപ്പ് പോലുള്ള സങ്കടമോ ഒക്കെ നേരിടുന്നുണ്ടെങ്കിൽ വിശ്വസ്തരായ അടുത്ത സുഹൃത്തുക്കളുമായി പ്രശ്നങ്ങൾ പങ്കിടണം. പ്രശ്നം മനസ്സിൽ ഒതുക്കി ആരോടും പറയാതെ സ്വയം അടക്കി വയ്ക്കുന്നത് വിഷാദത്തിലേക്കും മെന്റൽ എനർജി നഷ്ടപ്പെടുന്നതിലേക്കും നയിക്കും. വൻ സുഹൃത് വലയം ഉണ്ടായില്ലെങ്കിലും ആത്മാർത്ഥ സ്നേഹവും വിശ്വസ്തതയും ഉള്ള കുറച്ചു നല്ല സുഹൃത്തുക്കൾ കൂടെയുണ്ടാവണമെന്ന കാര്യവും മറക്കാതിരിക്കുക. ഇനി, ഒരാളിനോടും പങ്കിടാനാവാത്ത അത്ര സ്വകാര്യമായ പ്രശ്നമാണെങ്കിൽ അതു മുഴുവൻ ഒരു ഡയറിയിലേക്കു പകർത്തുന്ന് മനസ്സിന്റെ ഭാരം ലഘൂകരിക്കും. പ്രഫഷണൽ സഹായം ആവശ്യമുണ്ടെങ്കിൽ തേടാൻ മറക്കരുത്.
∙ ഇടയ്ക്ക് ബ്രേക്ക് എടുക്കാനും മറക്കരുത്. എത്ര വലിയ ലക്ഷ്യമാണ് മുന്നിലുള്ളതെങ്കിലും ഇടയ്ക്ക് സ്വയം ഒരു ഇടവേളയെടുത്ത് മനസ്സിനു റിലാക്സേഷൻ െകാടുക്കുക. കടുത്ത ജോലി ഭാരമുള്ള ദിവസം കുറേ ജോലി ചെയ്തു മടുക്കുമ്പോൾ അഞ്ചു മിനിറ്റ് നേരം ഇഷ്ടമുള്ള പാട്ട് കേൾക്കുന്നത് മനസ്സിനെ തണുപ്പിക്കും. അല്ലെങ്കിൽ വാഷ് റൂമിൽ പോയി തണുത്ത വെള്ളത്തിൽ മുഖം നന്നായി കഴുകാം. കണ്ണുകളടച്ച് എല്ലാം മറന്നൊന്ന് അഞ്ചു മിനിറ്റ് സമയം മെഡിറ്റേറ്റ് ചെയ്യാം. മാസങ്ങൾ നീണ്ട കടുത്ത ജോലികൾക്കു ശേഷം മനസ്സിനിഷ്ടപ്പെട്ട സ്ഥലത്തേക്ക് രണ്ടു ദിവസം യാത്ര പോകാം. ഇങ്ങനെ ഇഷ്ടപ്പെട്ട രീതിയിൽ വിശ്രമിക്കാനും സ്വയം തയ്യാറാകാണം. ജീവിതം സദാ നേരവും ഒരു ഒാട്ടപ്പാച്ചിലായി കാണരുത്. നിങ്ങൾ സന്തോഷത്തോടെ ആ ലക്ഷ്യത്തിലെത്തുന്നതിലാണ് കാര്യം.