Wednesday 23 August 2023 05:18 PM IST : By ശ്യാമ

‘ഒരേതരം ഭക്ഷണം കഴിക്കുന്നതിന്റെ വിരസത മറികടന്നാൽ അതാണ് ആദ്യ വിജയം’; ബോഡി ബിൽഡിങ് തപസ്സാക്കിയ അനുഭവം പറഞ്ഞ് ചിത്തരേശ് നടേശന്‍

_BAP9756 ഫോട്ടോ: ബേസിൽ പൗലോ

‘മിസ്റ്റർ യൂണിവേഴ്സ് ’ പട്ടം നേടിയ ആദ്യത്തെ ഇന്ത്യക്കാരൻ... മലയാളിയായ ചിത്തരേശ് നടേശൻ...

അനുകൂലസാഹചര്യങ്ങൾ ഒന്നുമില്ലെങ്കിലും തോൽക്കാൻ തയാറല്ല എന്നു നമ്മൾ നമ്മളോടു തന്നെ പറയുന്ന നിമിഷമുണ്ടല്ലോ. അപ്പോൾ മുതലാണ് ഒരാൾ വിജയിച്ചു തുടങ്ങുന്നത്.’’ വടുതലയിലെ ആ സ്ബെസ്റ്റോസിട്ട രണ്ടുമുറി വീട്ടിലിരുന്നു ചിത്തരേശ് ഇതു പറയുമ്പോൾ പ്രതിസന്ധികളോരോന്നും ആ മനുഷ്യനെ അദ്ഭുതത്തോടെ കണ്ണെടുക്കാതെ നോക്കുന്നുണ്ട്.

മിസ്റ്റർ യൂണിവേഴ്സ് ചാംപ്യൻഷിപ്പിന്റെ ചരിത്രത്തിൽ ആദ്യമായി ആ സ്ഥാനത്തെത്തിയ ഇന്ത്യക്കാരനാണ് കൊച്ചിക്കാരൻ ചിത്തരേശ് നടേശന്‍. സൗത്ത് കൊറിയയിലെ ജെജു ഐലൻഡിൽ നടന്ന െെഫനല്‍ ഇവന്‍റില്‍ ചിത്തരേശിന്റെ പേര് ഉയര്‍ന്നപ്പോള്‍ അത്രയും നേരം ഉരുക്കു പോലെ നിന്ന ‘ഇന്ത്യൻ ഹെർക്കുലീസി’ന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി. അഭിമാനവും സന്തോഷവും പറഞ്ഞറിയാക്കാനാകാത്ത പലതും കണ്ണീരായി ഒഴുകി. അതു കഴിഞ്ഞ് തുടങ്ങിയതാണ് ചിരിക്കാൻ. ഭാര്യയും കോച്ചും സുഹൃത്തുക്കളും വീട്ടുകാരും നാട്ടുകാരും ഒ ക്കെ ചേർന്ന് വരവേൽപ്പുകളൊരുക്കി ചിത്തരേശിനെ സ്വാഗതം ചെയ്തു കൊണ്ടേയിരിക്കുന്നു... ചിരി തുടർന്നു കൊണ്ടേയിരിക്കുന്നു...

ഇതുമൊരു തപസ്സാണ്

‘‘ഞാനും ഭാര്യ നസീബയും ഡൽഹിയിലാണ് താമസം. ഒൻപത് മാസത്തോളമാണ് മത്സരത്തിനായി തയാറെടുത്തത്. വളരെ സ്ട്രിക്റ്റായ ഡയറ്റ്, പാർട്ടിയില്ല, ഔട്ടിങ് ഇല്ല, കൃത്യസമയത്ത് ഉറങ്ങണം, കൃത്യസമയത്ത് ഉണരണം... തുടക്കത്തിൽ ദിവസം രണ്ടു നേരം വച്ചുള്ള വർക്കൗട്ട് ആയിരുന്നു. മത്സരത്തോടടുക്കാറായപ്പോള്‍ അതു മൂന്ന് നേരമായി.’’

