Thursday 22 September 2022 10:48 AM IST : By സ്വന്തം ലേഖകൻ

‘ഇന്നു കൂടെയല്ലേ എനിക്കവളെ കാത്തിരിക്കാൻ പറ്റൂ... ഞാനിവിടെ ഇരുന്നോളാം’: അച്ഛന്റെ കിങ്ങിണി... നെഞ്ചുനീറി കുടുംബം

abhirami-45 അഭിരാമിയുടെ മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ പൊട്ടിക്കരയുന്ന മാതാവ് ശാലിനി

അഭിരാമിയായിരുന്നു ആ കുടുംബത്തിന്റെ പ്രതീക്ഷകളുടെ ചിറക്. വ്യോമസേനയിൽ  ഉദ്യോഗസ്ഥയായി അച്ഛനും അമ്മയ്ക്കും തുണയാകണമെന്നു ചിറകേറ്റിയ സ്വപ്നങ്ങളൊക്കെയും പാതിവഴിക്കിട്ട് അവൾ പോയി. ആ അന്ത്യയാത്ര നാടിന്റെയാകെ നിലവിളിയായി. മകളുടെ മൃതദേഹം കൊല്ലം ഗവ. മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ പോസ്റ്റ്മോർട്ടത്തിന് എടുക്കുന്നതിനും മണിക്കൂറുകൾക്കു മുൻപേ, രാവിലെ തന്നെ വീടിന്റെ പ്രധാന വാതിലിനോടു ചേർന്നു തിണ്ണയിൽ അജികുമാർ ഇരിപ്പുറപ്പിച്ചു. 

വീടിനകത്തേക്കു കയറിയതേയില്ല. കോളജ് വിട്ടുവരുന്ന മകളെ വൈകുന്നേരങ്ങളിൽ അജികുമാർ എന്നും കാത്തിരിക്കുന്നത് ഇതേ തിണ്ണയിലാണ്. ‘ഇന്നു കൂടെയല്ലേ എനിക്കവളെ കാത്തിരിക്കാൻ പറ്റൂ, ഞാനിവിടെ ഇരുന്നോളാം...’ വിങ്ങിപ്പൊട്ടിയ ആ കരച്ചിലിനു മുന്നിൽ എന്തു പറയണമെന്നറിയാതെ ബന്ധുക്കളും നാട്ടുകാരും നിന്നു. ഇടയ്ക്ക് അജി കുമാർ തനിയെ സംസാരിച്ചു. കൈകൾ കൂപ്പിക്കരഞ്ഞു. മൃതദേഹം വീട്ടിലേക്കു കൊണ്ടുവന്നപ്പോൾ തിണ്ണയിലെ തൂണിൽ കെട്ടിപ്പിടിച്ചു കരഞ്ഞു. അജികുമാറിനെയും ശാലിനിയെയും ആശ്വസിപ്പിക്കാൻ അവിടെ എത്തിയവർക്കു വാക്കുകളില്ലായിരുന്നു. 

സംഭവം അറിഞ്ഞതു മുതൽ നാട്ടുകാരും ബന്ധുക്കളും അജിഭവനത്തിലേക്ക് എത്തിത്തുടങ്ങി. അവരുടെ സ്വന്തം കിങ്ങിണി വിടവാങ്ങിയെന്ന് ആദ്യം ആരും വിശ്വസിച്ചില്ല. കരഞ്ഞു തളർന്നുവീണ ശാലിനിയെ ഉച്ചയ്ക്ക് ആശുപത്രിയിലെത്തിച്ചു. അപ്പൂപ്പൻ ശശിധരൻ ആചാരിയും അമ്മൂമ്മ ശാന്തമ്മയും മുറികളിൽ തന്നെയിരുന്നു. ശശിധരൻ ആചാരിയുടെ മുടി വെട്ടുന്നതും മരുന്നു കൊടുക്കുന്നതുമെല്ലാം അഭിരാമി ആയിരുന്നു. മൃതദേഹം വീട്ടിലെത്തിയപ്പോൾ സങ്കടം അണപൊട്ടിയൊഴുകി. അഭിരാമിയെ ഒരുനോക്കു കാണാൻ വൻ ജനാവലിയെത്തിയിരുന്നു. തങ്ങളുടെ പ്രിയ അഭിയെ ഇനി കാണാൻ കഴിയില്ലാത്ത വിഷമത്തിലായിരുന്നു സഹപാഠികൾ. അകത്തെ മുറിയിലിരുന്നു ചിത എരിയുന്നത് കണ്ണീരോടെ കാണുകയായിരുന്നു ശശിധരൻ ആചാരി.