ചിത്തരേശ് പറഞ്ഞു നിർത്തിയിടത്തു നിന്ന് കോച്ച് സാഗർ തുടർന്നു. ‘‘ഡൽഹിയിലെ ലൈഫ്സ്റ്റൈലിൽ നിന്ന് ഇത്തരം ഒരു ചിട്ടയിലേക്ക് വരാൻ തന്നെ ഇത്തിരി പാടാണ്. പക്ഷേ, അതാണ് ചിത്തരേശിന്റെ വിജയം. പുള്ളിക്കാരന്റെ ശരീരപ്രകൃതിക്കനുസരിച്ചാണ് ഡയറ്റും വർക്കൗട്ടുകളും ചിട്ടപ്പെടുത്തിയത്. മാസങ്ങളോളം ഒരേ തരം ഭക്ഷണം കഴിക്കേണ്ടി വരുമ്പോൾ തന്നെ പലരും പാതി വച്ച് പെട്ടി മടക്കി പോകും. ചിത്തരേശിന് അത്തരം പ്രശ്നങ്ങളൊന്നുമില്ല. പറയുന്ന സമയത്ത് തന്നെ ആൾ ജിമ്മിലെത്തും, അതിലൊരു വിട്ടുവീഴ്ചയും വരുത്തിയിട്ടില്ല. ഇത്രയും മാസം നാട്ടിലേക്കു പോലും പോയില്ല. ആ നിശ്ചയദാർഢ്യവും കഠിനാധ്വാനത്തിനുള്ള മനസ്സും തന്നെയാണ് ഈ വിജയത്തിനു പിന്നിൽ.’’

ബോഡിബിൽഡിങ്ങിൽ 70 ശതമാനം ഡയറ്റും 30 ശതമാനം വർക്കൗട്ടുമാണ് പ്രധാനം. ഒരേതരം ഭക്ഷണം കഴിക്കുന്നതിന്റെ വിരസത മറികടന്നാൽ അതാണ് ആദ്യ വിജയം. മത്സരത്തിന്റെ സമയത്ത് ഒന്‍പതു മാസത്തോളം ചിത്തരേശ് മധുരം തീരെ കഴിച്ചിട്ടില്ല. ജയിച്ചു വന്നിട്ടാണ് ഒരു കേക്ക് പോലും കഴിച്ചത്. വീട്ടിലെ ഭക്ഷണം കഴിക്കുന്നതു കൊണ്ട് പ്രോട്ടീൻ ബേസ്ഡ് ഡയറ്റാണ് ശീലിച്ചത്. മുട്ട, ഓട്ട്സ്, ചോറ്, ചിക്കൻ, ഫി ഷ് എന്നിവയൊക്കെയായിരുന്നു പ്രധാനം.

mr-kerrdd4435v

‘‘കൊച്ചി വടുതലയാണ് എെന്‍റ വീട്. അച്ഛൻ നടേശൻ, അമ്മ ഗീത. രണ്ടു സഹോദരിമാർ – നീതു, സൗമ്യ. രണ്ടു പേരുടേയും വിവാഹം കഴിഞ്ഞു. വീട്ടുകാരൊക്കെ എപ്പോഴും നല്ല പ്രോത്സാഹനം തന്നിട്ടുണ്ട്.’’ ചിത്തരേശ് പറയുന്നു.

എറണാകുളം സെന്റ് ജോസഫ്സിലായിരുന്നു സ്കൂള്‍ പഠനം. മഹാരാജാസിൽ ഡിഗ്രി പഠിക്കുന്ന കാലത്ത് കോളജ് ഹോക്കി ടീമിലുണ്ടായിരുന്നു, ഡാൻസും ചെയ്തിരുന്നു. പിന്നീട് തിരുവനന്തപുരം എൽ.എൻ.സി.പി.ഇയിൽ നിന്ന് ബാച്ചിലർ ഓഫ് എജ്യുക്കേഷൻ പൂർത്തിയാക്കി. 2007ലാണ് ഡൽഹിയിലേക്ക് പോകുന്നത്. അവിടെ ഫിറ്റ്നസ് ട്രെയ്നറാണ്.

കോളജിൽ പഠിക്കുമ്പോഴേ ചെറിയ രീതിയിൽ വർക്കൗട്ട് ചെയ്യുമായിരുന്നു. ഡൽഹിയിലെത്തി ശരിക്കുള്ള വെയ്റ്റ് ട്രെയ്നിങ് തുടങ്ങിയതു മുതലാണ് ടോപ് ലെവലിൽ എത്തണം, നാടിനു വേണ്ടി എന്തെങ്കിലും ചെയ്യണം എന്നൊക്കെയുള്ള ആഗ്രഹങ്ങൾ വന്നു തുടങ്ങിയത്. നാലു തവണ മിസ്റ്റർ ഡൽഹി പട്ടം േനടി. മൂന്നു തവണ മിസ്റ്റർ ഇന്ത്യ ആയി.  മിസ്റ്റർ ഇ ന്ത്യ ദുബായ്, മിസ്റ്റർ ഏഷ്യ, മിസ്റ്റർ വേൾഡ് ഇതുവരെ േനടിയെടുത്തിട്ടുള്ള മറ്റ് പദവികള്‍.

പ്രണയത്തിന് എന്ത് ബോർഡർ?

ഫിറ്റ്നസ്സിെന പ്രണയിച്ചു നടക്കുന്നതിനിടയില്‍ ചിത്തരേശിെന്‍റ ജീവിതത്തിലേക്ക് ഒരു കൂട്ടുകാരി വന്നത് നൃത്തത്തിലൂടെയാണ്.  

‘‘എട്ടു വര്‍ഷം മുന്‍പ് എനിക്ക് തോളിനൊരു പരിക്കു പറ്റി കുറച്ച് നാൾ വർക്കൗട്ട് ചെയ്യാൻ പറ്റാതായി.’’ ചിത്തരേശ് ഒാര്‍ക്കുന്നു. ‘‘ആ സമയത്ത് ഞാൻ ലാറ്റിൻ ഡാൻസ് പഠിക്കാൻ ചേർന്നു. ഡാൻസ് പണ്ടേ പാഷനാണ്. സ്കൂളിലും കോളജിലും കളിക്കാറുണ്ടായിരുന്നു. വർക്കൗട്ട് പോലെയല്ല, ഡാൻസ് മറ്റൊരു ഫീലാണ് നല്‍കുന്നത്. ഒരേ സമയം ശരീരത്തേയും മനസ്സിനേയും ബൂസ്റ്റ് ചെയ്യും.  

ഡാൻസ് സ്കൂളിൽ വച്ചാണ് നസീബയെ പരിചയപ്പെടുന്നത്. ഉസ്ബക്കിസ്ഥാൻകാരിയാണ്. അവരും അവിടെ ഡാൻസ് പഠിക്കാൻ വന്നതായിരുന്നു. എന്റെ വീട്ടിൽ നിന്ന് ആദ്യമൊക്കെ ചില എതിർപ്പുകളുണ്ടായിരുന്നു. പിന്നെ, അതെല്ലാം  മാറി. നസീബ കേരളത്തിലും വന്നിട്ടുണ്ട്. ഞങ്ങൾ രണ്ടും നല്ല ചിൽ മൂഡിലുള്ള ആളുകളാണ്, അവളാണ് എന്റെ ഏറ്റവും നല്ല സപ്പോർട്ടർ. കിടിലൻ കുക്കുമാണ്. ഉസ്ബക്കി ബിരിയാണിയൊക്കെ ഗംഭീരമായുണ്ടാക്കും. ഇനിയുള്ള ആഗ്രഹം നാട്ടിലൊരു സര്‍ക്കാര്‍ ജോലിയാണ്. സഹായിക്കാം എന്നു പലരും പറഞ്ഞിട്ടുണ്ട്. ജോലി കിട്ടിയാൽ സ്വന്തം നാട്ടിൽ സെറ്റിലാകണം.’’

ഒരു ദിവസം ഇങ്ങനെ

∙ രാവിലെ ആറു മണിക്ക് ഉണരും.

∙ പ്രോട്ടീൻ ഷെയ്ക്ക് അല്ലെങ്കിൽ ബ്രെഡ്, പീനട്ട് ബട്ടര്‍ ഇവയാണ് പുലര്‍കാല മെനു. 6.30 ന് ജിമ്മിലേക്ക്.

∙ ജിമ്മില്‍ ഒന്ന് – ഒന്നര മണിക്കൂർ വർക്കൗട്ട്. മത്സരങ്ങളില്ലെങ്കിൽ രാവിലത്തെ സെഷൻ വർക്കൗട്ട് ചെയ്യാറില്ല, അല്ലെങ്കിൽ മൂന്ന് തവണ.

∙ രാവിലത്തെ വർക്കൗട്ട് കഴിഞ്ഞ് ബ്രേക്ഫാസ്റ്റ്.

മുട്ടയുടെ വെള്ള/ ചിക്കൻ + ഹെൽത്ത് സപ്ലിമെന്റ്,

ശരീരത്തിനാവശ്യമുള്ള പ്രോട്ടീനിനനുസരിച്ചാണ് അളവ് തീരുമാനിക്കുന്നത്.

∙ രണ്ടര മണിക്കൂർ കഴിഞ്ഞ് ചെറിയൊരു മീൽ. പിന്നീട് ഉച്ചയ്ക്കുള്ള വർക്കൗട്ട്. അതിനു ശേഷവും ഒരു മീല്‍ ഉണ്ട്. ചെറിയ അളവിൽ ഏഴ് – എട്ട് മീൽ വരെ ഒരു ദി വസം കഴിക്കും. വൈകുന്നേരവും വർക്കൗട്ട് ഉണ്ട്.

∙ രാത്രി പത്തര – പതിെനാന്ന് മണിക്കുള്ളിൽ ഉറങ്ങും. കൃത്യമായ വ്യായാമവും ഡയറ്റും പോലെ പ്രധാനമാണ് ശരിയായ ഉറക്കവും.

_BAP9716
Tags:
  • Glam Up