എസ്എസ്എൽസിക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങി ജയിച്ച അഭിരാമി പ്രീഡിഗ്രിയും കഴിഞ്ഞു ചെങ്ങന്നൂർ എരമല്ലിക്കര ശ്രീഅയ്യപ്പ കോളജിൽ ബിഎസ്‌സി കംപ്യൂട്ടർ സയൻസിനു ചേർന്നതു നല്ല ഒരു ജോലി സമ്പാദിച്ചു കുടുംബത്തിന്റെ പ്രാരാബ്ധങ്ങൾ തീർക്കാനായിരുന്നു. അതേച്ചൊല്ലി അവളേറെ സ്വപ്നങ്ങളും കണ്ടു. ഒടുവിൽ, അപമാനത്തിന്റെ വലിയ അക്ഷരങ്ങളായി ബാങ്കിന്റെ ജപ്തി നോട്ടിസ് വീട്ടുമുറ്റത്തു നാട്ടിയപ്പോൾ അവളാകെ തകർന്നു, നിസ്സഹായരായ മാതാപിതാക്കളുടെ വിങ്ങുന്ന മുഖങ്ങളിൽ നിന്ന് അവൾ മരണത്തെ അഭയം പ്രാപിച്ചു.

അച്ഛൻ കൊണ്ടുവന്ന മിഠായിയും പേനയും ആ ചേതനയറ്റ ശരീരത്തോട് ചേർത്തുവച്ചു, വാവിട്ടു നിലവിളിച്ച് പ്രിയപ്പെട്ടവർ

പ്രതിഷേധം അണപൊട്ടി

കൊല്ലം ∙ അഭിരാമിയുടെ മരണത്തിനു കാരണക്കാരെന്ന് ആരോപിച്ച് വിവിധ സംഘടനകൾ പതാരം കേരള ബാങ്ക് ശാഖയ്ക്കു മുന്നിൽ പ്രതിഷേധം നടത്തി. ഇന്നലെ ബാങ്ക് അവധി ആയിരുന്നു. അഭിരാമിയുടെ മരണത്തിൽ ബാങ്ക് വിശദീകരണം നൽകാത്തതും പ്രതിഷേധത്തിനു കാരണമായി. രാവിലെ ബിജെപിയുടെ നേതൃത്വത്തിൽ പതാരം ബാങ്കിനു മുന്നിൽ പ്രതിഷേധം നടത്തി. കഴുത്തറക്കുന്ന ആരാച്ചാരെ പോലെയാണ് കേരള ബാങ്ക് പെരുമാറുന്നതെന്നു ബിജെപി ആരോപിച്ചു. തുടർനടപടി സ്വീകരിക്കുന്നതു വരെ സമരം തുടരുമെന്ന് ഇവർ പറഞ്ഞു. 

ഉച്ചയ്ക്ക് 2നു മൃതദേഹവുമായെത്തിയ വാഹനം ഒസ്താമുക്കിൽ നാട്ടുകാർ തടഞ്ഞു. ബാങ്കിനു മുന്നിൽ മൃതദേഹം പൊതുദർശനത്തിനു വച്ചു പ്രതിഷേധിക്കണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു. രണ്ടരയോടെ പതാരം കേരള ബാങ്ക് ശാഖയ്ക്കു മുന്നിൽ പൊതുദർശനത്തിനു വച്ചു. നാട്ടുകാർ ബാങ്കിനെതിരെ മുദ്രാവാക്യം വിളിച്ചു. സങ്കടവും പ്രതിഷേധവും നിറഞ്ഞു പതാരം ജംക്‌ഷനിൽ.

കൂട്ടുകാരുടെ പ്രിയപ്പെട്ടവൾ

ശാസ്താംകോട്ട ∙ ചെങ്ങന്നൂർ ശ്രീ അയ്യപ്പ കോളജിൽ പഠനത്തിലും പാഠ്യേതര കാര്യങ്ങളിലും സജീവമായിരുന്ന കൂട്ടുകാരിയുടെ അപ്രതീക്ഷിത വിയോഗം സഹപാഠികൾക്കും സുഹൃത്തുക്കൾക്കും ഉൾക്കൊള്ളാനായിട്ടില്ല. 

ഏതൊരാളോടും ആത്മവിശ്വാസത്തോടെ ഇടപെട്ടിരുന്ന അഭിരാമിയുടെ ചേതനയറ്റ ശരീരം കണ്ട സഹപാഠികൾ സങ്കടം സഹിക്കാനാകാതെ അലമുറയിട്ടു. ഉറ്റകൂട്ടുകാരിൽ ചിലർ തളർന്നു വീണു. വീട്ടിലെ ദുരിതങ്ങൾക്കിടയിലും അഭിരാമി പഠനത്തിൽ ശ്രദ്ധ കൈവിട്ടില്ലെന്നു സുഹൃത്തുക്കൾ പറഞ്ഞു. 

ഇതൂടെ എടുത്തോ സാറേ!

കൊല്ലം ∙ ‘ഇതൂടെ എടുത്തോ സാറെ. നിലവിൽ തിരിച്ചടയ്ക്കാൻ എന്റെ കയ്യിൽ ഒന്നുമില്ല. അവൾക്കായി പണിത വീടാണ് ഇത്. അവളില്ലാതെ ഞങ്ങൾക്ക് ഈ വീട് എന്തിനാണ്. ജപ്തി ചെയ്തോളൂ.’ ജപ്തി ബോർഡ് പതിപ്പിച്ചതിൽ മനംനൊന്തു ജീവനൊടുക്കിയ അഭിരാമിയുടെ അച്ഛൻ വീട്ടിലെത്തിയ ധനമന്ത്രി കെ.എൻ.ബാലഗോപാലിനോടു കണ്ണീരോടെ കൈകൾ കൂപ്പിയാണ് ഇതു പറഞ്ഞത്. തൊട്ടരികിലായി അഭിരാമിയുടെ ചിത കത്തിത്തുടങ്ങിയിരുന്നു അപ്പോൾ.‘തിരിച്ചടയ്ക്കുമെന്ന് ഉറപ്പുണ്ടായിരുന്നതിനാലാണ് ലോൺ എടുത്തത്. വിദേശത്തായിരുന്നു ജോലി. തവണകൾ മുടക്കിയിരുന്നില്ല. കോവിഡ് കാരണം ജോലി നഷ്ടമായി. എങ്കിലും അവിടെ പിടിച്ചുനിന്നു. മാർച്ചിൽ ഒന്നര ലക്ഷം രൂപ ബാങ്കിൽ അടച്ചു. അച്ഛന്റെയും ഭാര്യയുടെയും ചികിത്സയ്ക്കായി പണം ചെലവായി. ഇതു ബാങ്കിൽ പറഞ്ഞിരുന്നു. കുറച്ചു ദിവസം സാവധാനം ചോദിച്ചു. തന്നില്ല. തന്നിരുന്നെങ്കിൽ എന്റെ മകൾ പോകില്ലായിരുന്നു.’ – അജി കുമാർ പറഞ്ഞു.

പൊതുജനങ്ങളുടെ ശ്രദ്ധയ്ക്ക്!

കൊല്ലം ∙ ശൂരനാട് അജി ഭവനം വീടിനു മുന്നിലായി സ്ഥാപിച്ച ബോർഡിലെ തലക്കെട്ട് ‘പൊതുജനങ്ങളുടെ ശ്രദ്ധയ്ക്ക്’ എന്നാണ്. അതിക്രമിച്ച് കടക്കുന്നതു ശിക്ഷാർഹമാണെന്ന് അവസാന വരികളും. നാട്ടുകാർ പ്രതിഷേധിക്കാനിടയായ കാരണം ഇതു തന്നെ. ചൊവ്വാഴ്ച ബോർഡ് പതിപ്പിക്കാനെത്തിയ ബാങ്ക് അധികൃതരുടെ അടുത്തു രണ്ടു ദിവസം സമയം കൂടി നൽകണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു. ഞങ്ങൾ പിരിവെടുത്താണെങ്കിലും പണം അടയ്ക്കാമെന്ന് ഇവർ പറഞ്ഞു. എന്നാൽ അതു കേൾക്കാതെയാണ് ബോർഡ് വച്ചത്. പൊതുജനങ്ങളുടെ ശ്രദ്ധയ്ക്കായി എന്തിനാണ് ഇത്തരത്തിലൊരു ബോർഡ് എന്ന് ഇവർ ചോദിക്കുന്നു. പൊതുജനങ്ങളുടെ വാക്ക് അധിക‍ൃതർ കേൾക്കുന്നില്ല. അവരുടെ അവസ്ഥ ഇവർ മനസ്സിലാക്കുന്നില്ല. ഇത്തരത്തിലൊരു ബോർഡ് വീടിനു മുന്നിൽ തൂങ്ങുമ്പോൾ ഉടമസ്ഥരുടെ മനസ്സ് അധികൃതർ മനസ്സിലാക്കുന്നില്ലെന്നും നാട്ടുകാർ പറഞ്ഞു. 

ആ ബോർഡ് ഒന്നു മറയ്ക്കുമോ?

കൊല്ലം ∙ ബന്ധുവിന്റെ സംസ്കാരച്ചടങ്ങിനു പോയി വീട്ടിലെത്തിയപ്പോഴാണ് ജപ്തി ബോർഡ് അജി കുമാറും കുടുംബവും കാണുന്നത്. അഭിരാമി അപ്പോൾ തന്നെ കരഞ്ഞുതുടങ്ങിയിരുന്നു. വയ്യാതെ കിടക്കുന്ന അപ്പൂപ്പനെ കാണാനായി ബന്ധുക്കൾ വീട്ടിലേക്കു വരുമെന്ന് അറിയിച്ചിരുന്നു. അവർ വരുമ്പോൾ ജപ്തി ബോർഡ് കാണാതിരിക്കാനാണ് അഭിരാമി അയൽക്കാരനായ കമല വിലാസം പ്രസന്നനോടു ബോർഡ് ഒരു തുണിയിട്ടെങ്കിലും മറയ്ക്കുമോ എന്നു ചോദിച്ചത്. 

‌ബോർഡ് കളയാൻ ആദ്യം അഭിരാമി ആവശ്യപ്പെട്ടെങ്കിലും ബാങ്ക് നടപടിയായതിനാൽ കളഞ്ഞാൽ കേസ് എടുക്കുമോ എന്ന ഭയമായിരുന്നു അജി കുമാറിന്. പിന്നീടാണു തന്നോട് അഭിരാമി ചോദിച്ചതെന്നു പ്രസന്നൻ പറഞ്ഞു. മറയ്ക്കേണ്ടതില്ല, ബാങ്കിൽ പോയി സംസാരിച്ചു തീർപ്പാക്കാമെന്ന് അജി കുമാർ പറഞ്ഞു. ബാങ്കിലേക്കു വിളിച്ചെങ്കിലും മാനേജർ സ്ഥലത്തുണ്ടായിരുന്നില്ല. വൈകിട്ടു മാനേജറിനെ നേരിൽക്കാണാനായി ഇരുവരും പോയി. ഫോൺ എടുക്കാൻ മറന്ന അജി കുമാർ വീട്ടിലേക്കു തിരികെയെത്തിയപ്പോൾ മുറ്റത്തു വലിയ ആൾക്കൂട്ടമുണ്ടായിരുന്നു. അഭിരാമിയെ ആശുപത്രിയിലേക്കു മാറ്റിയിരുന്നു അപ്പോൾ.

സംഭവം സർക്കാർ പ്രഖ്യാപിച്ച സഹായം നിലനിൽക്കെ 

കൊല്ലം∙ വീട്ടിൽ ജപ്തി നോട്ടിസ് പതിപ്പിച്ചതിനു പിന്നാലെ അഭിരാമി ആത്മഹത്യ ചെയ്തതു സർക്കാർ പ്രഖ്യാപിച്ചിരുന്ന സഹായം നിലനിൽക്കുമ്പോൾ. 2021 ഓഗസ്റ്റിലാണ് സർക്കാർ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രഖ്യാപിച്ചത്. ഈ മാസം 30 വരെയാണ് അതിന്റെ കാലാവധി. ‘കോവിഡ് മൂലം ജീവിതം ദുസ്സഹമായ വായ്പക്കാർക്ക് ആശ്വാസം നൽകാനും കൂടിയാണ്’ കുടിശിക അടയ്ക്കാൻ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രഖ്യാപിച്ചതെന്നു സർക്കാർ ഇറക്കിയ ഉത്തരവിൽ വ്യക്തമായി പറഞ്ഞിരുന്നു. 

കോവിഡ് കാലത്തു ജോലി നഷ്ടപ്പെട്ടവരോടും രോഗികളോടും വായ്പ കുടിശിക തിരിച്ചടവിൽ പരിഗണന നൽകണമെന്ന നിർദേശം നിലനിൽക്കെത്തന്നെയാണ് ജപ്തി നടപടികളുമായി ബാങ്ക് മുന്നോട്ടു പോയത്. കഴിഞ്ഞ മാസമാണ് ജോലി നഷ്ടപ്പെട്ട് അജി കുമാർ വിദേശത്തു നിന്നെത്തിയത്. മാർച്ചിൽ ഒന്നര ലക്ഷം രൂപ കുടിശിക ബാങ്കിൽ അടച്ചിരുന്നതായി അജി കുമാർ പറയുന്നു. 10 ലക്ഷം രൂപയുടെ വായ്പയാണ് എടുത്തിരുന്നത്. കേരള ബാങ്ക് പ്രഖ്യാപിച്ച 100 ദിവസത്തെ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി ഇന്നലെ 65 ദിവസം പിന്നിട്ടിരുന്നു.കിട്ടാക്കടം 10 ശതമാനത്തിൽ താഴെയായിരിക്കണമെന്നും കുടിശിക പിരിച്ചെടുക്കാൻ കർശന നടപടി വേണമെന്നും റിസർവ് ബാങ്ക് നിർദേശം നൽകിയിട്ടുണ്ടെന്നാണു കേരള ബാങ്ക് അധികൃതർ നൽകുന്ന വിശദീകരണം. നിലവിൽ 20 ശതമാനമാണു കിട്ടാക്കടം.